ജിന്നു പിശാചുക്കള്‍ മനുഷ്യരെ സ്വാധീനിക്കുമോ?
പി കെ മൊയ്തീന്‍ സുല്ലമി
ജിന്നു പിശാചുക്കള്‍ മനുഷ്യരില്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്വാധീനത്തെ സംബന്ധിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ ഈ അടുത്ത കാലത്ത് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണ്. അത്തരക്കാരുടെ ഒരു വാദം ‘പിശാചുക്കള്‍ അദൃശ്യമായ നിലയില്‍ വഴിപിഴപ്പിക്കുന്നതുപോലെയും മലക്കുകള്‍ അദൃശ്യമായ നിലയില്‍ മനുഷ്യര്‍ക്ക് നന്മ ചെയ്യുന്നതുപോലെയും, കണ്ണേറുകാരനും സാഹിറിനും അദൃശ്യമായ നിലയില്‍ പിശാചിനെ പ്രയോജനപ്പെടുത്തി ഖൈറും ശര്‍റും വരുത്താന്‍ സാധിക്കും’ എന്നാണ്. വിശ്വാസപരമായ കാര്യങ്ങളിലും ആരാധനാ കര്‍മങ്ങളിലും ഖിയാസ് (താരതമ്യപഠനം) പാടില്ലെന്നത് മുസ്‌ലിം ലോകത്ത് ഏകോപനമുള്ള കാര്യമാണ്.
രണ്ടാമതായി പിശാച് അല്ലാഹുവിന്റെ പരീക്ഷണമാണ്. പിശാചിനെ സൃഷ്ടിച്ചതും ലോകാവസാനം വരെ ആയുസ്സ് നീട്ടിക്കൊടുത്തതും അല്ലാഹുവാണ്. അല്ലാഹു അരുളി: ”അവന്‍ (പിശാച്) പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി (ആയുസ്സ്) നല്‍കേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു” (അഅ്‌റാഫ് 14, 15). ഇവിടെ അല്ലാഹുവിന്റെ നടപടിയെ ചോദ്യം ചെയ്ത് ഖിയാസുണ്ടാക്കാന്‍ മനുഷ്യര്‍ക്ക് അധികാരമോ അവകാശമോ ഇല്ല. അല്ലാഹു അരുളി: ”അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്” (അന്‍ബിയാഅ് 23).
മൂന്നാമതായി, പിശാചിന് തറ്റുകളിലേക്ക് പ്രേരിപ്പിക്കാന്‍ മാത്രമേ സാധിക്കൂ. അല്ലാഹു അരുളി: ”വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന് (പിശാചിന്) യാതൊരധികാരവുമില്ല, തീര്‍ച്ച” (നഹ്ല്‍ 99).
മേല്‍ വചനത്തെ ഇമാം ഇബ്‌നു കസീര്‍ വ്യാഖ്യാനിക്കുന്നു: ”ഇമാം സൗരി പ്രസ്താവിച്ചു: മനുഷ്യരെ തെറ്റുകുറ്റങ്ങളില്‍ അകപ്പെടുത്താന്‍ പിശാചിന് അധികാരമില്ല” (ഇബ്‌നു കസീര്‍ 2:286). മറ്റൊരു വചനം: ”തീര്‍ച്ചയായും എന്റെ ദാസന്മാരാരോ അവരുടെ മേല്‍ നിനക്ക് യാതൊരു അധികാരവുമില്ല” (ഇസ്‌റാഅ് 65). മേല്‍ വചനത്തെ ഇബ്‌നു തൈമിയ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: ”നിഷ്‌കളങ്കരായ അല്ലാഹുവിന്റെ ദാസന്മാരെ പിശാച് വഴിപിഴപ്പിക്കുന്നതല്ല” (മജ്മഅ് ഫതാവാ 10:636).
നാലാമതായി അദൃശ്യമായ നിലയില്‍ മനുഷ്യരെ ദുര്‍ബോധനം നടത്താനുള്ള കഴിവും അധികാരവും പിശാചിന് അല്ലാഹു നല്‍കിയതാണ്. ഉദാഹരണത്തിന് സുജൂദ് അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. സൃഷ്ടികളുടെ മുന്നില്‍ സുജൂദ് അര്‍പ്പിക്കല്‍ ശിര്‍ക്കും കുഫ്‌റുമാകുന്നു. അല്ലാഹു അരുളി: ”സൂര്യനോ ചന്ദ്രനോ നിങ്ങള്‍ സുജൂദ് ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങള്‍ സുജൂദ് ചെയ്യുക, നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍” (ഫുസ്സിലത്ത് 77).
അതേയവസരത്തില്‍ മലക്കുകളോട് ആദമിന്(അ) സുജൂദ് ചെയ്യാനും യൂസുഫ് നബി(അ)യുടെ മാതാപിതാക്കളും സന്താനങ്ങളും യൂസുഫ് നബിയുടെ മുന്നില്‍ സുജൂദ് ചെയ്യുകയും ചെയ്തതായി സൂറത്ത് യൂസുഫ് നൂറാം വചനത്തിലും സൂറത്തുല്‍ ബഖറ 34ാം വചനത്തിലും ഉണ്ട്. അതിനോട് ഖിയാസാക്കി (താരതമ്യം ചെയ്ത്) മറ്റുള്ളവര്‍ക്ക് സുജൂദ് ചെയ്യാന്‍ പറ്റുമോ? സിഹ്‌റും കണ്ണേറും ഫലിപ്പിക്കുന്നതും സംഭവിപ്പിക്കുന്നതും പിശാചാണ് എന്നാണ് അതിനെ ന്യായീകരിക്കുന്നവരുടെ അവകാശവാദം. സിഹ്‌റ് ശിര്‍ക്കായത് അതില്‍ പിശാചിനോടുള്ള പ്രാര്‍ഥനയും സേവനവും ഉള്ളതുകൊണ്ടാണ്. പിശാചിനോടുള്ള സഹായതേട്ടം അവനുള്ള ആരാധനയാണ്. അത് ശിര്‍ക്കാണ്. അല്ലാഹു അരുളി: ”ആദം സന്തതികളേ, നിങ്ങള്‍ പിശാചിനെ ആരാധിക്കരുത് എന്ന് ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ?” (യാസീന്‍ 60).
സിഹ്‌റ് ശിര്‍ക്കാണെന്ന് ഇമാം നസാഈ അബൂഹുറൈറയില്‍ നിന്നും, ഇമാം അഹ്മദും അബൂദാവൂദൂം ഇബ്‌നു മസ്ഊദില്‍ നിന്നും നബി(സ) പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹു ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു സാഹിറിനും കണ്ണെറിയുന്നവനും ഒന്നും ചെയ്യാന്‍ സാധ്യമല്ല. അത് ഈമാന്‍കാര്യത്തില്‍ പെട്ടതുമാണ്. അല്ലാഹു അരുളി: ”നബിയേ, പറയുക: എന്റെ സ്വന്തം ശരീരത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ കഴിവില്‍ പെട്ടതല്ല” (അഅ്‌റാഫ് 188). വീണ്ടും അല്ലാഹു പറയുന്നു: ”താങ്കള്‍ക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനല്ലാതെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാള്‍ക്കും സാധ്യവുമല്ല” (യൂനുസ് 107). നബി അരുളി: ”അല്ലാഹുവേ, നീ നല്‍കിയതിനെ തടയുന്ന ഒരു ശക്തിയുമില്ല. നീ തടഞ്ഞതിനെ നല്‍കുന്ന ഒരു ശക്തിയുമില്ല” (ബുഖാരി, മുസ്‌ലിം).
അല്ലാഹു വ്യത്യസ്ത ജീവജാലങ്ങള്‍ക്ക് വ്യത്യസ്തമായ നിലയിലുള്ള കഴിവുകളും പ്രകൃതിയുമാണ് നല്‍കിയത്. പക്ഷികള്‍ക്ക് പറക്കുന്ന പ്രകൃതിയും മത്സ്യങ്ങള്‍ക്ക് വെള്ളത്തില്‍ ജീവിക്കുന്ന പ്രകൃതിയുമാണ് പ്രദാനം ചെയ്തത്. ഇത് രണ്ടും മനുഷ്യര്‍ക്ക് സാധ്യമല്ലാത്തതാണ്. അതുപോലെ ജിന്നു പിശാചുക്കള്‍ക്ക് മനുഷ്യരെ ദുര്‍ബോധനം ചെയ്യാനുള്ള കഴിവും അല്ലാഹു നല്‍കി. അതിനെയൊന്നും ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമില്ല.
മലക്കുകള്‍ മനുഷ്യര്‍ക്ക് അദൃശ്യമായ നിലയില്‍ നന്മ ചെയ്യുന്നതുപോലെ പിശാച് അദൃശ്യമായ നിലയില്‍ നന്മ ചെയ്തുകൊടുക്കും എന്ന വാദവും വിവരക്കേടും പ്രമാണവിരുദ്ധവുമാണ്. അല്ലാഹു അരുളി: ”അവന്‍ (പിശാച്) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല” (നിസാഅ് 120). അഥവാ പിശാചില്‍ നിന്നു യാതൊരുവിധ നന്മയും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് മേല്‍ വചനം സൂചിപ്പിക്കുന്നത്.
രണ്ടാമതായി, മനുഷ്യര്‍ക്ക് ദുര്‍ബോധനം നടത്താനുള്ള അധികാരവും കഴിവും പിശാചിന് അല്ലാഹു നല്‍കിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ ഒരു കഴിവും അധികാരവും മനുഷ്യര്‍ക്ക് നന്മ ചെയ്യുന്ന കാര്യത്തില്‍ മലക്കുകള്‍ക്ക് അല്ലാഹു നല്‍കിയിട്ടുമില്ല. മലക്കുകള്‍ മനുഷ്യരെ സംരക്ഷിക്കണമെങ്കില്‍ അല്ലാഹുവിന്റെ പ്രത്യേക കല്‍പന വേണം. കാരണം മലക്കുകള്‍ക്ക് അല്ലാഹുവിന്റെ സാന്ദര്‍ഭികമായ കല്‍പന പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ.
അല്ലാഹു അരുളി: ”അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോട് അവര്‍ അനുസരണക്കേട് കാണിക്കുന്നതല്ല. അവരോട് കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും” (തഹ്‌രീം 6). മറ്റൊരു വചനം ഇപ്രകാരമാണ്: ”മനുഷ്യര്‍ക്ക് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കല്‍പനപ്രകാരം അവനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന മലക്കുകള്‍ ഉണ്ട്” (റഅ്ദ് 11). അഥവാ മലക്കുകളിലൂടെ സംഭവിക്കുന്നത് അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളാണ്. അതിന് ഉദാഹരണമാണ് ബദ്ര്‍ യുദ്ധം. ബദ്ര്‍ യുദ്ധം അല്ലാഹു വിജയിപ്പിച്ചത് മലക്കുകളെക്കൊണ്ടായിരുന്നു. അല്ലാഹു അരുളി: ”നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്” (ആലുഇംറാന്‍ 123). ആലുഇംറാന്‍ 124, 125 വചനങ്ങളില്‍ പ്രസ്തുത സഹായം മലക്കുകളെക്കൊണ്ടായിരുന്നുവെന്ന് വന്നിട്ടുണ്ട്. എന്നിട്ടും ഖുര്‍ആനില്‍ വന്നത് അല്ലാഹു സഹായിച്ചു എന്നാണ്.
മലക്കുകളുടെ പ്രവര്‍ത്തനവും പിശാചിന്റെ പ്രവര്‍ത്തനവും ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റുന്നതല്ല. ഇനി പിശാചിന്റെ ശര്‍റ് മാനസികം മാത്രമാണ്. പിശാച് ശാരീരികമായും ദ്രോഹിക്കും എന്ന നിലയില്‍ യാഥാസ്ഥിതികര്‍ മുമ്പേ പ്രചാരണം നടത്തിയതാണ്. അത് വിശുദ്ധ ഖുര്‍ആനിനും സ്വഹീഹായ ഹദീസുകള്‍ക്കും വിരുദ്ധമാണ്. അല്ലാഹു അരുളി: ”മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്ന മനുഷ്യരിലും ജിന്നുകളിലും പെട്ട ദുര്‍ബോധനക്കാരുടെ ശര്‍റില്‍ നിന്നും (നിന്നോട് ഞാന്‍ രക്ഷ തേടുന്നു)” (നാസ് 4-6). ‘പിന്‍മാറിക്കളയുന്ന ദുര്‍ബോധകന്‍’ എന്ന വചനത്തെ ഇമാം ഇബ്‌നു കസീര്‍ വ്യാഖ്യാനിക്കുന്നു: ”ഇബ്‌നു അബ്ബാസ് പ്രസ്താവിച്ചു: പിശാച് തെറ്റുകള്‍ ചെയ്യുന്നത് മനുഷ്യരുടെ ഹൃദയത്തിലാണ്” (ഇബ്‌നു കസീര്‍ 4:575). ”പിശാച് അവരെ കീഴടക്കി വെച്ചിരിക്കുന്നു” (മുജാദില 19).
മേല്‍ വചനത്തിന് ഇമാം ഇബ്‌നു കസീര്‍ അടക്കമുള്ള വ്യാഖ്യാതാക്കള്‍ കൊടുത്ത വ്യാഖ്യാനം ഇപ്രകാരമാണ്: ”അവരുടെ മനസ്സുകളെ പിശാച് കീഴടക്കിവെച്ചിരിക്കുന്നു” (ഇബ്‌നു കസീര്‍, മുഖ്തസ്വര്‍ 4:328).
മറ്റൊരു വചനം ഇപ്രകാരമാണ്: ”പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.” മേല്‍ വചനത്തിന് ഇമാം ഇബ്‌നു കസീര്‍ കൊടുക്കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്: ”പിശാചിന് വഞ്ചനയല്ലാതെ മറ്റൊന്നും തന്നെ നിര്‍ബന്ധിക്കാന്‍ സാധ്യമല്ല” (ഇബ്‌നു കസീര്‍ 3:533). ഖുര്‍ആന്‍ പറയുന്നു: ”പിശാച് അവരെ രണ്ടു പേരെയും വഴിതെറ്റിച്ചുകളഞ്ഞു” (അല്‍ബഖറ 36). മേല്‍ വചനത്തിന് ഇമാം ഖുര്‍തുബി ഇപ്രകാരം വ്യാഖ്യാനം നല്‍കുന്നു: ”പിശാചിന്റെ കഴിവ് മനുഷ്യ മനസ്സില്‍ തെറ്റുകള്‍ പ്രവേശിപ്പിക്കുക എന്നത് മാത്രമാണ്” (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍, അല്‍ബഖറ 36).
ഹദീസുകള്‍ പരിശോധിച്ചാലും അപ്രകാരം തന്നെ. ഒന്ന്: ”ഇബ്‌നു മസ്ഊദ്(റ) പ്രസ്താവിച്ചു: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: പിശാചിനും മലക്കിനും മനുഷ്യരുമായി ചില ബന്ധങ്ങളുണ്ട്. എന്നാല്‍ പിശാചിനുള്ള ബന്ധം തിന്മയെ വാഗ്ദാനം ചെയ്യുകയും സത്യത്തെ കളവാക്കലുമാണ്. മലക്കിന് മനുഷ്യനുമായുള്ള ബന്ധം നന്മ വാഗ്ദാനം ചെയ്യലും സത്യത്തെ സ്ഥിരപ്പെടുത്തലുമാണ്” (തിര്‍മിദി).
പ്രസ്തുത ഹദീസിനെ ഇബ്‌നു തൈമിയ വ്യാഖ്യാനിക്കുന്നു: ”ഈ ഹദീസില്‍ വന്നിട്ടുള്ള യാഥാര്‍ഥ്യം തീര്‍ച്ചയായും അല്ലാഹു മനുഷ്യര്‍ക്ക് ചില മലക്കുകളെയും പിശാചുക്കളെയും ഏല്‍പിച്ചുകൊടുത്തിട്ടുണ്ട്. അവര്‍ മനുഷ്യ ഹൃദയങ്ങളില്‍ നന്മയും തിന്മയും ഇട്ടുകൊടുക്കുന്നു. മലക്കുകള്‍ മനുഷ്യമനസ്സുകളില്‍ നന്മ നിറഞ്ഞ സത്യസന്ധമായ വിജ്ഞാനം ഇട്ടുകൊടുക്കുമ്പോള്‍, പിശാച് മനുഷ്യമനസ്സില്‍ തിന്മ നിറഞ്ഞ ചീത്തയായ വിശ്വാസങ്ങള്‍ ഇട്ടുകൊടുക്കുന്നു” (മജ്മൂഅ് ഫതാവാ 17:531).
പിശാചിന്റെ ശര്‍റ് ഒരിക്കലും ശാരീരികമല്ല. അത് മാനസികം മാത്രമാണ്. ശാരീരികമായിരുന്നുവെങ്കില്‍ ഈ ദുന്‍യാവില്‍ നന്മ ചെയ്യുന്ന ഒരു വ്യക്തിയും അവശേഷിക്കുന്നതല്ല.