ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച കര്‍മയോഗി
അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍

2004-ല്‍ ഒരു മെഡിക്കല്‍ പരിശോധനയുടെ ഭാഗമായിട്ടാണ് കോഴിക്കോട്ടെ ഹോസ്പിറ്റലില്‍ ചെന്ന് ഡോക്ടറെ കാണുന്നത്. പരിശോധനകള്‍ക്കിടയില്‍ അദ്ദേഹം ചോദിച്ചു: വായന എങ്ങനെ? ഞാന്‍ ആ സമയത്ത് വായിച്ചുകൊണ്ടിരുന്ന ഒന്നു രണ്ട് പുസ്തകങ്ങളുടെ പേര് പറഞ്ഞു. വീണ്ടും ചോദിച്ചു: ഖുര്‍ആന്‍ വായന എങ്ങനെ? മിക്ക ദിവസങ്ങളിലും ഖുര്‍ആന്‍ പാരായണം ചെയ്യുന്നുണ്ട്. ചില തഫ്‌സീറുകളെ അവലംബിച്ചുള്ള വായനയുമുണ്ട്. അദ്ദേഹം പറഞ്ഞു: മലയാളത്തില്‍ ലഭിക്കുന്ന ഖുര്‍ആന്‍ വിവരണങ്ങളില്‍ ഏറ്റവും മികച്ചത് അമാനി മൗലവിയുടെ വ്യാഖ്യാനമാണ്. ഖുര്‍ആന്‍ പഠനത്തിന് തഫ്‌സീറുകള്‍ പൊതുവെ വലിയ സഹായമാണ്. എന്നാല്‍ അതോടൊപ്പം ഖുര്‍ആന്‍ നമ്മള്‍ സ്വന്തമായി വായിക്കണം. അറിവിന്റെ ആഴം വര്‍ധിപ്പിക്കാനും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനും അത് സഹായിക്കും. വിശുദ്ധ ഖുര്‍ആനില്‍ എനിക്കുള്ള അറിവിന്റെ പരിമിതിയെ മനസ്സിലാക്കാന്‍ അദ്ദേഹവുമായുള്ള ഈ കൂടിക്കാഴ്ച എന്നെ സഹായിച്ചിട്ടുണ്ട്. ഹദീസ് ഗ്രന്ഥങ്ങളിലോ മറ്റോ കാണുന്ന ഏതെങ്കിലും റിപ്പോര്‍ട്ടുകള്‍ തൗഹീദിനോ ഖുര്‍ആനിലെ മറ്റേതെങ്കിലും ആശയങ്ങള്‍ക്കോ വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ ആ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ അദ്ദേഹം ആരെയും കാത്തുനില്‍ക്കാറുണ്ടായിരുന്നില്ല.
കെ പി മുഹമ്മദ് മൗലവിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനായി സംഘടനയുടെ ഉന്നത സ്ഥാനങ്ങളില്‍ വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും സംഘടനാ തര്‍ക്കങ്ങളില്‍ ഒരു കക്ഷിയാവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. പക്ഷേ ഓരോ സന്ദര്‍ഭത്തിലും അനീതിക്കും അധാര്‍മികതക്കുമെതിരെ കൃത്യമായ നിലപാടെടുത്തിരുന്നതുകൊണ്ട് അദ്ദേഹം സ്വാഭാവികമായും കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ ഭാഗമായി നിലകൊണ്ടു. തന്റെ സംഘടനാ ബന്ധത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ”ഇവിടെയുള്ള മുസ്‌ലിം സംഘടനകളില്‍ ഇസ്‌ലാമുമായി ഏറ്റവും അടുത്തുനില്ക്കുന്നത് ഈ കൊച്ചുസംഘമാണ്. മറ്റേതെങ്കിലും ഒരു സംഘം ഇസ്‌ലാമുമായി ഇതിനേക്കാള്‍ കൂടുതല്‍ അടുത്തുവന്നാല്‍ ഞാനതിന്റെ കൂടെയായിരിക്കും.” ആദര്‍ശത്തനിമയും ജീവിതവിശുദ്ധിയുമായിരുന്നു അദ്ദേഹം പരിഗണിച്ച മാനദണ്ഡങ്ങള്‍.
വ്യക്തികളുടെയും സംഘടനകളുടെയും സാമ്പത്തികരംഗം ശുദ്ധവും സുതാര്യവുമായിരിക്കണം എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. 2018 ഡിസംബറില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ”നമുക്ക് കുറച്ചു കാലത്തേക്കെങ്കിലും അറബികളെ ആശ്രയിക്കാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കണം. അതിന് ഭൂരിപക്ഷ പ്രവര്‍ത്തകരുടെയും പ്രാതിനിധ്യത്തോടെ ഒരു പ്രവര്‍ത്തനഫണ്ട് രൂപീകരിക്കണം.”
അദ്ദേഹത്തിന്റെ ആലോചനയില്‍ ഉദിച്ചുവന്ന ആശയമായിരുന്നു മാസത്തില്‍ 100 രൂപയെങ്കിലും ഓരോ പ്രവര്‍ത്തകനില്‍ നിന്ന് സമാഹരിച്ചെടുക്കുന്ന ‘സനാബീല്‍ ഫണ്ട്’. ഇതുവഴി ശാഖ മുതല്‍ സംസ്ഥാനതലം വരെ നടക്കുന്ന പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഓരോ അംഗത്തിന്റെയും പങ്ക് ഉറപ്പുവരുത്താന്‍ സാധിച്ചു. മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ട്രൈനിംഗ് നല്‍കണമെന്നതും അദ്ദേഹം പങ്കുവെക്കാറുള്ള ആശയമാണ്. സംഘടനയുടെ വിവിധ ഘടകങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ട്രെയിനിംഗുകള്‍ ആദ്ദേഹത്തിന്റെ സ്വപ്‌നസാക്ഷാത്ക്കാരവും കൂടിയാണ്.
ഗവേഷണാത്മക ഖുര്‍ആന്‍ പഠനസംരംഭങ്ങള്‍ അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ആ മേഖലയിലെ ഒരു ചെറിയ കാല്‍വെപ്പാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നടന്നുവരുന്ന ‘എയ്‌സ് ഖുര്‍ആന്‍ ലേണിംഗ് പ്രോഗ്രാം’. വിശുദ്ധ ഖുര്‍ആനിനെ ഓരോരുത്തരും അവരവരുടെ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് വീണ്ടും വീണ്ടും വായിച്ചുകൊണ്ടേയിരിക്കണം എന്ന അദ്ദേഹത്തിന്റെ താല്പര്യവും കൂടിയാണ് പ്രസ്തുത പഠന പദ്ധതി.
ഒന്നര പതിറ്റാണ്ടോളം തന്നെ അലട്ടിയിരുന്ന ശാരീരിക പ്രയാസങ്ങളെയൊക്കെ അവഗണിച്ച് തന്റെ ലക്ഷ്യത്തിലേക്ക് കിതച്ചോടുകയായിരുന്നു ആ കര്‍മയോഗി. 73 വര്‍ഷം താനിവിടെ ജീവിച്ചിരുന്നു എന്നതിന് ഒട്ടേറെ മികച്ച അടയാളങ്ങള്‍ ബാക്കിവെച്ച് നടന്നുനീങ്ങിയ ആ ധന്യജീവിതത്തെ നമുക്കൊരുപാട് പഠിക്കാനുണ്ട്, പകര്‍ത്താനും.
