കെ കെ മുഹമ്മദ് സുല്ലമി; പാണ്ഡിത്യവും ലാളിത്യവും മേളിച്ച ധീരന്‍
ഹാറൂന്‍ കക്കാട്
ശിഷ്യഗണങ്ങളെ ഇത്രമേല്‍ അഗാധമായി സ്‌നേഹിച്ച ഗുരുക്കന്മാര്‍ അപൂര്‍വമായിരിക്കും. നായാട്ടും മീന്‍പിടുത്തവുമൊക്കെ ഇഷ്ട വിനോദമായിരുന്ന ആ അധ്യാപകന്‍ അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിന്റെ പര്യായമായിരുന്നു. ജീവിതത്തിലെ സിംഹഭാഗവും അധ്യാപകനായിരുന്ന കെ കെ മുഹമ്മദ് സുല്ലമി എന്ന കേരളത്തിന്റെ നവോത്ഥാന നായകന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് പഠിതാക്കളൊന്നിച്ച് സമയം ചെലവിടാനായിരുന്നു. താന്‍ അധ്യാപകനും വിദ്യാര്‍ഥികള്‍ തന്റെ കീഴിലുള്ളവരും എന്ന കാഴ്ചപ്പാട് ഒരിക്കല്‍പോലും വെച്ചുപുലര്‍ത്താത്ത അദ്ദേഹം ഓരോ ശിഷ്യരുടെയും പ്രിയങ്കരനായ ആത്മസുഹൃത്തായിരുന്നു.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത കരുവമ്പൊയില്‍ കാരക്കുഴിയില്‍ ബീരാന്‍ – ഖദീജ ദമ്പതികളുടെ മകനായി 1942 ജൂലൈ 1 നാണ് കെ കെ മുഹമ്മദ് സുല്ലമിയുടെ ജനനം. എല്ലാ അര്‍ഥത്തിലും ഒരു ഉജ്വലനായ സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ ദൗത്യമാണ് കേരളക്കരയില്‍ അദ്ദേഹം നിര്‍വഹിച്ചത്. അരീക്കോട് സുല്ലമുസ്സലാമിലെ പഠനത്തിനു ശേഷം അവിടെ അധ്യാപകനായും പ്രിന്‍സിപ്പലായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഇസ്‌ലാമിക വിജ്ഞാനരംഗത്ത് പുതിയ ചിന്തയും കാഴ്ചപ്പാടും സമര്‍പ്പിക്കുന്ന ധിഷണാശാലികള്‍ വളരെ വിരളമാണ്. എന്നാല്‍, അത്തരമൊരു സാഹസികതക്ക് ധൈര്യം കാണിച്ച അപൂര്‍വം പണ്ഡിതന്മാരില്‍ ഒരാളാണ് കെ കെ മുഹമ്മദ് സുല്ലമി. വിശേഷിച്ചും ഖുര്‍ആന്‍ വ്യാഖ്യാനരംഗത്ത്. എന്നും എപ്പോഴും വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം. സയ്യിദ് റശീദ് രിദായുടെ തഫ്സീറുല്‍ മനാറും ഇമാം റാസിയുടെ തഫ്സീറുല്‍ കബീറും സമഖ്ശരിയുടെ വിഖ്യാത തഫ്സീറും കെ കെയെ സ്വാധീനിച്ചിരുന്നു. ഖുര്‍ആനിന്റെ ആശയങ്ങള്‍ വിശദീകരിക്കുമ്പോള്‍ ബുദ്ധിയുടെയും ചിന്തയുടെയും തലങ്ങളില്‍ മാറ്റുരയ്ക്കുകയെന്ന ശൈലിയും ഭാഷാപരമായ വിശകലനവും അതുവഴി അദ്ദേഹത്തിന് ലഭിച്ചു. അബദ്ധങ്ങളും ബുദ്ധിശൂന്യമായ വ്യാഖ്യാനങ്ങളും ആര് പറഞ്ഞാലും തള്ളിക്കളയാന്‍ കെ കെയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.
മത, ഭാഷാ വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ട അറബി ഗ്രന്ഥങ്ങള്‍ക്ക് പുറമെ കഥ, നോവല്‍, ശാസ്ത്രം, സാഹിത്യം, വിവിധ വിജ്ഞാന ശാഖകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും ആനുകാലികങ്ങളും കെ കെ പതിവായി വായിച്ചിരുന്നു. ഈ പരന്ന വായന അദ്ദേഹത്തിന്റെ വിജ്ഞാനമണ്ഡലത്തെ വികസിപ്പിച്ചു. കെ കെയില്‍ ജന്മമെടുത്ത ശാസ്ത്രപണ്ഡിതന്‍ ഖുര്‍ആന്‍ വാക്യങ്ങളെ ആധുനിക ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ അറിവുകളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ അത് ഏറെ അത്യാകര്‍ഷകമായിരുന്നു!
അറിവിനെ ഉപാസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ജീവിതയാത്ര ധന്യമാക്കിയത്. ഏതു വിഷയമായാലും വിശദമായ പഠനത്തിനും ചിന്തയ്ക്കും ശേഷം മാത്രമേ കെ കെ തന്റെ നിഗമനങ്ങള്‍ അവതരിപ്പിക്കാറുള്ളൂ. പണ്ഡിത സദസ്സുകളില്‍ അദ്ദേഹം ഏറെ ശ്രദ്ധേയനായതിന്റെ കാരണവും മറ്റൊന്നല്ല.
മലയാളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠന സംവിധാനമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ (ക്യു എല്‍ എസ്) എന്ന ബ്രഹദ് പദ്ധതിയുടെ ജീവനാഡിയായിരുന്ന കെ കെയ്ക്ക് ഖുര്‍ആന്‍ പഠനക്ലാസുകള്‍ എന്നും ജീവനായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയമാക്കാനും അതിന്റെ സന്ദേശങ്ങള്‍ പ്രബോധനം ചെയ്യാനുമായി സ്വജീവിതംതന്നെ അദ്ദേഹം സമര്‍പ്പിച്ചു.
അല്ലാഹു, ആയാത്തുല്ലാഹി ഫില്‍ ആഫാഖ്, റബ്ബ്, ഖുര്‍ആനിന്റെ പാത, ഇസ്‌ലാം പ്രകൃതി മതം, കുടുംബജീവിതം ഇസ്ലാമില്‍, വ്യക്തി കുടുംബം സമൂഹം, സംസ്‌കരണം പ്രവാചകനിലൂടെ, ഖുര്‍ആനും ശാസ്ത്രവും, മതം നിത്യജീവിതത്തില്‍, സൃഷ്ടിപ്പിലെ ദൈവിക ദൃഷ്ടാന്തം, മനുഷ്യനും ജീവജാലങ്ങളും തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ കെ കെ എത്രയെത്ര പ്രസംഗങ്ങളാണ് നിര്‍വഹിച്ചത്! കൈയ്യും കണക്കുമില്ലാത്ത ആ ഉജ്വല പ്രഭാഷണങ്ങളുടെ കഥകള്‍ കേരള മുസ്ലിം നവോത്ഥാന ചരിത്രത്തിന്റെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.
ആയാത്തുല്ലാഹി ഫില്‍ ആഫാഖ് എന്ന വിഷയം കെ കെ അവതരിപ്പിച്ചിരുന്നത് വല്ലാത്തൊരു ശൈലിയിലായിരുന്നു. ഖുര്‍ആനിന്റെ ദൈവികതയെയും ശാസ്ത്രീയതയെയും കുറിച്ച് ഇന്നുള്ളയത്ര പഠനങ്ങളോ ഗവേഷണങ്ങളോ ഒന്നും നടന്നിട്ടില്ലാത്ത ഒരു കാലത്ത്, മതത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പല ഭാഗങ്ങളില്‍ നിന്നായി പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ കെ കെ നടത്തിയ തദ് വിഷയകമായ പ്രഭാഷണങ്ങള്‍ക്ക് വമ്പിച്ച പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. ആശയപരമായി വിയോജിക്കുന്നവരെപ്പോലും ഒരു നിലക്കും പ്രകോപിപ്പിക്കാത്തതായിരുന്നു കെ കെ യുടെ ഭാഷയും ശൈലിയും. സുദീര്‍ഘമായ ഒരു കാലഘട്ടം കോഴിക്കോട് കടപ്പുറം പള്ളിയിലെ ഖത്വീബായിരുന്നു അദ്ദേഹം. എമ്പാടും വിപ്ലവങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും ഉശിര് പകര്‍ന്ന ആ മിമ്പറ ചരിത്രത്തിലെ വിളക്കുമാടമായി പ്രശോഭിച്ചു.
യാത്ര ദുര്‍ഘടമായ പഴയ കാലത്ത് ഏറെ സാഹസപ്പെട്ടായിരുന്നു കെ കെയുടെ ഓരോ യാത്രകളും. ആഴ്ചകളോളം വീട്ടില്‍ നിന്ന് അകന്ന് നിന്നുള്ള പ്രയാസകരമായ എത്രയോ കടമ്പകള്‍ താണ്ടിയുള്ളതായിരുന്നു അക്കാലത്തെ ഓരോ പ്രഭാഷണ പരിപാടികളും. വിദൂര ദിക്കുകളിലേക്ക് യാത്രപ്പടിപോലും വാങ്ങാതെ പലതരം വാഹനങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആ സാധുമനുഷ്യന്‍ സഞ്ചരിച്ചു.
ഊര്‍ജ്വസ്വലമായ ശരീരവും കരുത്തുറ്റ മനസ്സും തളരാത്ത സാഹസികതയും അതുല്യമായ കര്‍മോല്‍സുകതയുമായിരുന്നു കെ കെയുടെ വ്യക്തിത്വത്തിന്റെ മനോഹാരിത. മറ്റുള്ളവര്‍ക്ക് അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങളും അദ്ദേഹത്തിന് അയത്ന ലളിതമായിരുന്നു. അങ്ങനെയാണ് ലക്ഷങ്ങള്‍ സംഗമിക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളിലെ ഭക്ഷണവിതരണമെന്ന ഭാരിച്ച ഉത്തരവാദിത്തം കെ കെയുടെ ചുമലില്‍ അര്‍പ്പിതമായത്. ഏറെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടയാക്കാവുന്ന ആ ദൗത്യം ഒട്ടും ആത്മസംഘര്‍ഷം കൂടാതെ ഭംഗിയായി അദ്ദേഹം നിര്‍വഹിച്ചു.
കെ കെ ഒരെഴുത്തുകാരന്‍ കൂടിയായിരുന്നു. 1970-കളില്‍ അല്‍മനാര്‍ മാസികയിലെഴുതിയ ‘ഖുര്‍ആന്‍ പാഠം’ മികച്ച ആസ്വാദനമായിരുന്നു. സുദീര്‍ഘമായ ഇടവേളയ്ക്കുശേഷം ശബാബ് വാരികയില്‍ തുടര്‍ന്ന ആ കോളം മരണത്തിന്റെ തൊട്ടുമുമ്പുള്ള ആഴ്ചയിലും അദ്ദേഹം എഴുതി. ഇത് ഖുര്‍ആന്‍ പാഠം എന്ന പേരില്‍ പുസ്തകമായി യുവത ബുക്ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഡയറക്ടര്‍, ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളിലും കെ കെ സേവനമനുഷ്ഠിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ കെ കെ എന്നും സാധാരണക്കാരനോടൊപ്പമായിരുന്നു. വാക്കിലും നോക്കിലും വസ്ത്രത്തിലും വര്‍ത്തനത്തിലും കാപട്യമേശാത്ത അപൂര്‍വ വ്യക്തിയായി വിസ്മയം തീര്‍ത്ത കെ കെ മുഹമ്മദ് സുല്ലമി 2005 ജൂലൈ 28-ന്, 63-ാം വയസ്സില്‍ അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ നിര്യാതനായി. ഭൗതിക ശരീരം കരുവമ്പൊയില്‍ ചുള്ളിയാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.