കെ സി മുഹമ്മദ് ഹാജി
ഹാറൂന്‍ കക്കാട്
കാരശ്ശേരി: കക്കാടിലെ കെ സി മുഹമ്മദ് ഹാജി (75) നിര്യാതനായി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ കക്കാട് യൂനിറ്റ് വൈസ് പ്രസിഡന്റും സലഫി ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപക മെമ്പറുമായിരുന്നു. പലചരക്ക് വ്യാപാരിയായിരുന്ന അദ്ദേഹം ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെയും മുസ്‌ലിംലീഗിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കൊടിയത്തൂര്‍, കാരശ്ശേരി, നെല്ലിക്കാപറമ്പ്, കക്കാട് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം വ്യാപാരം നടത്തുക വഴി വിപുലമായ സൗഹൃദത്തിന് ഉടമയായിരുന്നു.
കേരളത്തിലെ പ്രമുഖ ഹദീസ് പണ്ഡിതനും കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായിരുന്ന എം ശൈഖ് മുഹമ്മദ് മൗലവിയുടെ സഹോദരീപുത്രനായ പരേതന്‍ കക്കാട് മസ്ജിദുല്‍ മുജാഹിദീന്‍, മദ്‌റസത്തുല്‍ മുജാഹിദീന്‍, ദാറുല്‍ ഉലും മദ്‌റസ, ഈയിടെ ഉദ്ഘാടനം ചെയ്ത ചാലില്‍പാറ മസ്ജിദ് തൗഹീദ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിര്‍മാണത്തിലും വളര്‍ച്ചയിലും സജീവ പങ്കാളിയായിരുന്നു. വിനയവും ക്ഷമയും മുഖമുദ്രയാക്കിയ പരേതന്‍ പ്രദേശത്തെ പൊതുസംരംഭങ്ങളിലെല്ലാം ഉദാരമായ സംഭാവനകള്‍ നല്‍കിയ മാതൃകാ പുരുഷനായിരുന്നു. ഭാര്യ: പരേതയായ മഞ്ചറ സൈനബ. മക്കള്‍: കെ സി സലാഹുദ്ദീന്‍, ബുഷ്‌റ, കെ സി അഹ്മദ് നിസാര്‍, ഫാത്തിമ, പരേതനായ കുഞ്ഞുണ്ണി നാസര്‍. പരേതന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)