21 Thursday
November 2024
2024 November 21
1446 Joumada I 19

സംഘാടകനും പ്രബോധകനുമായ കെ ടി ഗുല്‍സാര്‍

മന്‍സൂറലി ചെമ്മാട്‌


ഇസ്‌ലാഹി പണ്ഡിതനിരയിലെ സജീവ സാന്നിധ്യവും നിറപ്രതീക്ഷയുമായിരുന്ന കെ ടി ഗുല്‍സാര്‍ നാഥന്റെ വിളിക്കുത്തരം നല്‍കി യാത്രയായി. 2024 ഏപ്രില്‍ 13ന് കുടുംബസമേതം വയനാട് ജില്ലയിലേക്ക് വിനോദയാത്ര പോയ ഗുല്‍സാര്‍ കല്‍പറ്റ ചെന്നലോടിനടുത്തു വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. സഹോദരന്‍ ജാസിറിന്റെ മകള്‍ ഫില്‍സയും അപകടത്തില്‍ മരിച്ചു. ഗുല്‍സാറിന്റെ ഭാര്യ ജസീല, മക്കളായ ലസിന്‍ മുഹമ്മദ്, ലൈഫ മറിയം, ലഹിന്‍ ഹംസ, സഹോദരി നദീറയുടെ മക്കളായ സില്‍ജ, സില്‍ത്ത എന്നിവര്‍ പരിക്കേറ്റ് ചികില്‍സയിലാണ്.
അല്‍മനാര്‍ ഉംറ സംഘത്തിന്റെ അമീറായി റമദാനിന്റെ അവസാന പത്തില്‍ ഉംറക്കു പുറപ്പെട്ട ഗുല്‍സാര്‍ പെരുന്നാള്‍ ദിനത്തില്‍ രാത്രിയാണ് നാട്ടില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച തറമ്മല്‍ പള്ളിയില്‍ ഖുത്ബയും നിര്‍വഹിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് രണ്ട് കാറുകളിലായി കുടുംബസമേതം വയനാട്ടിലേക്ക് യാത്ര പുറപ്പെട്ടത്. ബാണാസുര ഡാം കണ്ട് മടങ്ങും വഴി ഉച്ചയോടെ ഗുല്‍സാര്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു.
കാറില്‍ ഉണ്ടായിരുന്ന കുട്ടികളടക്കം എല്ലാവര്‍ക്കും ഗുരുതരമായ പരിക്കേറ്റു. തൊട്ടു പിന്നാലെയെത്തിയ കാറില്‍ ഉണ്ടായിരുന്ന ഗുല്‍സാറിന്റെ ഉമ്മയുടെ മടിയില്‍ കിടന്നായിരുന്നു ആശുപത്രിയിലേക്കുള്ള യാത്ര. ഗുല്‍സാറിന്റെ തലയില്‍ നിന്ന് ധാരയായി ഒഴുകുന്ന രക്തം തുടച്ചുകൊണ്ട് അചഞ്ചലമായ ഈമാനിന്റെ കരുത്തോടെ ആ ഉമ്മ ഗുല്‍സാറിന് ആവര്‍ത്തിച്ച് കലിമ ചൊല്ലിക്കൊടുത്തു. കൂടെയുണ്ടായിരുന്ന മകള്‍ ലദ്‌ന ഫാത്തിമയും പിതാവിനു സത്യസാക്ഷ്യ മന്ത്രം ചൊല്ലിക്കൊടുത്തു. അര്‍ധബോധത്തിലും അദ്ദേഹം ആ മന്ത്രം ഏറ്റുചൊല്ലി. ഏതാനും മിനിറ്റുകള്‍ക്കു മുമ്പ് പാര്‍ക്കില്‍ വെച്ച് താന്‍ ഊഞ്ഞാലാട്ടി സന്തോഷിപ്പിച്ച പ്രിയ മാതാവിന്റെ മടിയില്‍ കിടന്ന് സ്വതസിദ്ധമായ അതേ ശാന്തതയോടെ തന്നെ കണ്ണടച്ചു.
ആറിടങ്ങളിലായി നടന്ന മയ്യിത്ത് നമസ്‌കാരങ്ങളില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. വൈത്തിരി സി എച്ച് സെന്ററില്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും കോഴിക്കോട് മിംസ് ആശുപത്രിയില്‍ സഹോദരന്‍ ജാസിറും കൊളപ്പുറം ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അബ്ദുല്‍ഗഫൂര്‍ മാസ്റ്ററും തിരൂരങ്ങാടി ചന്തപ്പടിയിലെ വീട്ടില്‍ ഭാര്യ ജസീലയും യതീംഖാന മസ്ജിദില്‍ കെഎന്‍എം മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും മമ്പുറം വലിയ ജുമുഅത്ത് പള്ളിയില്‍ അമ്മാവന്‍ എം വി അന്‍വറും മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തിരൂരങ്ങാടി മണ്ഡലത്തിലെ ഇസ്‌ലാഹി ചലനങ്ങളുടെ നെടുംതൂണായിരുന്നു ഗുല്‍സാര്‍. മികച്ച സംഘാടകന്‍, ഏത് വിഷയവും അവഗാഹമായി പഠിക്കാന്‍ തല്‍പരനായ പ്രബോധകന്‍, ആദര്‍ശബോധം മുറുകെപ്പിടിച്ച പൊതുപ്രവര്‍ത്തകന്‍, ചെറുപ്രായത്തില്‍ തന്നെ പ്രമാണങ്ങളില്‍ അവഗാഹം നേടിയ പണ്ഡിതന്‍ തുടങ്ങി വിശേഷണങ്ങള്‍ നിരവധിയാണ്. നിലപാടുകളിലും ആശയങ്ങളിലും കണിശതയും ആര്‍ജവവും പുലര്‍ത്തുമ്പോഴും വിയോജിപ്പിന്റെയും സംവാദത്തിന്റെയും വേദികളില്‍ പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തി.
കൊളപ്പുറം ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായ ഗുല്‍സാര്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ തിരൂരങ്ങാടി മണ്ഡലം ജോയിന്റ് സെക്രട്ടറിയായിരുന്നു. കെ എന്‍ എം സംസ്ഥാന ദഅ്‌വാ സമിതി അംഗം, ശാഖാ സെക്രട്ടറി, കേരള ജംഇയ്യത്തുല്‍ ഉലമാ അംഗം, ചെമ്മാട് പതിനാറുങ്ങല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍, സിഐഇആര്‍ ട്രെയിനര്‍, തിരൂരങ്ങാടി തറമ്മല്‍ ജുമാമസ്ജിദ് ഖതീബ്, ക്യു എല്‍ എസ് ഇന്‍സ്ട്രക്ടര്‍, തിരൂരങ്ങാടി ക്രയോണ്‍സ് പ്രീസ്‌കൂള്‍ ചെയര്‍മാന്‍, അല്‍ഫുര്‍ഖാന്‍ മദ്‌റസ ചെയര്‍മാന്‍, അറബിക് ടീച്ചേഴ്‌സ് കോംപ്ലക്‌സ് തിരൂരങ്ങാടി ഉപജില്ലാ സെക്രട്ടറി, പ്രൈമറി സ്‌കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അദ്ദേഹം കോര്‍ എസ്ആര്‍ജി മുതല്‍ ക്ലസ്റ്റര്‍ വരെ വിവിധ ട്രെയിനിങുകളിലെ ഫാക്കല്‍റ്റിയും ടെക്സ്റ്റ് ബുക്ക് നിര്‍മാണസമിതി, ചോദ്യപേപ്പര്‍ കമ്മിറ്റി തുടങ്ങിയവയിലെ അഗവുമായിരുന്നു.
1980 മെയ് ഒന്നിന് തിരൂരങ്ങാടി ചന്തപ്പടിയിലെ കുഴിയംതടത്തില്‍ മുഹമ്മദ് – മേലേവീട്ടില്‍ ഹലീമ ദമ്പതികളുടെ മകനായി ജനിച്ച ഗുല്‍സാര്‍ സ്‌കൂള്‍ പഠനകാലത്തു തന്നെ ദീനീവിഷയങ്ങളിലും സംഘടനാ ചലനങ്ങളിലും തല്‍പരനായിരുന്നു.

Back to Top