19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

കലോത്സവത്തില്‍ വിജയിക്കാത്തവരും പ്രതിഭകളാണ്‌

വി എസ് എം കബീര്‍


ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള എന്ന വിശേഷണം പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന്റെ 61ാം പതിപ്പിന് കോഴിക്കോട്ട് തിരശ്ശീല വീണു. കേരള സംസ്ഥാനം രൂപീകൃതമായ അതേ വര്‍ഷം തന്നെയാണ് ഈ കൗമാര കലോത്സവത്തിന്റെയും തുടക്കം. ആടിയും പാടിയും പറഞ്ഞും എഴുതിയും വരച്ചും കലകളുടെ കനകവസന്തം തീര്‍ക്കാന്‍ മലയാള നാടിന്റെ കൗമാരങ്ങള്‍ ഒരിടത്തൊന്നിക്കുന്ന ഈ കാഴ്ച അതിമനോഹരം തന്നെയാണ്.
കലാ-സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ നാട് നേടിയ പുരോഗതിയും ഉണര്‍വും ഈ കൗമാരോത്സവത്തിന്റെ സ്വാധീനഫലങ്ങളാണെന്നതില്‍ സന്ദേഹമേയില്ല. പ്രളയവും കോവിഡും തീര്‍ത്ത ഇടവേളകള്‍ക്കു ശേഷം കലാവസന്തം വീണ്ടും ചിലങ്കയണിഞ്ഞെത്തിയപ്പോള്‍ അതിനെ ഖല്‍ബില്‍ ഏറ്റുവാങ്ങുകയാണ് മലയാളികള്‍ ചെയ്തത്. കേരളത്തിലെ അരക്കോടിയോളം വരുന്ന വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഉല്‍സവവേളയിലെ ചില പ്രവണതകള്‍ വിമര്‍ശനവിധേയമാക്കേണ്ടവയാണ്.
കലോത്സവമോ
കലാലേലമോ?

കലാവൈവിധ്യങ്ങളുടെ മഴവില്‍ വര്‍ണങ്ങളാല്‍ പ്രശോഭിച്ചു നില്‍ക്കുന്ന ഈ മേളയുടെ പിന്നാമ്പുറം പക്ഷേ അത്രതന്നെ വര്‍ണശോഭയുള്ളതല്ല. എന്തിലും ഏതിലും അപവാദങ്ങളുള്ളതുപോലെ സ്‌കൂള്‍ കലോത്സവത്തിലും ചില നിറം കെടുത്തുന്ന കാഴ്ചകളുണ്ട്. അവയില്‍ ആദ്യം എടുത്തുപറയേണ്ടതാണ് അപ്പീലുകള്‍. കലാമേള ഒരു ഉത്സവമാണെങ്കിലും മത്സരവേദി കൂടിയാണല്ലോ. ആ നിലയില്‍ ആദ്യ സ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന ഗ്രേഡുകള്‍ക്കും പ്രാധാന്യമുണ്ട്. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഗ്രേഡ് അനുസരിച്ചാകുന്നതിനാല്‍ വിശേഷിച്ചും. ഇങ്ങനെയാവുമ്പോള്‍ വിധിനിര്‍ണയത്തില്‍ തര്‍ക്കവും അവകാശവാദവും സ്വാഭാവികവുമാണ്. വിധിനിര്‍ണയത്തില്‍ തര്‍ക്കമുന്നയിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കല്‍ മാത്രമാണ് അപ്പീല്‍ സംവിധാനം കൊണ്ട് ലക്ഷ്യമാക്കുന്നത്. എന്നാല്‍ ഈ സംവിധാനത്തെ അവസരമായും ചൂഷണമായും ദുരുപയോഗം ചെയ്യുമ്പോഴാണ് മേളയുടെ നിറം മങ്ങുന്നത്. പണക്കൊഴുപ്പിന്റെയും ചിലപ്പോള്‍ പ്രതികാരത്തിന്റെയും വരെ തലത്തിലേക്ക് ഇതിനെ കൊണ്ടെത്തിച്ച് താന്‍പോരിമ പ്രകടിപ്പിക്കാനുള്ള വേദിയാക്കുന്നു എന്നതാണ് സമകാലിക യാഥാര്‍ഥ്യം.
ക്ലാസിക്കല്‍ നൃത്തങ്ങള്‍, നാടകം, ഒപ്പന, കോല്‍ക്കളി പോലുള്ള മത്സരങ്ങള്‍ അത്യന്തം വീറും വാശിയും നിറഞ്ഞവയാണ്. വിധികര്‍ത്താക്കള്‍ അതത് മേഖലകളിലെ വിദഗ്ധരും പരിണിതപ്രജ്ഞരുമാണെങ്കിലും ഇവയുടെ വിധിനിര്‍ണയം ഏറെ വെല്ലുവിളി നിറഞ്ഞതുമാണ്. വിധി എത്രതന്നെ കണിശവും നീതിയുക്തവുമാക്കിയാലും മത്സരാര്‍ഥികളുടെ പരാതിയും പരിഭവവും ഉയര്‍ന്നുവരും. പിന്തള്ളപ്പെടുന്നവര്‍ വികാരവിക്ഷുബ്ധരാവും, കണ്ണീരണിയും. പരിശീലകരും രക്ഷിതാക്കളും ഈ കണ്ണീര്‍ ഏറ്റെടുക്കുന്നതോടെ അവയുടെ ഗതി മാറും. പരിഭവങ്ങള്‍ ആരോപണങ്ങളാവും. വിധികര്‍ത്താക്കളുടെ വിശ്വാസ്യതയെയും പാണ്ഡിത്യത്തെയും വരെ ചോദ്യം ചെയ്യുന്നതിലേക്ക് അവയെത്തും. ഒടുവില്‍ വിധികര്‍ത്താക്കളെ പരസ്യമായി അവഹേളിക്കുകയും കൈയേറ്റത്തിനിരയാക്കുകയും ചെയ്യുന്നതിലാവും അവ കലാശിക്കുക. ഇതിനു നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്.
മത്സരാര്‍ഥികളുടെ ആരോപണങ്ങള്‍ ശരിവെക്കും വിധം വിധികര്‍ത്താക്കള്‍ പക്ഷപാതികളോ തരംവിട്ട് കളിക്കുന്നവരോ ആണെങ്കില്‍ പരിണതി ഭീകരവുമാകും. ഇക്കഴിഞ്ഞ ജില്ലാ കലോല്‍സവങ്ങളിലൊന്നില്‍ നാടകത്തില്‍ അവസരം നഷ്ടപ്പെട്ട ഒരു ടീം വിധികര്‍ത്താവിനെതിരെ മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയുണ്ടായി. കലാമികവും മേന്മയും കാണാതെ മറ്റു പലതും നോക്കി വിധി പറയുമ്പോഴാണ് നന്മയുടെ വസന്തം വിരിയേണ്ട കലോത്സവങ്ങള്‍ തിന്മകളുടെ ലേലംവിളി മേളകളായി പരിണമിക്കുന്നത്.
അപ്പീലുകളുടെ
മഹാമേളയോ?

സ്‌കൂള്‍തലം മുതല്‍ തന്നെ അപ്പീല്‍ കമ്മിറ്റികളുണ്ട്. സ്‌കൂള്‍തല വിധിനിര്‍ണയത്തില്‍ പരാതിയുള്ളവര്‍ക്ക് 500 രൂപ കെട്ടിവെച്ച് അപ്പീല്‍ കമ്മിറ്റിക്ക് പരാതി നല്‍കാം. അപ്പീല്‍ അംഗീകരിച്ചാല്‍ ഉപജില്ലാതല മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്യാം. ഈ മത്സരത്തില്‍ സ്‌കൂള്‍തല എതിരാളിയുടെ അതേ ഗ്രേഡോ അതിനു മുകളിലുള്ള ഗ്രേഡോ ലഭിച്ചാല്‍ മാത്രമേ അപ്പീല്‍ വഴിയെത്തിയ മത്സരാര്‍ഥിക്ക് കെട്ടിവെച്ച തുകയും ഗ്രേഡ് സര്‍ട്ടിഫിക്കറ്റും ലഭിക്കുകയുള്ളൂ. ഇപ്രകാരം ഉപജില്ലാതലത്തില്‍ ആയിരം രൂപയും ജില്ലാതലത്തില്‍ 2000 രൂപയുമാണ് അപ്പീല്‍ ഫീസ്. സംസ്ഥാനതലത്തില്‍ 2500 രൂപയുമാണിത്. ജില്ലയില്‍ നിന്ന് അപ്പീല്‍ വഴിയോ കോടതി വഴിയോ സംസ്ഥാനതലത്തില്‍ മല്‍സരിക്കാനെത്തുന്നവര്‍ അപ്പീല്‍ ഫീസിന് പുറമേ പതിനായിരം രൂപ കെട്ടിവെക്കുകയും വേണം. ഇത് രണ്ടും തിരികെ ലഭിക്കണമെങ്കില്‍ മുകളില്‍ പറഞ്ഞ അതേ നിബന്ധന ബാധകമാണ്. സംസ്ഥാനതല മല്‍സരത്തില്‍ നേടുന്ന ഗ്രേഡുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. എസ്എസ്എല്‍സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക്, പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍ഗണന എന്നിവ അതില്‍ പെടും. സിനിമ, സീരിയല്‍ അഭിനയരംഗങ്ങളിലേക്ക് ഇതുവഴി വാതില്‍ തുറക്കപ്പെടുമെന്നതാണ് മറ്റൊരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. അതിനാല്‍ എങ്ങനെയെങ്കിലും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുക എന്നതാണ് പലരുടെയും ലക്ഷ്യം. ഇതിനായി സമ്പന്നരായ രക്ഷിതാക്കള്‍ പണം വാരിയെറിയുന്നു. അതിലൂടെ അവര്‍ ആഗ്രഹിക്കുന്നത് നേടിയെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവിടെ പല കാര്യങ്ങളാല്‍ തഴയപ്പെടുന്നത് സാധാരണക്കാരായ പ്രതിഭകളാണ്. സമ്പത്തും സ്വാധീനശേഷിയുമില്ലാത്തതുകൊണ്ടു മാത്രം അസ്തമിച്ചുപോകുന്ന എത്രയെത്ര നക്ഷത്രങ്ങളാണ് ഇതുപോലെ നമ്മുടെ ചുറ്റുവട്ടത്തുമുള്ളത്.

കേരള സ്‌കൂള്‍ കലോത്സവത്തില്‍ മലപ്പുറത്തിന് സുപ്രധാന സാന്നിധ്യമൊന്നുമില്ല. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ക്കു പിന്നിലാണ് പലപ്പോഴും മലപ്പുറത്തിന്റെ സ്ഥാനം വരാറുള്ളത്. ഈ ജില്ലകളെ അപേക്ഷിച്ച് അത്രയേറെ വീറും വാശിയുമൊന്നും ഇവിടത്തെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇല്ലെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്. എന്നിട്ടും ഇക്കഴിഞ്ഞ ജില്ലാ കലോത്സവത്തില്‍ നിരവധി അപ്പീലുകളാണ് അപ്പീല്‍ കമ്മിറ്റി മുമ്പാകെ എത്തിയത്. ഇതില്‍ 200ലേറെ എണ്ണമാണ് അവസാന പരിഗണനയ്ക്ക് വന്നത്. അംഗീകരിച്ചതാകട്ടെ കേവലം 21 എണ്ണം മാത്രവും. ഇങ്ങനെ തള്ളപ്പെടുന്നവരാണ് കോടതി വഴി വരാന്‍ ശ്രമിക്കുക. കോടതി ഉത്തരവിലൂടെയും മലപ്പുറത്തു നിന്ന് രണ്ടു പേരെത്തി.
ഇത്തവണത്തെ സംസ്ഥാന കലോത്സവത്തില്‍ 221 പേരാണ് അപ്പീല്‍ കമ്മിറ്റി വഴി മത്സരിക്കാനെത്തിയത്. ലഭിക്കുന്ന അപ്പീലുകളില്‍ നിന്ന് പരമാവധി 10 ശതമാനം അപ്പീലുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കാവൂ എന്നു നിബന്ധനയുണ്ട്. ഇതു വെച്ചു നോക്കുമ്പോള്‍ 2200ലേറെ പേര്‍ വിധിനിര്‍ണയത്തിനെതിരെ പരാതികള്‍ നല്‍കിയിട്ടുണ്ടാവുമല്ലോ. വിധിനിര്‍ണയത്തില്‍ ഇത്രയേറെ പേര്‍ക്ക് പരാതിയുണ്ടായിട്ടുണ്ടെങ്കില്‍ അത് കലോത്സവത്തിളക്കത്തിന് മങ്ങലുണ്ടാക്കുമെന്ന് ഉറപ്പാണ്. തള്ളപ്പെടുന്ന അപ്പീലുകാരാണ് കോടതിയില്‍ ഹരജിയുമായെത്തുക. അനുകൂല വിധിയുമായി 56 പേരും ഇപ്രാവശ്യം കോഴിക്കോട്ട് എത്തിയിരുന്നു. നിരവധി പേരുടെ ഹരജികള്‍ കോടതി തള്ളിയിട്ടുമുണ്ട്. ഹൈക്കോടതിയിലെത്തിയ ഒരുകൂട്ടം ഹരജികള്‍ തള്ളിക്കൊണ്ട് കോടതി ഒരു നിരീക്ഷണവും നടത്തി. കലോത്സവങ്ങളെ ആര്‍ഭാടത്തിന്റെയും കിടമത്സരത്തിന്റെയും വേദിയാക്കരുതെന്നും മത്സരത്തിലെ വിജയമല്ല പങ്കാളിത്തമാണ് പ്രധാനമെന്നും കുട്ടികളും രക്ഷിതാക്കളും മനസ്സിലാക്കണം. വസ്ത്രാലങ്കാരത്തിന്റെയും മത്സരത്തിന്റെയും ചെലവ് താങ്ങാനാവാതെ മാറിനില്‍ക്കുന്ന സമൂഹത്തിലെ താഴേക്കിടയിലുള്ള കുട്ടികളുടെ കാര്യവും കോടതി എടുത്തുപറയുകയുണ്ടായി.
അപ്പീല്‍ തുക നല്‍കാന്‍ കഴിയാതെ, അപ്പീല്‍ അനുവദിച്ചാല്‍ തന്നെ ആയിരങ്ങള്‍ കെട്ടിവെക്കാനാവാതെ, കോടതിയില്‍ ഹരജി നല്‍കാന്‍ പണമില്ലാതെ നിസ്സഹായരായിപ്പോകുന്ന കലാകാരന്‍മാരും കലാകാരികളും എപ്പോഴും തിരശ്ശീലയ്ക്കു പിന്നില്‍ തന്നെയാണ്. ഒരു കാമറക്കണ്ണിലും അവര്‍ പതിയുന്നില്ല. അവരുടെ കണ്ണീര്‍ ഒരു പത്രത്താളിലും വാര്‍ത്തയാവുന്നില്ല. വര്‍ഷാവര്‍ഷം ഉണ്ടാവുന്ന മാന്വല്‍ പരിഷ്‌കാരങ്ങളിലൊന്നിലും ഇതിന് പരിഹാരവുമുണ്ടാകുന്നില്ല.
വേദിയിലെ
ഗ്രേഡുകളിലല്ല ജീവിതം

കലോത്സവത്തില്‍ കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ നല്‍കുന്ന പതിവ് 2006 വരെ ഉണ്ടായിരുന്നു. ക്ലാസിക്കല്‍ നൃത്തങ്ങളിലും നാടോടി നൃത്തം പോലുള്ളവയിലും മല്‍സരിച്ച് കൂടുതല്‍ ഒന്നാം സ്ഥാനങ്ങള്‍ നേടുന്നവരാണ് ഈ പട്ടങ്ങള്‍ ക്ക് അര്‍ഹരായിരുന്നത്. ഇത്തരം മല്‍സര ഇനങ്ങളില്‍ പരിശീലനം നേടാനും വേഷവും ചമയങ്ങളും അണിയാനും പണമേറെ വേണം. സംസ്ഥാനതലം വരെ എത്തണമെങ്കില്‍ ലക്ഷങ്ങള്‍ വേറെയും വേണം. സ്‌കൂള്‍ കലോത്സവ ചരിത്രത്തിലെ തിലകം, പ്രതിഭ പട്ടങ്ങള്‍ ലഭിച്ചവരുടെ പട്ടിക പരിശോധിച്ചാല്‍ ഈ യാഥാര്‍ഥ്യം വ്യക്തമാവും. പണവും സ്വാധീനവുമില്ലാത്തവരുടെ മക്കളെ അധികമൊന്നും ഈ ഗണത്തില്‍ കാണാനാവില്ല. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് 2007 മുതല്‍ ഇത്തരം പട്ടങ്ങള്‍ നല്‍കുന്ന രീതി ഒഴിവാക്കി ഗ്രേഡ് സമ്പ്രദായം നടപ്പാക്കിയത്.
മഞ്ജു വാര്യരും കാവ്യാ മാധവനും നവ്യ നായരും ജോമോളും അമ്പിളീദേവിയും വിനീതുമൊക്കെ കലോത്സവങ്ങളില്‍ തിലകങ്ങളും പ്രതിഭകളുമായവരാണ്. ഇവര്‍ ഇവരുടെ പ്രതിഭാധനത്വം കൊണ്ട് അഭിനയരംഗത്ത് തിളങ്ങുന്നവരുമാണ്. തിലക-പ്രതിഭാ പട്ടങ്ങള്‍ നേടിയ, അറിയുന്നവരും അറിയാത്തവരുമായ വേറെയും നിരവധി പേരുണ്ടാവാം. എന്നാല്‍ ഇവരെക്കാളെല്ലാം സാഹിത്യ-സാംസ്‌കാരിക-അഭിനയരംഗങ്ങളില്‍ ജ്വലിച്ചുനില്‍ക്കുന്ന എണ്ണമറ്റ പ്രതിഭകള്‍ കേരളത്തിലില്ലേ? അവരൊക്കെ ഏതെങ്കിലും കലോത്സവങ്ങളില്‍ മാറ്റുരച്ചവരാണോ? സംസ്ഥാനതലത്തില്‍ പോയിട്ട് സ്‌കൂള്‍തല കലോത്സവങ്ങളില്‍ പോലും വേദിയില്‍ കയറിയിട്ടില്ലാത്ത എത്രയെത്ര അഭിനയ സാമ്രാട്ടുകളാണ് മലയാള സിനിമ-സീരിയല്‍-നാടക മേഖലകളില്‍ വിരാജിക്കുന്നത്. കലോത്സവ നാടകങ്ങളിലും ഏകാഭിനയങ്ങളിലും എ ഗ്രേഡുകള്‍ വാരിക്കൂട്ടിയവരല്ല വെള്ളിത്തിരയിലും നാടകവേദികളിലും അഭിനയിച്ചു തകര്‍ക്കുന്നവരില്‍ മഹാഭൂരിപക്ഷവും. കഥയും കവിതയും പ്രബന്ധങ്ങളും രചിച്ച് കൗമാര കലാമേളയുടെ പ്രതിഭാപട്ടങ്ങള്‍ ചൂടിയവരില്‍ എത്ര പേരുണ്ടാവും ഇപ്പോള്‍ മലയാള സാഹിത്യത്തിന്റെ നെറുകയില്‍? ശബ്ദഭംഗി കൊണ്ട് മലയാളികളെ ആനന്ദിപ്പിക്കുന്ന ഗായികാഗായകന്‍മാരില്‍ മിക്കവരും ഏഷ്യയിലെ ഏറ്റവും വലിയ മേളയിലെ വേദികളില്‍ പാടിത്തെളിഞ്ഞവരല്ല. പ്രസംഗവേദികളില്‍ വാഗ്‌വൈഭവം തീര്‍ക്കുന്ന പ്രഭാഷക പ്രതിഭകളില്‍ എത്ര പേര്‍ വിദ്യാര്‍ഥി ജീവിതത്തില്‍ മൈക്കിനു മുന്നില്‍ നിന്നിട്ടുണ്ടാവും?
ഇവിടെയാണ് ഓരോ മത്സരാര്‍ഥിയും രക്ഷിതാവും പുനരാലോചന നടത്തേണ്ടത്. ഇതൊരു കൗമാര കലാമേള മാത്രമാണ്. ഇവിടത്തെ വിജയമോ പട്ടങ്ങളോ അംഗീകാരമുദ്രകളോ ജീവിതത്തെ അത്രമേല്‍ സ്വാധീനിക്കുന്നതല്ല. ഭാവിയെ രൂപപ്പെടുത്തുന്നതിലും ഈ വിജയത്തിന് നിര്‍ണായക സ്വാധീനമില്ല. കുട്ടികളുടെ ഇഷ്ടതോഴന്‍ കുഞ്ഞുണ്ണി മാഷ് പറഞ്ഞതാണ് സത്യം: ഇത് മത്സരമല്ല, ഉത്സവമാണ്. അതെ, സര്‍ഗാത്മകതയുടെ പ്രകടനവേദിയില്‍ വാശിയും വൈരവുമല്ല, സ്‌നേഹവും നന്‍മയുമാണ് നടനമാടേണ്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x