22 Sunday
December 2024
2024 December 22
1446 Joumada II 20

ജൂതമതവും ശീആഇസവും ആചാരങ്ങളും സാദൃശ്യങ്ങളും


തന്മാരും ശീഅകളും തമ്മില്‍ വളരെയേറെ കാര്യങ്ങളില്‍ സാദൃശ്യങ്ങളുണ്ട്. അധികാരം ദാവൂദ് കുടുംബത്തിന്നല്ലാതെ ചേരില്ല എന്നാണ് ജൂതന്മാരുടെ വാദം. എന്നാല്‍ ശീഅകള്‍ പറയുന്നത് നേതൃത്വം അലി(റ)യുടെ കുടുംബത്തിന്നല്ലാതെ ശരിയാവില്ല എന്നാണ്. ജൂതര്‍ പറയുന്നു: മസീഹുദ്ദജ്ജാല്‍ വരുന്നതു വരെയാണ് ധര്‍മസമരം. ശീഅകള്‍ പറയുന്നത് ആകാശത്തു നിന്ന് ഒരാള്‍ വിളിച്ചുപറയും വരെയും മഹ്ദി വരുന്നതുവരെയുമാണ് ധര്‍മസമരമെന്ന്. ജൂതന്മാര്‍ അവരുടെ പ്രാര്‍ഥന നക്ഷത്രങ്ങള്‍ കൂട്ടംകൂടുംവരെ പിന്തിക്കുമ്പോള്‍ ശീഅകള്‍ അസ്തമന സമയത്തെ നമസ്‌കാരം നക്ഷത്രോദയം വരെ പിന്തിക്കുന്നു.
ജൂതര്‍ തൗറാത്ത് മാറ്റി മറിക്കുന്നു. ശീഅകള്‍ ഖുര്‍ആനും മാറ്റി മറിക്കുന്നു. ജൂതര്‍ മലക്കുകളില്‍ നിന്നുള്ള ജിബ്‌രീലിനോടാണ് കോപിക്കുന്നതെങ്കില്‍ ശീഅകള്‍ പറയുന്നത് അല്ലാഹുവിന്റെ സന്ദേശവാഹകനായ ജിബ്‌രീല്‍ അലി(റ)ക്ക് കൊടുക്കേണ്ട വഹ്‌യ് മുഹമ്മദ് നബിക്ക് കൊടുക്കുക നിമിത്തം വഞ്ചന കാണിച്ചുവെന്നാണ്. ഇവരുടെ കൂട്ടത്തില്‍ ഗറാഇബിയ്യ എന്ന ഒരു വിഭാഗമുണ്ട്. അവര്‍ പറയുന്നത് ജിബ്‌രീല്‍ വഞ്ചകനാണെന്നാണ്. പ്രവാചകത്വ ലബ്ധിക്ക് ഏറ്റവും അര്‍ഹന്‍ അലി(റ)യാണ് എന്നാണവരുടെ വാദം
ജൂതരും ശീഅകളും തമ്മില്‍ സാദൃശ്യമുള്ള മറ്റൊരു മേഖലയാണ് വിവാഹം. ജൂതര്‍ വധുവിന് മഹ്ര്‍ നല്‍കാറില്ല. ശീഅകള്‍ ഒരു വസ്തു വാടകക്ക് എടുത്ത് ഉപയോഗിക്കും പോലെയാണ് സ്ത്രീയെ ഉപയോഗിക്കുന്നത്. കുറച്ചുകാലം ഒന്നിച്ചുകഴിഞ്ഞ ശേഷം അവളെ ഒഴിവാക്കുന്നു. നീതി നടപ്പിലാക്കാന്‍ കഴിയുന്നവര്‍ക്ക് നാല് ഭാര്യമാര്‍ വരെയാകാമെന്ന ഇസ്‌ലാമിക നിയമം ശീഅകള്‍ക്ക് ബാധകമല്ല. അവര്‍ യഥേഷ്ടം വിവാഹം കഴിക്കുകയും നഷ്ടപരിഹാരം നല്‍കി വധുവിനെ ഒഴിവാക്കുകയും ചെയ്യുന്നു. താല്‍ക്കാലിക വിവാഹമെന്ന മുത്അ കല്യാണം ശീഅകള്‍ക്ക് അനുവദനീയമാണ്.
ജൂതന്മാരോട് നിങ്ങളുടെ കൂട്ടത്തില്‍ ഉത്തമര്‍ ആരെന്ന് ചോദിച്ചാല്‍ മൂസാ(അ)യുടെ അനുചരന്മാര്‍ എന്നാണ് പറയുക. ക്രിസ്ത്യാനികളോട് നിങ്ങളിലെ ഉന്നതര്‍ ആരെന്ന് ചോദിച്ചാല്‍ അപ്പോസ്തലന്മാര്‍ എന്നായിരിക്കും മറുപടി. എന്നാല്‍ ശീഅകളോട് നിങ്ങളിലെ ഏറ്റവും മോശക്കാര്‍ ആരാണെന്ന് ചോദിച്ചാല്‍ മുഹമ്മദ് നബിയുടെ ആളുകള്‍ എന്നാണവര്‍ പറയുക. (മിന്‍ഹാജുസ്സുന്ന, ഇബ്‌നുതൈമിയ :124). മരാകായുധങ്ങളും ചങ്ങലകളും ശരീരത്തില്‍ പ്രയോഗിച്ച് നമ്മുടെ നാട്ടില്‍ യാഥാസ്ഥിതികര്‍ നടത്തുന്ന കുത്തുറാത്തീബ് എന്ന ആയുധമുറ ശീഅകളില്‍ നിന്ന് അവര്‍ കടമെടുത്തതാണ്. പ്രവാചകന്‍ പഠിപ്പിച്ച മതകര്‍മമല്ല.
ശീഅകള്‍ അവരുടെ ഇമാമുകളെ കുറിച്ച് പ്രചരിപ്പിക്കുന്നത് കാണുക: ഇമാം ജഅ്ഫര്‍ സാദിഖ് പറയുന്നു: ഞങ്ങള്‍ അദൃശ്യജ്ഞാനത്തിന്റെ സൂക്ഷിപ്പുകാരും അല്ലാഹുവിന്റെ ദ്വിഭാഷികളും പാപസുരക്ഷിതരുമാണ്. ഞങ്ങള്‍ അനുസരിക്കപ്പെടേണ്ടവരാണ്. എതിര്‍ക്കപ്പെടേണ്ടവരല്ല തന്നെ. ആകാശഭൂമിക്കിടയിലുള്ള ദൈവിക ദൃഷ്ടാന്തമാകുന്നു ഞങ്ങള്‍. (ഉസൂലുല്‍ കാഫി 165). ഇമാമുകള്‍ എപ്പോഴാണ് മരിക്കുകയെന്നത് അവര്‍ക്കറിയാമത്രെ. അവര്‍ തെരഞ്ഞെടുക്കുന്ന ദിവസമാണവര്‍ മരിക്കുകയെന്നര്‍ഥം. (ഉസൂലുല്‍ കാഫി 1:258)
ഖുമൈനി പറയുന്നു: ”ഞങ്ങളുടെ ഇമാമുകള്‍ക്ക് ഒരു സ്ഥാനമുണ്ട്. അവിടെ മാലാഖമാരോ പ്രവാചകന്മാരോ എത്തിപ്പെടുകയില്ല.” അവരുടെ ധിക്കാരം എന്തുമാത്രം ഗുരുതരമായിരിക്കുന്നു. അവരുടെ പണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ഹലാലും ഹറാമും നിശ്ചയിക്കാന്‍ അഥവാ ശരീഅത്തു തന്നെ നിര്‍മിക്കാന്‍ അവകാശം കൈവന്നിട്ടുണ്ടെന്നാണ് അവരുടെ വിശ്വാസം.
അലി(റ)യെ പുകഴ്ത്തിപ്പറയുന്ന ശീഅകള്‍, അലി(റ) അല്ലാഹുവിന്റെ ഭാഗമാണെന്നും അദ്ദേഹം എല്ലാ കാര്യവും അല്ലാഹു കൈകാര്യം ചെയ്യും പോലെ നിര്‍വഹിക്കാന്‍ കഴിവുള്ളവനാണെന്നും വിശ്വസിക്കുന്നു. അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും അലി(റ)യുടെ പേരിലും അവര്‍ ചേര്‍ത്തിപ്പറയുന്നു. എത്ര വിദഗ്ധവും സമര്‍ഥവും ആസൂത്രിതവുമായാണ് നബിയും സ്വഹാബത്തും പടുത്തുയര്‍ത്തിയ ഇസ്‌ലാമിക സൗധത്തെ ജൂതന്റെ വസ്‌വാസില്‍ കുടുങ്ങി ശീഅകള്‍ ഇടിച്ചു തകര്‍ത്തത്?
ഇന്ന് ശീഅകള്‍ ജൂതന്മാര്‍ക്കും വഴങ്ങാത്ത ഒരു ശക്തിയായി വളര്‍ന്നിരിക്കുന്നു. ജൂതന്മാര്‍ ശീആഇസത്തെ വളര്‍ത്തിയത് രാഷ്ട്രീയമെങ്കില്‍ ജൂതന്മാര്‍ക്ക് പിടുത്തം കിട്ടാത്ത ശീആഇസവും രാഷ്ട്രീയം തന്നെ. നൂറ്റാണ്ടുകളായി ശീഅകള്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചുവാങ്ങി അവരുടെ എതിരാളികളെ വകവരുത്താന്‍ പ്രാപ്തനായ ഒരാള്‍ അവസാന കാലത്ത് വരുമെന്നു തന്നെയാണവര്‍ വിശ്വസിക്കുന്നത്. അവസാന നാളില്‍ അബൂബക്കര്‍, ഉമര്‍ എന്നിവരെ ഒരു കുരിശില്‍ തറക്കുമെന്നും അതിന്നായി മുളച്ചുണ്ടാകുന്ന പച്ച പിടിച്ച മരം അതോടെ ഉണങ്ങുമെന്നും അവര്‍ പറയുന്നു.
ആഇശ(റ)യുടെ മേല്‍ ശിക്ഷ നടപ്പില്‍ വരുത്തുമെന്നും പറയുന്നു. ഹുസൈന്‍(റ) വധിക്കപ്പെടുകയും മറവ് ചെയ്യപ്പെടുകയും ചെയ്ത സ്ഥലത്തെ മണ്ണ് എല്ലാ രോഗത്തിനും ശമനമാണെന്നും കുട്ടികള്‍ ജനിച്ചാല്‍ ആദ്യം കൊടുക്കുന്ന മധുരത്തിനു പകരം പ്രസ്തുത മണ്ണ് തൊട്ടുകൊടുത്താല്‍ മതിയെന്നും അവര്‍ക്ക് വിശ്വാസമുണ്ട്. ശീഈയായ അബൂ അബ്ദില്ലയോട് ഹംസ(റ)യുടെ ഖബ്‌റും ഹുസൈന്റെ(റ) ഖബ്‌റും നിലകൊള്ളുന്ന സ്ഥലത്തെ മണ്ണിനെപ്പറ്റി ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ഹുസൈനെ(റ) മറമാടിയ സ്ഥലത്തെ മണ്ണുകൊണ്ട് നിര്‍മിച്ച തസ്ബീഹ് മാല ആരെങ്കിലും കൈവശം വെച്ചാല്‍ അയാള്‍ തസ്ബീഹ് ചൊല്ലിയില്ലെങ്കിലും പ്രസ്തുത മാല അയാള്‍ക്കുവേണ്ടി തസ്ബീഹ് ചൊല്ലുമത്രെ.
മറ്റൊരു വിശ്വാസം ശീഅകളും സുന്നികളും സൃഷ്ടിക്കപ്പെട്ടത് വെവ്വേറെ മണ്ണുകൊണ്ടാണെന്നാണ്. പിന്നീട് രണ്ട് മണ്ണുകളും കൂട്ടിക്കലര്‍ത്തപ്പെട്ടതു കൊണ്ട് സുന്നികള്‍ നന്മ ചെയ്യുന്നത് ശീഅ മണ്ണിന്റെ സ്വാധീനത്താലും ശീഅകള്‍ തിന്മ ചെയ്യുന്നത് സുന്നീ മണ്ണിന്റെ സ്വാധീനത്താലുമാണത്രെ.
”മുത്അ വിവാഹം എന്റെയും എന്റെ പിതാക്കന്മാരുടെയും മതത്തിലുള്ളതാണ്. അങ്ങനെ ആരൊക്കെ ചെയ്യുന്നുവോ അവര്‍ നമ്മുടെ ദീനിലും അതിനെ എതിര്‍ക്കുന്നവര്‍ നമ്മുടെ ദീനിന്റെ പുറത്തുമാണ്.” (മന്‍ഹജുസ്സാദിഖീന്‍ കാശാനി, 356). വ്യഭിചാരത്തെ അനുവദിക്കുകയാണിതിലൂടെ അവര്‍ ചെയ്യുന്നത്. ലഹരി അവര്‍ക്ക് ഹറാമാക്കിയെന്നും പകരം മുത്അ വിവാഹം അനുവദിച്ചുവെന്നും അവര്‍ പറയുന്നു. (മന്‍ലാ യഹ്‌ളറുല്‍ ഫഖീഹ്, 330). താല്ക്കാലിക വിവാഹം സ്ത്രീകളെ വാടകക്കെടുക്കുകയെന്നതാണ്. അതവര്‍ക്ക് എത്രയുമാവാം. നാലില്‍ മാത്രം നിര്‍ണിതമല്ല. ആയിരം വരെയുമാകാം (ഫുറൂഉല്‍ കാഫി 2:43, തഹ്ദീബ് 2:188)
കര്‍ബല, നജ്ഫ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ശീഅകള്‍ വളരെയേറെ പുണ്യമായാണ് കാണുന്നത്. അവരുടെ നേതാക്കളെ മറവുചെയ്ത സ്ഥലങ്ങള്‍ വിശുദ്ധ ഹറമുകളാണവര്‍ക്ക്. കൂഫ, കര്‍ബല, ഖുമ്മ് എന്നീ സ്ഥലങ്ങള്‍ പ്രത്യേകിച്ചും. അവര്‍ പറയുന്നത്, അല്ലാഹുവിന്റെ ഹറം മക്കയും റസൂലിന്റെ ഹറം മദീനയും അലി(റ)യുടെ ഹറം കൂഫയും അവരുടെ ഹറം ഖുമ്മുമാണെന്നാണ്. കഅ്ബയേക്കാള്‍ പവിത്രത കര്‍ബലക്കാണെന്നും കര്‍ബലയോട് വിധേയത്വം കാണിക്കണമെന്ന് കഅ്ബക്ക് അല്ലാഹു വഹ്‌യ് നല്‍കിയിട്ടുണ്ടെന്നും അല്ലാത്ത പക്ഷം നരകാഗ്നിയില്‍ കഅ്ബയെ വലിച്ചെറിയുമെന്ന് വിവരമറിയിച്ചിട്ടുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു. (കിതാബുല്‍ വിഹാര്‍ 1017)
ഇബ്‌റാഹീം നബി(അ)യെയും കഅ്ബാലയത്തെയും ഇകഴ്ത്തി സംസാരിക്കാന്‍ ചില സുന്നി പുരോഹിതന്മാരെ ഇത്തരം ശീഅ ചിന്തകളിലുള്ള സ്വാധീനമായിരിക്കാം പ്രേരിപ്പിക്കുന്നത്. കൂഫാ പ്രദേശം സന്ദര്‍ശനത്തിന് അതിവിശിഷ്ടമാണെന്നും അത് പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും ഖബ്‌റുകള്‍ നിലകൊള്ളുന്ന സ്ഥലമാണെന്നും ആയതിനാല്‍ അതീവ പരിശുദ്ധി നല്‍കപ്പെടേണ്ട സ്ഥലമാണെന്നും അവര്‍ക്ക് വിശ്വാസമുണ്ട്. (കിതാബുല്‍ മസാര്‍ 99)
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തുകാരും ശീഅകളും തമ്മില്‍ അടിസ്ഥാനപരമായ ഒട്ടനേകം ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ശീഅകളുടെ പല ആശയങ്ങളും അഹ്‌ലുസ്സുന്നത്തുകാരെ സ്വാധീനിച്ചിട്ടുണ്ട്. നിസാമുദ്ദീന്‍ അഅ്‌സമിയുടെ ശീഅകളും മുത്അ വിവാഹവും എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”നമ്മുടെയും അവരുടെയും ഇടയില്‍ നിലകൊള്ളുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ശാഖാപരമായ കര്‍മശാസ്ത്ര വിഷയങ്ങളില്‍ മാത്രമുള്ളതല്ല. മറിച്ച്, വിശ്വാസങ്ങളിലും അടിസ്ഥാന തത്വങ്ങളിലും തന്നെയാണ്. താഴെ സൂചിപ്പിക്കുന്നതിലാണ് പ്രധാനമായും ഭിന്നത.
(1) റാഫിളികള്‍ ഖുര്‍ആന്‍ മാറ്റി മറിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. നമ്മളാണെങ്കിലോ യാതൊരു മാറ്റങ്ങള്‍ക്കും വിധേയമല്ലെന്നും അതിന്റെ സംരക്ഷണം സ്രഷ്ടാവായ അല്ലാഹു ഏറ്റെടുത്തതാണെന്നും ഉറച്ചു വിശ്വസിക്കുന്നു. (2) റാഫിളികള്‍ വിശ്വസിക്കുകയും പറയുകയും ചെയ്യുന്നത് സ്വഹാബികളില്‍ അവര്‍ പറയുന്ന അല്പം ചിലതൊഴികെ ബാക്കിയെല്ലാവരും മുര്‍തദ്ദുകളായിട്ടുണ്ടെന്നാണ്. ഇങ്ങന പുറത്തുപോയവരില്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ ഉള്‍പ്പെടുന്നുണ്ടത്രെ. നമ്മള്‍ പറയുന്നത് പ്രവാചകന്മാരെക്കഴിച്ചാല്‍ സ്വഹാബികളാണ് മനുഷ്യരില്‍ ഉത്തമരെന്നും അവര്‍ പരിപൂര്‍ണ നീതിയുടെയും വിശ്വസ്തതയുടെയും ഉദാഹരണങ്ങളാണെന്നുമാണ്. (3) റാഫിളികള്‍ അവരുടെ പന്ത്രണ്ട് ഇമാമുകള്‍ പാപസുരക്ഷിതരാണെന്നും അവര്‍ അദൃശ്യജ്ഞാനമറിയുന്നവരാണെന്നും അവര്‍ ലോകത്തുള്ള എല്ലാ ഭാഷകളും അറിയുന്നവരാണെന്നും മലക്കുകളോ പ്രവാചകന്മാരോ അറിഞ്ഞിട്ടില്ലാത്ത വരാനിരിക്കുന്ന കാര്യങ്ങള്‍ പോലും അറിഞ്ഞവരാണെന്നും വിശ്വസിക്കുന്നു. നമ്മള്‍ പറയുന്നത് അവരുടെ ഇമാമുകള്‍ സാധാരണ മറ്റു പണ്ഡിതന്മാരെയും നേതാക്കളെയും പോലെയാണെന്നും പാപസുരക്ഷിതത്വം ലഭിച്ചവരെല്ലാം അദൃശ്യജ്ഞാനമറിയുന്നവരല്ലെന്നുമാണ്. (പേജ് 6)
മുഹര്‍റം പത്തിന്റെ പ്രത്യേകതകളിലും മറ്റും റാഫിളികളുടെ നിലപാട് വളരെ വിചിത്രമാണ്. അന്ന് അവര്‍ റോഡുകളിലും മൈതാനങ്ങളിലും തടിച്ചുകൂടി പ്രകടനം നടത്തുന്നു. മാറിലും മുഖത്തും ശരീരാവയവങ്ങളിലും ആയുധങ്ങളുപയോഗിച്ച് മുറിപ്പെടുത്തുന്നു. വാവിട്ട് നിലവിളിക്കുകയും ദു:ഖസൂചകമായി കറുത്തവസ്ത്രം ധരിക്കുകയും ചെയ്യുന്നു. ഹുസൈന്റെ (റ) രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട ഓര്‍മ പുതുക്കാനാണത്രെ ഇതെല്ലാം. മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്തുദിവസവും ഇങ്ങനെ ചെയ്യുന്നത് മഹത്തായ സദ്കര്‍മമായി അവര്‍ കാണുന്നു. റാഫിളികള്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ ഇന്നും ഇതെല്ലാം കാണാം. അവരുടെ നേതാക്കള്‍ ഇതെല്ലാം മതചിഹ്നങ്ങളെ ആദരിക്കുന്നതില്‍ പെട്ടതാണെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു.
അവരുടെ പന്ത്രണ്ട് ഇമാമുകളുടെ കീഴിലുള്ളതല്ലാത്ത എല്ലാ ഭരണകൂടവും നിഷ്ഫലമാണെന്നും, ദൈവേതരമാണെന്നും അവര്‍ക്കല്ലാതെ ബൈഅത്ത് (ഉടമ്പടി) നല്‍കാവതല്ലെന്നും അവര്‍ പ്രചരിപ്പിക്കുന്നു. അവര്‍ നിര്‍മിച്ചുണ്ടാക്കി പ്രചരിപ്പിക്കുന്ന ചില വചനങ്ങളും അധ്യായങ്ങളും ഖുര്‍ആനില്‍ നേരത്തെ ഉള്ളതായിരുന്നുവെന്നും പിന്നീട് ചിലര്‍ അതെല്ലാം ഗൂഢമായി നീക്കം ചെയ്തതാണെന്നും (ഉദാ: സൂറത്തുല്‍ വിലായത്ത്) അവര്‍ വിശ്വസിക്കുന്നു. അവരല്ലാത്ത എല്ലാവരെയും ശീഅകള്‍ ശപിക്കുന്നു. ഇങ്ങനെ ധിക്കാരപൂര്‍വം ഇസ്‌ലാമിനെ വികലമാക്കാന്‍ വേണ്ടി ജൂതന്മാര്‍ പടച്ചുവിട്ട കുപ്രചാരണങ്ങള്‍ക്കിരയായി അതിന്റെ സ്വാധീന വലയത്തില്‍പെട്ടവരാണ് ശീഅകള്‍. അവരുടെ തെറ്റായ ചില വിശ്വാസങ്ങള്‍ സ്വൂഫിയാക്കളും ദുര്‍ബല വിശ്വാസികളും ഏറ്റുപറഞ്ഞു കൊണ്ടിരിക്കുന്നു.
ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി നടന്ന ശത്രുക്കളുടെ കുതന്ത്രങ്ങള്‍ വിജയിച്ചതിന്റെ പ്രകടമായ അടയാളമാണിതിലൂടെ നാം കാണുന്നത്. ശരിയായ തിരിച്ചറിവ് ലഭിക്കാത്തവര്‍ അന്നും ഇന്നും എന്നും വഴികേടില്‍ തപ്പിത്തടയുന്നു. ഇസ്‌ലാം വിരുദ്ധ ലോബി ആധുനിക മാധ്യമങ്ങള്‍ ഇതിന്നായി ഉപയോഗപ്പെടുത്തുന്നു. ഭാവിതലമുറ നാശത്തിലകപ്പെടാതിരിക്കാന്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ശീഅകള്‍ തുടങ്ങിവെച്ച പല ആശയങ്ങളും സുന്നികളില്‍ വ്യാപകമായിട്ടുണ്ട്. ഇവരെ ദീനുല്‍ ഇസ്‌ലാമിലേക്ക് അടുപ്പിക്കാന്‍ പ്രയാസമാണ്. ശീഅ ചിന്തകളില്‍ ആകൃഷ്ടരായവരൊന്നും തിരിച്ചു വന്നതായി കേട്ടിട്ടില്ല.

Back to Top