കെ എം സീതി സാഹിബ് ദീര്‍ഘ ദര്‍ശിയായ ധിഷണാശാലി
ഹാറൂന്‍ കക്കാട്
കോട്ടപ്പുറത്ത് മുഹമ്മദ് സീതി എന്ന കെ എം സീതി സാഹിബ് അരനൂറ്റാണ്ടു കാലം കേരളീയ മുസ്ലിം സാമൂഹിക ജീവിതത്തിലെ നിറസാന്നിധ്യമായിരുന്നു. വിസ്മയിപ്പിക്കുന്ന പ്രതിഭാധനത്വം കൊണ്ട് കേരള മുസ്ലിം ചരിത്രത്തെ ജ്വലിപ്പിച്ച ധിഷണാശാലി. സമുദായ നവീകരണം, വിദ്യാഭ്യാസ വിപ്ലവം, സത്യസന്ധമായ രാഷ്ട്രീയം എന്നീ മൂന്ന് മുഖങ്ങളിലും ഒരേസമയം നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ച പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹം. കേരളം ദര്‍ശിച്ച ഉജ്വലനായ നിയമസഭാ സ്പീക്കര്‍, മികച്ച പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍,, പത്രാധിപര്‍, ഗ്രന്ഥകര്‍ത്താവ് തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം പ്രശസ്തനായി.
1899 ആഗസ്ത് 11ന് കൊടുങ്ങല്ലൂരിലെ വ്യവസായ പ്രമുഖന്‍ അഴീക്കോട് കോട്ടപ്പുറത്ത് നമ്പൂതിരിമഠത്തില്‍ സീതി മുഹമ്മദ് ഹാജിയുടേയും ഫാത്തിമയുടേയും മകനായാണ് കെ എം സീതി സാഹിബിന്റെ ജനനം. പ്രാചീന കേരളത്തിന്റെ തലസ്ഥാന നഗരിയായിരുന്ന, തിരുവഞ്ചിക്കുളം എന്ന് പുകള്‍പെറ്റ കൊടുങ്ങല്ലൂരിലെ രണ്ട് പൗരാണിക കുടുംബങ്ങളായ പടിയത്ത് തറവാടിന്റെയും കൊട്ടപ്പുറത്ത് തറവാടിന്റെയും സംഭാവനയാണ് സീതി സാഹിബ്. കൊടുങ്ങല്ലൂരിന്റെ സാമൂഹിക ജീവിതത്തിന് സാരമായ സംഭാവനകള്‍ അര്‍പ്പിച്ച രണ്ട് പ്രശസ്ത കുടുംബങ്ങളാണിവ.
അഴീക്കോട് പ്രൈമറി സ്‌കൂള്‍, കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നാണ് സീതി സാഹിബ് ഇന്റര്‍ മീഡിയറ്റ് പരീക്ഷ ജയിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിഎ പാസ്സായി. യൂണിവേഴ്സിറ്റി കോളേജില്‍ ഏറ്റവും മികച്ച വിദ്യാര്‍ഥിക്കുള്ള മഹാദേവ അയ്യര്‍ സ്വര്‍ണമെഡലിന് അദ്ദേഹം അര്‍ഹനായി. 1925ല്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി. അദ്ദേഹമാണ് കൊടുങ്ങല്ലൂരിലെ ആദ്യത്തെ അഭിഭാഷകന്‍. 1927ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു. എറണാകുളത്തും തലശ്ശേരിയിലും അദ്ദേഹം വക്കീലായി ജോലി ചെയ്തിരുന്നു.
തന്റെ പിതാവുകൂടി മുന്‍കൈയെടുത്ത് രൂപീകരിച്ച കേരള മുസ്ലിം ഐക്യസംഘത്തിന്റെ പിറവിയും പ്രവര്‍ത്തനങ്ങളും ബാല്യത്തില്‍ തന്നെ നേരില്‍ കണ്ടാണ് അദ്ദേഹം വളര്‍ന്നത്. ഐക്യ സംഘത്തിന്റെ വേദികളില്‍ നിന്നാണ് സീതി സാഹിബ് പൊതു പ്രവര്‍ത്തന രംഗത്തെത്തുന്നത്. പിതാവില്‍ നിന്നും പിതാവിന്റെ ഉറ്റ സുഹൃത്തുക്കളായ സയ്യിദ് ഹമദാനി തങ്ങള്‍, കെ എം മൗലവി തുടങ്ങിയവരില്‍ നിന്നും പകര്‍ന്നുകിട്ടിയ വൈജ്ഞാനികമായ ഉണര്‍വ് അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായിത്തീര്‍ന്നു.
അഴീക്കോട് പ്രൈമറി സ്‌കൂളിലെ പഠനകാലത്ത് മുഹമ്മദ് അബ്ദുര്‍റഹിമാന്‍ സാഹിബായിരുന്നു സീതി സാഹിബിന്റെ അടുത്ത സഹചാരി. പില്ക്കാലത്ത് അദ്ദേഹത്തിന്റെ ദേശീയ നിലപാടുകളില്‍ പലതിനോടും വിയോജിച്ചപ്പോള്‍ തന്നെ, അല്‍അമീന്‍ പത്രത്തിന്റെ നടത്തിപ്പില്‍ സാമ്പത്തികമടക്കമുള്ള സഹകരണങ്ങള്‍ നല്കാന്‍ സീതിസാഹിബ് എന്നും കൂടെയുണ്ടായിരുന്നു.
തിരുവനന്തപുരത്തെ പഠന കാലത്ത് തിരുവിതാംകൂറിലെ സാമൂഹിക ജീവിതവുമായി അടുത്തിടപഴകാന്‍ സീതി സാഹിബിന് അവസരങ്ങള്‍ ലഭിച്ചു. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുമായി പരിചയപ്പെടുന്നത് ഇവിടെ നിന്നാണ്. ആ ബന്ധം നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ മുന്നേറാനുള്ള കൂടുതല്‍ ആര്‍ജവവും ത്രാണിയും അദ്ദേഹത്തിന് സമ്മാനിച്ചു.
സീതി സാഹിബ് തിരുവനന്തപുരത്ത് കഴിയുന്ന കാലത്താണ് കുമാരനാശാന്റെ ‘ദുരവസ്ഥ’ എന്ന കാവ്യം പ്രസിദ്ധീകൃതമാവുന്നത്. മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്ന ഏതാനും വരികള്‍ ആ കവിതയിലുണ്ടായിരുന്നു. ഈ കാവ്യകൃതിയെ നിശിതമായി വിമര്‍ശിച്ച് കൊണ്ട് ‘ഇതെന്തൊരവസ്ഥ’ എന്ന പേരില്‍ സീതി സാഹിബ് ലേഖനമെഴുതി. ഈ വിമര്‍ശനം ആശാന്റെ ഹൃദയത്തില്‍ തറച്ചു. അദ്ദേഹം വക്കം അബ്ദുല്‍ഖാദര്‍ മൗലവിയോടൊന്നിച്ച് അദ്ദേഹം താമസിച്ചിരുന്ന ഹോസ്റ്റലില്‍ എത്തുകയും സീതി സാഹിബിനെ കണ്ട് ക്ഷമാപണം നടത്തുകയും തെറ്റിദ്ധാരണകള്‍ തിരുത്തുകയും ചെയ്തു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊച്ചി പതിപ്പായ കൊച്ചി പ്രജാമണ്ഡലമായിരുന്നു രാഷ്ട്രീയത്തില്‍ സീതി സാഹിബിന്റെ ആദ്യത്തെ തട്ടകം. ഈ സംഘടനയെ പ്രതിനിധീകരിച്ചു കൊണ്ട് അദ്ദേഹം രണ്ടുതവണ കൊച്ചിന്‍ അസംബ്ലിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1932 ല്‍ തലശ്ശേരിയില്‍ സ്ഥിര താമസമാക്കിയത് സീതി സാഹിബിന്റെ ജീവിതത്തിലും മലബാറിലെ മുസ്ലിം രാഷ്ട്രീയത്തിലും വഴിത്തിരിവായി.
1933 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ട് അദ്ദേഹം മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. പിന്നീട് മലബാര്‍ ജില്ലാ മുസ്ലിം ലീഗിന്റെയും പിന്നീട് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെയും ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് വിട്ട് മുസ്‌ലിം ലീഗിലെത്തിയപ്പോള്‍ നിരവധി ആക്ഷേപങ്ങള്‍ അദ്ദേഹത്തിന് നേരെ ഉയര്‍ന്നു. മുസ്ലിം ലീഗില്‍ ചേര്‍ന്നാല്‍ ഒരു ഗ്രാമപഞ്ചായത്ത് മെമ്പറാകാന്‍ പോലും കഴിയില്ല എന്ന് പരിഹസിച്ചവര്‍ക്ക്, ഉന്നതമായ കേരള നിയമസഭയുടെ സ്പീക്കര്‍ പദവിയില്‍ മുസ്ലിം ലീഗുകാരനായി കയറിയിരുന്ന് അദ്ദേഹം മറുപടി നല്‍കി.
1960 ല്‍ കുറ്റിപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ച് സീതി സാഹിബ് നിയമസഭയിലേക്ക് വിജയിച്ചു. 1960 ഫെബ്രുവരി 22 ന് പട്ടം താണുപിള്ളയുടെ മന്ത്രിസഭയിലാണ് അദ്ദേഹം നിയമസഭാ സ്പീക്കറായത്.
1932 മാര്‍ച്ചില്‍ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണം തുടങ്ങിയ ‘ചന്ദ്രിക’യുടെ പിന്നിലുള്ള സുത്രധാരന്‍ സീതി സാഹിബ് ആയിരുന്നു.1943 ജനുവരി 23 ന് കോഴിക്കോട് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ് ലിം വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിക്കാന്‍ അദ്ദേഹം മുന്നില്‍ നിന്നു. സി പി ഹൈദ്രോസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍നിന്ന് പ്രസിദ്ധീകരിച്ച ‘മലബാര്‍ ഇസ്ലാം’, എം അഹ്മദ് കണ്ണിന്റെ ‘മുസ്ലിം മിത്രം’, എം മുഹമ്മദ് കുഞ്ഞിയുടെ ‘ഖിലാഫത്ത് പത്രിക’, ഇശാഅത്ത്, മുസ്ലിം ഐക്യം, യുവലോകം, വക്കം മൗലവിയുടെ ‘മുസ്ലിം’, ദീപിക, അല്‍ ഇസ്ലാം എന്നിവയിലെ ശ്രദ്ധേയനായ എഴുത്തുകാരനായി സാഹിത്യ ലോകത്ത് സീതി സാഹിബ് നിറഞ്ഞു നിന്നു. ‘ഒരു മുസ്ലിം’, ‘ഒരു സത്യാന്വേഷി’, ‘ഒരു മാപ്പിള’ എന്നിവ അദ്ദേഹത്തിന്റെ തൂലികാനാമങ്ങളായിരുന്നു. ‘മൗലാനാ മുഹമ്മദലി’, ‘മുഹമ്മദലി ജിന്ന’ എന്നിവ അദ്ദേഹമെഴുതിയ മികച്ച ജീവചരിത്ര ഗ്രന്ഥങ്ങളാണ്.
മികച്ച പ്രഭാഷകനായിരുന്നു കെ എം സീതി സാഹിബ്. ന്യൂനപക്ഷ വിഭാഗങ്ങളേയും അരികുവത്കരിക്കപ്പെട്ടവരേയും ബോധവത്കരിക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഐക്യസംഘം തലശ്ശേരിയില്‍ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് മുസ്ലിം ചിന്തകനും വിശുദ്ധ ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷകനുമായ മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താളിന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സീതി സാഹിബായിരുന്നു. 1922ല്‍ മഹാത്മാഗാന്ധി തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രഭാഷണവും സീതി സാഹിബ് പരിഭാഷപ്പെടുത്തി.
1961 ഏപ്രില്‍ 17ന് നിയമസഭാ സ്പീക്കര്‍ പദവിയിലിരിക്കേയാണ് കെ എം സീതി സാഹിബ് നിര്യാതനായത്. ഭൗതികശരീരം ജന്മനാടായ കൊടുങ്ങല്ലൂര്‍ അഴീക്കോട് പുത്തന്‍പള്ളി ഖബര്‍സ്ഥാനിലാണ് സംസ്‌കരിച്ചത്. പള്ളിമുറ്റത്ത് ചേര്‍ന്ന അനുശോചനയോഗത്തില്‍ അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ളയായിരുന്നു അധ്യക്ഷന്‍.
യോഗത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ ബന്ധുമിത്രിദികള്‍ സ്പീക്കറുടെ വസതിയില്‍ ചെന്ന് സീതി സാഹിബിന്റെ സമ്പാദ്യപ്പെട്ടി തുറന്നു നോക്കി. പതിമൂന്ന് ഉറുപ്പികയും രണ്ട് വസ്ത്രങ്ങളും മാത്രമായിരുന്നു സമ്പാദ്യം.