ജോഷിമഠ് മനുഷ്യനെ പഠിപ്പിക്കുന്നത്
ടി പി എം റാഫി
ഹിമാലയന്‍ മേഖലയായ ജോഷിമഠില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന, മനുഷ്യനെ നടുക്കുന്ന പ്രതിഭാസത്തിനു കാരണമെന്താണ്? 2022 ഡിസംബര്‍ 27-നും ജനുവരി 8-നുമിടയില്‍, അതായത് 12 ദിവസത്തിനിടെ ആ പ്രദേശം 5.4 സെന്റീമീറ്റര്‍ താഴ്ന്നുപോയി. ഐ എസ് ആര്‍ ഒയുടെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെ സാറ്റലൈറ്റ് ഈ അസാധാരണ പ്രതിഭാസത്തെ സ്ഥിരീകരിച്ച് ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവിട്ടു.
ജോഷിമഠ് സ്ഥിതി ചെയ്യുന്ന ചാമോലി ജില്ലയില്‍ 22000 പേരുണ്ട്. നാലായിരത്തിനടുത്ത് വലുതും ചെറുതുമായ കെട്ടിടങ്ങളും. ഇതിനകം 750 വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും വിള്ളലുകള്‍ വീണു. 4000 മനുഷ്യരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജനുവരി 15 ഞായറാഴ്ചയോടെ വീണ്ടും കനത്ത വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. രണ്ട് വന്‍ ഹോട്ടലുകള്‍ കൂടി ചരിഞ്ഞെന്നാണ് പുതിയ കണ്ടെത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ജോഷിമഠിനെ പത്തു മേഖലകളായി തിരിച്ച് സമഗ്ര പരിശോധന നടത്താന്‍ ദേശീയ ദുരന്തനിവാരണ സേന തീരുമാനിച്ചു. അതിനിടെ, എല്ലാ വികസനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ബദരീനാഥ് മുഖ്യ പൂജാരി ഈശ്വരപ്രസാദ് നമ്പൂതിരി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
സമുദ്രനിരപ്പില്‍ നിന്ന് 1875 മീറ്റര്‍ ഉയരത്തിലാണ് ജോഷിമഠ്. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയുടെ ഈ വടക്കുപടിഞ്ഞാറന്‍ പ്രദേശം ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്നുനില്‍ക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-നവംബര്‍ കാലത്ത്, ഏഴു മാസം കൊണ്ട് 8.9 സെന്റിമീറ്റര്‍ മാത്രമാണ് ഭൂമി താഴ്ന്നിരുന്നത്. ഇതുമായി താരതമ്യം ചെയ്താല്‍ പേടിപ്പെടുത്തുന്ന തരത്തിലാണ് പുതിയ പ്രതിഭാസം അരങ്ങേറിയത്. വെറും 12 ദിവസം കൊണ്ട് 5.4 സെന്റിമീറ്ററാണ് പ്രതലം കൂപ്പുകുത്തിയത്. അതിവേഗത്തിലുള്ള മണ്ണുമാറ്റമാണ് ആര്‍മി ഹെലിപാഡും ക്ഷേത്രവും സ്ഥിതിചെയ്യുന്ന മധ്യ ജോഷിമഠ് പ്രദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നത് വേഗത്തിലായെന്ന വാര്‍ത്തയും ചിത്രവും ഐ എസ് ആര്‍ ഒ ഇപ്പോള്‍ സൈറ്റില്‍ നിന്നു പിന്‍വലിച്ചിരിക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ 5.4 സെന്റിമീറ്റര്‍ ഭൂമി ആണ്ടുപോയി എന്നാണ് ഐ എസ് ആര്‍ ഒ നേരത്തെ വ്യക്തമാക്കിയത്. ഉപഗ്രഹ ചിത്രങ്ങളടങ്ങിയ ഈ റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ നിന്നു തന്ത്രപൂര്‍വം നീക്കംചെയ്യുകയായിരുന്നു.
റിപ്പോര്‍ട്ട് നീക്കം ചെയ്യാന്‍ മന്ത്രി ധന്‍സിങ് അടക്കമുള്ള സര്‍ക്കാറിന്റെ വക്താക്കള്‍ ഐ എസ് ആര്‍ ഒവില്‍ സമ്മര്‍ദം ചെലുത്തിയതായുള്ള വാര്‍ത്ത പുറത്തായി. അതിനിടെ, ഐ എസ് ആര്‍ ഒ ഉള്‍പ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങളോട് ജോഷിമഠിനെ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ ഡി എം എ) ഉത്തരവിട്ടിരിക്കയാണ്. മാധ്യമങ്ങളോടു പ്രതികരിക്കുന്നതും വിലക്കി. ഐ എസ് ആര്‍ ഒക്കു പുറമെ രാജ്യത്തെ മറ്റു പ്രമുഖ സ്ഥാപനങ്ങള്‍ക്കും ‘ബ്ലാക്ഔട്ട്’ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഈ തമസ്‌കരണത്തിന്റെയൊക്കെ ലക്ഷ്യമെന്താണ്? വാര്‍ത്ത മൂടിവെച്ചാല്‍ ദുരന്തത്തിന്റെ ആഘാതത്തെ ഇല്ലാതാക്കാനാവുമോ?
ഹിമാലയന്‍ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൗമശാസ്ത്രപരവും പാരിസ്ഥിതികവുമായ ആഘാതങ്ങളെക്കുറിച്ചും മനുഷ്യന്റെ തത്വദീക്ഷയില്ലാത്ത ഇടപെടലുകളെക്കുറിച്ചും വ്യക്തമാക്കുന്ന ഒട്ടേറെ ശാസ്ത്രീയപഠനങ്ങള്‍ നടന്നിട്ടുണ്ട്. അതീവ ദുര്‍ബല പ്രദേശമായതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിക്കുകൂടി ഏറ്റുവാങ്ങുന്ന പ്രദേശം കൂടിയാണ് ജോഷിമഠ് എന്നോര്‍ക്കണം.
കാലാവസ്ഥാ വ്യതിയാനവും അതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങളും അതിനു ചുക്കാന്‍ പിടിക്കുന്ന ദുര മൂത്ത മനുഷ്യന്റെ കൈക്കുറ്റപ്പാടുകളും അപകടാവസ്ഥ മുന്‍കൂട്ടി ശാസ്ത്രീയമായി കൈകാര്യം ചെയ്യാന്‍ വിമുഖത കാട്ടുന്ന ഭരണകൂടങ്ങളും ചേര്‍ന്നൊരുക്കിയതാണ് ‘ജോഷിമഠ്’ എന്ന് പരിസ്ഥിതിപ്രേമികള്‍ ആരോപിക്കുന്നു.
ഭക്തി ടൂറിസത്തിന് രാജ്യസുരക്ഷയുടെ മറപിടിച്ച് നയനിലപാടുകള്‍ മാറ്റിയെഴുതപ്പെട്ടു. നീതിപീഠങ്ങള്‍ നിസ്സഹായതയുടെ വിധികള്‍ പുറപ്പെടുവിച്ചു. അളകനന്ദ നദിക്കു കുറുകെയുള്ള എന്‍ടിപിസിയുടെ തപോവന്‍-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി നിര്‍മാണമാണ് ദുരന്തം ഇത്ര വേഗത്തിലാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു. ടണലിങ് പ്രവര്‍ത്തനം മണ്ണിടിച്ചില്‍ രൂക്ഷമാക്കിയതായി പരിസ്ഥിതി ഗവേഷകന്‍ രവി ചോപ്ര പറയുന്നു. 2013ലെ പ്രളയത്തിന് ഹൈഡ്രോ ഇലക്ട്രിക് പദ്ധതികള്‍ എങ്ങനെ ഹേതുവായി എന്നു പഠിച്ച കമ്മിറ്റിയുടെ തലവന്‍ കൂടിയാണ് ചോപ്ര.
ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഭക്തി ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 900 കിലോമീറ്റര്‍ നീളമുള്ള ചാര്‍ധാം പ്രോജക്ട് മറ്റൊരു ദുരന്തകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പര്‍വതപ്രദേശങ്ങളിലെ പരിസ്ഥിതിക്ക് താങ്ങാന്‍ പറ്റാത്ത തരത്തിലുള്ള റോഡ്, റെയില്‍ നിര്‍മാണങ്ങളും ദുരന്തത്തിന് ആക്കംകൂട്ടിയെന്നു കരുതുന്നവരുണ്ട്. ഇതിനകം 291 കിലോമീറ്റര്‍ പാത പൂര്‍ത്തിയായി. ഒട്ടേറെ ഫ്‌ളൈഓവറുകളും പാലങ്ങളും അടങ്ങിയ ഈ പാതയ്‌ക്കൊപ്പം ഋഷികേശ് മുതല്‍ കര്‍ണപ്രയാഗ് വരെ 126 കിലോമീറ്റര്‍ നീളത്തില്‍ ചര്‍ധാം റെയില്‍വെ പദ്ധതി വേറെയുമുണ്ട്. പര്‍വതങ്ങള്‍ തുരന്നാണ് ടണലുകള്‍ തീര്‍ക്കുന്നത്. 100 കിലോമീറ്ററാണ് ടണലുകളുടെ മൊത്തം ദൈര്‍ഘ്യം.
ആകസ്മിക പ്രളയത്തിനും മണ്ണിടിച്ചിലിനും ഈ കടുംകൈ കാരണമാകുമെന്ന് ശാസ്ത്രജ്ഞന്മാരും പരിസ്ഥിതിവാദികളും പറഞ്ഞെങ്കിലും അധികൃതര്‍ ചെവി കൊടുത്തില്ല. ഒടുവില്‍ വിഷയം സുപ്രീം കോടതിയിലെത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അടവു മാറ്റി. ചൈനയുടെ അതിര്‍ത്തിയിലേക്ക് എളുപ്പം എത്താന്‍ കഴിയുന്ന പാത എന്ന പ്രാധാന്യം പദ്ധതിക്കുണ്ടെന്നു വരുത്തിത്തീര്‍ത്ത് അവര്‍ സുപ്രീം കോടതിയില്‍ മുഖം മിനുക്കി. അതോടെ പരമോന്നത നീതിപീഠത്തിന്റെ പച്ചക്കൊടിയും ഭക്തി ടൂറിസത്തെ പൊലിപ്പിക്കാനുള്ള പദ്ധതിക്ക് കിട്ടി.
പല കാലങ്ങളിലായി സംഭവിച്ച ഉരുള്‍പ്പൊട്ടലുകളിലൂടെ ഒഴുകിയെത്തിയ മണ്ണിനും പാറയ്ക്കും മാലിന്യങ്ങള്‍ക്കും മുകളിലാണ് ജോഷിമഠ് സ്ഥിതിചെയ്യുന്നതെന്ന് 1976ല്‍ സര്‍ക്കാര്‍ നിയമിച്ച മിശ്ര കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അളകനന്ദ, ധൗളിഗംഗ നദികളിലെ പ്രവാഹങ്ങളും മണ്ണിടിച്ചിലിന് കാരണമാകുന്നുണ്ട്.
ഭൗമപാളികളില്‍ സംഭവിക്കുന്ന ചലനങ്ങള്‍ കൂടി ജോഷിമഠ് ദുരന്തം പൂര്‍ത്തിയാക്കുന്നു. ഇന്ത്യന്‍ ശിലാമണ്ഡല ഫലകം യൂറോപ്യന്‍ ശിലാമണ്ഡല ഫലകത്തിനടിയിലേക്ക് അമരുന്നതിന്റെ ഫലമായാണ് ഈ മേഖലകളില്‍ ഭൂകമ്പങ്ങള്‍ അടക്കമുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുന്നതെന്ന് പഠനങ്ങളുണ്ട്. ഈയിടെ ജിപിഎസ് അടിസ്ഥാനമാക്കി നടത്തിയ ജിയോഡെറ്റിക് പഠനത്തില്‍ പറയുന്നത്, ഇന്ത്യന്‍ ഭൂവല്‍ക്കപാളികളുടെ ചലനനിരക്ക് വര്‍ഷത്തില്‍ 5-14 മില്ലിമീറ്ററെന്നാണ്. എന്നാല്‍ ഉത്തരാഖണ്ഡിലെ ഗര്‍വാര്‍, കുമാവോണ്‍ മേഖലകളില്‍ ഇത് 12-14 മില്ലിമീറ്ററായി ഉയര്‍ന്നിട്ടുണ്ട്. ഈ മേഖലയിലെ പര്‍വതനിരകളുടെ ബലഹീനതയാണ് ഇതു സൂചിപ്പിക്കുന്നത്. അതൊക്കെ അവഗണിച്ചാണ് ഭക്തി ടൂറിസത്തിനു വേണ്ടി പരിസ്ഥിതിയെ കൊല്ലുന്നത്.
കാബ്രിയന്‍ കാലഘട്ടം തൊട്ട് ആധുനിക കാലഘട്ടം വരെയുള്ള ഭൗമപ്രായത്തെ വ്യത്യസ്ത വന്‍ഘട്ടങ്ങളായും ചെറുഘട്ടങ്ങളായും തിരിച്ചിട്ടുണ്ട്. ഇത്രയും ദീര്‍ഘമായ പ്രായത്തില്‍ ഭൗമ പ്ലേറ്റുകള്‍ പല തരത്തിലും ചലിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഫലകങ്ങളുടെ ആകൃതിയും സ്വഭാവവും സ്ഥാനവും സാവധാനം മാറിക്കൊണ്ടിരിക്കുന്നുമുണ്ട്. ചില പ്ലേറ്റുകള്‍ ശിഥിലമായി പുതിയത് ജന്മമെടുക്കുന്നു. മറ്റു ചിലവ കൂട്ടിയിടിച്ച് പര്‍വതങ്ങളായിത്തീര്‍ന്നതും കാണാം. വളരെ നീണ്ട കാലഘട്ടത്തിനിടയ്ക്ക് സംഭവിച്ചതായതിനാല്‍ ഈ മാറ്റങ്ങളൊക്കെ നടന്നത് ഭൂമുഖത്ത് ജീവന്റെ തുടിപ്പ് ഉദ്ഭവിക്കുന്നതിനു വളരെ മുമ്പാണെന്നോര്‍ക്കണം. പരിവര്‍ത്തനം അനുസ്യൂതമായി നടന്നുകൊണ്ടിരിക്കുന്നുവെന്നതും വസ്തുതയാണ്.
”ഭൂമിയില്‍ തൊട്ടുതൊട്ടുകിടക്കുന്ന പല ഖണ്ഡങ്ങളുണ്ട്” (13:4) എന്ന ഖുര്‍ആന്‍ വചനം ഈ പ്രതിഭാസത്തിലേക്ക് വെളിച്ചം വീശുന്നു. ഭൗമോപരിതലം വ്യത്യസ്ത ഫലകങ്ങളായി നിലകൊള്ളുന്നുവെന്ന ശാസ്ത്രവസ്തുത ഈ വചനം വെളിപ്പെടുത്തുന്നുണ്ട്.
ഭൗമഖണ്ഡങ്ങള്‍ക്ക് മൂന്നുതരം ചലനങ്ങളുണ്ടെന്ന് ഭൂവിജ്ഞാനികള്‍ വിശദീകരിക്കുന്നു. കണ്‍വേര്‍ജന്റ് ചലനം, ഡൈവേര്‍ജന്റ് ചലനം, ട്രാന്‍സ്‌ഫോം ചലനം എന്നിവയാണവ. കണ്‍വേര്‍ജന്റ് ചലനത്തില്‍ ഫലകങ്ങള്‍ അടുക്കുകയാണ് ചെയ്യുന്നതെങ്കില്‍, ഡൈവേര്‍ജന്റ് ചലനത്തില്‍ ഫലകങ്ങള്‍ തമ്മില്‍ അകലുകയാണ് ചെയ്യുന്നത്.
മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) നടത്തിയ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്, പുരാതന കാലത്ത് ഭൂമിയുടെ മാന്റില്‍ ഉയര്‍ന്ന താപനില താങ്ങിനിര്‍ത്തിയിരുന്നുവെന്നും അത് ക്രസ്റ്റിലെ ഫലകങ്ങള്‍ ചലിപ്പിക്കുന്നതില്‍ ഇപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായിട്ടുണ്ടെന്നുമാണ്. രണ്ട് കൂറ്റന്‍ ഫലകങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ ‘സബ്ഡക്ഷന്‍’ എന്നു വിളിക്കുന്ന പ്രക്രിയ വഴി ഒരു ഫലകം താഴ്ന്ന് മറ്റൊന്നിനടിയിലേക്ക് സ്ലൈഡ് ചെയ്യാം. കീഴ്‌പെടുത്തപ്പെട്ട ഫലകം പിന്നീട് ഭൂമിയുടെ തപ്തമായിക്കിടക്കുന്ന മാന്റിലിലൂടെ, തേന്‍കുളത്തില്‍ പരന്ന കല്ലിട്ടതുപോലെ, തെന്നിത്തെന്നി പതുക്കെ താഴ്ന്നുപോകുകയും ചെയ്യാം. ജോഷിമഠിലെ പ്രതിഭാസത്തിനു പിന്നില്‍ ഇതും കാരണമായിക്കൂടെന്നില്ല.
ഹല്‍ദാനിയിലെ
കുടിയിറക്കം
പ്രകൃതിദുരന്തത്തിന്റെ വറചട്ടിയില്‍ നില്‍ക്കുമ്പോഴും, ഇതേ ഉത്തരാഖണ്ഡിലെ ഹല്‍ദാനിയില്‍ നിന്ന് അരലക്ഷം മനുഷ്യരെ നിഷ്‌കരുണം ഒഴിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. റെയില്‍വെ കൊടുത്ത ഒരു കേസില്‍ ഹൈക്കോടതി നടത്തിയ വിധിയെത്തുടര്‍ന്നാണ് മനുഷ്യത്വമില്ലാത്ത ഈ ഏര്‍പ്പാടിന് മുതിരുന്നത്. വിധി കേട്ട് കരയുന്ന വൃദ്ധരും സ്ത്രീകളും കുട്ടികളും അടക്കമുള്ള മനുഷ്യരുടെ ചിത്രങ്ങളും വാര്‍ത്തകളും കരളലിയിക്കുന്നതായിരുന്നു. മൈനസ് 6 ഡിഗ്രിയില്‍ നില്‍ക്കുന്ന ഈ പ്രദേശത്തു നിന്ന് ഏഴു ദിവസംകൊണ്ട് കുടിയിറങ്ങണമെന്ന ഉത്തരവാണ് ഹൈക്കോടതി ഡിസംബര്‍ 20ന് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നത്. നാല് സര്‍ക്കാര്‍ സ്‌കൂളുകള്‍, 11 പ്രൈവറ്റ് സ്‌കൂളുകള്‍, ഒരു ഗേള്‍സ് സ്‌കൂള്‍, രണ്ട് ബാങ്കുകള്‍, രണ്ട് കൂറ്റന്‍ വാട്ടര്‍ ടാങ്കുകള്‍, 11 മസ്ജിദുകള്‍, 4 ക്ഷേത്രങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സ്ഥലമാണിത്. ഇവയ്‌ക്കൊക്കെ സര്‍ക്കാര്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുമുണ്ട്. വീടുകള്‍ക്കും വസ്തുവകകള്‍ക്കും നികുതിയടയ്ക്കുന്നവരുമാണ് ഇവര്‍. വൈരാഗ്യബുദ്ധിയോടെ നടത്തുന്ന ഇത്തരം തീരുമാനങ്ങള്‍ ലോക മനഃസാക്ഷിക്കു മുമ്പില്‍ പ്രതിക്കൂട്ടിലാണ്. ഇതെന്തു ഭരണനിര്‍വഹണ രീതിയെന്നാണ് നിഷ്പക്ഷമതികള്‍ ചോദിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഹല്‍ദാനിയിലെ കൂട്ട കുടിയിറക്കലിന് സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്റ്റേ കിട്ടി എന്നതാണ് മനുഷ്യത്വം പൂര്‍ണമായി മരവിച്ചിട്ടില്ലെന്ന പ്രതീക്ഷയ്ക്കു വക നല്‍കുന്നത്. 50 വര്‍ഷത്തിലേറെയായി ഇവിടെ താമസിച്ചുവരുന്നവരെ അങ്ങനെ കുടിയിറക്കാനാവില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 7ന് കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.
പ്രകൃതിദുരന്തങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും, ആ മണ്ണില്‍ നിന്നുകൊണ്ടുതന്നെ മനുഷ്യസമൂഹങ്ങളെ ദ്രോഹിക്കുന്ന അധികാരിവര്‍ഗം ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല.
”മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കരയിലും കടലിലും കെടുതികള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവരെ ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. ഒരുവേള അവര്‍ക്ക് മാനസാന്തരമുണ്ടായേക്കാം” (ഖുര്‍ആന്‍: 30:41).
”നിങ്ങള്‍ അന്യോന്യം രക്തം ചിന്തില്ലെന്നും സ്വന്തം ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നും നിങ്ങളോട് നാം ഉറപ്പു വാങ്ങിയ സന്ദര്‍ഭം: നിങ്ങളത് അംഗീകരിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലെ ഒരു വിഭാഗത്തെ അവരുടെ വീടുകളില്‍ നിന്ന് നിങ്ങള്‍ ഇറക്കിവിടുകയും ചെയ്യുന്നു. നീതിരഹിതമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ പരസ്പരം സഹകരിക്കുകയും ചെയ്യുന്നു” (2:84,85).
”പൂര്‍വികാവകാശികളുടെ തിരോധാനാനന്തരം ഭൂമി പൈതൃകമായി ലഭിച്ചവരേ, നാം ഉദ്ദേശിക്കുന്നുവെങ്കില്‍ അവരുടെ പാപങ്ങള്‍ നിമിത്തം നാം പിടികൂടാറുണ്ടെന്ന സല്‍പാഠം അവര്‍ക്ക് സന്മാര്‍ഗദര്‍ശനം നല്‍കുന്നില്ലേ?” (7:100).