കലാമണ്ഡലത്തിലെ നോണ്‍വെജ്
മുഹമ്മദ് അഷ്‌റഫ് കോഴിക്കോട്
കലാമണ്ഡലത്തില്‍ നോണ്‍വെജ് വിളമ്പി എന്നത് വലിയ വാര്‍ത്താപ്രാധാന്യമുള്ള ഒന്നാണോ? ഇതുവരെയില്ലാത്ത ഒന്ന് ആരംഭിച്ചിരിക്കുന്നു എന്ന നിലയിലുള്ള ഒരു ചെറിയ വാര്‍ത്തയല്ലേയുള്ളൂ? അതിലപ്പുറം വിപ്ലവാത്മകമായ ഒരു സംഭവമായി അതിനെ കരുതുന്നതില്‍ സവര്‍ണതയുടെ അങ്കലാപ്പു മാത്രമേയുള്ളൂ. എന്നാല്‍, ആ വാര്‍ത്തക്ക് താഴെയുള്ള പ്രതികരണങ്ങളാണ് ക്രൂരഫലിതങ്ങള്‍. കലാമണ്ഡലം കാളമണ്ഡലമായി, സരസ്വതീ ക്ഷേത്രത്തിനെ അപമാനിക്കുന്നു, സസ്യാഹാരികളായ കലാകാരന്മാരെ വഴിതെറ്റിക്കുന്നു എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് വാര്‍ത്തകള്‍ക്കു കീഴില്‍ നിറയെ.
ഈ പ്രതികരണങ്ങള്‍ വായിക്കുമ്പോള്‍ തോന്നും കലാമണ്ഡലത്തിലിന്നോളം പഠിച്ചവരാരും നോണ്‍വെജ് കഴിക്കാത്തവരാണെന്ന്. കലാമണ്ഡലത്തിലേത് അടക്കമുള്ള ക്ലാസിക്കല്‍ കലാമേഖലയിലെ കലാകാരന്‍മാരില്‍ സത്യത്തില്‍ വളരെക്കുറച്ച് സസ്യാഹാരികളേയുള്ളൂ. കഥകളിയിലെ മഹാപ്രതിഭകളില്‍ ഭൂരിപക്ഷവും ഒന്നാന്തരം നോണ്‍വെജ് പ്രേമികളാണ്. മീനില്ലെങ്കില്‍ ഉച്ചയൂണ് തൃപ്തിയാവാത്തവരും ലിവര്‍ മാത്രം കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ച് വേഷമണിഞ്ഞെത്തുന്നവരും നിരവധി. ഭക്ഷണം ഒരാളുടെ വ്യക്തിപരമായ ചോയ്‌സാണ് എന്നത് ലളിതമായൊരു കാര്യമാണ്. ആരും സസ്യാഹാരികളില്ലെന്നല്ല,
സമൂഹത്തില്‍ അത്തരം മനുഷ്യരുള്ള അനുപാതത്തില്‍ മാത്രമേ കലാമേഖലയിലുമുള്ളൂ. പിന്നെന്താണ് പ്രശ്‌നം? കലാമണ്ഡലം സരസ്വതീ ക്ഷേത്രമായി കാണുന്നവരുടെ പ്രശ്‌നം വേറെയാണ്. കലാമണ്ഡലം നിലവില്‍ ആരുടെയും ക്ഷേത്രമല്ല. സര്‍ക്കാരിനു കീഴിലുള്ള കല്‍പിത സര്‍വകലാശാലയാണ്. കേരളീയരുടെയെല്ലാം നികുതിപ്പണം കൊണ്ട് നടന്നുപോകുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലൊന്നാണത്. അവിടെ പഠിപ്പിക്കുന്നത് കേരളത്തിലെ ചില ശൈലീകൃത കലാരൂപങ്ങളാണ്. അത്രമാത്രമേയുള്ളൂ. എല്ലാവരും കഴിക്കുന്ന ഏതു ഭക്ഷണവും അവിടെ വിളമ്പാം, കഴിക്കാം.
ഇപ്പോള്‍ അവിടെ നോണ്‍വെജ് ഉള്‍പ്പെടുത്തുന്നു എന്നതിലല്ല, 2024 വരെ അവിടെ ഒരു കോഴിമുട്ട പോലും ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതിലാണ് യഥാര്‍ഥത്തില്‍ വാര്‍ത്തയുള്ളതും നമ്മുടെ സാംസ്‌കാരിക ഭാവുകത്വത്തിലെ കാപട്യത്തെ തിരിച്ചറിയേണ്ടതും. നേരെ മറിച്ച്, മാസത്തില്‍ രണ്ടു ദിവസം അവിടെ ചിക്കന്‍ ബിരിയാണി എന്നു കേള്‍ക്കുമ്പോഴേക്കും ഇനി ബിവറേജസ് ഔട്ട്‌ലെറ്റ് ആവാമെന്നും പോര്‍ക്ക് ഫ്രൈ ഇല്ലേ എന്നും ചോദിക്കുന്നതിനു പിന്നില്‍ അതിലും ഗുരുതരമായ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധമുണ്ട്. ലളിതമായി പറഞ്ഞാല്‍, കലാമണ്ഡലത്തിലെ കലാരൂപങ്ങള്‍ മുഴുവന്‍ ഹിന്ദുക്കളുടേതാണ് എന്നതാണ് ഇത്തരം വാദങ്ങളുയെല്ലാം അടിസ്ഥാനം. ഹിന്ദുക്കളുടെ വെജിറ്റേറിയനിസം കേള്‍ക്കാന്‍ രസമുള്ള വെറും തമാശ മാത്രമാണ്.
