ജുമുഅ ഖുത്ബ ലക്ഷ്യവും മാര്‍ഗങ്ങളും
പി കെ മൊയ്തീന്‍ സുല്ലമി
ജുമുഅ ഖുത്ബയുടെ മുഖ്യ ലക്ഷ്യം ഇസ്‌ലാമിനെ സംബന്ധിച്ച പഠനബോധവത്കരണമാകുന്നു. ”സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്്‌റിലേക്ക് നിങ്ങള്‍ ധൃതിപ്പെടേണ്ടതാണ്.” (ജുമുഅ 9)
ദിക്‌റിന് ഉദ്‌ബോധനം എന്ന അര്‍ഥമുണ്ട്. ”ഇത് (ഖുര്‍ആന്‍) ലോകര്‍ക്കുള്ള ഒരു ഉദ്‌ബോധനം മാത്രമാകുന്നു.” (സ്വാദ് 87) ദൈവസ്മരണക്കും ഖുര്‍ആനില്‍ ദിക്‌റ് എന്ന പ്രയോഗം ധാരാളമായി വന്നിട്ടുണ്ട്. ”ശ്രദ്ധിക്കുക: അല്ലാഹുവെ പറ്റിയുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.” (റഅ്്ദ് 28)
ജുമുഅയില്‍ രണ്ടും ഉള്‍പ്പെടുന്നതാണ്. ഖുത്ബയിലൂടെ ഉദ്‌ബോധനവും നമസ്‌കാരത്തിലൂടെ ദൈവസ്മരണയും നിലനിര്‍ത്താന്‍ സാധിക്കുന്നു. ഖുത്ബയിലൂടെ ഇസ്‌ലാം ഉദ്ദേശിക്കുന്നത് പഠനം തന്നെയാണ്. ”നബി(സ) ഖുര്‍ആന്‍ പാരായണം ചെയ്ത് ജനങ്ങള്‍ക്ക് ഉദ്‌ബോധനം നടത്തിയിരുന്നു.” (മുസ്്ലിം)
അബു രിഫാഅത്ത്(റ) പറയുന്നു: നബി(സ) ഖുത്ബ നിര്‍വഹിച്ചുകൊണ്ടിരിക്കെ ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്ന് ഇപ്രകാരം അപേക്ഷിക്കുകയുണ്ടായി: അല്ലാഹുവിന്റെ ദൂതരേ, ഒറ്റപ്പെട്ട ഒരു വ്യക്തി താങ്കളുടെ അടുക്കല്‍ വന്നിരിക്കുന്നത് എന്താണ് ദീന്‍ എന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ്. അപ്പോള്‍ നബി(സ) ഖുത്ബ നിര്‍ത്തി എന്റെ അടുക്കല്‍ വന്നു. അവിടെ ഒരു കസേരയും കൊണ്ടുവന്നു. അതിന്റെ കാലുകള്‍ ഇരുമ്പു കൊണ്ടുള്ളതായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. നബി(സ) അതിന്മേല്‍ ഇരുന്ന് അല്ലാഹു അദ്ദേഹത്തെ പഠിപ്പിച്ച ഒരുപാട് കാര്യങ്ങള്‍ എന്നെ പഠിപ്പിക്കുകയുണ്ടായി. പിന്നീട് ചെന്നു ഖുത്ബ പൂര്‍ത്തീകരിക്കുകയും ചെയ്തു.” (മുസ്‌ലിം 876)
ഈ ഹദീസിനെ വിശദീകരിച്ച് ഇമാം നവവി(റ) പറയുന്നു: ”ഖുത്ബയുടെ സന്ദര്‍ഭത്തില്‍ ഈമാനിനെ സംബന്ധിച്ചോ ഇസ്ലാമിനെക്കുറിച്ചോ വല്ലവനും ചോദിക്കുന്ന പക്ഷം അതിന് ഇമാം മറുപടി നല്‍കിയിരിക്കണം. സര്‍വാംഗീകൃത പണ്ഡിതാഭിപ്രായമാണ് ഇത്.” (ശറഹു മുസ്്‌ലിം 3:431)
ഇബ്നുഹജര്‍(റ) പറയുന്നു: ”മിമ്പറില്‍ വെച്ച് മതപരമായ വിധിവിലക്കുകള്‍ പഠിപ്പിക്കുകയെന്നത് ഖത്വീബിന്റെ ബാധ്യതയാകുന്നു” (ഫത്്ഹുല്‍ബാരി 2:361)
സുന്നി സമൂഹം അംഗീരിക്കുന്ന ഇബ്‌നു ഹജറുല്‍ ഹൈതമി(റ)യും അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ”ഖുത്ബയുടെ ലക്ഷ്യം ജനങ്ങള്‍ മറന്നുപോകാത്ത വിധം ദീനിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ജനങ്ങള്‍ക്ക് ഉദ്‌ബോധനം നടത്തലാണ്.” (തുഹ്ഫ 2:336)
ജനങ്ങള്‍ ഉദ്‌ബോധനം ശരിയായി ഉള്‍ക്കൊള്ളണമെങ്കില്‍ ഖുത്ബ പ്രമാണബദ്ധമായിരിക്കണം. ഇസ്ലാമിന്റെ പ്രമാണങ്ങള്‍ നാലാകുന്നു. ഖുര്‍ആന്‍, സുന്നത്ത്, ഇജ്്മാഅ്്, ഖിയാസ്. അല്ലാഹുവെയും പരലോകത്തെയും കുറിച്ച് ചിന്തിപ്പിക്കുന്ന ചരിത്രങ്ങളും നല്ല ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകളും ഖുത്ബയില്‍ ആകാവുന്നതാണ്. തെളിവുകളില്ലാതെ ഒരിക്കലും നമ്മുടെ ഖുത്ബകള്‍ മൈതാന പ്രസംഗമാകരുത്. ഖുത്ബകള്‍ പ്രമാണബദ്ധമായിരിക്കണം. അല്ലാഹു പറയുന്നു: ”നബിയേ പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും.” (യൂസുഫ് 108)
ദൃഢബോധ്യം, ഉള്‍ക്കാഴ്ച എന്നതുകൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് ഖുത്ബ പ്രമാണബദ്ധമായിരിക്കുകയെന്നതാണ്. പ്രമാണങ്ങളില്‍ ഒന്നാമത്തേത് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. അല്ലാഹു പറയുന്നു: ”അതിനാല്‍ എന്റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്‍ആന്‍ കൊണ്ട് നീ ഉദ്‌ബോധനം നടത്തുക.” (ഖാഫ് 45). ”ഇതുകൊണ്ട് (ഖുര്‍ആന്‍) നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക.” (ഫുര്‍ഖാന്‍ 52)
രണ്ടാമതായി ഖുത്ബയില്‍ നാം പ്രാധാന്യം നല്‍കേണ്ടത് സ്വഹീഹായ ഹദീസുകള്‍ക്കാണ്. ഹദീസുകള്‍ വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്യുക.” (ഹശ്ര്‍ 7)
”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്.” (അഹ്്സാബ് 21) ”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ സ്ത്രീയാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.” (അഹ്്‌സാബ് 36)
ഖുര്‍ആനിന്റെ വ്യക്തമായ ആശയങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായി വരുന്ന ഹദീസുകള്‍ സ്വീകരിക്കേണ്ടതില്ല. അന്ത്യദിനം സംഭവിക്കുന്നത് വെള്ളിയാഴ്ചയായിരിക്കും എന്നു പറയപ്പെടുന്ന ഹദീസ് ഇതിനുദാഹരണമാണ്. ”തീര്‍ച്ചയായും അല്ലാഹുവുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്.”(ലുഖ്മാന്‍ 34) എന്നതാണ് പരലോകത്തെപ്പറ്റിയുള്ള ഖുര്‍ആന്‍ അധ്യാപനം.
തന്റെ അറിവ് പരിമിതമാണെന്ന ചിന്തയാണ് ഒരു ഖതീബിന് ഉണ്ടായിരിക്കേണ്ടത്. താഴെ വരുന്ന ഖുര്‍ആന്‍ വചനങ്ങളെക്കുറിച്ച് ചിന്തയുണ്ടായിരിക്കണം. ”അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.” (ഇസ്‌റാഅ്് 85). ”നിങ്ങള്‍ക്ക് അറിഞ്ഞു കൂടെങ്കില്‍ (വേദഗ്രന്ഥം നല്‍കപ്പെട്ട) ഉദ്‌ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോദിച്ചു നോക്കുക.” (നഹ്്ല്‍). ”അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്.” (യൂസുഫ് 76)
എല്ലാം അറിയുമെന്ന അഹങ്കാരം ഒരു വ്യക്തിയുടെ മനസ്സില്‍ ഉറച്ചു കഴിഞ്ഞാല്‍ അത്തരക്കാര്‍ പുതിയ ഇജ്തിഹാദ് (ഗവേഷണം) നടത്തി കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തും. അതുപോലെ നമ്മുടെ ഖുത്ബകള്‍ യുക്തിപൂര്‍വ്വവും സാന്ദര്‍ഭികവുമായിരിക്കണം. അല്ലാഹു പറയുന്നു: ”യുക്തിദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും താങ്കളുടെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് താങ്കള്‍ ക്ഷണിച്ചു കൊള്ളുക.” (നഹ്്ല്‍ 125)
യുക്തിദീക്ഷയെന്നത് വളരെ വിശാലമായ ആശയം ഉള്‍ക്കൊള്ളുന്നതാണ്. അഥവാ നമ്മുടെ ഖുത്ബകള്‍ ശ്രോദ്ധാക്കളുടെ നിലവാരം മനസ്സിലാക്കിക്കൊണ്ടായിരിക്കണം. ഇസ്‌ലാമിക ആദര്‍ശം പ്രചരിപ്പിക്കേണ്ടത് ഖുത്ബകളില്‍ തന്നെയാണ്. എന്നുവെച്ച് എന്നും വിഷയം ഒന്നായിരിക്കരുത്. ആദര്‍ശം പറയുന്നതിലും നാം പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തണം. ഓരോ മഹല്ലുകാരുടെയും ജീവിതരീതിയും ആദര്‍ശബോധവും പരിഗണിക്കണം. നൂറുശതമാനം മുജാഹിദുകളുള്ള ഒരു മഹല്ലിലെ മിമ്പറില്‍ മാലമൗലീദുകള്‍ പാടിപ്പറഞ്ഞ് ഖുത്ബ നിര്‍വഹിക്കേണ്ട ആവശ്യമില്ല.
നബി(സ)യുടെ ഖുത്ബയെ സംബന്ധിച്ച് ജാബിറുബ്നു സമൂറത്(റ) പറയുന്നത് ഇപ്രകാരമാണ്: ”നബി(സ)യുടെ നമസ്‌കാരം മിതമായിരുന്നു. അവിടുത്തെ ഖുത്ബയും മിതമായിരുന്നു.” (മുസ്്‌ലിം 866). ഖതീബ് നിര്‍വഹിക്കുന്നത് സദുപദേശമായിരിക്കണം.
ഖുത്ബയുടെ പ്രധാനപ്പെട്ട മറ്റൊരു ലക്ഷ്യം അല്ലാഹുവിനെക്കുറിച്ചും പരലോകത്തെ സംബന്ധിച്ചും ജനങ്ങളെ ബോധവാന്മാരാക്കുകയെന്നതാണ്. അതിന് പ്രയോജനപ്പെടുന്ന ഭാഷാ പ്രയോഗമായിരിക്കണം ഉണ്ടാവേണ്ടത്. ഇമാം നവവി(റ) പറയുന്നു: ”വിവിധങ്ങളായ അര്‍ഥമുള്ളതും ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ളതും ശ്രേദ്ധാക്കള്‍ക്ക് അരോചകമായതുമായ ഭാഷ ഖുത്ബയില്‍ ഉപയോഗിക്കല്‍ ഒഴിവാക്കേണ്ടതാണ്. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ നിങ്ങള്‍ സംസാരിക്കണം എന്ന് അലി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ് അതിന് തെളിവാണ്.” (ശറഹുല്‍ മുഹദ്ദബ് 4:28)
സൗമ്യമായിട്ടാണ് ഖുതുബ നിര്‍വഹിക്കേണ്ടതെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ കാര്യങ്ങള്‍ ഗൗരവമായി പറയേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ നബി(സ) ധര്‍മ രോഷത്തോടെ സംസാരിച്ചതായി ഹദീസുകളില്‍ കാണാം. ”നബി(സ) ഖുത്ബ നിര്‍വഹിക്കുമ്പോള്‍ കണ്ണുകള്‍ ചുവക്കുകയും ശബ്ദം ഉയരുകയും ചെയ്തിരുന്നു. ഒരു (സൈന്യാധിപന്‍) സൈന്യത്തിന് മുന്നറിയിപ്പ് നല്‍കുന്നതു പോലെയായിരുന്നു.” (മുസ്‌ലിം 867)
മഹല്ലില്‍ തന്നെ രാഷ്ട്രീയപരമായും മതസംഘടനാപരമായും വ്യത്യസ്ത വിഭാഗക്കാര്‍ ഉണ്ടായിരിക്കും. ഖതീ ബ് വിഭാഗീയതകള്‍ക്ക് അതീതനായിരിക്കണം. പ്രവര്‍ത്തനരംഗത്തെ ന്യൂനതകള്‍ പറയുമ്പോള്‍ വ്യക്തിഹത്യയും വിമര്‍ശനങ്ങളും പാടില്ല. വ്യക്തിപരമായ ന്യൂനതകള്‍ ബന്ധപ്പെട്ടവരോട് സ്വകാര്യമായി പറയുന്നതാണ് നല്ലത്. മഹല്ല് സംബന്ധമായ കാര്യങ്ങള്‍ പറയുമ്പോള്‍ അവരുമായി കൂടിയാലോചന നടത്തണം. കാരണം നബി(സ)യോടു പോലും അല്ലാഹു കല്‍പിച്ചത് മുശാവറ നടത്തി കാര്യങ്ങള്‍ തീരുമാനിക്കാനാണ്. ”കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക.” (ആലുഇംറാന്‍ 159)
സത്യവിശ്വാസികളുടെ സമ്പ്രദായം അല്ലാഹു വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”തങ്ങളുടെ രക്ഷിതാവിന്റെ കല്‍പന സ്വീകരിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വ്വഹിക്കുകയും തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് പരസ്പരമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കും (നാം പൊറുത്തു കൊടുക്കുന്നതാണ്) (ശൂറ 38)
ഖുത്ബകളില്‍ ദുനിയാവിന്റെ കാര്യങ്ങളും കൂടി ഉള്‍പ്പെടുത്തണം. കാരണം ആഖിറത്തിലെ പല കാര്യങ്ങളും ദുനിയാവുമായി ബന്ധപ്പെടുന്നതാണ്. ഖതീബിന്റെ വേഷവും സംസാരവും പെരുമാറ്റവുമൊക്കെ ജനങ്ങളെ ആകര്‍ഷിക്കുന്നതും സ്വാധീനം ചെലുത്തുന്നതുമായിരിക്കണം. ഖതീബിന്റെ നെരിയാണിക്കു താഴെയുള്ള പാന്റും തുണിയും ചിലപ്പോള്‍ ശ്രോദ്ധാക്കളുടെ ആദര്‍ശത്തില്‍ തന്നെ വ്യത്യാസം വരുത്താന്‍ കാരണമാകും. അത് വലിയ കുറ്റകരവുമായ കാര്യവുമാണല്ലോ. നബി(സ) പറയുന്നു: ”അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവരുടെ നേരെ അല്ലാഹു അന്ത്യദിനത്തില്‍ നോക്കുക പോലുമില്ല.” (ബുഖാരി, മുസ്്‌ലിം). ”തുണിയില്‍ നിന്ന് രണ്ടു നെരിയാണികള്‍ക്കു താഴെയുള്ളത് നരകത്തിലാണ്.” (ബുഖാരി)
നമസ്‌കാരത്തിലും ജുമുഅയിലും എല്ലാ അലങ്കാരവും സ്വീകരിക്കാവുന്നതാണ്. നബി(സ) സ്ഥിരമായി തലപ്പാവ് ധരിച്ചിരുന്നില്ല. എന്നാല്‍ ചിലപ്പോള്‍ ധരിക്കാറുണ്ടായിരുന്നു എന്ന് മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം. ഒരു കാര്യം സുന്നത്താണെങ്കില്‍ അത് സ്ഥിരമായി നിലനിര്‍ത്തുകയെന്നതാണ് നബിചര്യ. തലപ്പാവിന്റെ പോരിശകളെക്കുറിക്കുന്ന സകല റിപ്പോര്‍ട്ടുകളും നിര്‍മ്മിതങ്ങളാകുന്നു.