5 Tuesday
March 2024
2024 March 5
1445 Chabân 24

ജിന്നുകള്‍ക്ക് അദൃശ്യമറിയുമോ?

പി കെ മൊയ്തീന്‍ സുല്ലമി


മനുഷ്യരെപ്പോലെ അല്ലാഹുവിന്റെ സൃഷ്ടികളില്‍ പെട്ട രണ്ടു വിഭാഗങ്ങളാണ് മലക്കുകളും ജിന്നുകളും. ഈ ഇരുവിഭാഗവും മനുഷ്യരെ സംബന്ധിച്ചിടത്തോളം അദൃശ്യരും അഭൗതികരുമാണ്. അഥവാ നമുക്ക് അവരെ ദര്‍ശിക്കാനോ അവരുമായി ബന്ധപ്പെടാനോ ഒരിക്കലും സാധ്യമല്ല. അവരുമായി ബന്ധപ്പെടാന്‍ മുഅ്ജിസത്തുള്ള പ്രവാചകന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മാത്രം അല്ലാഹുവിന്റെ പ്രത്യേകമായ അനുമതിയോടുകൂടി മാത്രമേ സാധിക്കൂ. മര്‍യം(അ), ഹാജറ(റ) എന്നീ മഹതികളുമായി മലക്ക് ബന്ധപ്പെട്ടത് സുവിദിതമാണല്ലോ. അക്കാര്യം വിശുദ്ധ ഖുര്‍ആനും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും വിശദമാക്കിയിട്ടുണ്ട്.
എന്നാല്‍ ഈ അടുത്ത കാലത്ത് അതിനെതിരില്‍ ഒരു പുതിയ അഭിപ്രായം ചില പുതുയാഥാസ്ഥിതികര്‍ ഉന്നയിച്ചു വരുന്നുണ്ട്. അത് ‘ജിന്നുകളും മലക്കുകളും ഭൗതിക ജീവികളാണ്’ എന്നതാണ്. അത്തരം വാദങ്ങള്‍ ഒരുതരം ‘അഖലാനിയത്തും’ (ബുദ്ധിയെ അടിസ്ഥാനപ്പെടുത്തി നിര്‍മിക്കുന്ന വാദം) ദീനില്‍ പുതുനിര്‍മിതി കൊണ്ടുവരലുമാണ്. അല്ലാഹു അരുളി: ”അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ?” (ശൂറാ 21).
മാത്രവുമല്ല, അല്ലാഹുവിന്റെ പല കര്‍മങ്ങളും ഇവര്‍ ജിന്നു പിശാചുക്കള്‍ക്ക് ഏല്‍പിച്ചുകൊടുത്തിരിക്കുന്നു. ശാരീരിക രോഗങ്ങള്‍, മാനസിക വിഭ്രാന്തികള്‍, മറവി എന്നിവയെല്ലാം ഒരു പരീക്ഷണം എന്ന നിലയില്‍ വരുത്തിവെക്കുന്നവന്‍ അല്ലാഹുവാണ് എന്നത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മേല്‍പറഞ്ഞവര്‍ അതെല്ലാം പിശാച് വരുത്തിവെക്കുന്നതാണ് എന്ന ശിര്‍ക്കന്‍ വാദം ഉന്നയിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവിന് സമന്മാരെ സൃഷ്ടിക്കലാണല്ലോ ശിര്‍ക്ക്. അല്ലാഹു അരുളി: ”നിങ്ങള്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്” (അല്‍ബഖറ 22).
അതുപോലെ ജിന്നു പിശാചുക്കളെക്കുറിച്ച് പലതും പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുന്നു. മഗ്‌രിബിന്റെ സമയം കുട്ടികളെ പുറത്തിറക്കരുത്, ജിന്നു പിശാചുക്കളുടെ ശല്യമുണ്ടാകും, മേശ തുറക്കുമ്പോള്‍ സൂക്ഷിക്കണം, ജിന്നു പിശാച് കൂറയായും മൂട്ടയായും പ്രത്യക്ഷപ്പെടും എന്നിങ്ങനെ പോകുന്നു ഭയപ്പെടുത്തലുകള്‍. പിശാചിന്റെ കയറ്റവും ഇറക്കവും വേറെയും. പിശാചിനെ ഭയപ്പെടരുത് എന്നത് അല്ലാഹുവിന്റെ കല്‍പനയാണ്. അല്ലാഹു അരുളി: ”അത് (നിങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്) പിശാച് മാത്രമാകുന്നു. അവന്‍ തന്റെ മിത്രങ്ങളെപ്പറ്റി നിങ്ങളെ ഭയപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങള്‍ അവനെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍” (ആലുഇംറാന്‍ 175).
ജിന്നുവിഭാഗത്തിലും മനുഷ്യരെപ്പോലെ സത്യവിശ്വാസികളും അല്ലാത്തവരുമുണ്ട്. അല്ലാഹു അരുളി: ”ഞങ്ങളാകട്ടെ ഞങ്ങളുടെ കൂട്ടത്തില്‍ സ്വാലിഹീങ്ങള്‍ (സദ്‌വൃത്തര്‍) ഉണ്ട്. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്” (ജിന്ന് 11).
അല്ലാഹുവിന്റെ അറിവോടെ ജനങ്ങളുടെ ഹൃദയത്തില്‍ ദുര്‍ബോധനം നടത്തുന്നവര്‍ ജിന്നുകളില്‍ പെട്ട വഴിപിഴച്ചുപോയവരാണ്. അവരെയാണ് നാം പിശാചുക്കള്‍ എന്നു പറയുന്നത്. അത്തരക്കാര്‍ മനുഷ്യരിലുമുണ്ട് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ജിന്നുകള്‍ അവര്‍ നല്ലവരായിരുന്നാലും ദുഷിച്ചവരായിരുന്നാലും അദൃശ്യകാര്യങ്ങള്‍ അറിയുന്നവരല്ല. അദൃശ്യം അല്ലാഹു മാത്രമേ അറിയൂ. അവന്‍ ആഗ്രഹിക്കുന്നപക്ഷം അവന്‍ ഉദ്ദേശിക്കുന്ന പ്രവാചകന്മാര്‍ക്കു മാത്രം ചിലപ്പോള്‍ അദൃശ്യ കാര്യങ്ങള്‍ അറിയിച്ചുകൊടുത്തേക്കാം.
അല്ലാഹു അരുളി: ”അദൃശ്യജ്ഞാനം അല്ലാഹു നിങ്ങള്‍ക്ക് (മനുഷ്യര്‍ക്ക്) വെളിപ്പെടുത്തിത്തരാനും പോകുന്നില്ല. പക്ഷേ അല്ലാഹു അവന്റെ ദൂതന്മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ (അദൃശ്യം അറിയിക്കാന്‍) തിരഞ്ഞെടുക്കുന്നു” (ആലുഇംറാന്‍ 179).
ജിന്നുകള്‍, മലക്കുകള്‍ എന്നിവരെക്കാള്‍ ശ്രേഷ്ഠതയുള്ളവരാണ് ‘ഉലുല്‍ അസ്മി’ല്‍ പെട്ട പ്രവാചകന്മാര്‍. അവരില്‍ തന്നെ ഏറ്റവും പ്രധാനികളാണ് ഖലീലുല്ലാഹ് എന്ന പേരില്‍ അറിയപ്പെടുന്ന ഇബ്‌റാഹീം നബി(അ)യും അശ്‌റഫുല്‍ ഖല്‍ഖ് എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് നബി(സ)യും. അവര്‍ പോലും അദൃശ്യം അറിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഭക്ഷണം കഴിക്കാത്ത മലക്കുകള്‍ക്ക് ഇബ്‌റാഹീം(അ) പൊരിച്ച മൂരിക്കുട്ടിയെ സമര്‍പ്പിച്ചത്.
അല്ലാഹു അരുളി: ”നമ്മുടെ ദൂതന്മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് (ഇസ്ഹാഖ് എന്ന സന്താനത്തെക്കുറിച്ച്) ചെല്ലുകയുണ്ടായി. അവര്‍ പറഞ്ഞു: സലാം, അദ്ദേഹം പ്രതിവചിച്ചു: സലാം. വൈകിയില്ല, അദ്ദേഹം പൊരിച്ച മൂരിക്കുട്ടിയെ കൊണ്ടുവന്നു” (ഹൂദ് 69).
മുഹമ്മദ് നബിക്ക് പത്‌നി ആഇശ(റ)യുടെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട അപവാദത്തിന്റെ നിജസ്ഥിതി അറിയാന്‍ ഒരു മാസത്തോളം കാത്തിരിക്കേണ്ടിവന്നു. ഒരു മാസം കഴിഞ്ഞതിനു ശേഷം അല്ലാഹു ആഇശയുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ”തീര്‍ച്ചയായും ആ കള്ളവാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു” (നൂര്‍ 9).
അദൃശ്യം അല്ലാഹു മാത്രമേ അറിയൂ എന്ന വസ്തുത ഖുര്‍ആനിലും സുന്നത്തിലും വ്യാപിച്ചുകിടക്കുന്ന യാഥാര്‍ഥ്യമാണ്. എന്നാല്‍ ജിന്നുകള്‍ അദൃശ്യമറിയും എന്നാണ് ഈ അടുത്ത കാലത്ത് ചില പുതുയാഥാസ്ഥിതികര്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു പണ്ഡിതന്‍ തെറ്റായി എഴുതുകയോ പറയുകയോ ചെയ്താല്‍ അത് വേദവാക്യം പോലെ അന്ധമായി അനുകരിക്കുന്ന ഒരു സമ്പ്രദായം കുറച്ചു കാലമായി വ്യാപകമാണ്. ഒരു പണ്ഡിതന്‍ രേഖപ്പെടുത്തിയതു നോക്കൂ: ”മറഞ്ഞ കാര്യം അല്ലാഹു മാത്രമേ അറിയൂ എന്ന വിശ്വാസത്തോട് പിശാചു മുഖേന അവന്റെ സേവകര്‍ക്ക് ലഭിക്കുന്ന അറിവിനെക്കുറിച്ചുള്ള ധാരണ എതിരാകുന്നില്ല” (സലഫി പ്രസ്ഥാനം: വിമര്‍ശനവും മറുപടിയും, പേജ് 135).
അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിനു മാത്രമേ അറിയൂ എന്നത് ജിന്നു പിശാചുക്കള്‍ മുഖേന അവന്റെ സേവകന്മാര്‍ക്ക് അദൃശ്യമായ അറിവ് ലഭിക്കുന്നുണ്ട് എന്നതിന് എതിരല്ല എന്നാണ് അദ്ദേഹം സമര്‍ഥിക്കുന്നത്. അദ്ദേഹത്തിന്റെ അനുയായികളില്‍ ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ജ്യോത്സ്യന്മാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യാണ്, അത് പിശാചുകള്‍ കേട്ടിട്ട് കുറേ നുണകള്‍ കലര്‍ത്തി ജ്യോത്സ്യന്മാര്‍ക്ക് ഇട്ടുകൊടുക്കുകയാണ്, ജ്യോത്സ്യന്മാര്‍ അവരുടെ കളവുകള്‍ വീണ്ടും കലര്‍ത്തി മുതലെടുപ്പ് നടത്തുകയാണ് എന്നിങ്ങനെയാണ്.
ഈ ഹദീസും അതിന് അവര്‍ തെളിവാക്കാറുണ്ട്. ”ആഇശ പ്രസ്താവിച്ചു: ഒരു വിഭാഗം ജനങ്ങള്‍ ജ്യോത്സ്യന്മാരെ സംബന്ധിച്ച് നബിയോട് ചോദിക്കുകയുണ്ടായി. നബി പറഞ്ഞു: അവര്‍ പറയുന്നതില്‍ യാതൊരു യാഥാര്‍ഥ്യവുമില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: അവന്റെ ദൂതരേ, തീര്‍ച്ചയായും അവര്‍ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ സത്യമായി വരാറുണ്ടല്ലോ! അപ്പോള്‍ നബി പറഞ്ഞു: അത് ജിന്നു പിശാചുക്കളില്‍ നിന്ന് അവര്‍ തട്ടിയെടുക്കുന്ന വാര്‍ത്തകളാണ്. പിശാച് അവന്റെ സുഹൃത്തിന്റെ ചെവിയില്‍ നൂറോളം നുണകള്‍ കൂട്ടിക്കലര്‍ത്തി മന്ത്രിക്കും” (ബുഖാരി 57-62).
ഈ ഹദീസില്‍ ജിന്നു പിശാച് അദൃശ്യമറിയുമെന്ന് എവിടെയും ഒരു സൂചന പോലുമില്ല. അഥവാ ജിന്നു പിശാചുക്കള്‍ മനുഷ്യ പിശാചുകളായ ജ്യോത്സ്യന്മാര്‍ക്ക് ഇട്ടുകൊടുക്കുന്ന വാര്‍ത്തകളില്‍ ശരിയും തെറ്റും ഉണ്ടാകും എന്നു മാത്രമേയുള്ളൂ. ഇത് വിശുദ്ധ ഖുര്‍ആനും ശരിവെക്കുന്നുണ്ട്. അല്ലാഹു അരുളി: ”തീര്‍ച്ചയായും നിങ്ങളോട് തര്‍ക്കിക്കാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും” (അന്‍ആം 121).
മറ്റൊരു വചനം: ”അപ്രകാരം ഓരോ പ്രവാചകനും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളായിട്ടുണ്ട്. വഞ്ചിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ (മനുഷ്യരും ജിന്നും) അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു’ (അന്‍ആം 112).
ജിന്നുകള്‍ അദൃശ്യം അറിയുകയില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സുലൈമാന്‍ നബി(അ) മരണപ്പെടുന്നത് ഊന്നുവടിയില്‍ കുത്തിപ്പിടിച്ച് കുനിഞ്ഞുനില്‍ക്കുമ്പോഴാണ്. ഊന്നുവടി ചിതല്‍ തിന്ന് അദ്ദേഹം നിലം പതിച്ചപ്പോഴാണ് ജിന്നുകള്‍ മരണവാര്‍ത്ത അറിയുന്നത്.
അല്ലാഹു അരുളി: ”അങ്ങനെ അദ്ദേഹം വീണപ്പോള്‍ തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂടേണ്ടിവരില്ലായിരുന്നെന്ന് ജിന്നുകള്‍ക്ക് ബോധ്യപ്പെട്ടു” (നംല്: 14).
ഇവിടെ ശിക്ഷ എന്നു പറയുന്നത് കഠിനമായ ജോലിയാണ്. സുലൈമാന്‍ നബി ജിന്നുകളെക്കൊണ്ട് കഠിനമായ ജോലി എടുപ്പിച്ചിരുന്നു. അദ്ദേഹം മരണപ്പെട്ടത് അവര്‍ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ മുമ്പുതന്നെ ജോലി ഉപേക്ഷിച്ചു പോകുമായിരുന്നു എന്നര്‍ഥം. മുന്‍കാലങ്ങളില്‍ അല്ലാഹുവിന്റെ വഹ്‌യ് കട്ടുകേള്‍ക്കുകയും അങ്ങനെ ജ്യോത്സ്യന്മാര്‍ക്കും മറ്റും ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്ന സമ്പ്രദായം ജിന്നു പിശാചുക്കള്‍ക്കിടയിലുണ്ടായിരുന്നു. നബിയുടെ ആഗമനത്തോടെ അത് നിര്‍ത്തി എന്നാണ് ഖുര്‍ആന്‍ പറയുന്നത്.
അല്ലാഹു അരുളി: ”ആകാശത്തിലെ ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ (വഹ്‌യ്) വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുന്നപക്ഷം കാത്തിരിക്കുന്ന അഗ്‌നിജ്വാലയെ അവന് കണ്ടെത്താനാവും” (ജിന്ന് 9).
അല്ലാഹു അരുളി: ”പക്ഷേ ആരെങ്കിലും പെട്ടെന്ന് വല്ലതും (വഹ്‌യ്) റാഞ്ചിയെടുക്കുന്നപക്ഷം തുളച്ചുകിടക്കുന്ന ഒരു നിലാജ്വാല അവനെ പിന്തുടരുന്നതാണ്” (സ്വാഫ്ഫാത്ത് 10). ഇവിടെ ജ്വാലകള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഉല്‍ക്കകളാണ്.
ഇമാം ഇബ്‌നു ജരീറുത്ത്വബ്രിയും മറ്റു മുഫസ്സിറുകളും സ്വാഫ്ഫാത്തിലെ 10ാം വചനത്തിന് നല്‍കിയ വ്യാഖ്യാനം ശ്രദ്ധിക്കുക: ”ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചു: ജിന്നു പിശാചുക്കള്‍ക്ക് ആകാശത്ത് ചില ഇരിപ്പിടങ്ങളുണ്ടായിരുന്നു. അവര്‍ വഹ്‌യ് ശ്രദ്ധിച്ചു കേള്‍ക്കാറുണ്ടായിരുന്നു. പിന്നീട് അവര്‍ ഭൂമിയിലേക്കിറങ്ങി അതില്‍ കളവുകള്‍ കൂട്ടിക്കലര്‍ത്തി പ്രചരിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ നബി പ്രവാചകനായി നിയോഗിക്കപ്പെട്ടപ്പോള്‍ അത്തരം ജിന്നുകളെ കരിച്ചുകളയുന്ന തീജ്ജ്വാലകള്‍ ഉന്നം പിഴക്കാതെ ബാധിക്കുകയുണ്ടായി” (ജാമിഉല്‍ സയാല്‍: സ്വാഫ്ഫാത്ത് 10).
സൂറഃ ജിന്നിലെ ഒമ്പതാം വചനം വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍ അടക്കമുള്ള മുഫസ്സിറുകളുടെ വിശദീകരണം ശ്രദ്ധിക്കുക: ”നബി പ്രവാചകനായി നിയോഗിക്കപ്പെട്ടപ്പോള്‍ ജിന്നുകളെക്കുറിച്ച് അല്ലാഹു പറഞ്ഞു: അല്ലാഹു അദ്ദേഹത്തിന് ഖുര്‍ആന്‍ ഇറക്കിക്കൊടുത്തത് സംരക്ഷണത്തോടു കൂടിയായിരുന്നു. ആകാശത്ത് ശക്തമായ പാറാവുകാരെ നിറച്ചുകൊണ്ടും എല്ലാ കുഴപ്പങ്ങളില്‍ നിന്നു സംരക്ഷണം നല്‍കിക്കൊണ്ടുമായിരുന്നു. അവിടെ വഹ്‌യുകള്‍ കേള്‍ക്കാന്‍ ഇരുന്നിരുന്ന പിശാചുക്കളെ അവന്‍ ആട്ടിയോടിക്കുകയും ചെയ്തു” (ഇബ്‌നു കസീര്‍ 4:429).
ഇതേ രീതിയില്‍ നബിക്ക് സംരക്ഷണം നല്‍കിയതായി ഇമാം ഖുര്‍തുബി അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 19:12ലും ഇമാം ശൗക്കാനി ഫത്ഹുല്‍ ഖദീര്‍ 5:374ലും ജലാലൈനി തഫ്‌സീര്‍ 2:265ലും നബിയുടെ ആഗമനത്തോടെ ജിന്നുകളുടെ വഹ്‌യ് കട്ടുകേള്‍ക്കല്‍ പരിപാടി അല്ലാഹു തടഞ്ഞു എന്ന് ഇമാം തിര്‍മിദിയും വിശദീകരിക്കുന്നുണ്ട്.
എന്നാല്‍ നവയാഥാസ്ഥിതികരുടെ ജല്‍പനം, ഇപ്പോഴും പിശാചുക്കള്‍ വഹ്‌യുകള്‍ കട്ടുകേട്ട് ജ്യോത്സ്യന്മാര്‍ക്ക് നല്‍കുന്നുണ്ട് എന്നാണ്. അത് ശരിയല്ല. ഖുര്‍ആന്‍ പറഞ്ഞത് കഴിഞ്ഞുപോയ സംഭവമാണ്. അത് നബിയുടെ ആഗമനത്തോടെ നിര്‍ത്തലാക്കപ്പെട്ടു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x