19 Friday
April 2024
2024 April 19
1445 Chawwâl 10

കലയുടെ സത്തയും ഭാവവും ഇസ്‌ലാമിക നാഗരികതയില്‍

എ കെ അബ്ദുല്‍മജീദ്‌


സൗന്ദര്യാവിഷ്‌കാരത്തിന് വളരെയധികം പ്രോത്സാഹനം നല്‍കിയ മതമാണ് ഇസ്‌ലാം. ബാഹ്യവും ആന്തരികവുമായ സൗന്ദര്യങ്ങളെക്കുറിച്ച് നിരവധി പരാമര്‍ശങ്ങളുണ്ട് വിശുദ്ധ ഖുര്‍ആനില്‍. ഏറ്റവും സുന്ദരനായ സ്രഷ്ടാവ് (അഹ്‌സനുല്‍ ഖാലിഖീന്‍) എന്ന് ഖുര്‍ആന്‍ ദൈവത്തെ പരിചയപ്പെടുത്തുന്നു. ‘ദൈവം സൗന്ദര്യമാണ്, അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു’ എന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്.
മനുഷ്യനെ ഏറ്റവും സുന്ദരമായ രൂപത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് ഖുര്‍ആന്‍ പറയുന്നു. ഏറ്റവും സുന്ദരമായ ആന്തരിക ഗുണങ്ങള്‍ ആര്‍ജിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. സുന്ദരമായ സംവാദം, സുന്ദരമായ ക്ഷമ, സുന്ദരമായ വേര്‍പിരിയല്‍ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഖുര്‍ആനില്‍ വായിക്കാം. ഇവയെല്ലാം സൂചന നല്‍കുന്നത് ആന്തരികവും ബാഹ്യവുമായ സൗന്ദര്യത്തിലേക്കാണ്. സൗന്ദര്യാവിഷ്‌കാരവും ആസ്വാദനവുമാണ് കല എന്നതിനാല്‍ ഇസ്‌ലാമുമായി അത് ഏറെ ചേര്‍ന്നുനില്‍ക്കുന്നു.
ഇസ്‌ലാമിക ചരിത്രത്തില്‍ കല വളരെ നന്നായി പ്രോത്സാഹിപ്പിക്കപ്പെട്ടതായി മനസ്സിലാക്കാന്‍ സാധിക്കും. വ്യത്യസ്ത കലാരൂപങ്ങള്‍ക്ക് വിവിധ മുസ്‌ലിം നാടുകള്‍ ജന്മം നല്‍കി. പല ദേശങ്ങളില്‍ ഉരുവം പ്രാപിച്ച വ്യത്യസ്ത കലാരൂപങ്ങളെ സത്തയിലും ഭാവത്തിലും ഇസ്‌ലാം സവിശേഷമായി സ്വാധീനിച്ചു. ശബ്ദം, വര, എഴുത്ത്, നിര്‍മാണം, ചലനം എന്നിവയെല്ലാം കലാപരമായ ആവിഷ്‌കാരത്തിനു വിധേയമാകുന്നുണ്ട്. ഇസ്‌ലാമിക കലകളും ഈ മേഖലകളെയെല്ലാം സമ്പുഷ്ടമാക്കി.
മനുഷ്യനില്‍ ഉദാത്തഭാവങ്ങള്‍ അങ്കുരിപ്പിക്കുകയും അവന്റെ വികാരവിചാരങ്ങളെ സ്ഫുടം ചെയ്‌തെടുക്കുകയുമാണ് കലയുടെ ധര്‍മം. വികാരങ്ങളുടെ വിരേചനമാണ്(കഥാര്‍സിസ്) കലയുടെ ലക്ഷ്യം എന്നാണ് അരിസ്റ്റോട്ടില്‍ പറഞ്ഞത്. മനുഷ്യമനസ്സിലെ തമോഗുണങ്ങളെ നിര്‍വീര്യമാക്കുകയും ഗുണങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നതാണ് ഉത്തമ കല. മികച്ച കലാസൃഷ്ടി ആസ്വാദക ചിത്തത്തില്‍ ദൈവസ്മരണ ഉണര്‍ത്തുന്നു. ആ അര്‍ഥത്തില്‍ മികച്ച കല മനുഷ്യമനസ്സിനെ അല്ലാഹുവുമായി കൂട്ടിയിണക്കുന്നതാണ്.
ഇസ്‌ലാമിക കലാസങ്കല്‍പത്തിന്റെ കാതല്‍ ഇതാണെന്ന് വിചാരിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ടാണ് രൂപരഹിതനും സ്ഥല-കാലപരിമിതികള്‍ക്ക് അതീതനുമായ ദൈവത്തെ ചിത്രീകരിക്കുന്ന ശില്‍പങ്ങള്‍ക്ക് ഇസ്‌ലാം വിലക്കേര്‍പ്പെടുത്തുന്നത്. ദൈവപ്രതിമകള്‍ അസംഭവ്യമാണ്. പ്രപഞ്ചത്തിന്റെ വെളിച്ചമായ ഈശ്വര ചൈതന്യത്തെ ഏതെങ്കിലും സൃഷ്ടിയുടെ രൂപത്തിലേക്ക് പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നത് ദൈവനിന്ദയായി ഇസ്‌ലാം കാണുന്നു.
ഇസ്‌ലാമിക കലാപാരമ്പര്യത്തില്‍ പ്രതിമ നിര്‍മാണം അന്യമാവാന്‍ ഇതാണ് കാരണം. മനുഷ്യന്‍ വിഗ്രഹങ്ങളെയല്ല സ്രഷ്ടാവിനെയാണ് ഉപാസിക്കേണ്ടത് എന്ന് ഇസ്‌ലാം കര്‍ശനമായി വ്യവസ്ഥ ചെയ്യുന്നു. ഇസ്‌ലാം ലോകം കീഴടക്കിയത് അതിന്റെ ഗാംഭീര്യം വഴിയും സൗന്ദര്യം വഴിയുമാണെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. കലയുടെയും സാഹിത്യത്തിന്റെയും വഴിയാണ് സൗന്ദര്യത്തിന്റേത്.
ഇസ്‌ലാം ചെന്നുചേര്‍ന്ന ഇടങ്ങളിലെല്ലാം സാംസ്‌കാരികമായ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാം നിമിത്തമായിട്ടുണ്ട്. നാടോടി ജീവിതം നയിച്ചിരുന്ന അറബികള്‍ക്ക് ദൃശ്യ-ശ്രാവ്യ-സുകുമാര കലകളോട് വലിയ ആഭിമുഖ്യം ഉണ്ടായിരുന്നില്ല. കവിതകളായിരുന്നു അവരുടെ ലഹരി. പിന്നെ അവര്‍ക്ക് അറിയുമായിരുന്നത് അറബി വംശവിജ്ഞാനീയമാണ്.
ഇസ്‌ലാമിനു മുമ്പ് അറബികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കപ്പല്‍ വഴി ചെന്നെത്തിയിരുന്നെങ്കിലും അവിടങ്ങളിലെ കലാസാഹിത്യ മേഖലകളില്‍ ഇടപെട്ടിരുന്നതായി ചരിത്രം പറയുന്നില്ല. റോമിലേക്കും പേര്‍ഷ്യയിലേക്കും വര്‍ഷത്തില്‍ ചുരുങ്ങിയത് രണ്ടു തവണ ഹേമന്തത്തിലും ഗ്രീഷ്മത്തിലും വ്യാപാരയാത്രകള്‍ നടത്തിയവരായിരുന്നു അറബികള്‍. പക്ഷേ, പേര്‍ഷ്യയുടെയോ റോമിന്റെയോ കലാപൈതൃകവുമായി അവര്‍ കണ്ണി ചേര്‍ന്നിരുന്നില്ല. എന്നാല്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷം സമീപനത്തില്‍ വലിയ മാറ്റം സംഭവിച്ചു. അതുവരെ ശ്രദ്ധ പതിയാതിരുന്ന വിഷയങ്ങളിലേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. വൈജ്ഞാനിക സാഹിത്യവും ശാസ്ത്ര ഗവേഷണവും വൈദ്യവും കലയും സംഗീതവുമെല്ലാം മുമ്പേ അന്യദേശങ്ങളില്‍ ഉണ്ടായിരുന്നു. നേരത്തെ അവയൊന്നും ശ്രദ്ധിക്കാതിരുന്ന അറബികള്‍ മുഹമ്മദ് നബിയുടെ ശിക്ഷണം ലഭിച്ച ശേഷം ഇവ ശ്രദ്ധിച്ചുതുടങ്ങി. ഇസ്‌ലാം അവരുടെ സമീപനങ്ങളില്‍ വരുത്തിയ കാതലായ മാറ്റങ്ങളുടെ പ്രതിഫലനമായിരുന്നു അത്. ഇസ്‌ലാം ഹൃദയത്തെ സ്പര്‍ശിച്ചപ്പോള്‍ അവരുടെ കണ്ണുകളിലെ തിമിരം അപ്രത്യക്ഷമാവുകയായിരുന്നു.
ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും പുകള്‍പെറ്റ കലാപൈതൃകങ്ങളിലെല്ലാം ഇസ്‌ലാമിന്റെ ചൈതന്യ സ്പര്‍ശം കാണാം. സിറിയ, ഈജിപ്ത്, മൊറോക്കോ, ഡല്‍ഹി, ആഗ്ര, ഹൈദരാബാദ്, അല്‍ജീരിയ, ഇറാന്‍, ഇറാഖ്, ബുഖാറ, സമര്‍ഖന്ദ്, ജക്കാര്‍ത്ത തുടങ്ങി ഇസ്‌ലാമിന്റെ സാന്നിധ്യം അനുഭവിച്ച ദേശങ്ങളിലെല്ലാം ഇസ്‌ലാമിക കലയുടെ പൈതൃക മുദ്രകള്‍ ഇന്നും സമ്പന്നമായി ശേഷിക്കുന്നു. യൂറോപ്പിലാണെങ്കില്‍ സ്‌പെയിനിലും തുര്‍ക്കിയിലും അനാദൃശമായ കലാപാരമ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.
ഖുര്‍ആനിന്റെ ഭാഷയും ആശയവുമാണ് ഇസ്‌ലാമിക കലയുടെ ഊടും പാവും നിര്‍ണയിക്കുന്നത്. ഉപമകള്‍, രൂപകങ്ങള്‍, സാഹിതീയ അലങ്കാരങ്ങള്‍, വാങ്മയ ചിത്രങ്ങള്‍, ചരിത്രത്തില്‍ നിന്ന് ചീന്തിയെടുത്ത ഗുണപാഠ കഥകള്‍ മുതലായവയാല്‍ സമ്പന്നമാണ് ഖുര്‍ആന്‍. ഹൃദ്യവും മനോഹരവുമാണ് അതിന്റെ ആഖ്യാനശൈലിയും ആവിഷ്‌കാരരീതിയും. കാവ്യാത്മകമാണ് ഭാഷ. അതേപോലെ മനോഹരമാണ് ഖുര്‍ആന്‍ എഴുത്തുരീതിയും. ഖുര്‍ആന്‍ എഴുത്തുകലാവിഷ്‌കാരങ്ങള്‍ വാസ്തുവിദ്യയുടെ വരെ അലങ്കാരങ്ങളില്‍ മുന്തിനില്‍ക്കുന്നതായി കാണാം. ഇസ്‌ലാമിക കലകളില്‍ ഒരുപക്ഷേ ഏറ്റവും പ്രധാനം കൈയെഴുത്തു കലയായിരിക്കും. അക്ഷരങ്ങള്‍ കൊണ്ട് അദ്ഭുതം കാണിക്കുന്ന വിദ്യയാണ് കൈയെഴുത്തുകല അഥവാ കലിഗ്രാഫി. ഇന്നും കലാകാരന്മാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണിത്. ക്ലാസിക് കലിഗ്രാഫിയില്‍ മുഖ്യ പങ്ക് ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കാണ്. ഇതര സംസ്‌കാരങ്ങളിലെ ചിത്രകലയുടെ സ്ഥാനത്ത് മുസ്‌ലിം നാടുകളില്‍ പ്രചാരം നേടിയത് കലിഗ്രാഫിയാണ്. ശില്‍പകലയ്ക്ക് മതപരമായ പരിധികളും വിലക്കുകളും ഉള്ളതിനാല്‍ കലാകാരന്മാര്‍ തങ്ങളുടെ സര്‍ഗശേഷിയെ നവീനമായ ഒരു മേഖലയിലേക്ക് തിരിച്ചുവിട്ടതിന്റെ ഫലമാണ് അറബി കലിഗ്രാഫി. അറബി ഭാഷയുടെ ലിപിവൈവിധ്യം കലാകാരന്മാര്‍ക്ക് ഏറെ സഹായകമായി. അറബി അക്ഷരങ്ങളുടെ ജ്യാമിതീയ സൗന്ദര്യവും എങ്ങനെയും കുറയ്ക്കുകയും നീട്ടുകയും വളയ്ക്കുകയും ചെയ്യാവുന്ന രൂപഗുണവും കലിഗ്രഫിയുടെ വളര്‍ച്ചയെ തുണച്ചു.

അക്ഷരങ്ങളോട് ഇലകളും പൂക്കളും വള്ളികളും ജ്യാമിതീയ രൂപങ്ങളും സൗന്ദര്യത്തോടെ ചേര്‍ക്കുന്ന അറബസ്‌ക് എന്ന സവിശേഷമായ ചിത്രലേഖനവും കലിഗ്രാഫിയുടെ ഭാഗമായാണ് വികസിച്ചത്.
സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും പ്രതാപം വിളിച്ചറിയിക്കുന്നത് പ്രധാനമായും അവ ബാക്കിവെച്ച സൗധമാതൃകകളാണ്. മുസ്‌ലിം നാടുകളിലെ കെട്ടിട മാതൃകകള്‍ പരിശോധിച്ചാല്‍ പൊതുവായ ഒരു അലൗകിക ചൈതന്യം അവയില്‍ നിറഞ്ഞുതുളുമ്പുന്നതായി കാണാം. ഇസ്‌ലാമിക വാസ്തുവിദ്യയുടെ ചരിത്രം എന്ന അതീവ ലളിതവും എന്നാല്‍ ജ്യാമിതീയമായി അതീവ സുന്ദരവുമായ സൗധമാതൃകയില്‍ നിന്നാരംഭിക്കുന്നു. വിശാലമായ ഒഴിഞ്ഞ ഇടവും ലളിതമായ ചുവരുകളും ആവശ്യമായ മേല്‍ക്കൂരയും ആയിരുന്നു പ്രവാചകന്‍ നിര്‍മിച്ച പള്ളിയുടെ സവിശേഷത. കാലാന്തരത്തില്‍ കലാമേന്മയുള്ള മുഖപ്പുകളും പ്രതാപം വിളിച്ചറിയിക്കുന്ന കുംഭഗോപുരങ്ങളും ഈ നിര്‍മിതിയുടെ ഭാഗമായി. മിനാരങ്ങളും ആര്‍ക്കേഡുകളും ചേര്‍ന്ന് ഒരു സവിശേഷ സൗധമാതൃക രൂപപ്പെട്ടു. മുസ്‌ലിം നഗരങ്ങളെല്ലാം പൊതുവായ ഈ നിര്‍മാണമാതൃക പിന്തുടര്‍ന്നു. ബൈത്തുല്‍ മുഖദ്ദസ് മുതല്‍ താജ്മഹല്‍ വരെ അത് നീണ്ടുകിടക്കുന്നു. ദമസ്‌കസിലെ ഉമവി മസ്ജിദ്, ജറൂസലമിലെ ഖുബ്ബത്ത് സഖ്‌റ (ഡോം ഓഫ് ദ റോക്ക്), കൈറോയിലെയും ഫെസ്സിലെയും ഇസ്തംബൂളിലെയും ഇസ്‌ലാമാബാദിലെയും ഇന്തോനേഷ്യയിലെയും തിംബക്തുവിലെയും പള്ളികളും സര്‍വകലാശാലകളും ഡല്‍ഹിയിലെ ഖുത്ബ് മിനാര്‍, ആഗ്രയിലെ താജ് മഹല്‍, ബീജാപ്പൂരിലെ ഗോല്‍കുമ്പസ്, ഹൈദരാബാദിലെ ചാര്‍മിനാര്‍ മുതലായ സൗധവിസ്മയങ്ങള്‍ ഇസ്‌ലാമിക കലയുടെ അഭിമാന സ്തംഭങ്ങളാണ്.
പാത്രനിര്‍മാണം, പരവതാനി, വസ്ത്രം, മര ഉരുപ്പടികളുടെയും ലോഹസാമഗ്രികളുടെയും നിര്‍മാണം, ഗ്ലാസ് ഉല്‍പന്നങ്ങള്‍ എന്നിവയിലും ഇസ്‌ലാമിക കലയുടെ സവിശേഷ സ്പര്‍ശം ഉണ്ടായിരുന്നതായി കലാചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മണ്ണ്, മണല്‍, പലതരം കല്ലുകള്‍, ക്വാര്‍ട്‌സ്, ഗ്ലാസ്, ലോഹം എന്നിവയായിരുന്നു പാത്രങ്ങളുടെ അസംസ്‌കൃത വസ്തുക്കള്‍. ഇവയുടെ അലങ്കാരത്തിന് കലിഗ്രാഫി ഉപയോഗിച്ചതാണ് മുസ്‌ലിം ലോകത്തെ പാത്രങ്ങളുടെ പ്രത്യേകത. കലാമേന്‍മയുള്ള പാത്രങ്ങള്‍ ഉയര്‍ന്ന സംസ്‌കാരിക ബോധത്തിന്റെ അടയാളമായി കണക്കാക്കപ്പെട്ടു. ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്താന്‍, ചെറിയ സ്‌പെയിന്‍, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളിലാണ് ഏറ്റവും മനോഹരമായ പാത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത്. ഇറാഖില്‍ നിന്ന് യൂറോപ്പിലേക്ക് പാത്രങ്ങള്‍ കയറ്റിയയച്ചിരുന്നു. ആകൃതി, ഘടന, ചിത്രാലങ്കാരം, വര്‍ണവിന്യാസം, തിളക്കം എന്നിവയിലെല്ലാം മുസ്‌ലിം പാത്രനിര്‍മാതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുസ്‌ലിം നാടുകളിലെ നാടോടി ജനവിഭാഗങ്ങളാണ് കാര്‍പെറ്റ്, ചവിട്ടി, പുതപ്പ്, വിരിപ്പ് മുതലായവയുടെ നിര്‍മാണത്തിലും വിപണനത്തിലും മുന്നിട്ടുനിന്നത്. ഇവര്‍ പട്ടണങ്ങളില്‍ നെയ്ത്തുശാലകള്‍ സ്ഥാപിച്ചു. ഭരണാധികാരികള്‍ ഇവര്‍ക്കു വേണ്ടി നെയ്ത്തുശാലകള്‍ നിര്‍മിച്ചു നല്‍കുകയുമുണ്ടായി.
മുഗള്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ മുസ്‌ലിം പരവതാനികള്‍ക്കും വസ്ത്രങ്ങള്‍ക്കും വന്‍ പ്രചാരമാണ് ലഭിച്ചത്. ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാരും ഉദ്യോഗസ്ഥരും മുഗള്‍ വസ്ത്രധാരണരീതി അനുകരിക്കുകയുണ്ടായി. പ്രൗഢിയുള്ള വേഷമാണ് മുസ്‌ലിം ഭരണാധികാരികള്‍ അണിഞ്ഞത്. മതപണ്ഡിതന്മാരുടെ സ്ഥാനവസ്ത്രങ്ങളും കുലീനത വിളിച്ചോതുന്നതായിരുന്നു.
സംഗീതോപകരണങ്ങളുടെ അനുവദനീയതയെ സംബന്ധിച്ച് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും മുസ്‌ലിം ലോകത്ത് സംഗീതം ഒരു സവിശേഷ കലാരൂപമായി വളര്‍ന്നു വികസിക്കുകയുണ്ടായി. ഗസല്‍, ഖവാലി, മദ്ഹ്, നഅ്ത് തുടങ്ങി അനേകം സംഗീതശാഖകള്‍ക്ക് മുസ്‌ലിംകള്‍ തുടക്കമിട്ടു. സൂഫി സംഗീതം ഒരു പ്രത്യേക സംഗീതവിഭാഗമായി ലോകമെങ്ങും പ്രചാരത്തിലുണ്ട്.
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വളര്‍ച്ചയ്ക്ക് മുസ്‌ലിം സംഗീതജ്ഞരുടെ സംഭാവന നിസ്തുലമാണ്. മലയാളക്കരയില്‍ മാപ്പിളപ്പാട്ട് എന്നപോലെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ അധിവാസമുറപ്പിച്ച മുസ്‌ലിം ജനവിഭാഗങ്ങള്‍ തങ്ങളുടേതായ ഗാനശാഖകള്‍ക്ക് ജന്മം നല്‍കി. അതത് നാടുകളിലെ തനത് ശീലുകള്‍ സ്വാംശീകരിച്ച് പുതിയ ഗാനശാഖകള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു അവര്‍. ഖുര്‍ആന്‍ പാരായണം, ബാങ്ക് വിളി, സീറാ പാരായണം, കഥ പറച്ചില്‍ ഇവയും മുസ്‌ലിം ശബ്ദകലയുടെ ഭാഗമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x