25 Thursday
April 2024
2024 April 25
1445 Chawwâl 16

കളിക്കളത്തിലും വര്‍ഗീയതയുടെ വിഷസര്‍പ്പങ്ങള്‍

അലി ഹൈദര്‍


”മക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കണമെന്നത് അച്ഛന്റെ സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇനി ഗ്രൗണ്ടില്‍ നിന്ന് കയറേണ്ട സമയമാണ്. ഇത് ആദ്യ ഇന്നിങ്‌സിന്റെ അവസാനം മാത്രമാണ്. കമന്ററിയും കോച്ചിങ്ങുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങുന്നത് ആലോചിക്കുന്നുണ്ട്” – രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിന് വിരാമമിട്ടുകൊണ്ട് വസിം ജാഫര്‍ എന്ന ക്രിക്കറ്റുകളിക്കാരന്‍ പറഞ്ഞവാക്കുകളാണിത്.
ഇന്നിപ്പോള്‍ വസിം ജാഫറിന്റെ പേര് വീണ്ടും ചര്‍ച്ചയാകുന്നു. ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം രാജിവെച്ചതിലൂടെയാണ് ജാഫര്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്രയൊന്നും ഉയര്‍ന്ന് കേള്‍ക്കാതിരുന്ന മതവെറി വസിം ജാഫറിനെ വേട്ടയാടുന്നു. ടീം സെലക്ഷനില്‍ മറ്റുള്ളവര്‍ ഇടപെടുന്നു എന്നാരോപിച്ചാണ് പരിശീലക സ്ഥാനം ജാഫര്‍ രാജിവച്ചത്.
”വളരെയേറെ കഴിവുള്ള താരങ്ങള്‍ ഉത്തരാഖണ്ഡ് ടീമിലുണ്ട്. എന്നാല്‍ അവരെയോര്‍ത്ത് എനിക്ക് സങ്കടം തോന്നുന്നു. ഈ പറഞ്ഞ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ എനിക്ക് സാധിക്കുന്നില്ല. പുറത്തുനിന്നുള്ളവരാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. അര്‍ഹരല്ലാത്തവര്‍ ടീമിലെത്തുന്നു” എന്നായിരുന്നു പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ച് കൊണ്ട് ക്രിക്കറ്റ് അസോസിയേഷന് അയച്ച മെയിലില്‍ ജാഫര്‍ പറഞ്ഞത്.
പക്ഷേ വിചിത്ര വാദമാണ് വസിം ജാഫറിനെതിരെ ടീം മാനേജര്‍ നവനീത് മിശ്ര ഉയര്‍ത്തിയത്. ജാഫര്‍ ടീമില്‍ കൂടുതല്‍ മുസ്‌ലിം കളിക്കാരെ ഉള്‍പ്പെടുത്തുകയും മതപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്തു എന്നാണ് മിശ്രയുടെ ആരോപണം
23 അംഗ ടീമില്‍ ആകെ മൂന്ന് പേരാണ് മുസ്‌ലിം സമുദായത്തില്‍ നിന്ന് ഉണ്ടായിരുന്നത് എന്നതാണ് വസ്തുത. മുസ്‌ലിം മതപണ്ഡിതരെ ടീം ക്യാംപിലേക്ക് ക്ഷണിക്കുകയും അവര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യം ഒരുക്കിയെന്നും ‘രാമ ഭക്ത ഹനുമാന്‍ കീ ജയ്’ എന്ന ടീമിന്റെ മുദ്രാവാക്യം ‘ഗോ ഉത്തരാഖണ്ഡ്’ എന്നാക്കി മാറ്റിയെന്നും തുടങ്ങി നിരവധി ആരോപണങ്ങളും ജാഫറിനു മേല്‍ ചൊരിഞ്ഞു.
ക്രിക്കറ്റിന് വേണ്ടി ജീവിതം മാറ്റിവെച്ച ആഭ്യന്തര ക്രിക്കറ്റിലെ ഉജ്ജ്വല കളിക്കാരന് തന്റെ രണ്ടാം ഇന്നിങ്‌സ് നിവൃത്തികേട് കൊണ്ട് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ അയാളെ ഒരു മതമൗലികവാദിയാക്കിയാണ് ചിത്രീകരിച്ചത്. ഇതോടെയാണ് വസിം ജാഫറിന് ആരോപണങ്ങള്‍ക്ക് ഒരു ഓണ്‍ലൈന്‍ പത്രസമ്മേളനം നടത്തി വിശദീകരണം നല്‍കേണ്ടിവന്നത്. ഓരോ ആരോപണങ്ങള്‍ക്കും അക്കമിട്ടു മറുപടി പറയുന്നുണ്ടയാള്‍. അത്യന്തം വെറുപ്പുളവാക്കുന്ന മാനേജറുടെ ആരോപണത്തിന് ഓരോന്നായി മറുപടി എഴുതുമ്പോള്‍ അയാളുടെ മനസ്സില്‍ ഇന്നത്തെ ഇന്ത്യനവസ്ഥയുടെ ഏകദേശ ചിത്രം മിന്നിമറയുന്നുണ്ടായിരിക്കണം. അവിശ്വസനീയമായ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് സ്റ്റാറ്റസ് ഉള്ള ഒരു മുന്‍ ഇന്ത്യന്‍ ടീം അംഗത്തിന് ഇത്തരത്തിലുള്ളൊരു വിശദീകരണം നല്‍കേണ്ടിവരുന്നുവെന്നത് ഇന്ത്യ ഇന്ന് എത്തിപ്പെട്ട അവസ്ഥയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.

അസംബന്ധമായ ഇത്തരം ആരോപണങ്ങള്‍ക്ക് വസിം ജാഫര്‍ മറുപടി പറയേണ്ടി വരുമ്പോള്‍, താരത്തിനൊപ്പം കളിച്ച പ്രമുഖ താരങ്ങളെല്ലാം മൗനത്തിലാണ്. അനില്‍ കുംബ്ലെയും ഇര്‍ഫാന്‍ പഠാനും ദൊഡ്ഡ ഗണേശും മനോജ് തിവാരിയും വസിം ജാഫറിന് പിന്തുണ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസം. പോപ് ഗായിക റിയാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗും ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ചപ്പോള്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേെണ്ടന്ന് ട്വിറ്ററില്‍ തിട്ടൂരമിറക്കിയ ആദരണീയരായ ക്രിക്കറ്റ് താരങ്ങളില്‍ പലരും വാ തുറന്നിട്ടില്ല. സച്ചിന്‍ തെന്‍ഡുല്‍ക്കറെല്ലാം സംഘപരിവാറിന്റെ മാത്രം ദൈവമായി അധപ്പതിക്കുന്ന കാഴ്ച എത്ര സങ്കടകരമാണ്. സര്‍വ്വമേഖലയിലും മേധാവിത്വം സ്ഥാപിച്ച ഭൂരിപക്ഷ വര്‍ഗീയത ക്രിക്കറ്റിലേക്കും കടന്നുചെല്ലുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
നീട്ടിവളര്‍ത്തിയ താടിയുമായി ക്രിക്കറ്റ് മൈതാനത്ത് ഓരോ തവണ വസിം ജാഫര്‍ എന്ന കളിക്കാരന്‍ റണ്‍ അടിച്ചു കൂട്ടുമ്പോഴും നമുക്ക് അയാളുടെ മതം വിഷയമായിരുന്നില്ല. മുഹമ്മദ് അസ്ഹറുദ്ദീനെന്നും മുഹമ്മദ് കൈഫെന്നും സഹീര്‍ഖാനെന്നും ഇര്‍ഫാന്‍ പഠാനെന്നും സിറാജെന്നും കേള്‍ക്കുമ്പോള്‍ അവരുടെ കളിമികവിനെ കുറിച്ചല്ലാതെ അവരുടെ മതവിശ്വാസം തിരഞ്ഞിട്ടില്ല. കപില്‍ ദേവ് മുതല്‍ സേവാഗും സച്ചിനും ഗാംഗുലിയും ധോണിയും കോഹ്‌ലിയും ക്രിക്കറ്റ് മൈതാനത്ത് നിറഞ്ഞാടിയപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ കയ്യടിച്ചതും ആഹ്ലാദിച്ചതും അവരുടെ മതവിശ്വാസത്തിന്റെ പേരിലായിരുന്നില്ല. രാജ്യാതിര്‍ത്തി കടന്ന് വസിം അക്രമിനും ബ്രയന്‍ലാറയ്ക്കും ആദം ഗില്‍ഗ്രിസ്റ്റിനും കൈന്‍ വില്യംസണും ലസിത് മലിങ്കയ്ക്കും ആരാധകരുണ്ടായതും അവരുടെ പേരിന് പിന്നിലെ മതം കൊണ്ടായിരുന്നില്ല.
ക്രിക്കറ്റ് വിനോദത്തിനപ്പുറം ഒരു കച്ചവടം ആണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും ഒരിക്കലും ക്രിക്കറ്റ് ഇന്ത്യയില്‍ രാഷ്ട്രീയമോ വര്‍ഗീയമോ ആയിരുന്നില്ല. ഇപ്പോള്‍ ക്രിക്കറ്റ് കച്ചവടത്തിനൊപ്പം ഭൂരിപക്ഷ മത വര്‍ഗീയതയുടെ വിളനിലമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമാകുന്നു. അമിത് ഷായുടെ മകന്‍ ബി സി സി ഐ സെക്രട്ടറിയാകുന്നതും അയാളുടെ ചൊല്‍പ്പടിക്ക് താരങ്ങള്‍ പൊതു ഇടങ്ങളില്‍ ഇടപെടുന്നതും അപകട സൂചനയാണ്.
ആഭ്യന്തര തലത്തില്‍ 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 118 ലിസ്റ്റ് എ മത്സരങ്ങളും 23 ട്വന്റി20 മത്സരങ്ങളും കളിച്ച ജാഫര്‍, 12,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമായിരുന്നു. ആഭ്യന്തര കരിയറില്‍ ഭൂരിഭാഗവും മുംബൈയ്ക്കായി കളിച്ച ജാഫര്‍, അവസാന കാലത്ത് വിദര്‍ഭയിലേക്ക് മാറി. വിദര്‍ഭയ്ക്ക് വേണ്ടി രണ്ട് വീതം രഞ്ജി- ഇറാനി ട്രോഫികള്‍ നേടിക്കൊടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 260 മത്സരങ്ങളില്‍ നിന്ന് 50.67 ശരാശരിയില്‍ 19,410 റണ്‍സ് നേടി, അതില്‍ തന്നെ 57 സെഞ്ചുറികളും 91 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. രഞ്ജി ട്രോഫിയില്‍ 150 മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ താരവും ജാഫറായിരുന്നു. അതായത് ആഭ്യന്തര ക്രിക്കറ്റില്‍ സച്ചിനേക്കാള്‍ കരിയര്‍ ഗ്രാഫുള്ള കളിക്കാരന്‍.
ദേശീയ ടീമില്‍ നിന്ന് ഓരോ തവണ തഴയപ്പെടുമ്പോഴും രഞ്ജിയിലേക്കും മറ്റു ചെറുകളിയിലേക്കും ഓടിപ്പോയി പാഡ് കെട്ടി റണ്‍സ് വാരിക്കൂട്ടിയ താരമായിരുന്നു. വിരമിച്ചിട്ടും മൈതാനത്തു നിന്ന് ഇറങ്ങിപ്പോവാന്‍ കൂട്ടാക്കാത്ത കളിഭ്രാന്തനായിരുന്നു അയാള്‍. പലതും നേടിയ ശേഷവും ചെറിയ ടീമുകളുടെ കോച്ചും മെന്ററും വഴികാട്ടിയുമൊക്കെയായി ക്രിക്കറ്റിനൊപ്പം നിന്നയാള്‍. എന്നിട്ടിപ്പോള്‍ മതം പറഞ്ഞ് അപമാനിച്ചിറക്കിവിടുകയാണ് പുതിയ ഇന്ത്യ വസിം ജാഫറിനെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x