‘ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പം തന്നെ; ഭീഷണിപ്പെടുത്തിയാല്‍ പിന്മാറില്ല’ കേസെടുത്തതിന് പിന്നാലെ ഗ്രെറ്റയുടെ പ്രഖ്യാപനം

ഡല്‍ഹി പൊലീസ് കേസെടുത്തതിന് പിന്നാലെ നിലപാടില്‍ ഉറച്ച് ഗ്രെറ്റ തുന്‍ബര്‍ഗിന്റെ പ്രഖ്യാപനം. ഞാനിപ്പോഴും കര്‍ഷകര്‍ക്കൊപ്പം തന്നെ എന്നാണ് ഗ്രെറ്റ പുതിയ ട്വീറ്റില്‍ കുറിച്ചത്. ”ഞാനിപ്പോഴും കര്‍ഷകര്‍ക്കൊപ്പം തന്നെ. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിദ്വേഷമോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ ആ തീരുമാനത്തെ ഒരിക്കലും മാറ്റില്ല” -ഫാര്‍മേഴ്‌സ് പ്രൊട്ടെസ്റ്റ് എന്ന ഹാഷ്ടാഗില്‍ ഗ്രെറ്റ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ട്വീറ്റിട്ട സ്വീഡിഷ് കൗമാര കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ശത്രുത വളര്‍ത്തുന്നുവെന്നും ആരോപിച്ചായിരുന്നു ഡല്‍ഹി പൊലീസ് നടപടി.
‘ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു’ എന്നായിരുന്നു ഗ്രെറ്റയുടെ ആദ്യ ട്വീറ്റ്. കര്‍ഷക പ്രതിഷേധത്തെ കുറിച്ചും ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ കുറിച്ചും വിവരിക്കുന്ന സി എന്‍ എന്നില്‍ വന്ന ലേഖനവും പങ്കുവെച്ചിരുന്നു. പോപ് ഗായിക റിഹാന കര്‍ഷകരെ പിന്തുണച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് ഗ്രെറ്റയും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. വൈകാതെ കര്‍ഷക പ്രതിഷേധത്തെ പിന്തുണക്കാന്‍ സഹായകരമായ തരത്തില്‍ പുതുക്കിയ ടൂള്‍ കിറ്റും ഗ്രെറ്റ അവതരിപ്പിച്ചു. സമരത്തിന് ആഗോളതലത്തില്‍ ആളുകള്‍ക്ക് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നും വീശദീകരിക്കുന്നതാണ് ടൂള്‍കിറ്റ് രേഖ.
