ജുഡീഷ്യറിയുടെ പരിഷ്‌കാരം: ഇസ്‌റാഈലില്‍ ആയിരങ്ങള്‍ തെരുവില്‍
നീതിന്യായ സംവിധാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്ന നടപടികളുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ തെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് പ്രകടനം നടത്തി. 70 കിലോമീറ്റര്‍ ദൂരത്തില്‍ നടന്ന പ്രകടനം സര്‍ക്കാരിനെതിരായ വന്‍ പ്രക്ഷോഭങ്ങളില്‍ ഒന്നായി മാറി. പ്രതിഷേധങ്ങള്‍ അവഗണിച്ച് ജുഡീഷ്യറിയുടെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആയിരങ്ങള്‍ വീണ്ടും തെരുവില്‍ ഇറങ്ങിയത്. പരിഷ്‌കരണ നടപടികളില്‍ നിന്ന് പിന്മാറണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അഭ്യര്‍ഥിച്ചിരുന്നു. മന്ത്രിമാരുടെ തീരുമാനങ്ങള്‍ റദ്ദാക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം എടുത്തുകളയുന്നതാണ് ബില്ല്. അഴിമതിയും അയോഗ്യരായ വ്യക്തികളെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുന്നതും തടയുന്നതിന് സുപ്രീംകോടതിക്കുള്ള അധികാരമാണ് ബില്‍ പാസായാല്‍ ഇല്ലാതാകുന്നത്.