26 Saturday
April 2025
2025 April 26
1446 Chawwâl 27

ജൂലിയന്‍ അസാന്‍ജ് പുറത്തുവരുമ്പോള്‍

സജീവന്‍ മാവൂര്‍

വിക്കിലീക്‌സിലൂടെ ലോകത്തെ അധികാര കേന്ദ്രങ്ങളെ ഞെട്ടിക്കുകയും വിറപ്പിക്കുകയും ചെയ്ത ജൂലിയന്‍ അസാന്‍ജ് എന്ന ധീരനായ പത്രപ്രവര്‍ത്തകന്‍ ജാമ്യം ലഭിച്ച് ജയില്‍മോചിതനായിരിക്കുന്നു. രാജ്യങ്ങളുടെ ഞെട്ടിക്കുന്ന പ്രതിരോധ രഹസ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ട് പുതുചരിത്രം കുറിച്ച അസാന്‍ജ് തന്റെ വിപ്ലവദൗത്യം പൂര്‍ത്തീകരിച്ചാണ് പുറത്തിറങ്ങുന്നത്. 14 വര്‍ഷമാണ് അദ്ദേഹത്തിന് ലോകത്തെ വിവിധ ജയിലുകളില്‍ കഴിയേണ്ടിവന്നത്.
അസാന്‍ജ് പുറത്തുവിട്ട ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള സിഐഎയുടെ വിലയിരുത്തലുകള്‍ കൗതുകവും രാഷ്ട്രീയ കോളിളക്കവുമുണ്ടാക്കി. തങ്ങളുടെ രഹസ്യ ഓപറേഷനുകളുടെ പേരില്‍ അഭിമാനിക്കുകയും അതേസമയം ജനാധിപത്യത്തെക്കുറിച്ച് വീമ്പടിക്കുകയും ചെയ്യുന്ന അമേരിക്ക സ്വന്തം സഖ്യരാഷ്ട്രങ്ങളെ അസ്ഥിരമാക്കാനും തകര്‍ക്കാനുമായി നടത്തിയ രഹസ്യ ഓപറേഷനുകള്‍, യുഎന്നിനെതിരെ അമേരിക്ക നടത്തിയ രഹസ്യ നീക്കങ്ങള്‍, ഇറാഖില്‍ അമേരിക്ക അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരെ അടക്കം വധിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട സംഭവം, അഫ്ഗാനിലെയും ഇറാഖിലെയും ലക്ഷക്കണക്കിന് നിരപരാധികളെ പൈശാചികമായി കൂട്ടക്കൊല ചെയ്ത അമേരിക്കയുടെ യുദ്ധരഹസ്യങ്ങള്‍, ഗ്വണ്ടാനമോ തടവറകളില്‍ അമേരിക്ക രഹസ്യമായി നടത്തിയ പൈശാചികമായ പീഡനങ്ങള്‍, കെനിയയിലെ ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാനായി നടത്തിയ കൂട്ട വധശിക്ഷകള്‍, അറബ് രാജ്യങ്ങളില്‍ നടക്കുന്ന അതിഭീമമായ അഴിമതികള്‍, പെറുവില്‍ നടന്ന പെട്രോളിയം തട്ടിപ്പ്, സിറിയയില്‍ നടക്കുന്ന ആഭ്യന്തര കലാപങ്ങളിലെ ഭീകരതകള്‍, തിബത്തന്‍ കലാപവുമായി ബന്ധപ്പെട്ട് ചൈന നടത്തിയ ഭീകരതകള്‍ തുടങ്ങി അതതു രാജ്യങ്ങള്‍ ഭദ്രമായി മൂടിവെച്ചുവരുന്ന അനേകം രഹസ്യങ്ങളാണ് വിക്കിലീക്‌സ് കേബിളുകളിലൂടെ ജൂലിയന്‍ അസാന്‍ജ് എന്ന ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ജേണലിസ്റ്റ് ചെല്‍സി മാനിങ് എന്ന ധീരനായ ആക്ടിവിസ്റ്റിന്റെ സഹായത്തോടെ പുറത്തുകൊണ്ടുവന്നത്.
ലോകത്തെ നടുക്കുന്ന അതിഭീകരമായ പീഡനങ്ങളുടെ അതിബൃഹത്തായ ഒരു ലൈബ്രറിയാണ് വിക്കിലീക്‌സ് എന്നാണ് അസാന്‍ജ് വിശേഷിപ്പിച്ചത്. ഇത്തരുണത്തില്‍, വന്‍ശക്തി രാജ്യങ്ങളുടെ കുപ്രസിദ്ധമായ രഹസ്യരേഖകള്‍ പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ച എഡ്വേര്‍ഡ് സ്‌നോഡനെയും ഓര്‍ക്കേണ്ടതുണ്ട്. അമേരിക്കയുടെ വേട്ടയാടലില്‍ നിന്നു സ്വയം രക്ഷിക്കാനായി അദ്ദേഹത്തിനു റഷ്യന്‍ പൗരത്വം സ്വീകരിക്കേണ്ടിവന്നു. ധീരരായ പത്രപ്രവര്‍ത്തകരെ ചാരവൃത്തിക്കേസില്‍ പെടുത്തി കല്‍ത്തുറുങ്കും വധശിക്ഷയുമായി വേട്ടയാടാന്‍ വന്‍ശക്തി രാജ്യങ്ങള്‍ക്കു കഴിയുമെന്നും സത്യത്തിന് അത്ര ദൂരം മാത്രമേ തനിച്ചു പറക്കാന്‍ പറ്റൂ എന്നും ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.

Back to Top