14 Wednesday
January 2026
2026 January 14
1447 Rajab 25

ജീവിതത്തിന്റെ നന്മ

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറൈറ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: തനിക്കാവശ്യമില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുകയെന്നത് ഒരു മനുഷ്യന്റെ ഇസ് ലാമിക ജീവിതത്തിന്റെ നന്മയില്‍ പെട്ടതാണ് (തിര്‍മിദി, ഈ ഹദീസ് ഹസന്‍ എന്ന ഗണത്തിലാണ് പെടുത്തിയത്)

വാക്കും പ്രവൃത്തിയും മിതമായിരിക്കുകയും ജീവിത വ്യവഹാരങ്ങള്‍ അനാവശ്യമുക്തമാവുകയും ചെയ്യുന്നത് ദീനിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമാണ്. സമയത്തെയും അധ്വാനത്തെയും പ്രയോജനകരമായ കാര്യത്തിലേക്ക് തിരിച്ചുവിടാനുള്ള പ്രേരണയാണ് ഈ തിരുവചനം. മനുഷ്യ മനസ്സിന്റെ പരിചരണത്തിനും വിമലീകരണത്തിനും ആവശ്യമായ ഒരു നിര്‍ദേശമാണിത്.
അനാവശ്യവും ഉപകാരമില്ലാത്തതുമായ കാര്യങ്ങള്‍ ഉപേക്ഷിക്കുക വഴി സമയനഷ്ടം ഒഴിവാക്കാനും നല്ല കര്‍മങ്ങള്‍ അധികരിപ്പിക്കാനും നമുക്ക് കഴിയും. ജീവിതവിജയം നേടുന്ന വിശ്വാസികളുടെ സ്വഭാവഗുണമായി ഖുര്‍ആന്‍ പ്രതിപാദിച്ചതില്‍ ഒന്ന് അനാവശ്യ കാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവര്‍’ (23:3) എന്നാണ്.
വാക്കിലും പ്രവൃത്തിയിലും അനാവശ്യ കാര്യങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെ മനസ്സിനെ സംസ്‌കരിച്ചെടുക്കുവാനും ശുദ്ധീകരിക്കുവാനും നല്ല കാര്യങ്ങളില്‍ അതിനെ ചിട്ടപ്പെടുത്താനും കഴിയും. നല്ല കാര്യങ്ങളിലെ സജീവതയും സദ്‌വിചാരങ്ങളും വഴി ഇഹത്തിലും പരത്തിലും നന്മകളാല്‍ നിറയ്ക്കപ്പെട്ട ജീവിതം ലഭിക്കുന്നുവെന്നത് എത്രമാത്രം സൗഭാഗ്യകരമാണ്!
ഒരു കാര്യം തനിക്ക് ആവശ്യമാണോ അനാവശ്യമാണോ എന്ന് ചിന്തിക്കാതെ അതില്‍ ഇടപെടുന്നത് പലപ്പോഴും അപകടത്തിലേക്കുള്ള എടുത്തുചാട്ടമായേക്കാം. ഏതൊരു കാര്യത്തെയും നന്മയുടെയും ഗുണത്തിന്റെയും അളവുകോല്‍ വെച്ച് തൂക്കിക്കണക്കാക്കുകയെന്നത് വിശ്വാസിയുടെ സ്വഭാവമായി ഈ തിരുവചനം പരിചയപ്പെടുത്തുന്നു.
നിരര്‍ഥകമായ വാക്കും പ്രവൃത്തിയും വിശ്വാസിയുടെ പ്രകൃതമല്ലതന്നെ. അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തുകൂടി പോകുകയാണെങ്കില്‍ മാന്യന്മാരായി കടന്നുപോകുന്നവരാണ് (25:72) പരമകാരുണികന്റെ ഇഷ്ടദാസന്മാര്‍ എന്ന വിശുദ്ധ ഖുര്‍ആനിന്റെ പരാമര്‍ശം ശ്രദ്ധേയമത്രേ. വ്യര്‍ഥമായ അത്തരം കാര്യങ്ങളില്‍ പങ്കെടുക്കുകയോ അതിനുള്ള താല്‍പര്യം തോന്നുകയോ അതിലേക്ക് ശ്രദ്ധിക്കുകയോ ചെയ്യാതെ പ്രതിഷേധപൂര്‍വം തിരിഞ്ഞുകളയുവാന്‍ ഈമാനിന്റെ ശക്തിയുള്ളവര്‍ക്കേ സാധിക്കൂ.
അനാവശ്യവും ഉപകാരമില്ലാത്തതുമായ കാര്യങ്ങള്‍ വര്‍ജിക്കുന്നതിലൂടെയാണ് നമുക്ക് കൂടുതല്‍ സമയവും നന്മയില്‍ വിനിയോഗിക്കാന്‍ കഴിയുന്നത്. നന്മയിലധിഷ്ഠിതമായി ജീവിതത്തെ ചിട്ടപ്പെടുത്തുകയെന്നത് വിശ്വാസിയുടെ ബാധ്യതയത്രേ. വിശ്വാസരംഗത്തും അനുഷ്ഠാന രംഗ ത്തും പ്രവര്‍ത്തനരംഗത്തും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അനാവശ്യങ്ങളും കടന്നുവരാതെ സൂക്ഷിക്കാന്‍ വിശ്വാസിക്ക് സഹായകമാവുന്നതും ഈ സ്വഭാവഗുണം കൊണ്ടുതന്നെയാണ്.

Back to Top