5 Tuesday
December 2023
2023 December 5
1445 Joumada I 22

കെ എം മൗലവി കേരളത്തിന്റെ കാത്തിബ്‌

ഹാറൂന്‍ കക്കാട്‌


കേരളത്തിന്റെ വിപ്ലവ നായകന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനായ ബഹുമുഖ പ്രതിഭയായിരുന്നു കാതിബ് മുഹമ്മദ്കുട്ടി എന്ന കെ എം മൗലവി. വാക്ക് കൊണ്ടും കര്‍മം കൊണ്ടും സത്യത്തിന്റെയും ന്യായത്തിന്റെയും ശരിയായ ദിശ കാണിച്ച് സാമൂഹിക പരിഷ്‌കരണദൗത്യം ഭംഗിയായി നിര്‍വഹിച്ച കേരളീയ നവോത്ഥാന ശില്പികളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മത രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളില്‍ കൃത്യമായ ദിശാബോധവും പ്രായോഗിക ചര്യകളും പ്രസരിപ്പിച്ച തീര്‍ഥയാത്രയായിരുന്നു അദ്ദേഹത്തിന്റെ ലളിത മനോഹരമായ ജീവിതം.
1886 ജൂലൈ ആറിന് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്ക് സമീപം കക്കാട് തയ്യില്‍ കുഞ്ഞിമൊയ്തീന്റെയും പാലമഠത്തില്‍ കണ്ണാട്ടില്‍ ആയിശയുടെയും മകനായാണ് കെ എം മൗലവിയുടെ ജനനം. പ്രദേശത്തെ വിവിധ പള്ളി ദര്‍സുകളിലെ പഠനത്തിന് ശേഷം വാഴക്കാട് ദാറുല്‍ ഉലൂമിലെത്തി. മദ്‌റസാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെയുള്ള അന്നത്തെ ജീവിതത്തിനിടയിലാണ് എഴുത്തുകാരന്‍ എന്നര്‍ഥമുള്ള കാതിബ് എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത്. ദാറുല്‍ഉലൂമിലെ വിദ്യാഭ്യാസത്തിന് ശേഷം മണ്ണാര്‍ക്കാട് പള്ളിദര്‍സില്‍ അധ്യാപകനായി. 1919-ല്‍ മലപ്പുറത്തിന് സമീപത്തെ ചെമ്മങ്കടവ് പള്ളിയില്‍ സേവനത്തിനെത്തി. അക്കാലത്ത് ഖിലാഫത്ത് നേതാക്കളായ ആലി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുമായി രാഷ്ട്രീയബന്ധം തുടങ്ങി. ആനിബസന്റിന്റെ ഹോംറൂള്‍ പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. സംഘടനയുടെ പല യോഗങ്ങളിലും കെ മാധവന്‍നായരും കെ എം മൗലവിയുമായിരുന്നു പ്രസംഗിച്ചിരുന്നത്.
1920-ല്‍ കോണ്‍ഗ്രസും ഖിലാഫത്ത് കമ്മിറ്റിയും ചേര്‍ന്ന് നിസ്സഹകരണ പ്രസ്ഥാനമാരംഭിച്ചപ്പോള്‍ കെ എം മൗലവിയും അതിന്റെ ഭാഗമായി. 35-ാം വയസ്സില്‍ അദ്ദേഹം ഏറനാട് താലൂക്ക് ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായി. ഖിലാഫത്ത് സമ്മേളനങ്ങളിലെ പ്രധാന പ്രസംഗകര്‍ കെ മാധവന്‍ നായരും കെ എം മൗലവിയുമായിരുന്നു. മലപ്പുറം, മഞ്ചേരി, പൂക്കോട്ടൂര്‍, കൊണ്ടോട്ടി, കോഴിക്കോട്, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോട്ടക്കല്‍, പൊന്മള, പന്നിക്കോട്, പൊന്നാനി എന്നിവിടങ്ങളില്‍ ഖിലാഫത്ത് യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുകയും മുസ്‌ലിം ബഹുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്തതില്‍ മൗലവിയുടെ കഠിനാധ്വാനം ശ്രദ്ധേയമാണ്. 1921-ലെ മലബാര്‍ സമരത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കുള്ള അതേപങ്ക് മതപണ്ഡിതന്മാര്‍ക്കുമുണ്ടായിരുന്നു. കെ എം മൗലവിയെ പോലുള്ള പണ്ഡിതരുടെ ജീവചരിത്രം ഇതിന് തെളിവാണ്.
അഖിലേന്ത്യാ മജ്‌ലിസുല്‍ ഉലമയുടെ ദക്ഷിണേന്ത്യന്‍ സമ്മേളനം തമിഴ്‌നാട്ടിലെ ഈറോഡില്‍ വെച്ച് നടന്നപ്പോള്‍ മലബാര്‍ പ്രതിനിധികളായി കെ എം മൗലവി, ഇ മൊയ്തു മൗലവി തുടങ്ങിയവരാണ് പങ്കെടുത്തത്. അവര്‍ തിരിച്ചെത്തിയതോടു കൂടി കെ എം മൗലവി പ്രസിഡന്റായി കേരള മജ്‌ലിസുല്‍ ഉലമ രൂപംകൊണ്ടു.
കേരളത്തിന്റെ സര്‍വതോന്മുഖമായ വിവിധ നവോത്ഥാന സംരംഭങ്ങള്‍ക്ക് വഴിതുറന്ന നിഷ്പക്ഷ സംഘം, കേരള മുസ്‌ലിം ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണായകമായ പങ്കുവഹിച്ച അത്യപൂര്‍വ പ്രതിഭയാണ് കെ എം മൗലവി. കെ ജെ യുവിന്റെയും കെ എന്‍ എമ്മിന്റെയും പ്രഥമ പ്രസിഡന്റ് അദ്ദേഹമായിരുന്നു. തിരൂരങ്ങാടി യതീംഖാന, ഫറൂഖ് റൗദത്തുല്‍ഉലൂം അറബിക് കോളജ് എന്നിവ സ്ഥാപിക്കുന്നതില്‍ വലിയ പങ്ക് അദ്ദേഹം നിര്‍വഹിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി നിരവധി ത്യാഗപ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ എം മൗലവി പില്‍ക്കാലത്ത് മുസ്‌ലിംലീഗില്‍ ചേര്‍ന്നു. ലീഗിന്റെ ആദ്യ ഘടകം തലശ്ശേരിയില്‍ രൂപീകരിച്ച സമയത്ത് തന്നെ തിരൂരങ്ങാടിയില്‍ സംഘടനയ്ക്ക് കമ്മിറ്റിയുണ്ടാക്കുന്നതിന് അദ്ദേഹം നേതൃത്വം വഹിക്കുകയും പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക വഴി അദ്ദേഹത്തെ ലീഗിന്റെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. കെ എം സീതി സാഹിബ്, എന്‍ വി അബ്ദുസ്സലാം മൗലവി എന്നിവര്‍ ഉള്‍പ്പടെയുള്ള പല പ്രമുഖരും മുസ്‌ലിംലീഗില്‍ എത്താന്‍ പ്രചോദകനായത് കെ എം മൗലവിയാണ്.
ബഹുഭാഷാ പണ്ഡിതനും മികച്ച എഴുത്തുകാരനുമായിരുന്നു കെ എം മൗലവി. കോണ്‍ഗ്രസ്സിനെയും ഖിലാഫത്ത് പ്രസ്ഥാനത്തേയും രൂക്ഷമായി വിമര്‍ശിച്ച് പ്രസിദ്ധീകരിച്ച മഹക്കുല്‍ ഖിലാഫത്തി ഫി സില്‍മില്‍ കലാഫ എന്ന അറബി മലയാള ലഘുലേഖക്ക് മറുപടിയായി ദഅ്‌വത്തുല്‍ഹഖ് എഴുതിയത് കെ എം മൗലവിയും ഇ മൊയ്തു മൗലവിയും ചേര്‍ന്നായിരുന്നു. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ അറബി മലയാള ജിഹ്വയായ അല്‍ഇര്‍ശാദ്, മലയാള മാസികയായ മുസ്‌ലിം ഐക്യം എന്നീ പ്രസിദ്ധീകരണങ്ങളില്‍ മൗലവി കനപ്പെട്ട ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജിഹ്വയായ അല്‍മുര്‍ശിദ് അറബിമലയാള മാസിക തിരൂരങ്ങാടിയില്‍ നിന്ന് അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലാണ് പുറത്തിറങ്ങിയത്. മുസ്‌ലിംഐക്യം, ചന്ദ്രിക, അല്‍അമീന്‍, റശീദ് രിദയുടെ അല്‍മനാര്‍, അല്‍ഇത്തിഹാദ്, അന്‍സാരി, അല്‍ഹിദായ എന്നീ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം എഴുതിയിരുന്നു.
മുസ്‌ലിം ലോകത്തോട് ഒരാഹ്വാനം, അന്നഫ്ഉല്‍അമീം, നമസ്‌കാരം, അദ്ദുആഉ വല്‍ ഇബാദ, ഇസ്‌ലാമും സ്ത്രീകളും, അല്‍വിലായത്തു വല്‍കറാമ, ഖാദിയാനി വാദ ഖണ്ഡനം, മനാസികുല്‍ ഹജ്ജ്, കയ്ഫിയത്തുല്‍ ഹജ്ജ്, കെ എം മൗലവിയുടെ ഫത്‌വകള്‍, രിസാലത്തുന്‍ ഫില്‍ ബന്‍ക് തുടങ്ങിയവ കെ എം മൗലവിയുടെ പ്രധാന കൃതികളാണ്.
ഏത് തലമുറകള്‍ക്കും പ്രചോദനാത്മകമായ നിരവധി പാഠങ്ങള്‍ നല്‍കിയ കെ എം മൗലവിയുടെ ജീവചരിത്രം പ്രമുഖ ചരിത്രപണ്ഡിതന്‍ കെ കെ മുഹമ്മദ് അബ്ദുല്‍കരീം എഴുതിയിട്ടുണ്ട്. സഊദി രാജാവിന് കെ എം മൗലവി സമര്‍പ്പിച്ച നിര്‍ദേശങ്ങളടക്കം വിലപ്പെട്ട പല രേഖകളും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ജീവിതത്തില്‍ പൂര്‍ണാര്‍ഥത്തില്‍ സത്യസന്ധത പുലര്‍ത്തിയ സാത്വികനായിരുന്നു കെ എം മൗലവി. വിസ്മയകരമായ നിരവധി സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇതിന് തെളിവായുണ്ട്. കേരളത്തിന്റെ ധാര്‍മിക വിളഭൂമിയില്‍ നിറഞ്ഞുനിന്ന ഉജ്വലനായ ഈ പോരാളി 1964 സപ്തംബര്‍ 10-ന് 78-ാം വയസ്സില്‍ നിര്യാതനായി. ഭൗതിക ശരീരം തിരൂരങ്ങാടി ചെനക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x