4 Friday
April 2025
2025 April 4
1446 Chawwâl 5

കഅ്ബ: ആദര്‍ശ സംസ്‌കാരത്തിന്റെ പ്രഭവകേന്ദ്രം

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


ജനങ്ങള്‍ക്കു വേണ്ടി സ്ഥാപിതമായ ആദ്യ ദൈവിക ഭവനം മക്കയില്‍ ഉള്ളതാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്ക് സന്‍മാര്‍ഗകേന്ദ്രമായും നിലകൊള്ളുന്നു. (ആലുഇംറാന്‍ 96)

ജനങ്ങളെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. അവര്‍ക്ക് ജീവിതത്തില്‍ ലഭിച്ചിരിക്കേണ്ട ധര്‍മമൂല്യങ്ങള്‍ അവന്‍ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. എക്കാലവും എല്ലാവരിലും പ്രസരിക്കേണ്ട ഊര്‍ജവും ചൈതന്യവുമാണ് ദൈവിക ധര്‍മപാഠങ്ങള്‍. അത് ജനകീയമായി വളര്‍ത്തിയെടുക്കണം. സ്ഥാപനവത്കൃത ശിക്ഷണവും അതിന് ആവശ്യമാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് അതിന്റെ തുടക്കം. അതില്‍ നിന്ന് വ്യതിചലിച്ച് ദേവചിഹ്നങ്ങളെ ആരാധിക്കുന്ന പ്രവണത പണ്ടുമുതലേ ഉള്ളതാണ്. തൗഹീദില്‍ അധിഷ്ഠിതമായ ധര്‍മസംസ്‌കാരം ഉദ്ദീപിപ്പിക്കാനും പ്രബോധനം ചെയ്യാനുമുള്ള വ്യവസ്ഥാപിത ശ്രമങ്ങളുടെ തുടക്കമാണ് കഅ്ബ.
ദുല്‍ഹജ്ജിലേക്ക് പ്രവേശിക്കുന്ന വിശ്വാസി സമൂഹം കഅ്ബയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ വീണ്ടെടുക്കുകയാണിപ്പോള്‍. പല രാജ്യങ്ങളിലും പ്രവാചക നിയോഗം നടന്നിട്ടുണ്ടെങ്കിലും തൗഹീദിന് ആജീവനാന്ത സ്മാരകം തീര്‍ക്കാന്‍ അല്ലാഹു തിരഞ്ഞെടുത്തത് മക്കയാണ്. ആഗോള ഗ്രാമങ്ങളുടെ മാതൃസ്ഥാനത്താണ് അതുള്ളത്. ഖുര്‍ആന്‍ അതിനെ വിശേഷിപ്പിച്ചത് ‘ഉമ്മുല്‍ ഖുറാ’ എന്നാണ്. അവിടെ നിന്ന് ഉയരുന്ന സന്‍മാര്‍ഗ ധര്‍മചിന്തകള്‍ തല്‍സമയം അഷ്ടദിക്കുകളില്‍ എത്തുന്നു.
കഅ്ബയും ഹറം പ്രദേശവും അവിടെ നടക്കുന്ന വിവിധ മനാസികുകളും ലോകസമൂഹത്തിന്റെ നിലനില്‍പിന്റെ ഭാഗമായാണ് ഖുര്‍ആന്‍ വിലയിരുത്തുന്നത് (5:97). വിശ്വാസികള്‍ക്ക് കഅ്ബാലയത്തോടുള്ള ഹൃദയബന്ധം വൈകാരികമാണ്. ഭക്തിയും പുണ്യവിചാരങ്ങളുമാണ് അത് ഉണ്ടാക്കുന്നത്. അവിടെ എത്തുമ്പോള്‍ ഈമാനിക ദീപ്തിയില്‍ മനസ്സ് കൂടുതല്‍ ഭക്തിസാന്ദ്രമാകുന്നു.
അല്ലാഹുവിനെ നേരില്‍ കാണുന്ന പ്രതീതി അവിടെ നിര്‍വഹിക്കുന്ന ആരാധനകളില്‍ അനുഭവപ്പെടുന്നു. സഹസ്രാബ്ദങ്ങളായി അവിടെ നിലനില്‍ക്കുന്ന ദൃഷ്ടാന്തങ്ങള്‍ ഏതൊരാളുടെയും കണ്ണു തുറപ്പിക്കുന്നവയാണ്. മഖാമു ഇബ്‌റാഹീം, സഫ-മര്‍വ തുടങ്ങിയവയെല്ലാം ഇബ്‌റാഹീം നബിയുടെയും പത്‌നിയുടെയും മകന്റെയും ത്യാഗസമര്‍പ്പണത്തിന്റെ ഉദാത്തമായ അടയാളപ്പെടുത്തലുകളാണ്. ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും സന്ദര്‍ഭങ്ങളിലെ അതിജീവനത്തിന്റെ ചിഹ്നങ്ങളാണവ. തലമുറകളുടെ ആത്മദാഹം തീര്‍ക്കുന്ന സംസം ലോകത്തുതന്നെ തുല്യതയില്ലാത്ത ശുദ്ധജലപ്രവാഹമാണ്. മനുഷ്യന്റെ കണ്ണും ഖല്‍ബും അല്ലാഹുവിലേക്ക് തുറന്നുവെക്കാന്‍ ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.
ലോകസമൂഹം അന്വേഷിക്കുന്ന ജീവിതസുരക്ഷ എങ്ങനെ കൈവരിക്കാം എന്നതിനും ഈ ദൈവസ്ഥാനം സാക്ഷിയായി നില്‍ക്കുന്നു. ഭൗതിക നിയന്ത്രിത സംവിധാനങ്ങളേക്കാള്‍ ദൈവിക ആസൂത്രണമാണ് സുരക്ഷയുടെ അടിസ്ഥാനമെന്ന് അവിടെ എത്തുന്നവര്‍ക്ക് ബോധ്യപ്പെടുന്നു. ഋതുഭേദമില്ലാതെ അവിടെയെത്തുന്ന ജനലക്ഷങ്ങളുടെ ജീവിതം, യാത്ര, ഭക്ഷണം തുടങ്ങിയവയുടെ നിയന്ത്രണവും ഏകോപനവും മാനേജ്‌മെന്റ് വിദഗ്ധരെ പോലും വിസ്മയിപ്പിക്കുന്നതാണ്.
ആഗോള മുസ്‌ലിംകള്‍ അവരുടെ ഹൃദയത്തെ കഅ്ബയിലേക്ക് കൊളുത്തിവെച്ചിരിക്കയാണ്. അഞ്ചു നേരം അതിനു നേരെ തിരിഞ്ഞുനില്‍ക്കുന്നത് കേവല ആചാരമല്ല, അതിലുപരി കഅ്ബയുടെ ദിവ്യസാന്നിധ്യവും ആത്മീയ ഉണര്‍വും മനസ്സില്‍ പ്രസരിപ്പിക്കുകയാണ് ഓരോ നമസ്‌കാരവും.