16 Thursday
October 2025
2025 October 16
1447 Rabie Al-Âkher 23

കല്ലും നെല്ലും വേര്‍തിരിച്ച ആദര്‍ശ വ്യക്തത

ശംസുദ്ദീന്‍ പാലക്കോട്‌


ഇസ്ലാമികേതര ഭരണകൂടത്തില്‍ പങ്കാളിയാകുന്നതും മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതും അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കുചേര്‍ക്കലാണെന്നായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ സമീപകാലം വരെയുള്ള വാദം. ഇത് ഇസ്ലാമിക പ്രമാണങ്ങള്‍ക്കു നിരക്കാത്ത കേവല മതരാഷ്ട്രവാദമായിരുന്നു. ഇസ്ലാമിനെയും മുസ്ലിംകളെയും സമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കുന്ന ഇത്തരം പ്രതിലോമ വാദങ്ങളിലെ കല്ലും നെല്ലും വേര്‍തിരിക്കുന്നതിന് ശബാബിന്റെ താളുകളെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ശബാബും ഞാനും തമ്മിലുള്ള ആത്മബന്ധത്തില്‍ മുഖ്യമായും എടുത്ത് പറയാനുള്ളത്.
കൂരിയാട് നടന്ന ജമാഅത്തെ ഇസ്ലാമി സമ്മേളനത്തില്‍ ജമാഅത്തിന്റെ ആദര്‍ശം ചോദ്യോത്തര രൂപത്തില്‍ വിശകലനം ചെയ്യുന്ന സെഷന്‍ ഞാന്‍ ആദ്യാവസാനം പന്തലിലിരുന്നു തന്നെ ശ്രവിച്ചിരുന്നു. അതിലെ ഒരു ചോദ്യവും ജമാഅത്ത് പ്രഭാഷകന്‍ പറഞ്ഞ മറുപടിയുമായിരുന്നു എന്നെ ആശ്ചര്യപ്പെടുത്തിയത്. ചോദ്യവും ഉത്തരവും ഏതാണ്ടിപ്രകാരമായിരുന്നു: ചോദ്യം: മതേതര ജനാധിപത്യ സര്‍ക്കാരിന്റെ കീഴില്‍ ജോലി ചെയ്യുന്നത് പാടില്ലാത്തതിനാല്‍ കുറെ ജമാഅത്ത് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ജോലി രാജിവച്ചൊഴിഞ്ഞു ഹലാലായ മറ്റു ജോലിത്തേടിപ്പോയി എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് ശരിയാണോ? ഉത്തരം: ഇത് കളവാണ്. സര്‍ക്കാര്‍ ജോലി നിഷിദ്ധമായതിനാല്‍ ഒരൊറ്റ ജമാഅത്ത് പ്രവര്‍ത്തകനും ജോലി രാജിവെച്ചിട്ടില്ല…!
ഈ മറുപടി കളവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു. കാരണം ജമാഅത്ത് നേതാവായിരുന്ന ടി മുഹമ്മദ് എഴുതിയ ‘അബുല്‍ അഅ്‌ലാ’ എന്ന ബൃഹത്ഗ്രന്ഥത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല ചരിത്രവും ത്യാഗവും വിവരിക്കുന്ന ഭാഗത്ത് ഉന്നത സര്‍ക്കാര്‍ ജോലി രാജി വെച്ചൊഴിഞ്ഞ് ‘ഹലാലായ’ ഹോട്ടല്‍ ജോലി പോലെയുള്ള ജീവിതായോധനമാര്‍ഗത്തിലേക്ക് തിരിഞ്ഞ ‘ത്യാഗിവര്യരായ’ ജമാഅത്ത് നേതാക്കളെയും പ്രവര്‍ത്തകരെയും പറ്റി വിശദമായി വിവരിക്കുന്നുണ്ട്.
തെറ്റായ ആശയങ്ങളും വ്യക്തിയധിഷ്ഠിത ചിന്താധാരകളും ജമാഅത്ത് പ്രചരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ തിരുത്തുകയാണല്ലോ വേണ്ടത്. ഇത്തരം ചിന്തകളും ആശ്ചര്യവുമായാണ് അന്ന് സമ്മേളന നഗരിയില്‍ നിന്ന് ഞാന്‍ മടങ്ങിയത്. ശബാബിന്റെ അടുത്ത ലക്കത്തില്‍ തന്നെ ഇവ്വിഷയകമായി എന്റെ ഒരു ലേഖനം വന്നു. ‘അര്‍ഥഭ്രംശം വന്ന ഒരു പ്രസ്ഥാനം’ എന്ന തലക്കെട്ടില്‍. അത് ഒരു തുടര്‍ ലേഖനമായി വികസിച്ചു.
ജമാഅത്തിന്റെ ‘പ്രമാണരേഖ’കളിലുള്ളതും കര്‍മ പഥത്തിലുള്ളതും തമ്മിലുള്ള വൈരുധ്യവും മൗദൂദി ചിന്തകളില്‍ ആ പ്രസ്ഥാനം അഭിരമിച്ചതിന്റെ വഴിയടയാളങ്ങളും അതിലെ പരിണിതികളും വിശദമായി വിവരിക്കുന്ന ആ ലേഖന പരമ്പരക്ക് ധാരാളം വായനക്കാരുണ്ടായിരുന്നുവെന്നും ആദര്‍ശപഠനരംഗത്ത് ആ ലേഖനങ്ങള്‍ ഏറെ പ്രയോജനപ്പെട്ടിരുന്നു എന്നും ശബാബില്‍ തന്നെ പ്രസിഡന്റിന്റെ കോളത്തില്‍ അന്നത്തെ ഐ എസ് എം പ്രസിഡന്റും ശബാബ് പത്രാധിപരുമായ അബൂബക്കര്‍ കാരക്കുന്ന് എഴുതിയിരുന്നു.
1990-92 കാലത്ത് പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ പഠിക്കുമ്പോഴാണ് ശബാബില്‍ ആദ്യമായി ലേഖനം എഴുതിയത്. ‘പ്രവാചകത്വ വിശ്വാസത്തിലെ വ്യതിയാനങ്ങള്‍’ എന്നായിരുന്നു ലേഖനത്തിന്റെ തലവാചകം. സത്യ ശുദ്ധമായ ഇസ്‌ലാമിക ആദര്‍ശത്തെ കല്ലും നെല്ലും എന്ന പോലെ വേര്‍തിരിച്ചറിയാനും അറിയിക്കാനും ശബാബ് നിമിത്തമായി എന്നതാണ് ശബാബ് എന്നെ സ്വാധീനിച്ച ഏറ്റവും വലിയ ഘടകം.

Back to Top