21 Saturday
December 2024
2024 December 21
1446 Joumada II 19

കാലങ്കോഴിയെ പേടിക്കണമെന്നോ?!

ഡോ. പി എം മുസ്തഫ കൊച്ചിന്‍


യുദ്ധത്തില്‍ തങ്ങളെ കാത്തുരക്ഷിക്കുന്നതിനുവേണ്ടി അമേരിക്കയിലെ ആദിമ വംശജരായ റെഡ് ഇന്ത്യന്‍സ് ഗോത്രവര്‍ഗക്കാര്‍ക്ക് ഒരു അന്ധവിശ്വാസമുണ്ടായിരുന്നു. യുദ്ധത്തിന് പുറപ്പെടുമ്പോള്‍ ജീവനുള്ളതെന്നു ധ്വനിപ്പിക്കുന്ന രീതിയില്‍ ചത്ത മൂങ്ങയുടെ വയറുകീറി പഞ്ഞിനിറച്ച് അവര്‍ കൂടെ കരുതുമായിരുന്നു. ഇതിനെ അവര്‍ ശ്രദ്ധയോടെ പരിചരിച്ചു പോന്നു. അതിന്റെ തൂവലുകള്‍ ചീകിയൊതുക്കുകയും അതിന്റെ കൊക്കില്‍ തീറ്റ വെച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. ആ ചത്ത കൂമന്റെ തല അവര്‍ പോകേണ്ട ദിക്കിലേക്ക് തിരിച്ചു വയ്ക്കുമായിരുന്നു. യുദ്ധത്തെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യം ആ ചത്ത പക്ഷി നല്‍കുമെന്നല്ല അവര്‍ വിശ്വസിച്ചത്. മറിച്ച് അവരെ കാത്തുരക്ഷിക്കാനുള്ള അഭൗതിക ശക്തി അതില്‍ നിന്ന് ലഭിക്കുമെന്നവര്‍ വിശ്വസിച്ചു.
യഥാര്‍ഥ വിശ്വാസം മനുഷ്യന് ശ്വാസമാണ്. എന്നാല്‍ വികലവിശ്വാസം മനുഷ്യന്‍ നെയ്‌തെടുക്കുന്ന അന്ധതയാണ്. ഇന്നലെകളില്‍ എന്തെങ്കിലും തെറ്റായി പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണകളെ തിരുത്തുന്നതാണ് യഥാര്‍ഥ വിദ്യാഭ്യാസം. കൂരിരുട്ടാകുന്ന അന്ധവിശ്വാസങ്ങളെ തുരത്തി നിയോണിന്റെ വെള്ളിവെളിച്ചം പകരുന്നുണ്ട് ഇസ്‌ലാമിലെ വിദ്യാഭ്യാസത്തില്‍. പേടിത്തൊണ്ടനായ മനുഷ്യരുടെ ഭീതി കാരണം കുലം മുടിഞ്ഞ് അന്യംനിന്നു പോകുമോ എന്ന ആശങ്കയോടെ ജീവിക്കുന്ന പാവം പക്ഷികളാണ് മൂങ്ങകള്‍. അന്ധവിശ്വാസത്തിന്റെ ഇരകളാണ്. മൂങ്ങകളുടെ അന്തകര്‍ മനുഷ്യരാണ്. ആണ്‍ മൂങ്ങയായ കൂമന് നുഹാം, ഗയാര്‍ എന്നും പെണ്‍ നത്തായ കൂമിയ്ക്ക് ബൂമാ എന്നുമാണ് അറബിയില്‍ പറയുന്നത്.
പരന്ന് വൃത്താകൃതിയിലുള്ള മുഖം, തടിച്ച ശിരസ്സ്, തടിച്ചുരുണ്ട ദേഹം, തിളങ്ങുന്നതും മുമ്പോട്ട് തള്ളിനില്‍ക്കുന്നതും അസാധാരണ വലുപ്പവുമുള്ള രണ്ട് പൂര്‍ണ വൃത്തക്കണ്ണുകള്‍ എന്നിവയാണ് മൂങ്ങാ കുടുംബത്തിന്റെ സവിശേഷതകള്‍. ശരീരത്തിലെ വരകളും പുള്ളികളും നിറങ്ങളും ചുറ്റുപാടിനോട് ഇണങ്ങിച്ചേര്‍ന്ന് നില്‍ക്കുന്ന പ്രച്ഛന്നവേഷം (Camouflage) ആണ്. രാത്രി മാത്രം സജീവമാകുന്ന പക്ഷികളാണ് മൂങ്ങകള്‍. പകല്‍ ഒളിച്ചുകഴിയുന്ന ഇവ ഇലകള്‍ സമൃദ്ധമായ വൃക്ഷശിഖിരങ്ങളില്‍ ഒതുങ്ങിക്കൂടുന്നു. ഓരോ ജീവിവര്‍ഗത്തിനും തനത് സവിശേഷതകളുണ്ട് എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: ”ഭൂമിയിലുള്ള ഏതൊരു ജീവജാലവും ഇരുചിറകുകളാല്‍ പാറുന്ന ഏതൊരു പറവയും മനുഷ്യരെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാണ്. രേഖയില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല…”(6:38). ‘നിങ്ങള്‍ക്കായ് ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത് അല്ലാഹുവാകുന്നു’ (2:29)
കാലങ്കോഴി
കോഴിയോ?

മൂങ്ങാ കുലത്തില്‍ 200-ഓളം ജാതികളുണ്ട്. കേരളത്തില്‍ കണ്ടുവരുന്ന 14 ഇനം മൂങ്ങകളില്‍ രണ്ടിനം മാത്രമേ അറേബ്യന്‍ ഉപദ്വീപില്‍ കണ്ടുവരുന്നുള്ളൂ. വെള്ളി മൂങ്ങയും (Barn Owl) പൂച്ച മൂങ്ങയും (Short eared). ഇവ രണ്ടും ടൈറ്റോ നിഡീ കുലത്തില്‍ പെട്ടതാണ്. സ്ട്രിജിഡീ കുലത്തില്‍ പെട്ട കാലന്‍ കോഴി (Mottled wood owl) എന്ന മരമൂങ്ങയും കൊല്ലിക്കുറവന്‍ (Brown wood owl) എന്ന കാട്ടുമൂങ്ങയും അറബി നാട്ടിലില്ലാത്തവയാണ്.
സ്ട്രിക്‌സ് ഒസെല്ലാറ്റ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കാലങ്കോഴിക്ക് നാടിലാന്‍, തച്ചന്‍കോഴി എന്നും കേരളത്തില്‍ പേരുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ തുറസ്സായതും മരങ്ങള്‍ നിറഞ്ഞതുമായ പ്രദേശങ്ങളിലും ഗ്രാമങ്ങളിലെ കാവുകളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്ന മരമൂങ്ങയാണിത്. സ്ട്രിക്‌സ് ലെപ്‌റ്റോ ഗ്രാമിക്ക എന്ന ശാസ്ത്രനാമമുള്ള കൊല്ലിക്കുറവന്‍ കാലന്‍കോഴിയോട് സാദൃശ്യമുള്ള ഒരിനം കാട്ടുമൂങ്ങയാണ്. ഇവയുടെ മുഖ്യാഹാരം എലി, നച്ചെലി, ചുണ്ടെലി, പെരുച്ചാഴി, ഓന്ത്, അരണ, പല്ലി എന്നിവയാണ്.
റോം, ഗ്രീസ് എന്നിവിടങ്ങളില്‍ ആഭിചാരത്തിന് മൂങ്ങയെ ഉപയോഗിച്ചിരുന്നു. കൂടോത്രത്തിനും മന്ത്രവാദത്തിനും ഉപയോഗിക്കുന്നെന്ന് പറയപ്പെടുന്നത് ഒരിനം കൂമനാണ്. ഓട്ടോ ആല്‍ബാ എന്ന ശാസ്ത്ര നാമമുള്ള വെള്ളിമൂങ്ങയെ അറബിയില്‍ ഹാമ്മായെന്നും തൈതൂനാ എന്നും പറയുന്നുണ്ട്. ഇവയോട് സാദൃശ്യമുള്ള ഒരിനമാണ് ദക്ഷിണേന്ത്യയിലെ കാപെന്‍സിസ് എന്ന ശാസ്ത്രനാമമുള്ള പുല്‍മൂങ്ങ (Grass Owl). കണ്ണിന്റെ കറുപ്പ് നിറവും ഭീതി ജനിപ്പിക്കുന്ന ഇതിന്റെ കൂജനവും ജനങ്ങളില്‍ ഭയം സൃഷ്ടിക്കുന്നു. സൈരസ്രീ നത്തിന് (Oriental scops Owl) മഞ്ഞ കൃഷ്ണമണിയും ചെവിയന്‍ നത്തിന് (Collared scops Owl) ഓറഞ്ച് കൃഷ്ണമണിയും, കാട്ടുമൂങ്ങയ്ക്ക് (Spot Bellied Eagle Owl) ഇരുണ്ട കാപ്പി നിറമുളള കൃഷ്ണമണിയുമാണുള്ളത്.
ആശയ വിനിമയം
എല്ലാതരം ജീവികള്‍ക്കും ആശയവിനിമയം നടത്താന്‍ ശബ്ദമുണ്ട്. കരച്ചിലിലൂടെയും കൂവിയും കുറുങ്ങിയും മുരണ്ടും മൂളിയും കൂജനം നടത്തിയും നീട്ടിപ്പാടിയും പക്ഷികള്‍ പരസ്പരം ആശയവിനിമയം നടത്തുന്നു. മൂങ്ങായുടെ കൂജനത്തിന് അറബിയില്‍ നഈബ്, നഈഖ്, നഈം, ഹന്ദ് എന്നൊക്കെ പറയുന്നു. ഇതിനെ ചരമവാര്‍ത്ത (നഇയ് = Obituary) ആയി പലരും വിശ്വസിക്കുന്നു. വിറയ്ക്കുന്ന ശബ്ദമാണ് കാലങ്കോഴിയുടേത്. ഭയമുളവാക്കുന്ന ആക്രോശമോ സീല്‍ക്കാരമോ ആണ് വെള്ളിമൂങ്ങയുടെ കൂജനം. പേടിപ്പെടുത്തുന്ന ചൂളമടി ഉയര്‍ത്തുന്നുണ്ട് റിപ്പിമൂങ്ങയുടെ (Orien tal Bay Owl) കരച്ചില്‍. മീന്‍ കൂമന്റെ (Brownfish Owl) കരച്ചില്‍ മൃദുവായ ക്ഷോഭമാണ്. കൊല്ലിക്കുറുവന്‍ നത്തിന്റെ (Brown wood Owl) ശബ്ദം വളരെ പരുക്കനും ഭയപ്പെടുത്തുന്നതുമാണ്. എന്നാല്‍ പുള്ള് നത്തിന്റെ (Brown Hank Owl) ശബ്ദം മൃദുവും ഇമ്പമേറിയതുമാണ്.
മരണഭീതി
ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയിസ് പതിനഞ്ചാമന്‍ (1715-74) തന്റെ മുന്നില്‍ വെച്ച് മരണം എന്ന പദം ആരും ഉച്ചരിച്ചു പോകരുതെന്ന് രാജകല്‍പന പുറപ്പെടുവിച്ചു. മരണത്തെക്കുറിച്ച അകാരണ ഭയവും അമിതവുമായ ഭീതിയുമാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഈ മരണപ്പേടിക്കുള്ള സംജ്ഞാനാമമാണ് തനാറ്റോ ഫോബിയ (Thanato Phobia). ഖുര്‍ആന്‍ പറയുന്നു: ”ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ പേടിച്ചോടുന്നുവോ അത് നിങ്ങളുമായി കണ്ടുമുട്ടുക തന്നെ ചെയ്യും” (62:8). ”നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട ഗോപുരത്തിനുള്ളിലാണ് നിങ്ങളെങ്കില്‍ പോലും”(4:78)
കാലന്‍കോഴി എന്നയിനം മൂങ്ങയുടെ കൂജനം മരണഭീതി ജനിപ്പിക്കുന്നതായി പഴമക്കാര്‍ വിശ്വസിച്ചിരുന്നു. കാലങ്കോഴി അക്കരെ കൂവിയാല്‍ ഇക്കരെ മരണമുറപ്പ് എന്ന് അന്ധമായി അവര്‍ വിശ്വസിച്ചു. അങ്ങനെ കാലങ്കോഴിയെ അകാരണമായി ഭയപ്പെടാന്‍ തുടങ്ങി. കാലന്റെ പ്രതിരൂപമെന്ന് സങ്കല്‍പിച്ച് കാലന്‍കോഴി എന്ന നാമവും അതിനു നല്‍കി. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളും പ്രേതകഥകളിലും നിറഞ്ഞുനില്‍ക്കുന്നവനാണ് മൂങ്ങാ വംശത്തില്‍പെട്ട ഈ കാലന്‍കോഴി. കേള്‍ക്കാന്‍ അരോചകമായതിന്റെ പേരില്‍ കാലന്‍കോഴി ശബ്ദം അശുഭലക്ഷണമായി ഗണിച്ചുവന്നു. കാലങ്കോഴിയുടെ ഒച്ച അതിന്റെ ശൃംഗാരമാണ്. പലപ്പോഴും ഇണയെ ആകര്‍ഷിക്കാനാണത് ഉപയോഗിക്കുക.
മനുഷ്യന്റെ റിബലോ?
മനുഷ്യന്റെ ശത്രുവും റിബലുമല്ല മൂങ്ങകള്‍. മനുഷ്യനെ പേടിപ്പിക്കാനല്ല അത് ശബ്ദിക്കുന്നത്. ഒരു ജീവിയും നമുക്കെതിരല്ല. കാലന്‍ കോഴിയുടെ കൂവലും പല്ലിയുടെ ചിലയ്ക്കലും നായകളുടെ ഓരിയിടലും അവയുടെ ആശയവിനിമയങ്ങളാണ്.
കാലന്‍കോഴിയുടെ ശബ്ദം കൂടുതലായി കേള്‍ക്കുന്നത് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. അവ ഇണചേരുന്ന സമയമാണത്. അനുയോജ്യ ഇണയെ ലഭിച്ചാല്‍ അവ ഒട്ടിച്ചേര്‍ന്നിരുന്ന് മൂളല്‍ തുടങ്ങും. പിന്നെയത് കരച്ചിലോ പാട്ടോ ആയിത്തീരും. ആണിന്റെ നീണ്ട വിളികള്‍ക്കിടയില്‍ പെണ്ണ് ശബ്ദം താഴ്ത്തി കുറുകും. ഇണചേരുന്ന സമയത്താണ് ഈ കരകരാ ശബ്ദം. തന്റെ ഇണയെ സന്തോഷിപ്പിക്കാനാവാം ഇത്.
ശത്രുസാന്നിധ്യം തിരിച്ചറിഞ്ഞ് ഒപ്പമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാനും ഇവ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. മൂങ്ങകളുടെ മുഖ്യ ഇരകളായ എലി വര്‍ഗങ്ങളെല്ലാം മറഞ്ഞിരിക്കുന്നവരാണ്. ഇതിന്റെ പേടിപ്പിക്കുന്ന ഒച്ച കേട്ടാല്‍ ഇരകള്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് പുറത്തുചാടുമ്പോള്‍ മൂങ്ങയ്ക്ക് അവയെ അനായാസം പിടികൂടാനാവും.
നിശ്ശബ്ദ നിശായില്‍ ഈ ഒച്ച ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍ അതിനെ അവലക്ഷണമായി ജനങ്ങള്‍ കാണുന്നു. ”ചിറകുവിരിച്ച പക്ഷികള്‍ അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഓരോന്നിനും അവയുടെ പ്രാര്‍ഥനയും പ്രകീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട് എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ?”(24:41) ഖുര്‍ആന്‍ ചോദിക്കുന്നു.

ദാവൂദിന്(അ) അല്ലാഹു വിധേയമാക്കിക്കൊടുത്ത അനുഗ്രഹങ്ങളില്‍ അദ്ദേഹത്തോടൊപ്പം സന്ധ്യാനേരത്തും സൂര്യോദയസമയത്തും പക്ഷിക്കൂട്ടങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍ ഏറ്റുചൊല്ലുമായിരുന്നു എന്ന് ഖുര്‍ആന്‍ (21:79, 34:10, 38:1719) സാക്ഷ്യപ്പെടുത്തുന്നു. പക്ഷി ഭാഷ എനിക്ക് അഭ്യസിപ്പിക്കപ്പെട്ടിരിക്കുന്നു (27:16) എന്ന് സുലൈമാന്‍ നബി(അ) തനിക്ക് പ്രകടമായി ലഭിച്ച ഔദാര്യത്തെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നുണ്ട്. പക്ഷി സൈന്യങ്ങളെ (27:17) അദ്ദേഹം പരിശോധിക്കുകയും ഹുദ്ഹുദിന്റെ അസാന്നിധ്യം (27:20) എടുത്തുപറയുന്നുമുണ്ട് ഖുര്‍ആനില്‍.
ശകുന ഫോബിയ
മൃഗങ്ങളോടുള്ള പൊതുവായ ഭീതിയെ സൂഫോബിയ (Zoophobia) എന്നാണ് പറയുന്നതെങ്കില്‍ പക്ഷിവര്‍ഗങ്ങളോട് പ്രത്യേകമായ ഭയം തോന്നിയാല്‍ അതിന് സാങ്കേതികമായി പറയുന്ന നാമമാണ് ഓര്‍ണിഥോ ഫോബിയ (Ornitho phobia). ത്വാഇര്‍ എന്ന വാക്കിന്റെ അര്‍ഥം പക്ഷി എന്നാണ്. പക്ഷിയുടെ പര്യായമാണ് ശകുനം. പക്ഷി പറന്നത് വലത്തോട്ടോ ഇടത്തോട്ടോ എന്നതിന്റെ അടിസ്ഥാനത്തില്‍ ശകുനം നോക്കുന്ന രീതി പല കാലഘട്ടങ്ങളിലും പലയിടങ്ങളിലും നിലവിലുണ്ടായിരുുന്നു. ശകുനത്തിലെ വിശ്വാസത്തെ നിരാകരിക്കുകയും ഏതൊരാളുടെ ഭാഗധേയം (തലയിലെഴുത്ത്) തീരുമാനിക്കുന്നത് അയാളുടെ കയ്യിലിരിപ്പ് (കര്‍മം) ആണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
ഓരോ മനുഷ്യനും അവന്റെ ശകുനപ്പിഴ അവന്റെ കഴുത്തില്‍തന്നെ നാം ഉറപ്പിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ഒരു ഗ്രന്ഥം നാമവന് വേണ്ടി പുറത്തുകൊണ്ടുവരുന്നതാണ്. അത് തുറന്നു വെക്കപ്പെട്ടതായി അവന്‍ കണ്ടെത്തുന്നതാണ് (വി.ഖു 17:13).
നീ മൂലവും നിന്റെ ഒപ്പമുള്ളവര്‍ മൂലവും ഞങ്ങള്‍ ശകുനപ്പിഴയിലായിരിക്കുന്നു എന്ന് അവര്‍ പറഞ്ഞപ്പോള്‍ സ്വാലിഹ് പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതാണ്. അല്ലാ, നിങ്ങള്‍ പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു. (വി.ഖു 27:47)
‘അവര്‍ക്കൊരു നന്മ വന്നാല്‍ അവര്‍ പറയുമായിരുന്നു, നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്. ഇനി അവര്‍ക്ക് വല്ല തിന്മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്. അവരുടെ ശകുനപ്പിഴ അല്ലാഹുവിന്റെ പക്കല്‍ തന്നെയാകുന്നു. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല’ (വി.ഖു 7:13)
ജനങ്ങള്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ ഒരു ശകുനപ്പിഴയായി കരുതുന്നു. നിങ്ങള്‍ ഇതില്‍ നിന്ന് വിരമിക്കാത്തപക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും. ദൂതന്മാര്‍ പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെ തന്നെയാകുന്നു. നിങ്ങള്‍ക്ക് ഉദ്‌ബോധനം നല്‍കപ്പെട്ടാല്‍ ഇതാണോ നിങ്ങളുടെ നിലപാട്? എന്നാല്‍ നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു. (വി.ഖു 36:18,19)
ശൈഖുല്‍ ഇസ്‌ലാം അഹ്മദ് ശിഹാബുദ്ദീന്‍ ഇബ്‌നുഹജറില്‍ ഹൈതമി (1503-66): നഹ്‌സ് നോക്കല്‍ ജൂതരുടെ ചര്യയില്‍പെട്ടതാണ്. സ്രഷ്ടാവായ സംരക്ഷകനില്‍ ഭരമേല്‍പിക്കുന്ന മുസ്‌ലിംകളുടെ മാര്‍ഗത്തില്‍ പെട്ടതല്ല (അല്‍ഫതാവാ വല്‍ ഹദീസിയ്യ, പേജ് 23)
‘ഹാമാ’ ദുശ്ശകുനമോ?
നക്ഷത്രങ്ങള്‍, ഗോളങ്ങള്‍, സ്ഥലം, സമയം, ദിവസം, വസ്തുക്കള്‍, വ്യക്തികള്‍, ജീവികള്‍, എണ്ണം…. എന്നിവയില്‍ നിന്ന് അതിന്ദ്രീയമാര്‍ഗേണ ഉണ്ടാകുന്ന തിന്മയെയാണ് പൊതുവെ ത്വാളര്‍ (ശകുനം, ശകുനപ്പിഴ, ദുശ്ശകുനം) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. നഹ്‌സിന് ഇതുമായി ബന്ധമുണ്ട്. ഇത് ദൈവത്തില്‍ പങ്കുചേര്‍ക്കല്‍ (ശിര്‍ക്ക്) ആണ്. മനുഷ്യന്റെ കര്‍മഫലമായി അല്ലാഹുവില്‍ നിന്ന് മാത്രമേ അതീന്ദ്രിയ മാര്‍ഗത്തില്‍ തിന്മയുണ്ടാവൂ.
ബുഖാരിയിലെ കിതാബുത്തിബ്ബിലെ ബാബുല്‍ ജുധാമില്‍ വന്ന 5707 നമ്പര്‍ ഹദീസ് ‘ലാ അദ്‌വാ, വലാ തീറത്ത, വലാ ഹാമത്ത, വലാ സഫറാ….’ എന്നതിലെ ‘ഹാമാ’ എന്നത് ക്ഷുദ്രജീവികളെ ഭക്ഷിക്കുന്ന ഒരിനം മൂങ്ങയുമായി ബന്ധപ്പെട്ട ദുഃശ്ശകുനമാണ്.
അറബി കവികളായ അല്‍മറഖ്ഖശുല്‍ അക്ബര്‍ (എ ഡി 550), അല്‍ഖമതുബിന്‍ അബ്ദ് (എ ഡി 603), അബൂസ്വഖ് രിന്‍ ഹധ്‌ലീ (എ ഡി 700), തൗബതുബിനുല്‍ ഹുമൈല്‍ (എ ഡി 704), ധുര്‍റുമ്മാ (എ ഡി 735), അല്‍മുഫദ്ദലുദ്ദബ്ബി (എ ഡി 780) എന്നിവര്‍ കൂമനിലെ ശകുനവുമായി ബന്ധപ്പെട്ട കവിതകള്‍ രചിച്ചവരാണ്.

മൂങ്ങയുടെ ധര്‍മം
രോഗാണുക്കള്‍ പേറുന്നതും കൃഷിനാശം ഉണ്ടാക്കുന്നതുമായ എലികളെ കൊന്നുതിന്ന് അതിന്റെ ക്രമാതീതമായ വംശവര്‍ധനവിനെ പരോക്ഷമായി നിയന്ത്രിച്ചുകൊണ്ട് മനുഷ്യന്റെയും പ്രത്യേകിച്ച് കര്‍ഷകന്റെയും മിത്രമായി കഴിയുന്ന പക്ഷികളാണ് മൂങ്ങവംശം. എലിപിടുത്ത സേവനം രാത്രിവേളയിലാണ് കൂമന്മാര്‍ നിര്‍വഹിക്കുന്നത്. അതുകൊണ്ട് അവയുടെ സേവനം ആരും അത്ര അറിയുന്നില്ല. പാമ്പ്, പൂച്ച തുടങ്ങി എലിവേട്ടക്കാരായ ജീവികളേക്കാള്‍ എലി പിടുത്തത്തില്‍ ഒന്നാം സ്ഥാനക്കാരാണ് നത്തുകള്‍. മനുഷ്യര്‍ക്ക് നല്‍കുന്ന സേവനത്തെ പരിഗണിച്ചുകൊണ്ടും കുലം മുടിക്കാതിരിക്കാനുമായി എല്ലാ വര്‍ഷവും ആഗസ്റ്റ് നാലാം തിയ്യതി ആഗോള മൂങ്ങാ ദിനമായി ആചരിച്ചുവരുന്നു.
(ഇതില്‍ പരാമര്‍ശിച്ച വിവിധയിനം മൂങ്ങകളുടെ പേരുകള്‍ക്ക് അവലംബം റിച്ചാര്‍ഡ് ഗ്രീമെറ്റ്, ടീം ഇന്‍സ്‌കിപ്പ് എന്നിവരുടെ ഇംഗ്ലീഷ് കൃതിയാണ്. ഈ ഗ്രന്ഥം പി എ നമിര്‍, ‘തെക്കെ ഇന്ത്യയിലെ പക്ഷികള്‍’ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്)

Back to Top