ജീവന്റെ വില
എം ടി അബ്ദുല്‍ഗഫൂര്‍
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം; കൊലയാളി താനെന്തിനാണ് കൊല്ലുന്നതെന്നോ, കൊല്ലപ്പെട്ടവന്‍ ഏത് കാരണത്താലാണ് താന്‍ കൊല്ലപ്പെട്ടതെന്നോ അറിയാത്ത ഒരു കാലംവരും. (മുസ്‌ലിം)
സുരക്ഷിത ജീവിതത്തിനുള്ള സാഹചര്യമാണ് ഏതൊരു സമൂഹത്തിന്റെയും സാംസ്‌കാരിക സമ്പന്നതയുടെയും പുരോഗതിയുടെയും അടയാളം. ജീവിക്കാനുള്ള അവകാശമാണ് ഏതൊരു പൗരന്റെയും മൗലികാവകാശങ്ങളില്‍ പ്രഥമ ഗണനീയമായിട്ടുള്ളത്. അത് വകവെച്ചുകൊടുക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തവുമത്രെ.
എല്ലാ മനുഷ്യരുടെയും ജീവന്‍ പരിശുദ്ധവും പരിപാവനവുമായി കാണേണ്ടത് മനുഷ്യ സമൂഹത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. സ്വജീവനെപ്പോലെ അന്യരുടെ ജീവനും സ്വത്തിനും വിലകല്‍പിക്കുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നതിന് അതിമഹത്തായ പ്രതിഫലമാണ് ഇസ്്‌ലാം വാഗ്ദാനം ചെയ്യുന്നത്. ”മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു” (5:32) എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം കൊലപാതകം അതീവ ഗൗരവമായ കുറ്റകൃത്യമാണ് എന്ന് ബോധ്യപ്പെടുത്തുന്നു.
എന്നാല്‍ ഇന്ന് സമൂഹത്തില്‍ കൊലപാതകങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. വളരെ നിസ്സാരമായ വിഷയങ്ങള്‍പോലും പരിഹരിക്കപ്പെടാതെ മനുഷ്യജീവന്‍ അപഹരിക്കുന്നതിലേക്ക് എത്തിച്ചേരുന്നു. വര്‍ഗീയതയുടെയും വംശീയതയുടെയും പേരില്‍ എത്രയെത്ര കൊലപാതകങ്ങളാണിവിടെ നടക്കുന്നത്? രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ പോലും നടക്കുന്ന ജീവഹാനി ഭീതിതമാണ്. അവിവേകവും ദുര്‍വികാരവും കാരണമായുണ്ടാകുന്ന ഇത്തരം കൊലപാതകങ്ങളുടെ ഭവിഷ്യത്ത് ഭയാനകമായിരിക്കും. പലപ്പോഴും കാരണങ്ങള്‍പോലും കണ്ടെത്താന്‍ കഴിയാത്ത കൊലപാതകങ്ങള്‍ എത്ര കുടുംബങ്ങളെയാണ് നിരാലംബരാക്കുന്നത്?
ആര്‍ത്തിയും ആസക്തിയും നിറഞ്ഞ ജീവിതത്തില്‍ സ്വാര്‍ഥതയും ഭൗതിക പ്രമത്തതയുമാണ് വളരുക. നന്മയും തിന്മയും വേര്‍തിരിക്കാന്‍ കഴിയാത്ത, തെറ്റും ശരിയും മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാണ് ഭൂമിയില്‍ കുഴപ്പങ്ങളും കൊലപാതകങ്ങളും വര്‍ധിപ്പിക്കുന്നത്. ഭയാനകമായ ഭവിഷ്യത്തുകള്‍ മനുഷ്യ സമൂഹത്തില്‍ സൃഷ്ടിക്കുന്ന കൊലപാതകങ്ങള്‍, ദൈവകോപത്തിനും ശാപത്തിനും പാത്രമാവുന്ന കുറ്റകൃത്യങ്ങളാണെന്ന് ഇസ്‌ലാം വിവക്ഷിക്കുന്നു. വെറുപ്പോടെയും സംശത്തോടെയുമല്ലാതെ ഘാതകനെ വീക്ഷിക്കാന്‍ സമൂഹത്തിന് കഴിയില്ല. എന്താണ് താന്‍ ചെയ്യുന്നതെന്ന് കൊലയാളിക്കോ എന്തിന്റെ പേരിലാണ് താന്‍ കൊല്ലപ്പെട്ടതെന്ന് കൊല്ലപ്പെട്ടവനോ അറിയാത്തത്ര ചിന്താശൂന്യരായി മാനവകുലം മാറുന്ന കാലത്തെ ലോകനാശത്തിന്റെ അടയാളമായിട്ടാണ് തിരുമേനി(സ) പരിചയപ്പെടുത്തിയത്.