26 Friday
July 2024
2024 July 26
1446 Mouharrem 19

അബ്ദുല്‍ഖാദിര്‍ ജീലാനിയും ഖാദിരിയ്യാ ത്വരീഖത്തും

പി കെ മൊയ്തീന്‍ സുല്ലമി

വീട്ടിലുള്ളതും നാട്ടില്‍ ഇല്ലാത്തതുമായ പല ത്വരീഖത്തുകളുമുണ്ട്. അവയില്‍ പെട്ടതാണ് അബൂബക്കറി(റ)ന്റെ പേരില്‍ അറിയപ്പെടുന്ന ബകരിയ്യ ത്വരീഖത്തും ഉമറി(റ)ന്റെ പേരില്‍ അറിയപ്പെടുന്ന ഉമരിയ്യ ത്വരീഖത്തും ഉസ്മാന്റെ(റ) പേരില്‍ അറിയപ്പെടുന്ന ഉസ്മാനിയ്യാ ത്വരീഖത്തും അബ്ബാസി(റ)ന്റെ പേരില്‍ അറിയപ്പെടുന്ന അബ്ബാസിയ്യാ ത്വരീഖത്തും ഇമാം ഗസ്സാലിയുടെ പേരില്‍ അറിയപ്പെടുന്ന ഗസ്സാലിയ്യാ ത്വരീഖത്തുമെല്ലാം. അക്കൂട്ടത്തില്‍ പെട്ടതാണ് അബ്ദുല്‍ഖാദിര്‍ ജീലാനിയുടെ (മുഹ്‌യിദ്ദീന്‍ ശൈഖ്) പേരില്‍ അറിയപ്പെടുന്ന ഖാദിരിയ്യാ ത്വരീഖത്ത്.
മാലകളും മൗലിദുകളും ത്വരീഖത്തുകാരുടെ സൃഷ്ടിയാണ്. അവയിലൊക്കെ പറയുന്ന ഒരു കാര്യം അല്ലാഹുവല്ലാത്ത ശക്തികളോട് പ്രാര്‍ഥന നടത്താനാണ്. ഖാദിരിയ്യാ ത്വരീഖത്തുകാരനായ ഖാദി മുഹമ്മദ് മുഹ്‌യുദ്ദീന്‍ മാലയില്‍ പറഞ്ഞു: ‘ബല്ലേ നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് ബായ് കൂടാതുത്തിരം ചെയ്യും ഞാനെന്നോവര്‍’ (മുഹ്‌യിദ്ദീന്‍മാല). അഥവാ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഏതു ഭാഷയില്‍ വിളിച്ചാലും വായ പൂട്ടുന്നതിനു മുമ്പ് അദ്ദേഹം ഉത്തരം ചെയ്യും എന്നാണ് മാലയില്‍ പറഞ്ഞത്.
ഖാദിരിയ്യ എന്ന പേരില്‍ അദ്ദേഹം ഒരു ത്വരീഖത്ത് സ്ഥാപിച്ചിട്ടില്ല എന്ന് അദ്ദേഹം എഴുതിയ ഗ്രന്ഥത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. അബ്ദുല്‍ ഖാദിര്‍ ജീലാനിക്ക് ത്വരീഖത്തുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്. അദ്ദേഹം പ്രസ്താവിക്കുന്നു: ”ഖുര്‍ആനിനോടും സുന്നത്തിനോടും സാമാന്യബുദ്ധിയോടും യോജിച്ചുവരുന്ന എല്ലാ വിധിവിലക്കുകളും അംഗീകരിക്കേണ്ടതാണ്. അവയോട് വിയോജിച്ചു വരുന്ന എല്ലാ വിധിവിലക്കുകളും തള്ളിക്കളയേണ്ടതുമാണ്” (അല്‍ഗുന്‍യ 1:53).
അല്ലാഹു അല്ലാത്തവരോട് വിളിച്ചു തേടല്‍ ശിര്‍ക്കാണെന്ന് അദ്ദേഹം രേഖപ്പെടുത്തി: ”അല്ലാഹു അരുളി: അല്ലാഹുവോട് അവന്റെ അനുഗ്രഹത്തില്‍ നിന്നു നിങ്ങള്‍ ചോദിക്കണം. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ അരുളി: നിശ്ചയമായും അല്ലാഹുവിനു പുറമേ നിങ്ങള്‍ ആരെയൊക്കെ വിളിച്ചുതേടുന്നുവോ അവര്‍ ആരുംതന്നെ നിങ്ങള്‍ക്ക് ഭക്ഷണം ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അല്ലാഹുവോട് ഭക്ഷണം തേടുക. അല്ലാഹു അരുളി: എന്നെക്കുറിച്ച് എന്റെ അടിമകള്‍ താങ്കളോട് ചോദിച്ചാല്‍, തീര്‍ച്ചയായും ഞാന്‍ അടുത്തവനാണ് (എന്നു പറയുക). എന്നോട് പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനയ്ക്ക് ഞാന്‍ ഉത്തരം നല്‍കുന്നതാണ്. അല്ലാഹു അരുളി: എന്നോട് നിങ്ങള്‍ പ്രാര്‍ഥിക്കുക: ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്” (ഫുതൂഹുല്‍ ഗൈബ്, പേജ് 50).
”പരീക്ഷണഘട്ടത്തില്‍ നിന്റെ വിഷമത്തെ ഒരു സൃഷ്ടിയോടും ആവലാതിപ്പെടരുത്. നിന്റെ മനസ്സില്‍ ഒരിക്കലും നിന്റെ നാഥനെ സംബന്ധിച്ച് (അവന്‍ സഹായിക്കില്ല എന്ന നിലയില്‍) തെറ്റിദ്ധരിക്കരുത്. നിന്റെ മനസ്സുകൊണ്ടു പോലും ഒരു സൃഷ്ടിയോടും സഹായത്തിനായി നീ പോകരുത്. അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലാണ്. നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുന്നവനായി അല്ലാഹുവല്ലാതെ ഒരു ശക്തിയുമില്ല. നിന്റെ ഉപദ്രവം തടുക്കുന്നവനോ നിനക്ക് ഉപകാരം വരുത്തുന്നവനോ ആയി അവനല്ലാതെ ഒരു ശക്തിയുമില്ല. നിന്നെ പരീക്ഷിക്കുന്നവനോ നിന്നോട് പ്രതികാരം ചെയ്യുന്നവനോ അവനല്ലാതെ മറ്റാരുമല്ല. അതിനാല്‍ രഹസ്യമായോ പരസ്യമായോ സൃഷ്ടികളോട് നീ സഹായം തേടരുത്. അല്ലാഹുവോട് മാത്രം സഹായം തേടല്‍ നിനക്ക് നിര്‍ബന്ധമാണ്” (ഫുതൂഹുല്‍ ഗൈബ്, പേജ് 137).
‘ലാ ഇലാഹ ഇല്ലല്ലാഹ്’ ഉച്ചരിക്കുകയും മനസ്സില്‍ പല മഹത്തുക്കളും തന്നെ സംരക്ഷിക്കുമെന്ന് വിശ്വസിച്ചുപോരുകയും ചെയ്തുകൊണ്ടിരിക്കുന്ന മുസ്‌ലിംകളെ വിളിച്ച് അദ്ദേഹം ഉപദേശിക്കുന്നത് ശ്രദ്ധിക്കുക: ”നീ എങ്ങനെയാണ് ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയുക? നിന്റെ മനസ്സില്‍ എത്ര ദൈവങ്ങളാണ്! നീ അവലംബമാക്കിക്കൊണ്ടിരിക്കുന്ന എല്ലാ വസ്തുക്കളും, അല്ലാഹുവിനു പുറമേ നിന്നെ സംരക്ഷിക്കുമെന്ന് നീ വിശ്വസിച്ചുപോരുന്ന സകലരും നിന്റെ വിഗ്രഹമാണ്. മനസ്സില്‍ ശിര്‍ക്കു വെച്ചു നാക്കുകൊണ്ട് കലിമത്തുത്തൗഹീദ് ഉച്ചരിച്ചതുകൊണ്ട് യാതൊരു പ്രയോജനവും നിനക്ക് ലഭിക്കുന്നതല്ല” (ഫത്ഹുല്‍ റബ്ബാനി, പേജ് 123).
”ഒരു വ്യക്തി തന്റെ ആഗ്രഹസഫലീകരണത്തിന് ലക്ഷ്യം വെക്കുന്നത് തന്നെപ്പോലെയുള്ള, ഉപകാരമോ ഉപദ്രവമോ നല്‍കലോ തടയലോ ഉടമപ്പെടുത്താന്‍ കഴിയാത്ത (മയ്യിത്ത്) വ്യക്തിയോടാണെങ്കില്‍, തീര്‍ച്ചയായും അത്തരം വ്യക്തി അല്ലാഹുവില്‍ പങ്കുചേര്‍ത്തിരിക്കുന്നു” (അല്‍ഗുന്‍യ 2:199).
സ്ത്രീകളുടെ
ജമാഅത്ത്

എല്ലാ ത്വരീഖത്തുകാരുടെയും മര്‍മപ്രധാനമായ അടിസ്ഥാന തത്വം അല്ലാഹുവല്ലാത്ത അവരുടെ ശൈഖന്മാരെ വിളിച്ചു തേടുക എന്നതാണ്. അപ്പോള്‍ ആ വിഷയത്തില്‍ മുഹിയുദ്ദീന്‍ ശൈഖ് ത്വരീഖത്ത് വിരുദ്ധനാണെന്ന് നമുക്ക് മനസ്സിലാക്കാം. രണ്ട്: സ്ത്രീകള്‍ അന്യ പുരുഷന്മാര്‍ പങ്കെടുക്കുന്ന ജുമുഅഃ-ജമാഅത്തുകളില്‍ പങ്കെടുക്കല്‍ എല്ലാ ത്വരീഖത്തുകാര്‍ക്കും ഹറാമാണ്. എന്നാല്‍ അബ്ദുല്‍ഖാദിര്‍ ജീലാനി ഹദീസ് ഉദ്ധരിച്ചുകൊണ്ട് അത് സ്ഥാപിക്കുന്നതും പുണ്യകര്‍മമാണെന്നു പറയുന്നതും ഇങ്ങനെ: ”ആഇശ(റ) പ്രസ്താവിച്ചു: നബിയുടെ കാലഘട്ടത്തില്‍ സത്യവിശ്വാസിനികളായ സ്ത്രീകള്‍ അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതച്ചുകൊണ്ട് നബിയോടൊപ്പം സുബ്ഹി നമസ്‌കരിച്ചിരുന്നു. ഇരുട്ടു കാരണം അവരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല” (ബുഖാരി, അല്‍ഗുന്‍യ 2:100).
സ്ത്രീകളുടെ ജുമുഅ നമസ്‌കാരത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: ”അല്ലാഹു അരുളി: അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക് പിരിഞ്ഞുപോകുന്നു.’ അഥവാ മദീനയില്‍ ഒരു കച്ചവടസംഘം ചെണ്ടമുട്ടും കയ്യടിയുമായി വരികയുണ്ടായി. അപ്പോള്‍ ജനങ്ങള്‍ പള്ളിയില്‍ നിന്നു പുറത്തുപോയി, 12 പുരുഷന്മാരും ഒരു സ്ത്രീയും ഒഴിച്ച്. പിന്നെ മറ്റൊരു കച്ചവടസംഘം വന്നു. അപ്പോഴും പള്ളിയില്‍ നിന്നു 12 പുരുഷന്മാരും ഒരു സ്ത്രീയും ഒഴിച്ച് എല്ലാവരും പുറത്തുപോയി” (അല്‍ഗുന്‍യ 1:57, 58)
പെരുന്നാള്‍ നമസ്‌കാരത്തില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് അദ്ദേഹം പറയുന്നു: ”സ്ത്രീകള്‍ പെരുന്നാള്‍ ജുമുഅകളില്‍ പങ്കെടുക്കുന്നതില്‍ യാതൊരു വിരോധവുമില്ല” (അല്‍ഗുന്‍യ 2:127). അന്യ പുരുഷന്മാര്‍ പങ്കെടുക്കുന്ന ജുമുഅഃ-ജമാഅത്തുകളില്‍ സ്ത്രീകള്‍ പങ്കെടുക്കല്‍ ഹറാമാണെന്ന ത്വരീഖത്തുകാരുടെ വാദങ്ങള്‍ക്കും മുഹിയുദ്ദീന്‍ ശൈഖ് എതിരാണെന്ന് മനസ്സിലാക്കാം.
പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ വെച്ച് നടത്തലാണ് ഉത്തമം എന്നതാണ് ത്വരീഖത്തുകാരുടെ വാദം. അബ്ദുല്‍ ഖാദിറില്‍ ജീലാനി അതിനും എതിരാണ്. അദ്ദേഹത്തിന്റെ പ്രസ്താവന: ”പെരുന്നാള്‍ നമസ്‌കാരം ഏറ്റവും ഉത്തമം പൊതുസ്ഥലത്തായിരിക്കുക എന്നതാണ്. ഒരു പ്രതിബന്ധവും ഇല്ലാതെ അത് പള്ളിയില്‍ നടത്തുക എന്നത് കറാഹത്താണ്” (അല്‍ഗുന്‍യ 1:127). അതുപോലെ ത്വരീഖത്തുകാരും കടുത്ത സമസ്തക്കാരും സ്ത്രീകള്‍ ജനാസ നമസ്‌കാരം നിര്‍വഹിക്കുന്നതിന് എതിരാണ്. പുരുഷന്മാരുടെ ഒപ്പം നമസ്‌കരിക്കുന്നതു പോയിട്ട്, സ്ത്രീകള്‍ സംഘമായോ ഒറ്റയ്‌ക്കോ നമസ്‌കരിക്കുന്നതുപോലും ശരിയല്ല എന്ന വാദക്കാരാണ് മേല്‍പറഞ്ഞവര്‍. പ്രസ്തുത വിഷയത്തിലും അബ്ദുല്‍ ഖാദിര്‍ ജീലാനി ത്വരീഖത്തുകാര്‍ക്ക് എതിരാണ്. അദ്ദേഹം രേഖപ്പെടുത്തി: ”ജനാസ നമസ്‌കാരത്തിനു നില്‍ക്കുമ്പോള്‍ പുരുഷന്‍മാര്‍ മുന്നില്‍ നില്‍ക്കേണ്ടതാണ്. പിന്നീട് അടിമകളും ശേഷം കുട്ടികളും അനന്തരം നപുംസകങ്ങളും പിന്നീട് സ്ത്രീകളും നില്‍ക്കേണ്ടതാണ്” (അല്‍ഗുന്‍യ 2:133).
ഹിദായത്ത് വാദം
ത്വരീഖത്തുകാരുടെ പ്രധാനപ്പെട്ട ഒരു വാദമാണ് ശൈഖുമാര്‍ക്ക് ഹിദായത്ത് (നേര്‍വഴി) നല്‍കാന്‍ കഴിയും എന്നത്. മുഹ്‌യിദീന്‍മാലക്കാരന്റെ വാക്കുകള്‍:
എന്റെ മുരീദുകള്‍
നരകത്തില്‍ ഇല്ലെന്ന്
നരകത്തെ കാക്കും
മലക്ക് പറഞ്ഞോവര്‍
എന്റെ മുരീദുകള്‍
നല്ലവരല്ലെങ്കില്‍
എപ്പോഴും നല്ലവര്‍
ഞാനെന്ന് ചൊന്നോവര്‍
(മുഹിയിദ്ദീന്‍മാല).

അഥവാ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി ത്വരീഖത്തില്‍പ്പെട്ട എല്ലാവരും സ്വര്‍ഗത്തിലാണ്, അവരില്‍ മോശപ്പെട്ടവര്‍ പോലും. കാരണം അവര്‍ക്ക് ഹിദായത്ത് നല്‍കിയത് ശൈഖാണ്. അത് ഖുതുബിയ്യത്ത് ബൈത്തിലും പറയുന്നുണ്ട്. അതിന്റെ ആശയം ഇപ്രകാരമാണ്: ”താങ്കള്‍ പ്രവേശിച്ച മാര്‍ഗത്തില്‍ എന്റെ മനസ്സിന് ഉള്‍ക്കാഴ്ച നല്‍കേണമേ. താങ്കളാണ് അതിന്റെ ഉടമസ്ഥന്‍. അല്ലാഹു അതിനുള്ള അധികാരം താങ്കള്‍ക്ക് നല്‍കിയിരിക്കുന്നു” (ഖുതുബിയ്യത്ത്). അപ്പോള്‍ ഹിദായത്ത് നല്‍കാനുള്ള അധികാരം അല്ലാഹു അബ്ദുല്‍ ഖാദിര്‍ ജീലാനിക്ക് നല്‍കിയിട്ടുണ്ട് എന്നാണ് അവകാശവാദം. എന്നാല്‍ നബിക്കു പോലും ഒരു വ്യക്തിയെ ഹിദായത്തിലാക്കാനുള്ള കഴിവ് അല്ലാഹു നല്‍കിയിട്ടില്ല എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്: ”അവരെ നേര്‍വഴിയിലാക്കാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു” (അല്‍ബഖറ 272).
നബി തന്റെ പിതൃവ്യന്‍ അബൂത്വാലിബിന്റെ ഹിദായത്ത് ആഗ്രഹിച്ചുകൊണ്ട് ശഹാദത്ത് കലിമ പലതവണ ചൊല്ലിക്കൊടുത്തപ്പോള്‍ അദ്ദേഹം അത് ചൊല്ലാന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അപ്പോള്‍ അല്ലാഹു താഴെ വരുന്ന വചനം അവതരിപ്പിച്ചതായും ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ”തീര്‍ച്ചയായും താങ്കള്‍ക്ക് ഇഷ്ടപ്പെട്ടവരെ താങ്കള്‍ക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു” (അല്‍ഖസ്വസ് 56, ഇബ്‌നു കസീര്‍ 3:394).
മുഹ്‌യിദ്ദീന്‍ ശൈഖും ഈ വിഷയത്തില്‍ അവലംബിച്ചിട്ടുള്ളത് ത്വരീഖത്തുകാരുടെ മാര്‍ഗമല്ല, മറിച്ച്, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മാര്‍ഗമാണ്. ”മതപ്രബോധനം നബിയുടെ ബാധ്യതയാണ്. എന്നാല്‍ നേര്‍വഴിയിലാക്കല്‍ അദ്ദേഹത്തിന്റെ ബാധ്യതയില്‍ പെട്ടതല്ല. നബി പറഞ്ഞതുപോലെ, ഞാന്‍ നിയോഗിക്കപ്പെട്ടത് ഹിദായത്തിലേക്ക് ക്ഷണിക്കുന്നവന്‍ എന്ന നിലയ്ക്കാണ്, എന്നാല്‍ ഒരിക്കലും ഒരാളെയും ഹിദായത്തിലാക്കല്‍ എന്റെ ബാധ്യതയല്ല” (അല്‍ഗുന്‍യ 2:31).
മേല്‍ പരാമര്‍ശിച്ച ത്വരീഖത്തുകാരുടെ എല്ലാ വഴിപിഴച്ച ആചാരങ്ങളിലും കേരളത്തിലെ ഇരുവിഭാഗം സമസ്തക്കാരും സംസ്ഥാന സുന്നികളും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന എല്ലാ യാഥാസ്ഥിതികരും ഭാഗഭാക്കുകളാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുകയില്ല. യാഥാസ്ഥിതികരില്‍ നല്ലൊരു ശതമാനം ആളുകള്‍ വ്യത്യസ്ത ത്വരീഖത്തുകളില്‍ മെമ്പര്‍മാരാണ്. പല പണ്ഡിതന്മാരുടെയും മഹത്തുക്കളുടെയും പേരില്‍ ത്വരീഖത്തുകള്‍ നിര്‍മിച്ചുണ്ടാക്കിയതുപോലെ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പേരിലും ഖാദിരിയ്യാ ത്വരീഖത്ത് എന്ന പേരില്‍ ഒരു ത്വരീഖത്ത് നിര്‍മിക്കുകയാണ്ചെയ്തത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x