12 Friday
April 2024
2024 April 12
1445 Chawwâl 3

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സംഘടിത സ്വഭാവം

ജൗഹര്‍ കെ അരൂര്‍


സഹജീവികളോട് കരുണ കാണിക്കുക എന്നത് ഇസ്ലാം മതവിശ്വാസികള്‍ക്ക് മതപരമായ ബാധ്യതയാണ്. അനാഥ സംരക്ഷണത്തിന്റെയും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെയും അഗതികള്‍ക്ക് ആശ്വാസം പകരേണ്ടതിന്റെയുമൊക്കെ പ്രാധാന്യം ഖുര്‍ആനും പ്രവാചകനും വളരെ കൃത്യമായിത്തന്നെ മുസ്ലിം സമുദായത്തെ പഠിപ്പിച്ചിട്ടുണ്ട്.
മര്‍കസുദ്ദഅ്വ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനം അതിന്റെ ആരംഭകാലം മുതല്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കിപ്പോരുന്നുണ്ട്. അതിന് കീഴില്‍ കേരളത്തിലും കേരളത്തിന്റെ പുറത്തുമായി ഒട്ടനവധി ചാരിറ്റി സംഘങ്ങളും കൂട്ടായ്മകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹെല്‍പിങ് ഹാന്‍ഡ്സ്, പുളിക്കല്‍ എബിലിറ്റി, രണ്ടത്താണി ശാന്തിഭവന്‍, ഫോക്കസ് ഇന്ത്യ, മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ എയ്ഡ് സെന്റര്‍, കണ്ണൂരിലെ സഹായി, ഈരാറ്റുപേട്ടയിലെ തണല്‍, ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ എറണാകുളം ചാപ്റ്റര്‍, ദയ ഓര്‍ഫന്‍ കെയര്‍ ശ്രീമൂലനഗരം, യൂണിറ്റി സോഷ്യല്‍ സര്‍വീസ് പാലത്ത്, പരപ്പനങ്ങാടി സോഫ്റ്റ് കാമ്പസ്, പാണ്ടിക്കാട് ദയ കെയര്‍ സെന്റര്‍ തുടങ്ങിയവയെല്ലാം പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും അനാഥകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമൊക്കെ തണലായി പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മകളാണ്. ഇങ്ങനെ നിരവധി സംരംഭങ്ങള്‍ പ്രാദേശികമായും അല്ലാതെയും പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിനു പുറത്ത്
അസം, ബിഹാര്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങി ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികപരവും ആരോഗ്യപരവുമായ ഉന്നതി ലക്ഷ്യംവെച്ചുകൊണ്ടുള്ള നിരവധി പ്രൊജക്ടുകള്‍. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി ഒരു മനുഷ്യനു ജീവിക്കാന്‍ അടിസ്ഥാനപരമായി വേണ്ടുന്ന വിഭവങ്ങള്‍ ഒരുക്കുന്നതിനു വേണ്ടിയാണ് പ്രയത്‌നിക്കുന്നത്. വെള്ളമില്ലാത്ത പ്രദേശങ്ങളില്‍ കുഴല്‍ക്കിണറുകള്‍ സ്ഥാപിക്കുക, ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക, അനാഥക്കുട്ടികളെ അവരുടെ അമ്മമാരോടൊപ്പം നിര്‍ത്തി ആവശ്യമായ സഹായങ്ങള്‍ ഒരുക്കുക, റമദാന്‍ കാലങ്ങളിലും മറ്റും നടക്കുന്ന ഭക്ഷണകിറ്റ് വിതരണം, തണുപ്പുകാലങ്ങളിലെ കമ്പിളിപ്പുതപ്പ് വിതരണം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, നൈപുണി വികസന പ്രോഗ്രാമുകള്‍ തുടങ്ങിയവയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ആതുരസേവനരംഗം
കാന്‍സര്‍, കിഡ്നി മാറ്റിവെക്കല്‍, ലുക്കീമിയ തുടങ്ങിയ രോഗം ബാധിച്ച ആളുകള്‍ക്ക് ചികിത്സാ കാലയളവില്‍ അണുബാധയേല്‍ക്കാതെ താമസിക്കാന്‍ വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്ത് തലയുയര്‍ത്തിനില്‍ക്കുന്ന കെയര്‍ഹോമാണ് ആതുരസേവനരംഗത്തെ സംഘടനയുടെ ശ്രദ്ധേയമായ സംഭാവന.
വ്യത്യസ്ത പ്രദേശങ്ങളിലെ കൂട്ടായ്മകള്‍ക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍, നിത്യരോഗികള്‍ക്കു വേണ്ടിയുള്ള സൗജന്യ മരുന്നു വിതരണം, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, നിര്‍ധനരായവര്‍ക്ക് സൗജന്യ നിരക്കിലും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും സേവനം ലഭ്യമാവുന്ന ഡയഗ്നോസ്റ്റിക് സെന്ററുകള്‍, സൗജന്യ ഡയാലിസിസ് സെന്റര്‍, സൗജന്യ ഫിസിയോതെറാപ്പി സെന്റര്‍, പാരാപ്ലീജിയ & റീഹാബിലിറ്റേഷന്‍ സെന്റര്‍, ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന ഹെല്‍ത്ത്കെയര്‍ ക്ലിനിക്കുകളും ഹോംകെയര്‍ യൂണിറ്റുകളും, മാനസിക രോഗികളുടെ ഉന്നമനത്തിനു വേണ്ടിയുള്ള കൗണ്‍സലിങ് സെന്ററുകള്‍, കമ്മ്യൂണിറ്റി സൈക്യാട്രി സെന്റര്‍ തുടങ്ങിയവയെല്ലാം സംഘടനയുടെ ഈ മേഖലയിലുള്ള സംഭാവനകളാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി ഈ പ്രദേശങ്ങളില്‍ ഡോക്ടര്‍, നഴ്സ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാകുന്ന മൊബൈല്‍ ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് സംഘടന. ബീഹാറിലെ കട്ടിയാറിലാണ് ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടുകൂടി ഈ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.
ജീവിതശൈലീ
രോഗങ്ങള്‍

ജീവിതശൈലീ രോഗങ്ങളെക്കുറിച്ച ബോധവത്കരണം, കാമ്പയിനുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍, നിത്യരോഗികള്‍ക്ക് ഇടവേളകളിലുള്ള പരിശോധനയും അവശ്യ മരുന്നുകളുടെ വിതരണവും പ്രാദേശിക കൂട്ടായ്മകള്‍ക്കു കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ സജീവമായി നടന്നുവരുന്നുണ്ട്. കിഡ്‌നി രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള രോഗനിര്‍ണയ സംവിധാനം (ഗഋഋ) സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കാറുണ്ട്.
വിദ്യാഭ്യാസം
വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്നിരുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനം ലക്ഷ്യംവെച്ചുകൊണ്ട് അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അവരുടെ നൈപുണി വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പില്‍വരുത്തുകയും ചെയ്തുവരുന്നു.
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നല്‍കുന്ന എജ്യൂകെയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയും കരിയര്‍ സംബന്ധമായ സൗജന്യ സെമിനാറുകളും വ്യക്തിഗത കൗണ്‍സലിങ്ങുകളും നല്‍കിവരുന്നു. പ്രാദേശികമായി സ്‌കൂള്‍ കിറ്റുകള്‍, വിദ്യാഭ്യാസ ധനസഹായങ്ങള്‍ എന്നിവ നല്‍കിവരുന്നുമുണ്ട്.
അനാഥ സംരക്ഷണം
അനാഥകളായ കുട്ടികളെ അവരുടെ മാതാവിന്റെ കൂടെ നിര്‍ത്തിക്കൊണ്ട് ആവശ്യമായ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ പിന്തുണ നല്‍കിവരുന്ന ഓര്‍ഫന്‍ കെയര്‍ പദ്ധതികള്‍ പ്രാദേശിക കൂട്ടായ്മകള്‍ക്കു കീഴില്‍ വളരെ വ്യവസ്ഥാപിതമായി നടന്നുവരുന്നു. കേവലം സാമ്പത്തിക സഹായം എന്നതിലപ്പുറം മാസത്തിലൊരിക്കല്‍ ഒത്തുചേരുകയും അവരുടെ ആവശ്യങ്ങളും പ്രയാസങ്ങളും മനസ്സിലാക്കുകയും അതിന് ആവശ്യമായ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. അതോടൊപ്പം ആവശ്യമായ ധാര്‍മിക ബോധനം കൂടി നല്‍കിവരുന്നു.
രക്തദാനം
വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ഡോണേഴ്സ് കൂട്ടായ്മകള്‍ക്കു കീഴില്‍ രക്തദാന ക്യാമ്പുകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ രക്തം ആവശ്യം വരുന്ന രോഗികള്‍ക്ക് വലിയ രീതിയില്‍ ആശ്വാസം പകരാന്‍ ഈ സംവിധാനങ്ങള്‍ക്കു സാധിക്കുന്നുണ്ട്.
റിലീഫ്
വീട് ഇല്ലാത്തവര്‍ക്ക് പ്ലഷര്‍ ഹോം പദ്ധതികള്‍ സംഘടന നേരിട്ടും പ്രാദേശിക ചാരിറ്റി കൂട്ടായ്മകള്‍ മുഖേനയും നടത്തി വരുന്നുണ്ട്. ഇഫ്താര്‍ കിറ്റുകള്‍, പെരുന്നാള്‍ കിറ്റുകള്‍, പെരുന്നാള്‍ പുടവകള്‍, അടിയന്തര സാഹചര്യങ്ങളിലെ ധനസഹായം, വളണ്ടിയര്‍ സേവനങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇഫ്താര്‍ വിതരണം, ലഘുഭക്ഷണ വിതരണം, മറ്റു സഹായങ്ങള്‍ എന്നിവയും സംഘടനയുടെ കീഴില്‍ പ്രാദേശിക ജീവകാരുണ്യ പ്രവര്‍ത്തന കൂട്ടായ്മകള്‍ നടത്തിവരുന്നുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x