കടലെടുക്കാത്ത ഭൂമിയും നിയമപ്രാബല്യമില്ലാത്ത കച്ചവടവും
പറവൂര്‍ കോടതിയില്‍ ഒ എസ് നമ്പര്‍ 53/1967 കേസിന്റെ വിധിയില്‍ മുനമ്പത്തെ 2115/1950 ആധാരത്തിലുള്ള ഭൂമി വഖഫാണെന്ന് 1971 സപ്തംബര്‍ 12ന് പ്രസ്താവിക്കുകയുണ്ടായി. തുടര്‍ന്ന് സ്വത്തുക്കള്‍ റിസീവര്‍ ഭരണത്തിലേക്ക് മാറ്റി. ഈ കേസില്‍ ഹൈക്കോടതിയില്‍ വന്ന അപ്പീല്‍ സ്യൂട്ട് നമ്പര്‍ 600/1971 കേസില്‍ പറവൂര്‍ കോടതിയുടെ വിധി ശരിവെക്കുകയും, കീഴ്ക്കോടതി വിധി അന്തിമമാണെന്ന് ഹൈക്കോടതി പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ 27/12/1998ന് കുഴപ്പിള്ളി മാളിയ്ക്കല്‍ വര്‍ക്കി മകന്‍ അഡ്വ. എം വി പോളുമായി അന്നത്തെ ഫാറൂക്ക് കോളെജ് മാനേജിംങ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി കെ സി ഹസ്സന്‍കുട്ടി ഒരു വില്‍പന കരാര്‍ ഉണ്ടാക്കി. സെന്റിന് 500 രൂപ കണക്കാക്കി 10000 രൂപ ഹസ്സന്‍കുട്ടി പോളില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തു.
ഹൈക്കോടതിയും, പറവൂര്‍ കോടതിയും വഖഫ് സ്വത്താണെന്ന് അംഗീകരിച്ച, വ്യക്തമായ വഖഫ് ആധാരമുള്ള മുനമ്പത്തെ ഭൂമി ആ പവര്‍ ഓഫ് അറ്റോര്‍ണിയുടെ അടിസ്ഥാനത്തില്‍ അഡ്വ. എം വി പോള്‍ പലര്‍ക്കായി മറിച്ചു വില്‍പന നടത്തിയെന്നതാണ് നിലവിലുള്ള തര്‍ക്കങ്ങളുടെ അടിസ്ഥാനം. മുഹമ്മദ് സിദ്ദീഖ് സേട്ട് ഫാറൂഖ് കോളെജ് ഇസ്ലാമിക ആദര്‍ശ പ്രകാരം നടക്കുമെന്നുള്ള വിശ്വാസത്തില്‍ തന്റെ ആത്മശാന്തിക്കു വേണ്ടി വഖഫ് ചെയ്ത സ്വത്തുക്കള്‍ നിലവിലെ കമ്മിറ്റി ഭാരവാഹികള്‍ ചിലര്‍ ചേര്‍ന്ന് വില്‍പന നടത്തിയ നടപടിയെ എന്നാല്‍ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് അംഗീകരിച്ചില്ല.
2019 മെയ് 20ന് സയ്യിദ് റഷീദലിയുടെ (പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍) അധ്യക്ഷതയില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗം വാഖിഫായ സിദ്ദീഖ് സേട്ടിന്റെ മകന്‍ നസീര്‍ സേട്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള ഇ പി 685/2008 കേസില്‍ താഴെ പറയും പ്രകാരം തീരുമാനമെടുത്തു. ”വഖഫ് ബോര്‍ഡ് ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം വഖഫ് ആക്ടിന്റെ സെക്ഷന്‍ 36 പ്രകാരം ഫാറൂഖ് കോളെജ് വഖഫ് ബോര്‍ഡ് രജിസ്ട്രേഷന് അപേക്ഷ നല്‍കേണ്ടതാണ്. അക്കാര്യത്തില്‍ കോളെജ് വീഴ്ച വരുത്തുന്ന പക്ഷം 2115/1950 ആധാര പ്രകാരമുള്ള സ്വത്തുക്കള്‍ കോളെജിനെ മുതവല്ലിയാക്കി വഖഫ് ബോര്‍ഡ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുന്നതാണ്. ഫാറൂഖ് കോളെജിന്റെ പക്കല്‍ അവശേഷിക്കുന്ന സ്വത്തുക്കള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സ്വീകരിക്കേണ്ടതും, വഖഫ് ബോര്‍ഡിന്റെ അനുമതിയോട് കൂടിയല്ലാതെ അന്യാധീനപ്പെട്ട സ്വത്തുക്കള്‍ വഖഫ് ആക്ടിന്റെ സെക്ഷന്‍ 52, 54 പ്രകാരം തിരിച്ചെടുക്കേണ്ടതുമാകുന്നു.”
ഒരിക്കല്‍ വഖഫ് ചെയ്ത സ്വത്തുക്കള്‍ എല്ലാ കാലത്തേക്കുമുള്ള വഖഫ് ആണെന്നത് പൊതുനിയമമാണ്. 1913ലെ മുസല്‍മാന്‍ വഖഫ് വാലിഡേറ്റിംങ് ആക്ട് മുതല്‍ അതിന് നിയമപരമായ പ്രാബല്യമുണ്ട്. ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളിലും, ആധാരത്തിലും വഖഫ് എന്ന് രേഖപ്പെടുത്തിയ ഭൂമിയാണ് മുനമ്പത്തേത്. എന്നാല്‍ 1998ല്‍ ഫാറൂഖ് കോളെജ് അഡ്വ. പോളുമായി ഉണ്ടാക്കിയ കരാറില്‍ ഈ ഭൂമി മുഹമ്മദ് സിദ്ദീഖ് സേട്ടില്‍ നിന്ന് ഫാറൂഖ് കോളെജിന് ദാനാധാരം ലഭിച്ചതാണെന്ന തെറ്റായ രേഖയുണ്ടാക്കി. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള നിലവില്‍ സര്‍ക്കാര്‍ പോക്കുവരവും, നികുതിയൊടുക്കലും റദ്ദാക്കിയിട്ടുള്ള ദുരൂഹമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.
നിയമജ്ഞനും, പൊതുപ്രവര്‍ത്തകനുമായിരുന്ന അഡ്വ. എം വി പോള്‍, കരാര്‍ എഴുതിത്തയ്യാറാക്കിയ പി വി പ്രേമചന്ദ്രന്‍ ഫറോക്ക് എന്നിവര്‍ ഫാറൂഖ് കോളെജിന്റെ പേരിലുള്ള വഖഫ് ആധാരം വായിക്കാതെ കരാര്‍ എഴുതിയെന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ഫാറൂഖ് കോളെജിന് വേണ്ടി അഡ്വ. എം വി പോള്‍ ഭൂമി വിറ്റ് ആധാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭൂമി വാങ്ങിയ ആളുകള്‍ വാങ്ങുന്ന ഭൂമിയുടെ ആധാരം അഥവാ വഖഫ് ആധാരം വായിച്ചില്ല, രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച അന്നത്തെ കുഴപ്പിള്ളി സബ് രജിസ്ട്രാര്‍ അത് വായിച്ചില്ല എന്നിവയെല്ലാം ദുരൂഹതകള്‍ സൃഷ്ടിക്കുന്നതാണ്. അതായത് ബോധപൂര്‍വം വ്യാജരേഖ നിര്‍മിച്ചുള്ള ഭൂമി തട്ടിപ്പാണ് മുനമ്പത്ത് നടന്നിട്ടുള്ളത്. അതിന് അന്നത്തെ ഫാറൂഖ് കോളെജ് ഭാരവാഹികളില്‍ ചിലരും, ഉദ്യോഗസ്ഥരും, ഭൂമി വാങ്ങിയ ആളുകളും കൂട്ടു നിന്നു. അങ്ങനെ ഭൂമി വാങ്ങിയ ആളുകള്‍ പലര്‍ക്കായി അത് കുറഞ്ഞ വിലയ്ക്ക് മറിച്ചു വില്‍ക്കുകയും ചെയ്തു എന്നതാണ് മുനമ്പത്തെ വസ്തുത. വ്യക്തികളെ കബളിപ്പിച്ച് ഭൂമി വിറ്റത് അഡ്വ. എം വി പോള്‍ ആണ്. ‘വഖഫ് ആധാരം’ എന്ന വാക്ക് ‘ദാനാധാര’മാകുന്ന ആ കരാര്‍ ഇപ്രകാരം വായിക്കാം:
‘ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് ഡിസംബര്‍ ഇരുപത്തി ഏഴാം തിയതി കോഴിക്കോട് താലൂക്ക് വെലിപ്രംശം രാമനാട്ടുകര വില്ലേജില്‍ ഓഫീസ് സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തി വരുന്നതും സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരം എസ് 12/48ാം നമ്പറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഫറൂക്ക് കോളെജ് മാനേജിംങ് കമ്മിറ്റിക്കു വേണ്ടി ടി കമ്മിറ്റിയുടെ ഇപ്പോഴത്തെ സെക്രട്ടറി ടി താലൂക്ക് ഫറൂക്ക് വില്ലേജ് നല്ലൂര്‍ ദേശത്ത് കളത്തിങ്ങല്‍ അവറാന്‍ കുട്ടി ഹാജി മകന്‍ ബിസിനസ് 62 വയസ്സ് കെ സി ഹസ്സന്‍ കുട്ടി 1-ാം പേരുകാരനായും എറണാകുളം ജില്ല കൊച്ചി താലൂക്ക് കുഴിപ്പിള്ളി വില്ലേജ് ടി മുറിയില്‍ മാളിയ്ക്കല്‍ വര്‍ക്കി മകന്‍ അഡ്വക്കറ്റ് 45 വയസ്സ് എം വി പോള്‍ രണ്ടാം പേരുകാരനായും ഉഭയസമ്മതപ്രകാരം എഴുതി ഒപ്പിട്ട കരാര്‍.

ജസ്റ്റിസ് നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്
ഇടപ്പിള്ളി രജിസ്ട്രാപ്പീസ് വക 1-ാം പുസ്തകം 23-ാം വാള്യം 90 മുതല്‍ 93 വരെയുള്ള 1950ല്‍ 2115-ാം നമ്പറായി രജിസ്റ്റര്‍ ചെയ്ത ദാനാധാരത്താല്‍ ടി കോളെജിന് ക്രയവിക്രയ സ്വാതന്ത്ര്യങ്ങളോട് കൂടി സിദ്ധിച്ചതും ടി കോളേജ് കമ്മിറ്റിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ളതുമായ കുഴപ്പിള്ളി വില്ലേജ് മുനമ്പം മുറിയില്‍ 338-ാം നമ്പര്‍ തണ്ടപ്പേരും സര്‍വേ 18/1.4ല്‍ പെട്ട 404 ഏക്കര്‍ 76 സെന്റ് വഹകളില്‍ നാളിതു വരെ തീരുകൊടുത്തത് കഴിച്ചു വരുന്ന വഹകളില്‍ സിംഹഭാഗവും തെക്കുവടക്കായി കിടക്കുന്ന കടല്‍ഭിത്തിക്ക് പടിഞ്ഞാറുഭാഗം കടലെടുത്തു പോയ ഭാഗത്തു വരുന്നവയാകുന്നു. മേല്‍പറഞ്ഞ കടലെടുത്തു പോയ വഹകളില്‍ ഏതാനും ഭാഗം സര്‍ക്കാറില്‍ നിന്നും മുനമ്പം അഴിമുഖത്ത് ഇട്ടിട്ടുള്ള കരിങ്കല്‍ പുലിമുട്ടിന് തെക്കുഭാഗത്തായി കരവെച്ച് രൂപപ്പെട്ടിട്ടുള്ളതാകുന്നു. മേല്‍പറഞ്ഞ ഭാഗത്ത് കാലവര്‍ഷക്കാലത്തെ കടല്‍ക്ഷോഭത്തില്‍ പെട്ടു ഒലിച്ചുപോകാതെ സ്ഥിരപ്പെടുന്ന കരഭാഗം വഹകള്‍ തീരുവില്‍ക്കുന്നത് സംബന്ധിച്ച് ഒന്നും രണ്ടും പേരുകാര്‍ തമ്മില്‍ താഴെ പറയും വ്യവസ്ഥകള്‍ പ്രകാരം ഒരു കച്ചവടക്കരാര്‍ ഇതിനാല്‍ ചെയ്യുന്നതാകുന്നു.’
ഈ കച്ചവടക്കരാറില്‍ ഉള്ള പ്രധാന ന്യൂനത, ഇല്ലാത്ത ദാനാധാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് എഴുതിയിട്ടുള്ളത് എന്നതാണ്. 404 ഏക്കര്‍ 76 സെന്റ് സ്ഥലമുണ്ടായിരുന്നു എന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിന് മുമ്പ് തീരാധാരം നല്‍കിയെന്ന് പറയുന്നുണ്ട്. അങ്ങനെ തീരാധാരം നല്‍കിയിട്ടുണ്ടെങ്കില്‍ അത് കഴിച്ച് ബാക്കി എത്ര സ്ഥലമുണ്ടെന്ന് പറയുന്നില്ല. കടലെടുത്തു പോയ സ്ഥലത്തിന് കണക്കില്ല. വില്‍ക്കുന്ന സ്ഥലത്തിന്റെ അളവ് പോലും എഴുതാത്ത കച്ചവടക്കരാര്‍ ഇന്നും ദുരൂഹമായി തുടരുന്നു. വഖഫ് എന്‍ക്വയറി കമ്മീഷന്‍ ഫാറൂഖ് കോളെജിന് നല്‍കിയ നോട്ടീസിനെതിരെ 2008ല്‍ ഫറോക്ക് കോളെജ് ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി (ണജഇ 24242/2008). കോഴിക്കോട് മലാപറമ്പ് കെ വി കുഞ്ഞമ്മദ് കോയയാണ് അന്നത്തെ മാനേജിംങ് കമ്മിറ്റി സെക്രട്ടറി.

വഖഫ് കയ്യേറ്റം തിരിച്ചു പിടിക്കുന്നതിന് മുന്നോടിയായി ഇറക്കിയ ഉത്തരവ്
കോടതിയില്‍ നല്‍കിയ ഹരജിയില്‍ എഫ് നമ്പറായി ഇപ്രകാരം പറയുന്നു: ‘ഫാറൂഖ് കോളെജ് ഒരു എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളെജ് ആണ്. അത് ഒരു വഖഫ് സ്ഥാപനമല്ല. പരാതിക്കാരനായ ഫാറൂഖ് കോളെജ് കരസ്ഥപ്പെടുത്തിയതോ, സംഭാവനയായി ലഭിച്ചതോ ആയ വസ്തുക്കള്‍ വഖഫ് അല്ല. ആര്‍ട്സ് ആന്റ് സയന്‍സ് കോളെജ് ആയ ഫാറൂഖ് കോളെജോ അതിന്റെ പ്രവര്‍ത്തനങ്ങളോ മുസ്ലിം നിയമപ്രകാരം ഉള്ള ആത്മീയമോ, മതപരമോ, ധര്‍മപ്രവര്‍ത്തനമോ ആയി വിശദീകരിക്കാനാവില്ല.’ കോളെജിന്റെ സ്ഥാപക ലക്ഷ്യത്തിന് വിരുദ്ധമായ പ്രസ്താവനകള്‍ ആണ് അന്ന് ഹൈക്കോടതിയില്‍ നല്‍കിയതെന്ന് ചുരുക്കം. ഫാറൂഖ് കോളെജിന് ലഭിച്ച മുഴുവന്‍ സ്വത്തുക്കളും വഖ്ഫ് ആയിരിക്കെയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കേസില്‍ ഫാറൂഖ് കോളെജിന്റെ വാദങ്ങള്‍ പരാജയപ്പെടുകയും അതേ തുടര്‍ന്ന് വഖഫ് ബോര്‍ഡ് രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തു.

1998ല്‍ ഫാറൂഖ് കോളേജ് ഭൂമിക്ക് കുഴിപ്പിള്ളി വില്ലേജ് ഓഫീസില്‍ കരമടച്ച രസീത്
28/02/2022ല്‍ കൊച്ചി ഭൂരേഖ തഹസില്‍ദാര്‍ വഖഫ് ബോര്‍ഡിന് അയച്ച കത്തില്‍ 32.58 ഹെക്ടര്‍ ഭൂമി ഫാറൂഖ് കോളെജ് വക തണ്ടപ്പേരില്‍ നിലവിലുണ്ടെന്ന് അറിയിക്കുന്നു. ഫാറൂഖ് കോളെജ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഭൂമി ക്രയവിക്രയം നടത്തുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും, ആളുകള്‍ കബളിപ്പിക്കപ്പെട്ടുവെന്നും പരാമര്‍ശിക്കുന്നുണ്ട്. 11/02/1998ന് ഫാറൂഖ് കോളെജ് 290.76 ഏക്കര്‍ ഭൂമിക്കുള്ള നികുതിയായി 5818 രൂപ കുഴപ്പിള്ളി വില്ലേജ് ഓഫീസില്‍ അടക്കുകയുണ്ടായി. 300 ഏക്കര്‍ ഭൂമി കടലെടുത്തുവെന്ന് പ്രചരിപ്പിച്ച അതേ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി കെ സി ഹസ്സന്‍കുട്ടി തന്നെയാണ് നികുതിയടച്ചത്. 1999 മാര്‍ച്ച് 1ന് കുഴപ്പിള്ളി വില്ലേജ് ഓഫിസര്‍ 11,772 രൂപ നികുതിയടക്കണമെന്ന് കാണിച്ച് ഫാറൂഖ് കോളെജിന് നോട്ടീസ് അയക്കുകയുണ്ടായി. ഭൂമിയൊക്കെ കടലെടുത്തുവെന്ന വാദം വില്ലേജ് ഓഫീസര്‍ അംഗീകരിച്ചിട്ടില്ല.
1967ല്‍ പറവൂര്‍ കോടതിയിലുള്ള കേസില്‍ മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് വിധിച്ചിട്ടുള്ളതാണ്. അക്കാര്യം ഹൈക്കോടതി ശരിവെച്ചിട്ടുള്ളതാണ്. ജുഡിഷ്യല്‍ അധികാരങ്ങളുള്ള 2019ലെ വഖഫ് ബോര്‍ഡിന്റെ ഉത്തരവിലും മുനമ്പം വഖഫ് ഭൂമിയാണ്. പറവൂര്‍ കോടതിയുടെയും, ഹൈക്കോടതിയുടെയും ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് വഖഫ് ബോര്‍ഡ് ഉത്തരവിട്ടിട്ടുള്ളത്. അതിനെതിരെ നാല് വര്‍ഷം വരെ ട്രിബ്യൂണലില്‍ ഫാറൂഖ് കോളെജ് അപ്പീല്‍ പോയിട്ടില്ല.
1967ലെ കേസില്‍ വഖഫ് ആധാരം കോടതിയില്‍ ഹാജരാക്കിയത് അന്നത്തെ ഫാറൂഖ് കോളെജ് മാനേജ്മെന്റ് തന്നെയാണ്. ഒരു തവണ കോടതിയില്‍ ഹാജരാക്കിയ രേഖയ്ക്ക് വിരുദ്ധമായി ട്രിബ്യൂണലില്‍ പരാതി പോകുന്നതിന്റെ സാംഗത്യം ട്രിബ്യൂണല്‍ ആണ് പരിശോധിക്കേണ്ടത്. നിലവിലുള്ള കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മുനമ്പം വഖഫ് ഭൂമിയാണ്. അത് ഗിഫ്റ്റ് ഡീഡാണെന്നുള്ള വാദം നിയമത്തിന്റെ പിന്‍ബലം ഇല്ലാത്തതാണ്.