ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കുട്ടികള്‍ക്കുള്ള ടാല്‍കം പൗഡര്‍ നിര്‍മാണം നിര്‍ത്തുന്നു

2023മുതല്‍ ടാല്‍കം ബേബി പൗഡര്‍ നിര്‍മിക്കില്ലെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. പൗഡറിനെതിരെ അമേരിക്കയിലും കാനഡയിലും നടക്കുന്ന നിയമ നടപടികള്‍ക്കിടെയാണ് ഉല്‍പന്നം നിര്‍ത്തലാക്കുന്നതായി അറിയിച്ചത്. പൗഡറില്‍ ആസ്ബസ്‌റ്റോസ് അംശം ഉണ്ടെന്നും ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നെന്നും ചൂണ്ടിക്കാണിച്ച് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ പരാതി സമര്‍പ്പിച്ചിരുന്നു. യു എസിലും കാനഡയിലും 2020ല്‍ തന്നെ പൗഡര്‍ നിരോധിച്ചിരുന്നു. അമേരിക്കയില്‍ പൗഡറിനെതിരെ 38,000 പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ പൗഡര്‍ കാന്‍സറിന് കാരണമാകുമെന്ന ആരോപണങ്ങള്‍ കമ്പനി തള്ളി. വര്‍ഷങ്ങളോളം നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പൗഡര്‍ പുറത്തിറക്കിയതെന്നും ഉപയോഗിക്കുന്ന ടാല്‍കില്‍ ആസ്ബസ്‌റ്റോസിന്റെ അംശമില്ല എന്നുമാണ് കമ്പനി അറിയിച്ചത്. ടാല്‍ക് അടങ്ങിയ പൗഡറിനു പകരം ചോളത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന അസംസ്‌കൃത വസ്തു ഉപയോഗിച്ചാണ് ഇനി പൗഡര്‍ നിര്‍മിക്കുകയെന്നും കമ്പനി അറിയിച്ചു.
