മണ്ണറിഞ്ഞ് കളിക്കുന്നവര്‍
സുഫ്‌യാന്‍

കേരളത്തില്‍ പുതിയ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും കോര്‍പ്പറേഷനുകളും രൂപീകരിക്കപ്പെടാന്‍ പോവുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനസംഖ്യാ മാറ്റമനുസരിച്ച് തെരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്ന ഡീലിമിറ്റേഷന്‍ പ്രക്രിയ വഴിയാണ് പുതിയ തദ്ദേശ സ്വയംഭരണ അതിര്‍ത്തികള്‍ രൂപപ്പെടുക. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുടെ മേല്‍നോട്ടത്തില്‍ ഇലക്ഷന്‍ കമ്മീഷനാണ് ഇതിന്റെ പ്രവര്‍ത്തന ചുമതല. തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോകുന്ന ഈ ഡീലിമിറ്റേഷന്‍ പ്രക്രിയക്ക് പ്രായോഗിക ജനാധിപത്യത്തില്‍ വലിയ സ്ഥാനമുണ്ട്. ജനസംഖ്യയുടെ ചലനാത്മകത അനുസരിച്ച് ഓരോ പൗരനും ഏത് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു എന്നതാണ് അതത് വോട്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ വാര്‍ഡ് മുതല്‍ ലോകസഭ മണ്ഡലം വരെയുള്ള ഓരോ തെരഞ്ഞെടുപ്പ് അതിര്‍ത്തികളെയും നിര്‍ണയിക്കുന്നതില്‍ നിഷ്പക്ഷതയും സുതാര്യതയും അനിവാര്യമാണ്. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ഇംഗിതത്തിന്നനുസരിച്ച് അതിര്‍ത്തികള്‍ മാറ്റി നിശ്ചയിക്കാന്‍ ശ്രമിക്കാറുണ്ട്. ഓരോ പ്രദേശത്തിന്റെയും മണ്ണറിഞ്ഞ് രാഷ്ട്രീയം കളിക്കാന്‍ അറിയുന്നവര്‍, അതനുസരിച്ച് അതിര്‍ത്തി നിര്‍ണയത്തില്‍ പക്ഷപാതപരമായി ഇടപെടാറുണ്ട്. ഇത് ഈ പ്രക്രിയയുടെ സുതാര്യത നഷ്ടപ്പെടുത്തുന്നു.
ജെറിമാന്‍ഡറിംഗ്
Gerrymandering എന്ന പദം Gerry, salamander എന്നീ രണ്ട് വാക്കുകളുടെ സംയോജനത്തില്‍ നിന്നാണ് ഉരുത്തിരിയുന്നത്. രാഷ്ട്രീയ നേട്ടത്തിനായി തെരഞ്ഞെടുപ്പ് മണ്ഡല അതിര്‍ത്തികള്‍ അന്യായമായി കൈകാര്യം ചെയ്യുന്ന രീതിയുടെ പര്യായമായാണ് ഇതുപയോഗിക്കുന്നത്. 1812-ല്‍ മസാച്യുസെറ്റ്‌സിന്റെ ഗവര്‍ണറായിരുന്ന, അമേരിക്കയുടെ അഞ്ചാമത്തെ വൈസ് പ്രസിഡന്റ് കൂടിയായ എല്‍ബ്രിഡ്ജ് ജെറിയെയാണ് ‘ജെറി’ എന്ന വാക്ക് സൂചിപ്പിക്കുന്നത്. അദ്ദേഹം ഭരണഘടനാ കണ്‍വെന്‍ഷനില്‍ പ്രതിനിധി ആയിരുന്നു. എന്നാല്‍, തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായ വിധത്തില്‍ മസാച്യുസെറ്റ്‌സിലെ മണ്ഡല അതിര്‍ത്തികള്‍ നിര്‍ണയിക്കുന്ന പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിനായി ജെറി നടത്തിയ ഇടപെടലുകള്‍ കുപ്രസിദ്ധമാണ്. ഈ പദ്ധതി പ്രകാരം സൃഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ് മണ്ഡലങ്ങള്‍ വിചിത്രമായ ആകൃതിയിലുള്ളതും ജെറിയുടെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രയോജനം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തതുമാണ്. അങ്ങനെയാണ് രാഷ്ട്രീയ പ്രേരിതമായ മണ്ഡല പുനര്‍നിര്‍ണയങ്ങളെ ജെറിമാന്‍ഡറിംഗ് എന്ന് വിശേഷിപ്പിക്കുന്നത്.
പ്രാതിനിധ്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളെ തുരങ്കം വയ്ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ജെറിമാന്‍ഡറിംഗില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടിക്ക് സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ അന്യായ നേട്ടം ലഭിക്കും. വോട്ടര്‍മാരുടെ രാഷ്ട്രീയ മുന്‍ഗണനകളെ കൃത്യമായി പ്രതിഫലിപ്പിക്കാത്ത ഒരു നിയമനിര്‍മാണ സമിതിക്ക് ഇത് കാരണമാകും. ജനസംഖ്യയിലെ ചില വിഭാഗങ്ങളുടെ കാഴ്ചപ്പാടുകളും താല്‍പ്പര്യങ്ങളും വ്യവസ്ഥാപിതമായി പാര്‍ശ്വവത്കരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്‌തേക്കാം. ജെറിമാന്‍ഡറിംഗിലൂടെ, ചില മണ്ഡലങ്ങള്‍ ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരെക്കൊണ്ട് ‘നിറഞ്ഞേക്കാം’. ജെറിമാന്‍ഡെര്‍ഡ് മണ്ഡലങ്ങള്‍ക്ക് ‘സുരക്ഷിത സീറ്റുകള്‍’ സൃഷ്ടിക്കാന്‍ കഴിയും. ഇത് തെരഞ്ഞെടുപ്പുകളുടെ മത്സര സ്വഭാവം കുറയ്ക്കുകയും വിജയിച്ചുവരുന്നവര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ കാര്യമായി ഒന്നും പരിശ്രമിക്കേണ്ടതില്ലാത്ത അവസ്ഥയും സൃഷ്ടിക്കുന്നു. ഈയിടെ അസമില്‍ പൂര്‍ത്തിയായ മണ്ഡല പുനര്‍നിര്‍ണയം ഒട്ടേറെ വിവാദങ്ങളിലൂടെയാണ് കടന്നുപോയത്. പുനര്‍നിര്‍ണയത്തിന് ശേഷം, മുസ്‌ലിം ന്യൂനപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളുടെ എണ്ണം പകുതിയായി ചുരുങ്ങിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഈ കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ, ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും നിഷ്പക്ഷവും സുതാര്യവും സ്വതന്ത്രവുമായ മണ്ഡല അതിര്‍ത്തി നിര്‍ണയ പ്രക്രിയകളുടെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ക്രിയാത്മകമായ പങ്കാളിത്തവും അതിരുകള്‍ വരയ്ക്കുന്നതിനുള്ള വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളുടെ ഉപയോഗവും ജെറിമാന്‍ഡറിംഗ് ഇല്ലാതാക്കാന്‍ സഹായിക്കും.
