23 Monday
December 2024
2024 December 23
1446 Joumada II 21

ഫലസ്തീനികള്‍ക്കു വേണ്ടി ജൂത വിദ്യാര്‍ഥികളുടെ തുറന്ന കത്ത്

ഫലസ്തീനികള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കണമെന്നും 75 വര്‍ഷമായി ഇസ്രായേല്‍ തുടരുന്ന ക്രൂരതകള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അമേരിക്കയിലെ ജൂത വിദ്യാര്‍ഥികളുടെ തുറന്ന കത്ത്. ഇസ്രായേലിന്റെ ക്രൂരതയെയും ഹമാസിന്റെ ആക്രമണങ്ങളെയും അപലപിച്ച വിദ്യാര്‍ഥികള്‍, ഹമാസ് നടത്തുന്ന ആക്രമണങ്ങളെ അതിന് കാരണമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വേര്‍പെടുത്തി കാണാന്‍ കഴിയില്ലെന്നും കത്തില്‍ വ്യക്തമാക്കി. അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ 36 ജൂത വിദ്യാര്‍ഥികളാണ് കത്തെഴുതിയത്.
ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലയുറപ്പിക്കുമെന്ന് വ്യക്തമാക്കിയ കത്ത് ഇസ്രായേലി ആക്രമണം ഒരു മാസം പിന്നിട്ട നവംബര്‍ 7നാണ് പ്രസിദ്ധീകരിച്ചത്. ‘ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലിനെ ആക്രമിക്കുന്നതിനു മുമ്പ്, ഇസ്രായേല്‍ 75 വര്‍ഷമായി ഫലസ്തീനികള്‍ക്കു നേരെ വര്‍ണവിവേചനവും അധിനിവേശവും നടത്തുകയാണ്.
ഭരണകൂടം പതിറ്റാണ്ടുകളായി നിരന്തരം നടത്തുന്ന അക്രമചരിത്രത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. കുട്ടികളെന്നോ സ്ത്രീകളെന്നോ ഭേദമില്ലാതെ ആയിരങ്ങളെ ഇസ്രായേല്‍ കൊന്നൊടുക്കുകയും 15 ലക്ഷത്തിലധികം ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുകയും ചെയ്തതിനെ തള്ളിപ്പറയാന്‍ കഴിയാത്തവര്‍ നമ്മുടെ ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുന്നതില്‍ പരാജയപ്പെട്ടവരാണ്’- കത്തില്‍ ചൂണ്ടിക്കാട്ടി.
ഫലസ്തീനികളുടെ സ്വാതന്ത്ര്യമെന്നാല്‍ ജൂതന്മാരെ പുറത്താക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഭൂമിയില്‍ നിന്ന് ജൂതന്മാരെ ഉന്മൂലനം ചെയ്യുകയല്ല, മറിച്ച് സയണിസ്റ്റ് ഭരണകൂടം അന്യായമായി കൈവശപ്പെടുത്തിയ ഭൂമിയും അവരുടെ സ്വാതന്ത്ര്യവും തിരിച്ചുനല്‍കലാണ്. ഞങ്ങള്‍ ഫലസ്തീനികളെയാണ് പിന്തുണയ്ക്കുന്നത്’- വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

Back to Top