24 Wednesday
July 2024
2024 July 24
1446 Mouharrem 17

വക്കം മൗലവിയും ആധുനികാനന്തര വിമര്‍ശനങ്ങളും

ജോസ് അബ്രഹാം /മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

? അപകോളനീകരണ, കീഴാളപഠനങ്ങളുടെ ഭാഗമായി മറ്റൊരു രീതിയിലും മുസ്‌ലിം നവോത്ഥാനം വിമര്‍ശിക്കപ്പെടുന്നുണ്ട്. കേരളത്തിലെ പാരമ്പര്യ മുസ്‌ലിംകള്‍ അപരിഷ്‌കൃതരായിരുന്നു; അക്ഷര ജ്ഞാനമില്ലാത്തവരായിരുന്നു എന്ന നിലയില്‍ നവോത്ഥാനവാദികള്‍ വീക്ഷിച്ചിരുന്നു എന്നതാണ് ആ വിമര്‍ശം. അതായത്, പാരമ്പര്യ മുസ്‌ലിംകള്‍ സാക്ഷരരായിരുന്നു; അവര്‍ക്ക് അറബിയും അറബി മലയാളവുമൊക്കെ എഴുതാനും വായിക്കാനും അറിയാമായിരുന്നു. എങ്കിലും ഇംഗ്ലീഷ് അറിയുന്നവരെയും ആധുനിക വിദ്യാഭ്യാസം ലഭിച്ചവരെയും പരിഷ്‌കൃതരും അതിനു പുറത്തുള്ളവരെ അപരിഷ്‌കൃതരുമാക്കുന്ന കൊളോണിയല്‍ യുക്തിയാണ് നവോത്ഥാനവാദികള്‍ ഏറ്റെടുത്തത് എന്നതാണ് വിമര്‍ശനത്തിന്റെ കാതല്‍.
അറബിയിലും അറബി മലയാളത്തിലുമുള്ള സാക്ഷരതയെ സാക്ഷരതയായി കണക്കിലെടുക്കാതെ, ഇംഗ്ലീഷും മലയാളവും വായിക്കാനും എഴുതാനും അറിയുന്നവര്‍ മാത്രമാണ് സാക്ഷരര്‍ എന്നു പറയുന്ന കാഴ്ചപ്പാട്, കീഴാള പഠനത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ അത് യൂറോ സെന്റ്രിക് ആയിട്ടുള്ള, കോളോണിയല്‍ മോഡേണിറ്റിയുടെ ഒരു കാഴ്ചപ്പാടാണ്. അതുപോലെത്തന്നെ സ്ത്രീ വിമോചനത്തെ സംബന്ധിച്ചാണെങ്കില്‍ ‘മോഡേണ്‍ സ്ത്രീ’യെ കുറിച്ചുള്ള പാശ്ചാത്യ വിഭാവനയാണ് നവോത്ഥാനം ലക്ഷ്യമിട്ടത്; ഇസ്‌ലാമിലെ സ്ത്രീ വിമോചന കാഴ്ചപ്പാട് വ്യത്യസ്തമായ ഒന്നാണ്. സ്ത്രീ വിദ്യാഭ്യാസ പ്രോത്സാഹനത്തിലൂടെ വക്കം മൗലവിയും അദ്ദേഹത്തെപ്പോലുള്ള മറ്റുള്ളവരും കൊണ്ടുവരാന്‍ ശ്രമിച്ചത് ‘ആധുനിക പാശ്ചാത്യ സ്ത്രീ മാതൃക’ ആയിരുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. എന്താണ് താങ്കളുടെ അഭിപ്രായം?

വക്കം മൗലവിയെ സംബന്ധിച്ചിടത്തോളം പ്രവാചകന്റെ കാലശേഷമുള്ള ആദ്യത്തെ രണ്ടു, മൂന്നു തലമുറയില്‍ പെട്ട സലഫുസ്സ്വാലിഹുകളെ മാത്രമേ മാതൃകാ മുസ്‌ലിം സമൂഹമായി കരുതുന്നുള്ളൂ. അത് കഴിഞ്ഞ് ഇസ്‌ലാമിന് അപചയം സംഭവിച്ചു തുടങ്ങി എന്നതാണ് വക്കം മൗലവിയുടെ പൊതുവിലുള്ള നിലപാട്. പത്ത് – പതിനൊന്ന് നൂറ്റാണ്ട് ആയപ്പോഴേക്കും മുസ്‌ലിംസമൂഹത്തില്‍ കൂടുതല്‍ അപചയം സംഭവിച്ചു. അതിനെ തുടര്‍ന്ന് മുസ്‌ലിം സമൂഹത്തെ മുഴുവനായും ഉണര്‍ത്താനുള്ള ശ്രമമാണ് ‘ഇസ്‌ലാഹ്’ അല്ലെങ്കില്‍ നവോത്ഥാനം എന്നത് കൊണ്ട് മൗലവി അര്‍ഥമാക്കുന്നത്. ആ പ്രക്രിയയാണ് വക്കം മൗലവി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ നിര്‍വഹിക്കുന്നത് എന്നാണ് വക്കം മൗലവിയുടെ ചരിത്രം വായിച്ചാല്‍ നമുക്ക് മനസ്സിലാകുന്നത്.
മുസ്‌ലിം സമൂഹത്തില്‍ ചരിത്രപരമായി അപചയം സംഭവിച്ചു എന്ന വാദം, കൊളോണിയലിസത്തിന്റെ ന്യായീകരണമായി വിവരിക്കപ്പെടാറുണ്ട് എന്നത് സത്യമാണ്. ഈ ഒരു പോയന്റിലാണ് വക്കം മൗലവിയുടെ പരിഷ്‌കരണവാദവും ഓറിയന്റലിസ്റ്റുകളുടെ മുസ്‌ലിംകളെപ്പറ്റിയുള്ള കാഴ്ചപ്പാടും ഒരേ രീതിയിലാണ് എന്ന വിമര്‍ശത്തെ ഞാന്‍ മനസ്സിലാക്കുന്നത്. അത് വക്കം മൗലവിയുടെ കാര്യത്തില്‍ മാത്രമല്ല, ആ കാലത്തുള്ള എല്ലാ നവോത്ഥാന നായകന്മാരെ കുറിച്ചും പ്രസക്തമായ വിമര്‍ശനമാണ്. വക്കം മൗലവി വളരെ കൃത്യമായിട്ട് എന്താണ് മത പരിഷ്‌കരണം/ഇസ്‌ലാഹ് കൊണ്ട് താന്‍ ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്.
കാലപ്പഴക്കം കൊണ്ട് കേടുപാട് വരുന്ന ഒരു യന്ത്രത്തെ അറ്റകുറ്റ പണി ചെയ്ത് പരിഷ്‌കരിക്കുന്നത് പോലെയാണത് എന്നദ്ദേഹം എഴുതിയിട്ടുണ്ട്. ക്ലാവ് മാറ്റി യന്ത്രത്തെ നന്നാക്കുന്ന പ്രക്രിയയെയാണ് മതപരിഷ്‌കരണം എന്നത് കൊണ്ട് അദ്ദേഹം അര്‍ഥമാക്കുന്നത്. അതായത് മതത്തില്‍ വന്നുകൂടിയ ക്ലാവുകളെ നീക്കി പരിഷ്‌കരിക്കുന്നതിനെയാണ് അദ്ദേഹം മതപരിഷ്‌കരണം എന്ന് വിളിക്കുന്നത്. അപ്പോള്‍ ഏത് കാലത്തെയും അതിജീവിക്കാന്‍ കഴിവുള്ള ഒരു മതമായിട്ടാണ് അദ്ദേഹം ഇസ്‌ലാമിനെപ്പറ്റി മനസ്സിലാക്കിയിട്ടുള്ളത്. എന്നു പറഞ്ഞാല്‍ മുസ്‌ലിംകള്‍ അധപ്പതിക്കാനുള്ള ഒരു കാരണം, വക്കം മൗലവിയെ സംബന്ധിച്ചിടത്തോളം, മുസ്‌ലിംകള്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയേടത്ത് ഉള്ള കുഴപ്പമാണ്. അവിടെയാണ് വക്കം മൗലവി ഓറിയന്റലിസ്റ്റ് ചരിത്ര കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമാകുന്നത്.
അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം ഇസ്‌ലാഹുദ്ദീന്‍ എന്നതായിരുന്നു. മുസ്‌ലിംകളെയാണ് പരിഷ്‌ക്കരിക്കുന്നത്, ഇസ്‌ലാമിനെയല്ല എന്നാണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനിലേക്കും പ്രവാചക ചര്യയിലേക്കും യഥാര്‍ഥത്തില്‍ വിശ്വാസികളെ മടക്കിക്കൊണ്ടുപോവുകയാണെങ്കില്‍ അവര്‍ സ്വാഭാവികമായിട്ടും ആധുനിക കാലത്തോട് സഹവസിക്കാന്‍ യോഗ്യരായ ആളുകളായിത്തീരും എന്നൊരു കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. സ്ത്രീ നവീകരണത്തിന് ഇസ്‌ലാം എതിരല്ല എന്നുള്ളതാണ് വക്കം മൗലവി പറയുന്നത്. വെസ്‌റ്റേണ്‍ സ്ത്രീയല്ല യഥാര്‍ഥത്തില്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ മാതൃക എന്നുള്ളതും വക്കം മൗലവി സൂചിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസം നല്‍കി സ്ത്രീകളെ വ്യക്തിത്വം ഉള്ള മനുഷ്യരാക്കി മാറ്റുക എന്നതാണ് മൗലവി ലക്ഷ്യം വെച്ചത്.

? അദ്ദേഹം കോളോണിയല്‍ അനുകൂലമായ ഒരു കാഴ്ചപ്പാട് മുന്നോട്ടു വെച്ചു എന്നതിന് തെളിവായി ഉന്നയിക്കുന്ന മറ്റൊരു കാരണം, സര്‍ സയ്യിദ് അഹമ്മദ് ഖാനെ പോലെ അദ്ദേഹം ഒരിക്കലും തന്നെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് നിന്നില്ല എന്നുള്ളതാണ്. ബ്രിട്ടീഷുകാരോട് പൊരുതേണ്ടതില്ല എന്ന ഒരു കാഴ്ചപ്പാടായിരുന്നുവല്ലോ സര്‍ സയ്യിദിന്. ഏതാണ്ട് അതേ ഒരു മനോഭാവം തന്നെയായിരുന്നു വക്കം മൗലവിയിലും ഉണ്ടായിരുന്നത് എന്നാണ് വിമര്‍ശം. അതോടൊപ്പം തന്നെ പതിനാറാം നൂറ്റാണ്ടോടെ കേരളത്തില്‍ ഉണ്ടായിരുന്ന പല മുസ്‌ലിം പണ്ഡിതന്മാരും; ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മുതല്‍ മമ്പുറം സയ്യിദ് ഫള്ല്‍ തങ്ങള്‍ വരെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ വക്കം മൗലവി അങ്ങനെ ചെയ്തിരുന്നില്ല. അപ്പോള്‍ കൊളോണിയലിസത്തോടു ചേര്‍ന്ന് പോകുന്ന ഒരു നിലപാടായിരുന്നു മൗലവി പിന്തുടര്‍ന്നതെന്ന ആരോപണത്തെ താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?

ആധുനികവത്കരണവും ബ്രിട്ടീഷ് അനുകൂലനവും ഒരിക്കലും ഒന്നായിട്ട് ഞാന്‍ കാണുന്നില്ല. അത് രണ്ടും രണ്ടായിട്ടുള്ള കാര്യങ്ങളാണ്. വക്കം മൗലവിയുടെ സാമൂഹിക നവോത്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭാവന, മുസ്‌ലിംകളുടെ ഇടയില്‍ ആധുനിക വിദ്യാഭ്യാസം നടപ്പാക്കാന്‍ ശ്രമിച്ചു എന്നുള്ളതായിരുന്നു. സാമൂഹിക നവോത്ഥാനം മുസ്‌ലിംകളുടെ ഇടയില്‍ നടപ്പാക്കാനായിട്ടുള്ള ഒരു ഉപകരണമായിട്ടാണ് ആധുനിക വിദ്യാഭ്യാസത്തെ അദ്ദേഹം ഉപയോഗിക്കുന്നത്. വക്കം മൗലവിയുടെ മതത്തെപ്പറ്റിയുള്ള ചിന്തകള്‍ അല്‍ഇസ്‌ലാം എന്ന അദ്ദേഹത്തിന്റെ മാസികയിലാണ് കൂടുതല്‍ എഴുതുന്നത്. മുസ്‌ലിം എന്ന മാസികയില്‍ പങ്കുവെക്കപ്പെട്ട പ്രധാനപ്പെട്ട ചിന്ത, മുസ്‌ലിംകളുടെ ഇടയില്‍ ആധുനിക വിദ്യാഭ്യാസം എങ്ങനെ സാധ്യമാക്കാം എന്നുള്ളതായിരുന്നു. എങ്ങനെ മുസ്‌ലിംകളെ ആധുനിക വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരാം എന്നൊക്കെയായിരുന്നു.
വക്കം മൗലവിയുടെ പ്രധാനപ്പെട്ട ഒരാശയമായി ഞാന്‍ നിരീക്ഷിക്കുന്നത്, ആധുനിക വിദ്യാഭ്യാസം എങ്ങനെ മുസ്‌ലിംകളുടെ ഇടയില്‍ നടപ്പാക്കും എന്നുള്ള അദ്ദേഹത്തിന്റെ ആലോചനയാണ്. ആ ഒരു കാര്യത്തില്‍ വക്കം മൗലവി അതിനു മുന്‍പ് ഉണ്ടായിരുന്ന നവോത്ഥാന നായകന്‍മാരില്‍ നിന്ന് വ്യത്യസ്തമാകുന്നുണ്ട്. അദ്ദേഹത്തിന് മുന്‍പുണ്ടായിരുന്ന നവോത്ഥാന നായകരുടെ ആരുടെയും പ്രധാനപ്പെട്ട രചനകളില്‍, ആധുനിക വിദ്യാഭ്യാസം ഇത്ര പ്രാധാന്യത്തോടെ വരുന്നില്ല. അതുകൊണ്ടാണ് ചിലരെങ്കിലും ബ്രിട്ടീഷുകാരുടെ വക്താവായിരുന്നു അദ്ദേഹം എന്നൊക്കെ വിമര്‍ശിക്കുന്നതും.

? അന്നത്തെ കേരളത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമേ പഠിക്കാന്‍ പാടുള്ളൂ, അവര്‍ക്ക് മാത്രമേ വിദ്യാലയങ്ങള്‍ അനുവദിച്ചിരുന്നുള്ളൂ. കീഴ്ജാതിക്കാര്‍ തീണ്ടാപ്പാടകലെ നില്‍ക്കണമെന്ന സാമൂഹികമായ വിവേചനവും ഉണ്ടായിരുന്നു. പക്ഷേ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും എങ്ങനെയാണ് മുസ്‌ലിംകള്‍ വിദ്യാഭ്യാസത്തില്‍ പിന്നാക്കം പോയത്?

16-ാം നൂറ്റാണ്ടില്‍ വാസ്‌കോഡ ഗാമ വന്നപ്പോള്‍ മുസ്‌ലിംകളായിരുന്നു കേരളത്തിലെ പ്രമുഖ വ്യാപാര സമൂഹം. പോര്‍ച്ചുഗീസ് ആധിപത്യം കൊണ്ട് ബുദ്ധിമുട്ടേണ്ടി വന്ന സമുദായം മുസ്‌ലിം സമുദായമാണ്. അവസാനം പോര്‍ച്ചുഗീസുമായി ഏറ്റുമുട്ടേണ്ടി വരുന്നത് മുസ്‌ലിംകളാണ്. ഏകദേശം 100-150 വര്‍ഷത്തെ പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ട ചരിത്രം മുസ്‌ലിംകള്‍ക്ക് ഉണ്ട്. തുടര്‍ന്ന് വരുന്നത് ബ്രിട്ടീഷ് ആധിപത്യമാണ്. ബ്രിട്ടീഷ് ആധിപത്യം വന്നപ്പോഴും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വന്നത് യഥാര്‍ഥത്തില്‍ മുസ്‌ലിംകളാണ്. അതുകൊണ്ട് ബ്രിട്ടീഷുകാര്‍ കൊണ്ടുവരുന്ന എല്ലാം എതിര്‍ക്കുക എന്നുള്ളതായിരുന്ന മുസ്‌ലിംകളുടെ സമീപനം. ഇംഗ്ലീഷ് വിദ്യാഭ്യാസം നരകത്തിലെ വിദ്യാഭ്യാസമാണ്. ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷയാണ് എന്ന് പറയുന്നതൊക്കെ അവരുടെ എതിര്‍പ്പിന്റെ ഭാഗമായിരുന്നു. മറ്റു മതങ്ങളില്‍ ജാതിയുടെ പേരിലായിരുന്നു ആധുനിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് എങ്കില്‍ മുസ്‌ലിംകളുടെ ഇടയില്‍ ബ്രിട്ടീഷുകാരോടുള്ള ഈ വിരോധമാണ് ആധുനിക വിദ്യാഭ്യാസത്തില്‍ നിന്ന് അവരെ അകറ്റിയത്.
ജാതിയില്ലെങ്കിലും മുസ്‌ലിംകളുടെ ഇടയില്‍ ശക്തമായ പൗരോഹിത്യം നിലനില്‍ക്കുന്നുണ്ടായിരുന്നു. പുരോഹിതന്മാര്‍ വളരെ യാഥാസ്ഥിതികമായ നിലപാട് പുലര്‍ത്തി എന്നത് വക്കം മൗലവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമായി തീര്‍ന്നിട്ടുണ്ട്. അതും കൂടെ എടുത്തി പറയേണ്ടിയിരിക്കുന്നു.
വക്കം മൗലവി ഇത് തിരിച്ചറിഞ്ഞത് കുറേക്കൂടി കഴിഞ്ഞാണ്. വക്കം മൗലവി മുസ്‌ലിം മാസിക പബ്ലിഷ് ചെയ്യുന്ന സമയത്ത് വളരെ ചുരുക്കം മതപുരോഹിതന്മാര്‍ മാത്രമേ അദ്ദേഹത്തെ എതിര്‍ക്കുന്നുള്ളൂ. ആ എതിര്‍പ്പ് ആദ്യം വക്കം മൗലവി കണക്കിലെടുത്തിരുന്നില്ല. 10-12 വര്‍ഷം മുസ്‌ലിം പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. പിന്നീട് പൗരോഹിത്യത്തെ ചോദ്യം ചെയ്തില്ലെങ്കില്‍ ഒരിക്കലും മുസ്‌ലിംകള്‍ ആധുനിക വിദ്യാഭ്യാസം സ്വീകരിക്കാന്‍ പോവുന്നില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അന്നേരമാണ് യഥാര്‍ഥത്തില്‍ അല്‍ഇസ്‌ലാം എന്ന മാസിക ആരംഭിക്കുന്നത്. ആദ്യം മലയാളത്തിലും പിന്നീട് അറബി മലയാളത്തിലുമാണ് അത് പ്രസിദ്ധീകരിച്ചത്.
രണ്ടാമത്തെ കാര്യം, വക്കം മൗലവി വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുമ്പോള്‍ അല്ല വാസ്തവത്തില്‍ എതിര്‍പ്പു നേരിട്ടുള്ളത്. സമുദായത്തിലെ ആചാരങ്ങളെ നേര്‍ക്കുനേരെ എതിര്‍ത്തപ്പോഴാണ്. വിശ്വാസങ്ങളിലും ആചാരങ്ങളിലും കലര്‍പ്പുണ്ടായിട്ടുണ്ട് എന്നും അടിസ്ഥാന പ്രമാണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അത് പരിഷ്‌ക്കരിക്കപ്പെടേണ്ടതുണ്ട് എന്നും പറയുന്നത് മുതല്‍ എതിര്‍പ്പ് നേരിടുകയാണ് ചെയ്യുന്നത്.

? ഇടക്കാലത്ത്, അതായത് പോസ്റ്റ് ഐ എസ് കാലഘട്ടത്തില്‍ വക്കം മൗലവി ഉള്‍പ്പെടെ നവോത്ഥാന നായകന്മാര്‍ക്ക് എതിരെ പുതിയ ഒരു വിമര്‍ശനം ഉയരുന്നുണ്ട്. ഐ എസ്സിനെ അനുകൂലിച്ചു കൊണ്ട്, കേരളത്തില്‍ നിന്ന് ഏതാനും ആളുകള്‍ നാട് വിടുകയും ഐ എസില്‍ ചേരുകയും ചെയ്തു. അങ്ങനെ ചേര്‍ന്നവര്‍ സലഫി പശ്ചാത്തലം ഉള്ളവരാണ്. സലഫിസത്തെ കേരളത്തിലേക്ക് ആദ്യമായി കൊണ്ടുവന്ന ആള്‍ വക്കം മൗലവിയാണ്. അതായത് സലഫി മതചിന്തയെ കൊണ്ടുവന്ന ആളാണ് വക്കം മൗലവി. അദ്ദേഹമാണ് ഇബ്‌നു തൈമിയ്യയെ, അബ്ദുല്‍ വഹാബിനെ ഒക്കെ ആദ്യമായി കേരളത്തിലേക്ക് അവതരിപ്പിക്കുന്നത്. തീവ്രമായ മതചിന്തയുടെ ആളായിരുന്നു വക്കം മൗലവി എന്ന വിമര്‍ശനത്തെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

വളരെ ഭാഗികമായി മാത്രമേ വക്കം മൗലവിയുടെ രചനകള്‍ വായിക്കുന്നുള്ളൂ എങ്കില്‍ അങ്ങനെയൊരു സംശയം ഉണ്ടാവാന്‍ സാധ്യതയുണ്ട്. വക്കം മൗലവി മറ്റുള്ള നവോത്ഥാന ചിന്തകരില്‍ നിന്നും വ്യത്യസ്തനായിരുന്നു. ഞാന്‍ പഠിച്ച മിക്കവാറും എല്ലാ മുസ്‌ലിം നവോത്ഥാന നായകന്മാരിലും അവരുടെ പ്രധാന ലക്ഷ്യം എന്നു പറയുന്നത് ശരീഅത്ത് പരിഷ്‌കരണമായിരുന്നു. എന്നാല്‍, എന്താണ് ശരീഅത്ത്? ശരീഅത്തിനെ എങ്ങനെയാണ് പരിഷ്‌ക്കരിക്കേണ്ടത് എന്നുള്ള വിഷയങ്ങള്‍ വക്കം മൗലവി ഏറ്റവും കുറച്ച് മാത്രമാണ് എഴുതിയിട്ടുള്ളത്. വക്കം മൗലവി മാത്രമല്ല, സര്‍ സയ്യിദ് അഹമ്മദ് ഖാനും തന്റെയൊരു രചനയില്‍ താന്‍ ഒരു വഹാബിയാണെന്ന കാര്യം എഴുതിയിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഉള്ള പല നവോത്ഥാന നായകന്മാരും ആ രീതിയിലാണ് സലഫിസത്തെ അല്ലെങ്കില്‍ വഹാബിസത്തെ കണ്ടിരുന്നത്.
അന്നത്തെ കാലത്ത് വഹാബി എന്നോ സലഫി എന്നോ ഉപയോഗിക്കപ്പെട്ടിരുന്നപ്പോള്‍ ലഭിച്ചിരുന്ന ഒരു അര്‍ഥമല്ല ഇന്നത്തെ കാലഘട്ടത്തില്‍ ലഭിക്കുന്നത്, വളരെ വ്യത്യസ്തമായ ഒരു അര്‍ഥമാണ്. അതുകൊണ്ട് അന്ന് റിഫോര്‍മര്‍ എന്നൊക്കെയുള്ള അര്‍ഥത്തിലാണ് പലരും ‘വഹാബിസം’ മനസിലാക്കിയിരുന്നത്.
വക്കം മൗലവി തന്നെ മുഹമ്മദ് അബ്ദുല്‍ വഹാബിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി എഴുതുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ കാര്യങ്ങളില്‍ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ള വിശ്വാസങ്ങള്‍, പ്രത്യേകിച്ച് അതിന്റെ ഏകദൈവ വിശ്വാസത്തില്‍ സംഭവിച്ച മായങ്ങള്‍, ഇസ്‌ലാമിക ആചാരങ്ങളിലെ കലര്‍പ്പുകള്‍ എന്നിവയെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. ഒരു വ്യക്തി എന്ന നിലക്ക് പ്രത്യേകമായിട്ട് ഒരാളോടും അദ്ദേഹത്തിന് ഒരടുപ്പവും ഉണ്ടായിരുന്നില്ല.
ഇസ്‌ലാമിന്റെ ശരിയായ അടിസ്ഥാനങ്ങള്‍ ഖുര്‍ആനും ഹദീസും മാത്രമാണ് എന്ന് ഊന്നിപ്പറയാന്‍ വേണ്ടിയാണ് അബ്ദുല്‍ വഹാബിന്റെയും മറ്റും രചനകളെ മൗലവി ഉദ്ധരിച്ചത്. സര്‍സയ്യിദും വക്കം മൗലവിയും അതുപോലെയുള്ള മറ്റു പലരും പറഞ്ഞത് ഞങ്ങള്‍ ഇസ്‌ലാഹികളാണ് എന്നാണ്. ആ അര്‍ഥത്തിലാണ് വഹാബി പ്രയോഗവും. വക്കം മൗലവിയെ സംബന്ധിച്ചിടത്തോളം അത് അദ്ദേഹത്തിന്റെ നവോത്ഥാനത്തിന്റെ ഭാഗികമായ ഒരു കാര്യമാണ്. വക്കം മൗലവിയുടെ ലക്ഷ്യം സാമൂഹിക നവോത്ഥാനം എന്നുള്ളതാണ്. അതിന്റെ ഒരു ഭാഗമായാണ് വിശ്വാസ പരിഷ്‌കരണത്തെ മൗലവി കണ്ടത്. മൗലവിയെ സമഗ്രമായി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ല.

? കേരളത്തില്‍ നിലവിലുണ്ടായിരുന്ന പാരമ്പര്യ ഇസ്‌ലാമിനെ ഇല്ലാതാക്കി ഒരു ‘വിദേശ’ ഇസ്‌ലാമിനെ കുടിയിരുത്തുകയാണ് വക്കം മൗലവി ചെയ്തത്. വഹാബി ആശയക്കാരെ മാത്രമാണ് അദ്ദേഹം അവലംബിച്ചത് എന്നും ആരോപണമുണ്ട്?

ഒരു ഇസ്‌ലാമേ ഉള്ളൂ എന്നാണ് അദ്ദേഹം മനസ്സിലാക്കിയത്. ആ ഇസ്‌ലാമിന്റെ പ്രാദേശിക ഭേദങ്ങള്‍, വ്യാഖ്യാനങ്ങള്‍ ആണ് പലതായി തോന്നുന്നത്. ഇസ്‌ലാമിനെ അതിന്റെ അടിസ്ഥാനങ്ങളില്‍ പുനസ്ഥാപിക്കുകയായിരുന്നു വക്കം മൗലവിയുടെ ചില രചനകളുടെ ഉദ്ദേശ്യം എന്നാണ് എന്റെ വിലയിരുത്തല്‍. ഏതെങ്കിലും ഒരു സ്രോതസ് മാത്രമല്ല അദ്ദേഹം അവലംബിച്ചത്. അത് മനസ്സിലാക്കാനുള്ള ഏറ്റവും നല്ലൊരു ഉദാഹരണമാണ്, അബ്ദുല്‍ വഹാബിനെയും ഇബ്‌നു തൈമിയയെയും അതുപോലെ സയ്യിദ് റശീദ് രിളയെയും അവലംബിക്കുന്ന പോലെത്തന്നെ, അദ്ദേഹം സൂഫി ധാരയില്‍ പൊതുവെ കരുതപ്പെടുന്ന ഇമാം ഗസ്സാലിയെയും ആശ്രയിക്കുന്നു എന്നത്. അദ്ദേഹത്തെ സംബന്ധിച്ച് കൃത്യമായ ഒരു നിലപാട് ഉണ്ടായിരുന്നു. അതിനോട് യോജിക്കുന്ന വ്യത്യസ്ത സ്രോതസ്സുകളെ അദ്ദേഹം അവലംബിക്കുകയാണ് ചെയ്തത്. അദ്ദേഹം ഒരു ധാരയുടെ ആളാണെന്ന് പറയാനാകില്ല.

? മുസ്‌ലിം നവോത്ഥാന നായകന്‍ എന്ന വിശേഷണത്തിന് അപ്പുറം കേരള നവോത്ഥാന ശില്‍പ്പികളില്‍ പ്രധാനി എന്ന വിശേഷണമാണ് വക്കം മൗലവിക്കു കൂടുതല്‍ അനുയോജ്യം എന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്വദേശാഭിമാനി പത്രം, വിശാലമായ അര്‍ഥത്തില്‍ കേരളം എന്ന ആശയം ഇതൊക്കെ വളരെ നേരത്തെ വിഭാവന ചെയ്ത മഹാനായിരുന്നുവല്ലോ മൗലവി.

കേരളത്തിലെ പ്രബല വിഭാഗമായ മുസ്‌ലിംകള്‍ സമുദ്ധരിക്കപ്പെടാത്ത കാലത്തോളം, കേരള നവോത്ഥാനം സാധ്യമല്ല. കേരളത്തില്‍ ഓരോ സമുദായത്തിലുമാണ് നവോത്ഥാന ശ്രമങ്ങള്‍ നടന്നത്.
മൗലവിയെ സംബന്ധിച്ച് മുസ്‌ലിം സാമൂഹിക നവോത്ഥാനമായിരുന്നു മുഖ്യലക്ഷ്യം, മതനവീകരണം മാത്രമായിരുന്നില്ല. സാമൂഹിക ഉത്ഥാനത്തെ തടയിടുന്ന ഘടകങ്ങളെ അദ്ദേഹം അഭിമുഖീകരിക്കുകയാണ് ചെയ്തത്. കേരള നവോത്ഥാനത്തിന്റെ ഒരു മാര്‍ഗം മാത്രമാണ് അദ്ദേഹം നടത്തിയിട്ടുള്ള ഈ മത നവോത്ഥാനം. ഈ മത നവീകരണമായിരുന്നില്ല യഥാര്‍ഥത്തില്‍ പ്രധാനം; സമൂഹത്തിന്റെ നവോത്ഥാനമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ആ നവോത്ഥാനത്തിന് ആരൊക്കെയാണോ വിലങ്ങുതടിയായി നില്ക്കുന്നത്, അത് ചിലപ്പോള്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ആയിരിക്കും; ചിലപ്പോള്‍ മുസ്‌ലിം പൗരോഹിത്യമായിരിക്കും. ആരൊക്കെ വിലങ്ങുതടിയായി നിന്നിട്ടുണ്ടോ അവര്‍ക്കെല്ലാം എതിരായിട്ട് പ്രവര്‍ത്തിക്കുകയാണ് വക്കം മൗലവി ചെയ്തത്.

? വക്കം മൗലവിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി കേരള സമൂഹത്തിലും സവിശേഷമായി മുസ്‌ലിം സമൂഹത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചെറിയൊരു കാലഘട്ടമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ജീവിതത്തിന്റെ വലിയൊരു പങ്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച ആളായിരുന്നു മൗലവി. ജീവിതത്തിന്റെ ഒരു ഭാഗം സ്വദേശാഭിമാനി പത്രപ്രവര്‍ത്തനത്തില്‍ ചെലവഴിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തന മണ്ഡലം കൂടിയായിരുന്നു അത്. എന്തൊക്കെയാണ് കേരള സമുദായത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍?

കേരള നവോത്ഥാനത്തെപ്പറ്റി പഠിക്കുമ്പോള്‍ സ്വദേശാഭിമാനിയുടെ സംഭാവന ആര്‍ക്കും തള്ളിക്കളയാന്‍ പറ്റില്ല. കേരള നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തിട്ടുള്ളൊരു പത്രമാണ് സ്വദേശാഭിമാനി. കേരളം ഒരു പ്രബുദ്ധ സംസ്ഥാനമായിട്ട് രൂപപ്പെടുത്തിയതില്‍ സ്വദേശാഭിമാനിയുടെ പങ്ക് ചെറുതല്ല. നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരും ബ്യൂറോക്രസിയുമാണ് ഒരു ആധുനിക സമൂഹത്തിന്റെ നിര്‍മിതിയില്‍ പ്രധാന പങ്ക് വഹിക്കുന്നത്. എല്ലാ മനുഷ്യരെയും യോജിപ്പിച്ചുകൊണ്ടു പോവുന്ന ഗവണ്‍മെന്റും ബ്യൂറോക്രസിയും നിരന്തരമായ ജനകീയ വിമര്‍ശനങ്ങളിലൂടെ മാത്രമേ നിര്‍മിക്കപ്പെടുകയുള്ളൂ.
അവിടെയാണ് ജനങ്ങളുടെ അഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്ന മാധ്യമങ്ങളുടെ പ്രസക്തി. ബ്യൂറോക്രസിയുടെ തെറ്റായ നയങ്ങള്‍ക്ക് എതിരായിട്ടായിരുന്നു വക്കം മൗലവിയുടെ ഏറ്റവും വലിയ സമരം എന്ന് നമ്മള്‍ ഓര്‍ക്കണം. അങ്ങനെയാണ് യഥാര്‍ഥത്തില്‍ സ്വദേശാഭിമാനി നിരോധിക്കാന്‍ ഇടയായത്.
എന്താണ് സ്‌റ്റേറ്റ്, എന്താണ് ഗവണ്‍മെന്റ്, ഗവണ്‍മെന്റ് എങ്ങനെ പ്രവര്‍ത്തിക്കണം, ആ ഗവണ്‍മെന്റ് എന്തൊക്കെയാണ് ജനങ്ങള്‍ക്കുവേണ്ടി ചെയ്യേണ്ടത്, സ്‌റ്റേറ്റിനെ തിരുത്തുന്ന ശക്തിയായും പൊതു ജന അഭിപ്രായ രൂപീകരണ ശക്തിയായും ഒരു മാധ്യമത്തിനു നിര്‍വഹിക്കാവുന്ന റോള്‍ എത്രമാത്രമാണ് എന്നതൊക്കെ വക്കം മൗലവിയാണ് ആദ്യമായി കേരളത്തെ കാണിച്ചു തന്നത്. സ്വദേശാഭിമാനി വിഭാവനം ചെയ്ത ആ കേരളത്തില്‍ നമ്മള്‍ ഇന്നും എത്തിയിട്ടില്ല എന്നതാണ് സത്യം. ഇനിയും സഞ്ചരിച്ചെങ്കില്‍ മാത്രമേ ആ കേരളത്തില്‍ നമ്മള്‍ എത്തുകയുള്ളൂ.
ഇന്ത്യ സ്വതന്ത്രമാകാത്ത ഒരു കാലഘട്ടത്തില്‍, ജനാധിപത്യം എന്നു പറയുന്ന ആശയം വികസിക്കാത്ത ഒരു കാലഘട്ടത്തില്‍, അദ്ദേഹം ജനാധിപത്യം എന്നു പറഞ്ഞിട്ടില്ലെങ്കില്‍ പോലും അതിനു സമാനമായ ആശയങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ മനുഷ്യാവകാശം എന്നു പറയുന്ന കാഴ്ചപ്പാട്, ഇതെല്ലാം അദ്ദേഹത്തിന്റെ രചനകളില്‍ എടുത്തു കാണാന്‍ സാധിക്കും. ആ രീതിയില്‍ മലയാളികള്‍ക്ക് വക്കം മൗലവിയെ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്.
മുസ്‌ലിം സമുദായത്തെ വിലയിരുത്തിയാല്‍, മുസ്‌ലിം സാമൂഹിക കാര്യങ്ങളില്‍ ഇടപെടുന്ന, അതിനകത്ത് മാത്രം കുടുങ്ങിക്കിടക്കുന്ന ഒരു വിഭാഗത്തെയാണ് ഒരു ഭാഗത്ത് നാം കാണുന്നത്. അവര്‍ സമൂഹത്തിന്റെ പൊതുവായ രംഗങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നു. മറുവശത്ത്, മുഖ്യധാരാ എന്നൊക്കെ പറയുന്ന ആളുകളാണെങ്കില്‍ സവിശേഷമായി സമുദായത്തിന് അകത്തുള്ള കാര്യങ്ങളോ അവിടെ ഉണ്ടാകേണ്ട മാറ്റങ്ങളോ ഗൗനിക്കുന്നില്ല. എന്നാല്‍ ഇത് രണ്ടും കൂടെ ചേര്‍ന്ന് പോവുന്ന ഒരു കാഴ്ചപ്പാടായിരുന്നു വക്കം മൗലവിക്ക്. അവിടെയാണ് വക്കം മൗലവിയുടെ ശൂന്യത ഇന്നും നികത്താതെ കിടക്കുന്നത്.
വക്കം മൗലവിയുടെ കേരളത്തെപ്പറ്റിയുള്ള വിഭാവന ശരിയാംവണ്ണം ഉള്‍ക്കൊള്ളാന്‍ കേരളത്തിന്റെ ചരിത്രകാരന്മാരോ രാഷ്ട്രീയ നേതൃത്വമോ ഇനിയും ശ്രമിച്ചിട്ടില്ല. കേവലം പത്തോ പതിനഞ്ചോ വര്‍ഷമേ ആയിട്ടുള്ളൂ, കേരളത്തില്‍ വക്കം മൗലവിയുടെ പേരുപോലും കേള്‍ക്കാന്‍ തുടങ്ങിയിട്ട്. വളരെ അടുത്ത കാലം വരെ സ്വദേശാഭിമാനി പത്ര സ്ഥാപകന്‍ രാമകൃഷ്ണപ്പിള്ളയാണെന്നാണ് പലരും ധരിച്ചു വെച്ചിരുന്നത്.
മുസ്‌ലിംകള്‍ ആണെങ്കില്‍, പലരും ചിന്തിക്കുന്നത് വക്കം മൗലവി ഒരു മത പരിഷ്‌കര്‍ത്താവ് മാത്രം ആണെന്നാണ്. സാമൂഹിക നവീകരണം, ആധുനികവല്‍കരണം തുടങ്ങിയ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അവര്‍ വിസ്മരിക്കുന്നു. ഈ രണ്ടു കൂട്ടര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഒരു വ്യക്തിത്വമായിട്ടാണ് വക്കം മൗലവി ഇന്നും അവശേഷിക്കുന്നത്. അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x