1 Tuesday
July 2025
2025 July 1
1447 Mouharrem 5

ജിന്നുകളോടും മലക്കുകളോടും സഹായം തേടല്‍

പി കെ മൊയ്തീന്‍ സുല്ലമി

അദൃശ്യരായ ശക്തികളോടുള്ള സഹായ തേട്ടത്തിന്നാണ് ‘ദുആ’ (പ്രാര്‍ഥന) എന്ന് പറയുന്നത്. എന്നാല്‍ കേരളത്തിലെ സമസ്തക്കാര്‍ അന്‍ബിയാ ഔലിയാക്കളോട് പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്യുന്നവരാണ്. അതിന്ന് അവര്‍ പറയാറുള്ള ന്യായം ഞങ്ങള്‍ പ്രാര്‍ഥിക്കുകയല്ല, സഹായം തേടുകയാണ് എന്നാണ്. യഥാര്‍ഥത്തില്‍ അദൃശ്യ ശക്തികളോടുള്ള സഹായ തേട്ടത്തിനാണ് പ്രാര്‍ഥന എന്ന് പറയുന്നത്.
മനുഷ്യര്‍ക്ക് ജന്മനാ അല്ലാഹു ചില കഴിവുകള്‍ നല്‍കിയിട്ടുണ്ട്. ഈ കഴിവുകള്‍ പ്രയോജനപ്പെടുത്തി പരസ്പരം സഹായിക്കുകയെന്നത് സത്യവിശ്വാസികളുടെ ബാധ്യതയില്‍ പെട്ടതാണ്. പക്ഷെ അത്തരം സഹായ തേട്ടങ്ങള്‍ക്ക് പ്രാര്‍ഥന എന്ന് പറയാറുമില്ല. അല്ലാഹു പറയുന്നു: ”പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ പരസ്പരം സഹായിക്കുവിന്‍.” (മാഇദ 2)
ആപല്‍ഘട്ടങ്ങളിലുള്ള സഹായ തേട്ടത്തിനാണ് ഇസ്തിഗാസ എന്ന് പറയുന്നത്. ഇസ്തിഗാസ ‘ദുആ’ (പ്രാര്‍ഥന) ആയും ‘ദുആ’ ഇസ്തിഗാസയായും വരും. താഴെ വരുന്ന ഖുര്‍ആന്‍ വചനങ്ങളുടെ തഫ്‌സീറുകള്‍ പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. അല്ലാഹു പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ നാഥനോട് സഹായം തേടിയ സന്ദര്‍ഭം” (അന്‍ഫാല്‍ 9) ഈ വചനം ഇബ്‌നു കസീര്‍(റ) വിശദീകരിക്കുന്നു: ”ഇവിടെ സഹായതേട്ടം എന്നത് ‘ദുആ’യെ (പ്രാര്‍ഥന) സംബന്ധിച്ചാണെന്ന് ഇബ്‌നു അബ്ബാസ് (റ) പ്രസ്താവിച്ചിരിക്കുന്നു.” (തഫ്‌സീര്‍ ഇബ്‌നു കസീര്‍)
”പര്‍വത സമാനമായ തിരമാലകള്‍ അവരെ വന്നു മൂടുമ്പോള്‍ എല്ലാ കീഴ്‌വണക്കവും അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവര്‍ അവനോട് പ്രാര്‍ഥിക്കും.” (ലുഖ്്മാന്‍ 32) ഈ വചനത്തെ ഇബ്‌നു ജരീറുത്ത്വബ്‌രി (റ) വ്യാഖ്യാനിക്കുന്നു: ”അല്ലാഹുവോടല്ലാതെ അവര്‍ സഹായം തേടുന്നതല്ല.” (തഫ്‌സീര്‍ ജാമിഉല്‍ ബയാന്‍; ലുഖ്മാന്‍ 32)
സഹായതേട്ടവും പ്രാര്‍ഥനയും രണ്ടല്ല, മറിച്ച് ഒന്നു തന്നെയാണെന്ന് മേല്‍ തഫ്്‌സീറുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. പഴയ കാലഘട്ടങ്ങളില്‍ ജിന്നു സേവകരാണ് എന്നവകാശപ്പെടുന്ന ഒരു വിഭാഗം ആളുകള്‍ മുസ്്‌ലിംകളില്‍ ഉണ്ടായിരുന്നു. അത്തരം ജിന്നു സേവക്ക് പറയപ്പെടുന്ന പേര് ‘രിയാളക്കിരിക്കുക’ എന്നായിരുന്നുവത്രെ. ഇത്തരം അനാചാരങ്ങള്‍ മുസ്്‌ലിംകളില്‍ നിന്നു ദൂരീകരിക്കപ്പെട്ടത് ഇസ്‌ലാഹീ പണ്ഡിതന്മാരുടെ ശക്തമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ മൂലമായിരുന്നു. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ജിന്നു സേവയും പൂജയും വീണ്ടും ചിലര്‍ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. അവരുടെ വാദം ഹാളിറും (സ്ഥലത്ത് സന്നിഹിതനായ) ഖാദിറുമായ (സഹായിക്കാന്‍ കഴിവുള്ള) ജിന്നുകളോടും മലക്കുകളോടും സഹായം തേടാം, അവര്‍ ഭൗതിക ജീവികളാണ് എന്നാണ്.
അല്‍ ഇസ്വ്‌ലാഹ് മാസികയുടെ പഴയ ലക്കങ്ങളും മര്‍ഹൂം സകരിയ്യ സ്വലാഹിയുടെ പുസ്തകങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഇത്തരം അബദ്ധങ്ങള്‍ ഇന്നേവരെ തിരുത്തിയിട്ടുമില്ല. ”മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഭൗതികമാണെങ്കില്‍ അഗ്‌നിയാല്‍ സൃഷ്ടിക്കപ്പെട്ട ജിന്നും ഭൗതിക സൃഷ്ടികള്‍ തന്നെ.” (ജിന്ന് സിഹ്്‌റ് കണ്ണേറ് റുക്വ്‌യ ശറഇയ്യ ഒരു പ്രാമാണിക പഠനം; പേജ് 146) ”ജിന്നിനോടും മലക്കിനോടും ഏത് സാഹചര്യത്തിലും സഹായം തേടുന്നത് ശിര്‍ക്കാണെന്നാണിവര്‍ 2012-ല്‍ കണ്ടു പിടിച്ചത്.” (അതേപുസ്തകം: പേജ് 221)
മരുഭൂമിയില്‍ വിഷമിക്കുമ്പോള്‍ മലക്കുകളെ വിളിച്ചു തേടല്‍ സുന്നത്താണെന്നും ഈ ഗ്രന്ഥത്തില്‍ സമര്‍ഥിക്കുന്നു: ”ഇതുപോലെ ആധുനികരും പൗരാണികരുമായ അന്‍പതോളം പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ (യാ ഇബാദല്ലാഹ്) ഈ ഹദീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരാരും തന്നെ അതില്‍ ശിര്‍ക്ക് കണ്ടില്ലെന്ന് മാത്രമല്ല ചിലര്‍ അത് സുന്നത്തായി പരിഗണിക്കുക പോലും ചെയ്തിട്ടുണ്ട്.” (പേജ് 223)
എന്നാല്‍ മലക്കുകളോട് സഹായം തേടുന്ന ഹദീസ് ദുര്‍ബലമാണെന്ന് ഈ ഗ്രന്ഥത്തില്‍ അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. (പേജ് 231). എന്നാല്‍ അദ്ദേഹം മരണം വരെ പറഞ്ഞു പോന്നത് ജിന്നും മലക്കും ഭൗതിക ജീവികളായതിനാല്‍ അവരോട് സഹായം തേടുന്നത് ശിര്‍ക്കല്ല എന്നു തന്നെയാണ്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ഇത്തരം ശിര്‍ക്കന്‍ ആശയങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നതും.
അദ്ദേഹം മേല്‍ രേഖപ്പെടുത്തിയതില്‍ ഒരുപാട് അബദ്ധങ്ങളുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ മുഖേനയോ ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയോ മനസ്സിലാകുന്ന വസ്തുക്കളെയാണ് നാം ഭൗതികമായത് എന്ന് പറയറുള്ളത്. ഇവ മുഖേന മനസ്സിലാക്കാന്‍ കഴിയാത്തതും വഹ്‌യിലൂടെ മാത്രം മനസ്സിലാകുന്നതുമായ വസ്തുക്കള്‍ക്കാണ് ഒരു സത്യവിശ്വാസി അഭൗതികം എന്ന് പറഞ്ഞു വരുന്നത്. ജിന്നും മലക്കും തീര്‍ത്തും അദൃശ്യരാകുന്നു. വഹ്‌യ് മുഖേന ലഭിക്കുന്ന അറിവുകള്‍ മാത്രമേ അവരെ പറ്റി നമുക്കുള്ളൂ. ഭൗതിക സങ്കല്‍പങ്ങളില്‍ അവരുടെ സാന്നിധ്യത്തെയോ പ്രവര്‍ത്തനത്തെയോ വിലയിരുത്താന്‍ പാടില്ല.
അല്ലാഹു പറയുന്നു: ”പിശാചും അവന്റെ സംഘവും നിങ്ങള്‍ അങ്ങോട്ട് കാണാത്ത നിലയില്‍ നിങ്ങളെ അവര്‍ കാണുന്നതാണ്.” (അഅ്്‌റാഫ് 27). ഇബ്‌നുബാസിന്റെ(റ) ഫത്‌വ ശ്രദ്ധിക്കുക: ”മനുഷ്യരെ സംബന്ധിച്ചേടത്തോളം ജിന്നു ലോകം ഭൗതികമല്ല. അല്ലാഹു അവന്റെ ഗ്രന്ഥത്തിലും നബി(സ) തന്റെ ചര്യയിലും പറഞ്ഞതല്ലാതെ അവരെക്കുറിച്ച് ആര്‍ക്കും അറിയുന്നതല്ല. അതില്‍ വിശ്വസിക്കല്‍ നമുക്ക് നിര്‍ബന്ധവുമാണ്.” (ഫതാവാ അല്ലജ്‌നത്തി ദാഇമ 5:186) അപ്പോള്‍ ജിന്നുകള്‍ ഭൗതിക ജീവികളാണ് എന്ന സകരിയ്യാ സ്വലാഹിയുടെ വാദം ശരിയല്ലെന്ന് നമുക്ക് മനസ്സിലാക്കാം.
മറ്റൊരു വാദം മനുഷ്യന്റെ (ആദം) സൃഷ്ടിപ്പ് ഭൗതിക വസ്തുവായ മണ്ണുകൊണ്ടാണ് എന്നാണ്. അതിനും വ്യക്തമായ തെളിവുകള്‍ ആവശ്യമാണ്. കാരണം പ്രസ്തുത മണ്ണ് സാധാരണ മണ്ണാണോ അസാധാരണ മണ്ണാണോ എന്നൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. ജിന്നുകളെ സൃഷ്ടിച്ചത് സാധാരണ തീ കൊണ്ടല്ല. അത് നരകത്തില്‍ കത്തിക്കപ്പെടുന്ന സകൂം എന്ന അതികഠിനമായ ചൂടുള്ള തീയില്‍ നിന്നാണ്. (സൂറത്ത് ഹിജ്്‌റിലെ 27-ാം വചനവും ത്വൂറിലെ 27-ാം വചനവും നോക്കുക.)
മലക്കുകള്‍ ഭൗതിക ജീവികളായിത്തീരാന്‍ അവരെ സൃഷ്ടിച്ചത് നാം കാണുന്ന സാധാരണ പ്രകാശം കൊണ്ടല്ല. അസാധാരണ പ്രകാശം കൊണ്ടാണ്. സാധാരണ പ്രകാശം കൊണ്ടാണെങ്കില്‍ നമ്മുടെ പള്ളികളിലും വീടുകളിലും മലക്കുകളുടെ സാന്നിധ്യം നിരവധിയാണ്. അതുപോലെ റൂഹിനെ പിടിക്കുമ്പോള്‍, മനുഷ്യര്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്നീ സകല കാര്യങ്ങള്‍ക്കും മലക്കുകളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. സാധാരണ പ്രകാശം കൊണ്ടായിരുന്നു മലക്കുകളുടെ സൃഷ്ടിപ്പെങ്കില്‍ മലക്കുകളുടെ സാന്നിധ്യമുള്ളേടത്തെല്ലാം പ്രകാശപൂരിതമാകേണ്ടിയിരുന്നു. അങ്ങനെയില്ലല്ലോ.
മലക്കുകള്‍ക്ക് നമ്മെ സഹായിക്കണമെങ്കില്‍ അല്ലാഹുവിന്റെ പ്രത്യേകമായ കല്‍പന വേണം. അല്ലാഹുവിന്റെ കല്‍പനയനുസരിച്ചല്ലാതെ മലക്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. അല്ലാഹു പറയുന്നു: ”മലക്കുകള്‍ അവരോട് അല്ലാഹു കല്‍പിച്ചതിന് വിരുദ്ധം പ്രവര്‍ത്തിക്കുന്നവരല്ല. അവരോട് കല്‍പിക്കപ്പെട്ടത് അവര്‍ പ്രവര്‍ത്തിക്കുന്നവരുമാണ്.” (തഹ്് രീം 6) ”അല്ലാഹുവിന്റെ കല്‍പന പ്രകാരം അവര്‍ (മലക്കുകള്‍) നിങ്ങളെ സംരക്ഷിക്കുന്നു.” (റഅ്ദ് 11) അതുകൊണ്ടാണ് നബി(സ) ബദ്‌റില്‍ സഹായത്തിന്നു വേണ്ടി അല്ലാഹുവോട് തേടിയത്. അതിപ്രകാരമാണ്: ”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി.” (അന്‍ഫാല്‍: 9)
ഇവിടെ പ്രാര്‍ഥന അല്ലാഹുവോടും സഹായിച്ചത് മലക്കുകളുമാണ്. അപ്പോള്‍ മലക്കുകള്‍ സഹായിക്കണമെങ്കില്‍ അല്ലാഹുവിന്റെ അനുവാദം ആവശ്യമാണെന്ന് ബോധ്യപ്പെട്ടു. മലക്കുകള്‍ പോലുള്ള അദൃശ്യ ശക്തികളോട് തേടല്‍ ശിര്‍ക്കുമാണ്.
ജിന്നു വര്‍ഗത്തില്‍പെട്ട പിഴച്ചുപോയവരാണ് പിശാചുക്കള്‍. അവരെ മനുഷ്യരുടെ സഹായിയായി അല്ലാഹു നിശ്ചയിച്ചിട്ടില്ല. അല്ലാഹു പറയുന്നു: ”വഴിപിഴപ്പിക്കുന്നവരെ ഞാന്‍ സഹായികളായി സ്വീകരിക്കുന്നതല്ല.” (കഹ്ഫ് 51)
ജിന്നു വര്‍ഗത്തില്‍ നല്ലവര്‍ക്കും മനുഷ്യരെ സഹായിക്കാന്‍ സാധ്യമല്ല. അതിനാല്‍ ജിന്നുകളോട് തേടിയാല്‍ ഉത്തരം ലഭിക്കുന്നതല്ല. അല്ലാഹു പറയുന്നു: ”നബിയേ പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ ദൈവങ്ങളെന്ന് വിളിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചു നോക്കുക. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ അതില്‍ മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.” (ഇസ്‌റാഅ്: 56)
മേല്‍ വചനത്തിന്റെ അവതരണ സന്ദര്‍ഭം നബി(സ)യില്‍ നിന്ന് അബ്ദുല്ല(റ) വഴിയായി ഇമാം ബുഖാരി(റ) റിപ്പോര്‍ട്ടു ചെയ്തത് ശ്രദ്ധിക്കുക: ”മനുഷ്യരില്‍ പെട്ട ഒരു വിഭാഗം ആളുകള്‍ ജിന്നുകളില്‍ പെട്ട ഒരു വിഭാഗത്തെ ആരാധിച്ചിരുന്നു (പ്രാര്‍ഥിച്ചിരുന്നു). അങ്ങനെ പ്രാര്‍ഥിക്കപ്പെട്ടിരുന്ന ജിന്നുകള്‍ മുസ്‌ലിംകളായിട്ടും അവരോടുള്ള പ്രാര്‍ഥന തുടര്‍ന്നു കൊണ്ടേയിരുന്നു.” (ബുഖാരി)
പ്രാര്‍ഥിക്കപ്പെടുന്നവര്‍ ആരായിരുന്നാലും ഉത്തരം ലഭിക്കുന്നതല്ല. കാരണം പ്രാര്‍ഥന അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ആരാധനയാണ്. ജിന്നുകളോട് തേടല്‍ ജാഹിലിയ്യാ കാലത്തെ ശിര്‍ക്കന്‍ സമ്പ്രദായമാണ്. അല്ലാഹു പറയുന്നു: ”മനുഷ്യരില്‍ പെട്ട ഒരു വിഭാഗം ജിന്നുകളില്‍ പെട്ട ഒരു വിഭാഗത്തോട് രക്ഷ തേടാറുണ്ടായിരുന്നു. അത് ജിന്നുകളുടെ ഗര്‍വ്വ് വര്‍ധിപ്പിച്ചു” (ജിന്ന് 6)
ഇമാം ഇബ്‌നു കസീര്‍, ഇമാം ഖുര്‍തുബി തുടങ്ങിയ മുഫസ്സിറുകളുടെ സൂറത്തുല്‍ ജിന്ന് 6-ാം വചനത്തിന്റെ വ്യാഖ്യാനം നോക്കുക. അല്ലാഹു അല്ലാത്ത ഏത് ശക്തികളെ വിളിച്ചു തേടുന്നതും ശിര്‍ക്കു തന്നെ. സൂറത്ത് ഫാത്വിര്‍ 14-ാം വചനത്തില്‍ അല്ലാഹു അത് വ്യക്തമാക്കിയിട്ടുണ്ട്.
തഫ്‌സീര്‍ ഖുര്‍ത്വുബി, തഫ്‌സീര്‍ ജമല്‍, തഫ്‌സീര്‍ റൂഹുല്‍ ബയാന്‍ എന്നിവയില്‍ ശിര്‍ക്കില്‍ ജിന്നുകള്‍, മലക്കുകള്‍ എന്നിവരോട് പ്രാര്‍ഥിക്കുന്നവരും ഉള്‍പ്പെടും എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സൂറത്ത് അഹ്ഖാഫിലെ 5,6 വചനങ്ങളുടെ തഫ്‌സീറില്‍ ഇമാം റാസി(റ) മലക്കുകളോടും ഈസാ(അ)യോടും ഉസൈറിനോടും (അ) വിഗ്രഹങ്ങളോടും പ്രാര്‍ഥിക്കുന്നവര്‍ വഴിപിഴവില്‍ തുല്യരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക പണ്ഡിതന്മാരും അപ്രകാരം തന്നെയാണ് രേഖപ്പെടുത്തിയത്.
ഇബ്‌നുബാസിന്റെ ഫത്‌വ ശ്രദ്ധിക്കുക: ”ജിന്നുകള്‍ അവര്‍ ഹാജറുള്ളവരായിരുന്നാലും അല്ലാത്തവരായിരുന്നാലും അവരോട് സഹായം തേടല്‍ അനുവദനീയമല്ല. അല്ലാഹു പറയുന്നു: നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.” (ഫതാവാ ലജ്‌നത്തി ദാഇമ: 16171)
മറ്റൊരു ഫത്‌വ ഇപ്രകാരമാണ്: ‘മരണപ്പെട്ടവരോടും മലക്കുകളോടും ജിന്നുകളോടും മറ്റുള്ള സൃഷ്ടികളോടും പ്രാര്‍ഥിക്കലും സഹായം തേടലും രക്ഷ തേടലും ജാഹിലിയ്യാ സമ്പ്രദായവും ഏറ്റവും മോശപ്പെട്ട ശിര്‍ക്കില്‍ പെട്ടതുമാണ്.” (മജ്്മൂഅ് ഫതാവാ ഇബ്‌നുബാസ് 2:544)

Back to Top