21 Thursday
November 2024
2024 November 21
1446 Joumada I 19

ജുമുഅ ഖുത്ബകള്‍ ഫലപ്രദമാകാന്‍

പി കെ മൊയ്തീന്‍ സുല്ലമി


മുസ്‌ലിംകള്‍ക്ക് ദീന്‍ പഠിക്കാനുള്ള ഒരു പ്രാഥമിക സംവിധാനമാണ് മദ്‌റസാ പഠനം. പക്ഷേ, അതുകൊണ്ടൊന്നും ദീന്‍ സമ്പൂര്‍ണമായി മനസ്സിലാക്കാന്‍ സാധ്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സ്വയം വായിച്ചും പഠിച്ചും പ്രസംഗങ്ങള്‍ കേട്ടും ദീന്‍ പഠിക്കുകയെന്നത് മറ്റൊരു സംവിധാനമാണ്. വേറൊരു സംവിധാനം പണ്ഡിതന്മാരോട് തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചോദിച്ചു പഠിക്കുകയെന്നതാണ്. അല്ലാഹു അരുളി: ”നിങ്ങള്‍ കാര്യങ്ങള്‍ അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിക്കുക” (അന്‍ബിയാഅ് 7), ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: സാധാരണക്കാരന്‍ ഫത്‌വയുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാരെ പിന്തുടരല്‍ നിര്‍ബന്ധമാണ് (അല്‍ മുസ്തസ്ഫ 1:389).
നാലാമതായി ഇസ്‌ലാമിനെ പഠിക്കാനായി വെച്ചിട്ടുള്ള സംവിധാനമാണ് ജുമുഅ ഖുത്ബകള്‍. ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തി: തീര്‍ച്ചയായും ഖതീബിന് നന്മ കല്‍പിക്കാനും തിന്മകള്‍ നിരോധിക്കാനും ജനങ്ങള്‍ക്ക് ആവശ്യമുള്ള മതനിയമങ്ങള്‍ വിശദീകരിച്ചുകൊടുക്കാനും ബാധ്യതയുണ്ട് (ഫത്ഹുല്‍ ബാരി 3: 449-450). ഇത് ശാഫിഇ മദ്ഹബും അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ഇബ്‌നു ഹജര്‍ ഹൈതമി(റ) അക്കാര്യം വ്യക്തമാക്കിയത് ശ്രദ്ധിക്കുക: തീര്‍ച്ചയായും ഖുത്ബയുടെ ലക്ഷ്യം ജനങ്ങള്‍ മറന്നുപോകാത്ത വിധം അവരെ ദീനിന്റെ മുഖ്യമായ കാര്യങ്ങള്‍ ഉദ്‌ബോധനം നടത്തുകയെന്നതാണ് (തുഹ്ഫ 2:336). അബൂദാവൂദിന്റെ വിശദീകരണത്തില്‍ ഇപ്രകാരം കാണാം: തീര്‍ച്ചയായും നബി(സ) തന്റെ ഖുത്ബയില്‍ ദീനിന്റെ നിയമങ്ങള്‍ പഠിപ്പിച്ചിരുന്നു (ദീനുല്‍ മഅ്‌സൂദ്, ശറഹു സുനനി അബീദാവൂദ് 3:444). ഖുത്ബയിലെ പ്രമാണങ്ങളില്‍ ഒന്നാം സ്ഥാനം വിശുദ്ധ ഖുര്‍ആനിനായിരിക്കണം. അല്ലാഹു അരുളി: അതിനാല്‍ എന്റെ മുന്നറിയിപ്പിനെ ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉദ്‌ബോധനം നടത്തുക (ഖാഫ് 45).
മറ്റൊരു വചനം ശ്രദ്ധിക്കുക: ഖുര്‍ആന്‍ കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക (ഫുര്‍ഖാന്‍ 52). ഈ വിഷയത്തില്‍ വന്ന ഒരു ഹദീസ് ശ്രദ്ധിക്കുക: നബി(സ)ക്ക് രണ്ട് ഖുത്ബകള്‍ ഉണ്ടായിരുന്നു. അതിനിടയില്‍ നബി(സ) ഇരിക്കാറുണ്ടാരുന്നു. ഖുത്ബയില്‍ ഖുര്‍ആന്‍ ഓതി ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്തിരുന്നു (മുസ്‌ലിം 826).
ഖുര്‍ആന്‍ വിശദീകരിച്ചിരുന്നത് ഹദീസുകള്‍ കൊണ്ടായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണെന്നത് ഖുര്‍ആനില്‍ വ്യാപിച്ചുകിടക്കുന്ന യാഥാര്‍ഥ്യമാണ്. നമ്മുടെ ഖുത്ബകള്‍ പ്രമാണബദ്ധമായിരിക്കണം. അല്ലാഹു അരുളി: ”നബിയേ, പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിങ്കലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്തുടര്‍ന്നവരും” (യൂസുഫ് 108).
‘ബസ്വീറത്’ എന്ന പദത്തിന് ‘ഉള്‍ക്കാഴ്ച’, ‘പ്രമാണബദ്ധം’ എന്നിങ്ങനെയും വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. നിര്‍മിതവും ദുര്‍ബലവുമായ ഹദീസുകളും അടിസ്ഥാനരഹിതമായ കഥകളും ഒരിക്കലും ഖുത്ബകളില്‍ അവതരിപ്പിക്കരുത്. മറിച്ച് ഹൃദയം കവരുന്ന വിധത്തിലുള്ള ഇസ്‌ലാമിന്റെ യഥാര്‍ഥ ചരിത്രവും നല്ല ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകളും ആകാവുന്നതാണ്.
ഖുത്ബ ആദര്‍ശബദ്ധമായിരിക്കണം. ശിര്‍ക്കും കുഫ്റും ബിദ്അത്തുകളും സാമൂഹിക തിന്മകളും തുറന്നുകാട്ടണം. അതിന് ആരെയും നാം ഭയപ്പെടരുത്. യഥാര്‍ഥ ഭക്തന്മാര്‍ അല്ലാഹുവെ മാത്രമേ ഭയപ്പെടൂ. അല്ലാഹു അരുളി: ”അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെടും. ഒരാക്ഷേപകന്റെ ആക്ഷേപവും അവന്‍ ഭയപ്പെടുകയില്ല” (മാഇദ 54). ആദര്‍ശം പറയുമ്പോള്‍ പ്രതിപക്ഷ ബഹുമാനം വേണം. ആളുകളെ അടച്ചാക്ഷേപിക്കുകയോ കാടടച്ചു വെടിവെക്കുകയോ അരുത്. അത് ഗുണത്തേക്കാള്‍ അധികം ദോഷമാണ് ചെയ്യുക. അവിടെ ഗ്രൂപ്പിസവും ഭിന്നതകളും സംജാതമാകാന്‍ സാധ്യതയുണ്ട്. അല്ലാഹു അരുളി: ”യുക്തിദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും താങ്കള്‍ താങ്കളുടെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിച്ചുകൊള്ളുക” (നഹ്‌ല് 125). എങ്കിലും മനുഷ്യത്വരഹിതമായ വല്ല സംഗതിയും വല്ലവനും ചെയ്തു എന്നറിഞ്ഞാല്‍ നബി(സ) ആ വ്യക്തിയെ പേരെടുത്തു വിമര്‍ശിക്കുകയില്ല. മറിച്ച് ഇപ്രകാരമാണ് പറയുക: ചില ആളുകളുടെ അവസ്ഥയെന്താണ്? അവര്‍ ഇപ്രകാരമൊക്കെ ചെയ്യുന്നുണ്ടല്ലോ? (അസ്ഹാബുസ്സുനന്‍).
ഒരു വ്യക്തിയെയും സമൂഹമധ്യത്തില്‍ പേരെടുത്തു വിമര്‍ശിക്കരുത്. അതൊരുപക്ഷേ മതനിഷേധത്തിലേക്കും സത്യനിഷേധത്തിലേക്കും അവനെ നയിച്ചേക്കാം. അതേ അവസരത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ചിലരെ പേരെടുത്തു വിമര്‍ശിച്ചത് നൂറു ശതമാനവും സത്യം മനസ്സിലാക്കിയിട്ടും അസൂയയും അഹന്തയും കാരണത്താല്‍ അതിനെ എതിര്‍ത്തതുകൊണ്ട് മാത്രമാണ്. മാത്രവുമല്ല, ഖുത്ബയെന്നത് ഒരു സാധാരണ പ്രസംഗമല്ല. അതൊരു ആരാധനാ കര്‍മവും കൂടിയാണ്. സാധാരണ പ്രസംഗത്തില്‍ നിന്ന് അയാള്‍ക്ക് അരോചകമായി കാണുന്നപക്ഷം എഴുന്നേറ്റുപോകാം. ജുമുഅ ഖുത്ബയില്‍ നിന്ന് അപ്രകാരം എഴുന്നേറ്റുപോവുകയെന്നത് അസാധ്യവുമാണ്.
ആയത്തുകള്‍ക്കും ഹദീസുകള്‍ക്കും കൃത്യമായ വിവരണം നല്കണം. അവ ഉള്‍ക്കൊള്ളുന്ന കാലിക ചിന്തകളിലേക്കും സങ്കല്പങ്ങളിലേക്കും സൂചന നല്കണം. ഖതീബിന്റെ ഭാഷ ലളിതവും വാചകങ്ങള്‍ ചെറുതുമായിരിക്കണം. നബിയുടെ പ്രസംഗം ചെറിയ സമയത്തിനകത്ത് ഒതുങ്ങിയതായിരുന്നു. ദുരൂഹതയും സങ്കീര്‍ണതയും ഉള്ള വാക്കുകള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നില്ല.
നബി(സ) അരുളിയതായി അലി(റ) പ്രസ്താവിച്ചു: ”നിങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുംവിധം സംസാരിക്കുക. അല്ലാഹുവും റസൂലും കളവാക്കപ്പെടുന്നതിനെ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?” (ബുഖാരി).
ഇസ്‌ലാമില്‍ തൗഹീദ്-ശിര്‍ക്ക്, ഈമാന്‍-കുഫ്ര്‍, ഹലാല്‍-ഹറാം ഒക്കെ ഖുര്‍ആന്‍ കൊണ്ടും സുന്നത്തു കൊണ്ടും വ്യക്തമാക്കപ്പെട്ടതാണ്. അല്ലാഹു അരുളി: ”നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് അവന്‍ നിങ്ങള്‍ക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ?” (അന്‍ആം 119). വിശുദ്ധ ഖുര്‍ആനിന്റെ നസ്വ് കൊണ്ടും സ്വഹീഹായ ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ട കാര്യങ്ങള്‍ സ്വയം ഇജ്തിഹാദ് നടത്തി വീണ്ടും ഹലാലും ഹറാമുമാക്കാന്‍ ആല്ലാഹു ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. അല്ലാഹു അരുളി: ”നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് ഹലാലാണ്, ഇത് ഹറാമാണ് എന്നിങ്ങനെ നിങ്ങള്‍ നുണ പറയരുത്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രേ അതിന്റെ ഫലം” (നഹ്ല്‍ 116).
ഖുര്‍ആനും സുന്നത്തും ഹലാലെന്നോ ഹറാമെന്നോ വ്യക്തമായി വിശദീകരിക്കാത്ത കാര്യങ്ങളും നമുക്ക് വിട്ടുവീഴ്ച ചെയ്തുതന്നിട്ടുള്ള കാര്യങ്ങളാണ്. നബി(സ) പറഞ്ഞു: ”ഹലാല്‍ എന്നു പറയുന്നത് അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് അനുവദനീയമാക്കി തന്നിട്ടുള്ള കാര്യങ്ങളാണ്. ഹറാം എന്നു പറയുന്നത് അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ള കാര്യങ്ങളുമാണ്. ഹലാലോ ഹറാമോ എന്നു പറയാതെ അല്ലാഹു മൗനം പാലിച്ച സംഗതികള്‍ നിങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്തിട്ടുള്ളവയാണ്” (തിര്‍മിദി). പ്രമാണങ്ങള്‍ പരിശോധിക്കാതെ ഹറാമും ഹലാലുമാക്കുന്ന ട്രെന്‍ഡ് വര്‍ധിച്ചുവരുകയാണ്. ഖുര്‍ആനിലോ സുന്നത്തിലോ ഹലാലായി സ്ഥിരപ്പെട്ട കാര്യങ്ങളും ഹറാമാക്കിക്കൊണ്ടിരിക്കുന്നുവെന്നതാണ് വസ്തുത. ഇസ്‌ലാമില്‍ നിരുപാധികം ഹറാമാകുന്ന കാര്യങ്ങള്‍ വളരെ വിരളമാണ്.
വ്യഭിചാരം, പലിശ ഭുജിക്കല്‍, ലഹരി ഉപഭോഗം എന്നിവയെല്ലാം നിരുപാധികം ഹറാമാണ്. എന്നാല്‍ സംഗീതം, കവിത, പ്രസംഗം എന്നിവ നിരുപാധികം ഹറാമല്ല. പ്രസ്തുത കലകള്‍ അല്ലാഹുവിനെയും പരലോകത്തെയും വിസ്മരിപ്പിക്കുന്നതാണെങ്കില്‍ ഹറാം തന്നെ. എന്നാല്‍ മേല്‍ പറഞ്ഞ കലകള്‍ അല്ലാഹുവിനെയും പരലോകത്തെയും സ്മരിപ്പിക്കുന്നതാണെങ്കില്‍ അനുവദനീയം തന്നെ. ചിലപ്പോള്‍ ഹലാലായ കാര്യം തന്നെ ഹറാമാകും. രക്തബന്ധം മാനിച്ചുകൊണ്ട് സന്തോഷത്തോടെ സ്വന്തം സഹോദരിയുടെ മുഖത്തേക്കു നോക്കല്‍ ഹലാലും പുണ്യകര്‍മവുമാണ്. എന്നാല്‍ ലൈംഗികച്ചുവയോടെ സഹോദരിയുടെ മുഖത്തേക്കു നോക്കല്‍ ഹറാമും കുറ്റകരവുമാണ്. ഖതീബുമാര്‍ ഇത്തരം കാര്യങ്ങളെല്ലാം വിചിന്തനം ചെയ്യേണ്ടതുണ്ട്.
ഖുത്ബകള്‍ സാന്ദര്‍ഭികമായിരിക്കണം. റമദാന്‍ മാസം ഒന്നിന് ഖുത്ബയിലെ വിഷയം നോമ്പോ വിശുദ്ധ ഖുര്‍ആനോ ആകേണ്ടതുണ്ട്. അതുപോലെ നമ്മുടെ നാട്ടില്‍ പല അനാചാരങ്ങളും നടക്കാറുണ്ട്. അത്തരം അനാചാരങ്ങള്‍ സാന്ദര്‍ഭികമായി ഖതീബുമാര്‍ ജനങ്ങളെ ഉണര്‍ത്തേണ്ടതുണ്ട്. ഓരോ മഹല്ലിലെയും ജനങ്ങളുടെ വിജ്ഞാനപരമായ പുരോഗതിയും ആദര്‍ശവും വിലയിരുത്തിക്കൊണ്ടായിരിക്കണം ഖുത്ബകള്‍ നിര്‍വഹിക്കേണ്ടത്. ആയിശ(റ) പ്രസ്താവിച്ചു: ”ജനങ്ങളുടെ അവസ്ഥയനുസരിച്ച് അവരെ വിലയിരുത്താന്‍ നബി(സ) ഞങ്ങളോട് കല്‍പിക്കുകയുണ്ടായി” (മുസ്‌ലിം, ഹാകിം).
വ്യക്തികള്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ ഖതീബ് പക്ഷം ചേരാന്‍ പാടില്ല. ആരെങ്കിലും നല്കുന്ന മുന്‍ധാരണ അനുസരിച്ച് അത്തരം പ്രശ്‌നങ്ങളില്‍ വിധി പറയാനും പാടില്ല. മറിച്ച് ഖതീബിന് അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കാന്‍ പരിശ്രമം നടത്താവുന്നതാണ്. അല്ലാഹു അരുളി: ”സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിക്കുന്നപക്ഷം അവര്‍ക്കിടയില്‍ നിങ്ങള്‍ സന്ധിയുണ്ടാക്കണം” (ഹുജുറാത്ത് 9).

Back to Top