27 Saturday
July 2024
2024 July 27
1446 Mouharrem 20

ജസ്റ്റിസ് ധുലിയയുടെ വിധിന്യായം പറയുന്നതെന്ത്?

അഡ്വ. നജാദ് കൊടിയത്തൂര്‍


ഈവര്‍ഷം മാര്‍ച്ച് 15-നാണ് കര്‍ണാടക ഹൈക്കോടതിയുടെ ഒരു സുപ്രധാന വിധി വന്നത്. ആഇശത്ത് ശിഫ എന്ന ഹരജിക്കാരിയുടേതടക്കം ഏഴു ഹരജികളാണ് ഹൈക്കോടതി കേട്ടത്. ചൂടുപിടിച്ച വാദങ്ങളായിരുന്നു നടന്നത്. ഖുര്‍ആന്‍ ഉദ്ധരിച്ചുകൊണ്ടുള്ള ജഡ്ജിമാരുടെ വാദം കേള്‍ക്കല്‍ തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
കേസിന്റെ ചുരുക്കം ഇങ്ങനെയാണ്: കുന്ദാപുരയിലെ ഗവ. പ്രീയൂണിവേഴ്‌സിറ്റി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികളായിരുന്നു ആഇശത്ത് ശിഫയും തഹ്‌രീന ബീഗവും. ഇരുവരും ഇസ്‌ലാം മതം പിന്തുടരുന്നവരും ഹിജാബ് ധരിക്കുന്നവരുമാണ്. ഒരു വര്‍ഷം മുമ്പ് കോളജില്‍ ചേര്‍ന്നതു മുതല്‍ കാമ്പസിലും ക്ലാസ്മുറികളിലും അവര്‍ ഹിജാബ് ധരിച്ചിരുന്നു. 2022 ഫെബ്രുവരി 3-ന് ഇവരെ കോളജിന്റെ ഗേറ്റില്‍ തടഞ്ഞ് ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. ഹിജാബ് മാറ്റാന്‍ അവര്‍ വിസമ്മതിച്ചു. ഇതോടെ കോളജ് അഡ്മിനിസ്‌ട്രേഷന്‍ അവര്‍ക്ക് കോളജില്‍ പ്രവേശനം നിഷേധിച്ചു. അടുത്ത ദിവസം, ഫെബ്രുവരി 4-ന് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മുമ്പാകെ കോളജില്‍ പ്രവേശിച്ച് പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നിവേദനം നല്‍കി. എന്നാല്‍ ഫലപ്രദമായ ഉത്തരവുകളൊന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പാസാക്കിയില്ല. പകരം കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ 2022 ഫെബ്രുവരി 5-ന് ഒരു ഉത്തരവ് പ്രസിദ്ധപ്പെടുത്തുകയാണ് ചെയ്തത്.
ഈ ഉത്തരവിന്റെ ആമുഖത്തില്‍ 1983-ലെ കര്‍ണാടക വിദ്യാഭ്യാസ നിയമത്തെയും അത് രൂപപ്പെടുത്തിയ ചട്ടങ്ങളെയും പരാമര്‍ശിക്കുന്നു. ഹിജാബ് നിരോധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്ന നിഗമനത്തിലെത്താന്‍ വിവിധ ഹൈക്കോടതികളുടെ മൂന്ന് വിധിന്യായങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കൂള്‍ യൂണിഫോമും പ്രീയൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന സര്‍ക്കാര്‍ കോളജുകളില്‍ കോളജ് വികസന സമിതികളും, സ്വകാര്യ കോളജുകളില്‍ മാനേജ്‌മെന്റ് ബോര്‍ഡും നിര്‍ദേശിക്കുന്ന യൂണിഫോമും നിര്‍ബന്ധമാക്കുന്നു. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് യൂണിഫോം നിര്‍ബന്ധമാക്കിയില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ ‘ഐക്യത്തിന്റെയും സമത്വത്തിന്റെയും പൊതുക്രമത്തിന്റെയും’ താല്‍പര്യമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സുപ്രീം കോടതിയില്‍ ഹരജിക്കാരുടെ പ്രധാന വാദം മേല്‍പറഞ്ഞ സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ ആര്‍ട്ടിക്കിള്‍ 19(1)(എ), ആര്‍ട്ടിക്കിള്‍ 21, ആര്‍ട്ടിക്കിള്‍ 25 തുടങ്ങിയവയുടെ ലംഘനമാണെന്നതായിരുന്നു. ചില ഹരജിക്കാര്‍ ഹിജാബ് ഇസ്‌ലാം മതത്തിന്റെ ‘ഒഴിച്ചുകൂടാനാവാത്ത മതപരമായ ആചാരമാണെന്നും’ (Essential Religious Practice) വാദങ്ങള്‍ ഉയര്‍ത്തി.

ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ധുലിയയുടെ ജുഡീഷ്യല്‍ വ്യാഖ്യാനം ചര്‍ച്ച ചെയ്യേണ്ടത്. കര്‍ണാടക ഹൈക്കോടതി വിധിയിലെ മൗലികമായ പ്രശ്‌നത്തെ ചൂണ്ടിക്കാണിച്ച് അദ്ദേഹം നിരീക്ഷിക്കുന്നു: ”എന്റെ അഭിപ്രായത്തില്‍, കോടതിയുടെ മുമ്പാകെയുള്ള തര്‍ക്കത്തിന്റെ നിര്‍ണയത്തില്‍ Essential Religious Practice (ERP) എന്ന് ഞങ്ങള്‍ ഈ വിധിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒഴിച്ചുകൂടാനാവാത്ത മതപരമായ ആചാരങ്ങളുടെ ചോദ്യം ഒട്ടും പ്രസക്തമല്ല. ഞാന്‍ ഇത് പറയുന്നത്, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) പ്രകാരം സംരക്ഷണം ആവശ്യപ്പെടുമ്പോള്‍, നിലവിലെ സാഹചര്യത്തില്‍ ചെയ്യുന്നതുപോലെ, ഒരു വ്യക്തി താന്‍ അല്ലെങ്കില്‍ അവള്‍ അനുഷ്ഠിക്കുന്നത് ERP ആണെന്ന് സ്ഥാപിക്കേണ്ട ആവശ്യമില്ല. അത് കേവലം ഏതെങ്കിലും മതപരമായ ആചാരമായിരിക്കാം, വിശ്വാസത്തിന്റെയോ മനസ്സാക്ഷിയുടെയോ പ്രശ്‌നമായിരിക്കാം! അതെ, അവകാശമായി അവകാശപ്പെടുന്നത് ‘പൊതുക്രമം, ധാര്‍മികത, ആരോഗ്യം’ എന്നിവയ്ക്ക് എതിരാകരുത്. അതുപോലെത്തന്നെ തീര്‍ച്ചയായും അത് ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ (മൗലികാവകാശങ്ങള്‍) മറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമാണ്.’
ഭരണഘടനാ നിര്‍മാണ സഭയില്‍ അംബേദ്കര്‍ ERPയെ കുറിച്ച് പറഞ്ഞ ഭാഗം പ്രസക്തമാണ്: ‘മതത്തിന്റെ നിര്‍വചനം പരിമിതപ്പെടുത്താന്‍ ഇനി മുതല്‍ നാം പരിശ്രമിക്കണം എന്ന് പറയുന്നതില്‍ അസാധാരണമായി ഒന്നുമില്ല, അത് വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും അപ്പുറത്തേക്ക് വ്യാപിക്കില്ല.’ (CAD, VII 781)
ഈ വിഷയത്തില്‍ വ്യക്തത വരുത്തി അദ്ദേഹം പറയുന്നത് ‘തര്‍ക്കത്തിന്റെ നിര്‍ണയത്തിന് ഋഞജ അനിവാര്യമല്ല എന്നതിന് പുറമെ, അതിലും പ്രധാനമായ മറ്റൊരു വശമുണ്ട്, അത് ERP എന്താണെന്ന് നിര്‍ണയിക്കുന്ന കാര്യങ്ങളില്‍ കോടതികള്‍ മന്ദഗതിയിലാകുന്നത് എന്തുകൊണ്ടാണെന്നാല്‍, എന്റെ അഭിപ്രായത്തില്‍ ദൈവശാസ്ത്രപരമായ ചോദ്യങ്ങള്‍ പരിഹരിക്കാനുള്ള വേദിയല്ല കോടതികള്‍ എന്നാണ്. വിവിധ കാരണങ്ങളാല്‍ കോടതികള്‍ അത് ചെയ്യാന്‍ വേണ്ടത്ര സജ്ജമല്ല, എന്നാല്‍ ഏറ്റവും പ്രധാനമായി, ഒരു പ്രത്യേക മതപരമായ വിഷയത്തില്‍ എല്ലായ്‌പോഴും ഒന്നിലധികം വീക്ഷണങ്ങള്‍ ഉണ്ടായിരിക്കും, അതിനാല്‍ ഒന്നിനു മുകളില്‍ മറ്റൊന്ന് തിരഞ്ഞെടുക്കാന്‍ കോടതിക്ക് അധികാരം നല്‍കുന്നില്ല.’
ജസ്റ്റിസ് ധുലിയയുടെ ഈ വ്യാഖ്യാനം പല നിലക്ക് പ്രസക്തമാണ്. ഒന്നാമത് ഇത് ഹൈക്കോടതിയുടെ തെറ്റായ വിധിയെ തുറന്നുകാട്ടുന്നു. രണ്ടാമത് മതപരമായ ആചാരം എന്ന വീക്ഷണത്തില്‍ നിന്ന് ഹിജാബിനെ മുസ്‌ലിം സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും (ആര്‍ട്ടിക്കിള്‍ 19(1)എ) സ്വയം നിര്‍ണയാവകാശത്തിന്റെയും (ആര്‍ട്ടിക്കിള്‍ 21) ബൃഹത്തായ വീക്ഷണകോണിലേക്ക് മാറ്റുന്നു. ആര്‍ട്ടിക്കിള്‍ 25 (1) ഒരു വ്യക്തിയുടെ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നു, അതേസമയം ആര്‍ട്ടിക്കിള്‍ 25 (2), ആര്‍ട്ടിക്കിള്‍ 26 എന്നിവ സമുദായങ്ങളുടെയോ മതവിഭാഗങ്ങളുടെയോ അവകാശങ്ങളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്.

ബിജോ ഇമ്മാനുവല്‍ v/s
സ്റ്റേറ്റ് ഓഫ് കേരള (1986)

ജസ്റ്റിസ് ഗുപ്തയുടെ വിധി പോലെ അവ്യക്തമായ ന്യായീകരണങ്ങളല്ല, മറിച്ച് സുപ്രീം കോടതിയുടെ മുന്‍കഴിഞ്ഞ വിധിന്യായങ്ങളുടെ കൃത്യമായ നിരീക്ഷണമാണ് ജസ്റ്റിസ് ധുലിയയുടെ വിധിയെ വ്യത്യസ്തമാക്കുന്നത്. ബിജോ ഇമ്മാനുവല്‍ കേസ്, നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെ സുസ്ഥിരമായ തത്വങ്ങളുടെയും ഉള്‍ക്കൊള്ളലുകളുടെയും പാത നമുക്ക് കാണിച്ചുതരുന്ന ഒരു വിധിയാണ്. കേരളത്തിലെ യഹോവാ സാക്ഷികളില്‍ (Jehovah’s Witnesses) ഉള്‍പ്പെട്ട മൂന്നു പെണ്‍കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. എല്ലാ ദിവസവും രാവിലെ സ്‌കൂളില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഈ മൂന്ന് വിദ്യാര്‍ഥികളും സ്‌കൂളിലെ മറ്റ് കുട്ടികളെപ്പോലെ ബഹുമാനപൂര്‍വം ദേശീയഗാനത്തിനായി എഴുന്നേറ്റുനിന്നു; എന്നാല്‍ അവര്‍ ദേശീയഗാനം ആലപിച്ചില്ല. യഹോവയ്ക്കല്ലാതെ മറ്റാര്‍ക്കും വേണ്ടി പാടാന്‍ തങ്ങളുടെ വിശ്വാസം വിലക്കിയതിനാലാണ് അവര്‍ അങ്ങനെ ചെയ്തത്. അവരെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടു. ഇവര്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ അതിന്റെ സിംഗിള്‍ ബെഞ്ചും ഒരു ഡിവിഷനും റിട്ട് ഹരജി തള്ളി. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അവരുടെ കാര്യം ലളിതമായിരുന്നു: അവര്‍ ദേശീയപതാകയോടോ ദേശീയ ഗാനത്തോടോ അനാദരവ് കാണിക്കുന്നില്ല. ദേശീയഗാനം ആലപിക്കുമ്പോള്‍ അവര്‍ ആദരവോടെ നില്‍ക്കും, യഹോവയ്ക്കല്ലാതെ മറ്റാര്‍ക്കും വേണ്ടി പാടുന്നത് തങ്ങളുടെ വിശ്വാസം വിലക്കുന്നുവെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നതിനാല്‍ അവര്‍ പാടുന്നതില്‍ പങ്കെടുക്കുന്നില്ല.
ഈ കേസില്‍ വിധി പറഞ്ഞുകൊണ്ട് ജസ്റ്റിസ് ചിന്നപ്പ റെഡ്ഡി എഴുതിയതിങ്ങനെയാണ്: ”മുഴുവന്‍ സ്‌കൂളുകളും ദേശീയഗാനം ആലപിക്കണമെന്ന് നിര്‍ദേശിച്ച സര്‍ക്കാര്‍ സര്‍ക്കുലര്‍ ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിലെ ക്ലോസ് 2-ല്‍ നല്‍കിയിരിക്കുന്ന ‘നിയമം’ അല്ല. നിയമം അതായത്, സ്റ്റാറ്റിയൂട്ടറി ലോ, ‘ദി പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്റ്റ്, 1971’ ആണ്. ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരവോടെ നില്‍ക്കുകയും എന്നാല്‍ ആലാപനത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ നിയമപ്രകാരം കുറ്റം ചെയ്യുന്നില്ല. ദേശീയഗാനം ആലപിക്കുന്നതില്‍ നിന്ന് ഒരാള്‍ മറ്റൊരാളെ തടയുമ്പോള്‍ മാത്രമാണ് കുറ്റം ചെയ്യുന്നത്. പാടാനുള്ള സ്വാതന്ത്ര്യം എന്നാല്‍ നിശ്ശബ്ദത പാലിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ് എന്നാണ് കോടതി അര്‍ഥമാക്കുന്നത്. ആര്‍ട്ടിക്കിള്‍ 25 ഭരണഘടനയിലെ വിശ്വാസത്തിന്റെ ഒരു ആര്‍ട്ടിക്കിള്‍ ആണ്, ഒരു യഥാര്‍ഥ ജനാധിപത്യത്തിന്റെ യഥാര്‍ഥ പരീക്ഷണം ഒരു നിസ്സാര ന്യൂനപക്ഷത്തിനുപോലും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് കീഴില്‍ അതിന്റെ ഐഡന്റിറ്റി കണ്ടെത്താനുള്ള കഴിവാണ്. ആര്‍ട്ടിക്കിള്‍ 25 വ്യാഖ്യാനിക്കുമ്പോള്‍ ഇത് മനസ്സില്‍ ഉണ്ടാവേണ്ടതുണ്ട്.”
ന്യായമായ ഉള്‍ക്കൊള്ളല്‍
സൗത്ത് ആഫ്രിക്കന്‍ ഭരണഘടനാ കോടതിയുടെ ഒരു വിധിന്യായം ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് ധുലിയ ഈ തത്വത്തെ വ്യക്തമാക്കുന്നത്. ഡര്‍ബന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു സുനാലി. സ്‌കൂളില്‍ ആഭരണങ്ങള്‍ ധരിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. സുനാലി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍, അവളുടെ അമ്മ അവള്‍ക്ക് ധരിക്കാന്‍ ഒരു മൂക്ക് സ്റ്റഡ് നല്‍കി, അത് ഒരു ഫാഷന്‍ ആയിരുന്നില്ല, മറിച്ച് സുനാലിയുടെ ഹിന്ദു തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണ്. മൂക്ക് കുത്തിയതിനെ സ്‌കൂള്‍ എതിര്‍ക്കുകയും അത് നീക്കം ചെയ്യാന്‍ സുനാലിയോട് ആവശ്യപ്പെടുകയും ചെയ്തു. സുനാലി മൂക്ക് സ്റ്റഡ് നീക്കം ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ അവളുടെ അമ്മയെ വിളിച്ചു. ഇത് തന്റെ ഹിന്ദു തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇത് നീക്കം ചെയ്യാന്‍ കഴിയില്ലെന്നും അമ്മ അധികാരികളോട് ന്യായവാദം പറഞ്ഞു.
ഈ കേസില്‍ സൗത്ത് ആഫ്രിക്കന്‍ ഭരണഘടനാ കോടതി വിധി പ്രഖ്യാപിച്ചതിങ്ങനെയാണ്: ”സുനാലിക്ക് കോഡ് ഇഷ്ടമല്ലെങ്കില്‍ മൂക്ക് സ്റ്റഡ് ധരിക്കാന്‍ അനുവദിക്കുന്ന മറ്റൊരു സ്‌കൂളില്‍ പോകാമെന്നു സ്‌കൂള്‍ വാദിക്കുന്നു. എനിക്ക് യോജിക്കാന്‍ കഴിയില്ല. എന്റെ കാഴ്ചപ്പാടില്‍, മതങ്ങളെയും സംസ്‌കാരങ്ങളെയും പാര്‍ശ്വവത്കരിക്കുക എന്നതാണ് ഇതിന്റെ ഫലം. നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ്. ഇതിനകം സൂചിപ്പിച്ചതുപോലെ, ഭരണഘടന വൈവിധ്യത്തെ അനിവാര്യമായ തിന്മയായി അംഗീകരിക്കുന്നില്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ പ്രാഥമിക നിധികളിലൊന്നായി അതിനെ സ്ഥിരീകരിക്കുന്നു.”
കര്‍ണാടക ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സര്‍ക്കാര്‍ വാദിച്ചത് ഏതാണ്ട് ഇതേ വാദമാണ്. ‘സെക്കുലര്‍ സ്‌കൂളുകളില്‍’ ഹിജാബ് ധരിക്കാന്‍ പാടില്ല. മറ്റു സ്‌കൂളുകളിലും പൊതു ഇടങ്ങളിലും ആവാം. ഇതിനെ ന്യായീകരിച്ചുകൊണ്ട് ഹൈക്കോടതി പറയുന്ന ഒരു വാദം സ്‌കൂള്‍ ഒരു ഝൗമഹശളശലറ ജൗയഹശര ജഹമരല ആണ് എന്നതാണ്. മാത്രമല്ല കോടതി സ്‌കൂളിനെ യുദ്ധമുറികളോടും ഡിഫന്‍സ് ക്യാമ്പുകളോടുമാണ് ഉപമിച്ചത്. ഇതിനെ ‘വിചിത്രമായി തോന്നുന്നു’ എന്ന് നിരീക്ഷിച്ചുകൊണ്ട് ധുലിയ പറയുന്നത്, ഒരു തത്വം നിരത്തുന്നത് ഒരു കാര്യമാണ്, ഒരു കേസിന്റെ വസ്തുതകളെ ന്യായീകരിക്കുന്നത് തികച്ചും മറ്റൊന്നാണ്. ‘നാം നിയമത്തിന്റെ ന്യായാധിപനെന്നപോലെ യാഥാര്‍ഥ്യത്തിന്റെ വിധികര്‍ത്താവും ആയിരിക്കണം’. പൊതുസ്ഥലമായ ഒരു ക്ലാസ്മുറിക്കുള്ളിലെ നിയന്ത്രണങ്ങളെ കേസിന്റെ വസ്തുതകള്‍ ന്യായീകരിക്കുന്നുണ്ടോ? എന്റെ അഭിപ്രായത്തില്‍ ഇതിന് ന്യായീകരണമില്ല.
ഗേറ്റില്‍ അഴിച്ചുവെക്കുന്ന
മൗലിക അവകാശങ്ങള്‍

ഒരു പ്രീയൂണിവേഴ്‌സിറ്റി സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് സ്‌കൂള്‍ ഗേറ്റില്‍ വെച്ച് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെടുന്നത് അവളുടെ സ്വകാര്യതയ്ക്കും അന്തസ്സിനും മേലുള്ള കടന്നുകയറ്റമായാണ് കോടതി പറയുന്നത്. അവളുടെ അന്തസ്സിനും സ്വകാര്യതയ്ക്കുമുള്ള അവകാശം അത് എപ്പോഴും അവളുടെ മൗലികാവകാശമാണ്, ഹൈക്കോടതി വിവരിച്ചതുപോലെ ഒരു ‘ഡെറിവേറ്റീവ് റൈറ്റ്’ അല്ല. ഗേറ്റിനു പുറത്തു വച്ച് അവസാനിക്കുന്ന ഒന്നല്ല മൗലികമായ ഈ അവകാശങ്ങള്‍. പുട്ടസ്വാമി വിധിയില്‍ (K.S. Puttaswamy and Anr. vs Union of India and Ors. (2017) ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സ്വകാര്യതയെക്കുറിച്ച് പറയുന്ന പ്രസക്തമായ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം അവകാശങ്ങളുടെ ആഴവും പരപ്പും വിശദമാക്കുന്നതിങ്ങനെയാണ്:
”ശരീരത്തിന്റെയും മനസ്സിന്റെയും സ്വയംഭരണം നിലനിര്‍ത്താന്‍ സ്വകാര്യത വ്യക്തിയെ പ്രാപ്തനാക്കുന്നു. ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള കഴിവാണ് വ്യക്തിയുടെ സ്വയംഭരണം. അന്തസ്സും സ്വാതന്ത്ര്യവും വേര്‍തിരിക്കാനാവാത്തവിധം ഇഴചേര്‍ന്നിരിക്കുന്നു. ഓരോന്നും മറ്റൊന്ന് നേടുന്നതിനുള്ള സുഗമമായ ഉപകരണമാണ്. ശരീരത്തിന്റെയോ മനസ്സിന്റെയോ സ്വകാര്യ ഇടം ഭരണകൂടം നശിപ്പിക്കുന്നത് ഏകപക്ഷീയമായ ഭരണകൂട നടപടിയാണ്.”
ഈ കേസില്‍ വിഭിന്നമായ രണ്ടു വിധികള്‍ വന്നതുകൊണ്ട് തന്നെ ലാര്‍ജര്‍ ബെഞ്ചിന് വിട്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ബെഞ്ചായിരിക്കും ഇനി ഈ കേസില്‍ അന്തിമമായ വിധി പറയുക. തീര്‍ച്ചയായും രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് പൗരന്മാരെന്നെ നിലയില്‍ നമ്മുടെ ബാധ്യത. ജസ്റ്റിസ് ധുലിയയുടെ വിധിന്യായം ഒരു നിലപാടാണ്. Let jtsuice be done though the heav–ens fall എന്ന ലാറ്റിന്‍ നിയമതത്വത്തിന്റെ പ്രകടനമാണ്. നീതിയില്ലാത്ത നിയമങ്ങളോട് പൊരുത്തപ്പെടാത്ത ഗാന്ധിയുടെ നിലപാടാണിത്. ജനാധിപത്യത്തിന്റെ ശ്വാസവായു ‘വിയോജിപ്പാ’ണ്. രാജ്യം അടിയന്തരാവസ്ഥക്കാലത്തുകൂടി കടന്നുപോയ സമയത്ത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാവലാളായ ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ തുടര്‍ച്ചയാണ്. ഈ വിയോജിപ്പ് രാജ്യത്തിന്റെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശബോധത്തിന് കരുത്ത് പകരേണ്ടതുണ്ട്. മാറ്റി നിര്‍ത്തപ്പെടുന്ന കാലത്ത് ചേര്‍ത്തുനിര്‍ത്തലാണ് നീതി.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x