അബ്ദുല്‍ഖാദിര്‍ ജീലാനിയും ആദര്‍ശങ്ങളും
പി കെ മൊയ്തീന്‍ സുല്ലമി
ഇസ്്‌ലാമിക വിജ്ഞാന ശാഖക്ക് ഏറെ സംഭാവനകള്‍ നല്‍കിയ പണ്ഡിതനായിരുന്നു ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ). ശൈഖിന്റെ ജനനം ഹിജ്റ 470-ല്‍ ജീലാന്‍ എന്ന സ്ഥലത്താണ്. മരണം ഹിജ്റ 561- ലാണ്. അദ്ദേഹത്തെ ഖബറടക്കിയത് ബഗ്ദാദിലാണ്. ഒരുപാടു കള്ളക്കഥകള്‍ അദ്ദേഹത്തിന്റെ പേരില്‍ മെനഞ്ഞുണ്ടാക്കിയിട്ടുണ്ട്. അതില്‍ ചിലത് ‘ഗുന്‍യ’ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ‘തര്‍ജുമത്തില്‍ മുഅല്ലിഫ്’ എന്ന കുറിപ്പില്‍ കാണാം. ‘അദ്ദേഹം (കുഞ്ഞായിരുന്ന കാലത്ത്) റമദാന്‍ മാസത്തിന്റെ പകല്‍ സമയം മുലകുടിക്കാറുണ്ടായിരുന്നില്ല.’
ഒരു സത്യവിശ്വാസിക്ക് കറാമത്ത് പ്രകടമാകുന്നത് പ്രായപൂര്‍ത്തി എത്തിയതിനു ശേഷം അയാളുടെ സല്‍ക്കര്‍മങ്ങള്‍ക്കനുസരിച്ചാകുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇത്തരം വാദങ്ങളുയര്‍ത്തുന്നതില്‍ വലിയ പുതുമയൊന്നും കരുതേണ്ട കാര്യമില്ല. കാരണം ‘രിഫായി ശൈഖിന് അല്ലാഹു സ്വര്‍ഗം നല്‍കുന്നത് മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ചാണ്’ (രിഫായിമാല) എന്നവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെ സംബന്ധിച്ച് മാലമൗലീദുകളില്‍ രേഖപ്പെടുത്തപ്പെട്ട കളവുകള്‍ക്ക് കയ്യും കണക്കുമില്ല. അത് മലയാളത്തിലും അറബി മലയാളത്തിലും അറബി ഭാഷയിലും കാണാം. ചില ഉദാഹരണങ്ങള്‍: ചില വരികളില്‍ അദ്ദേഹം അല്ലാഹുവിനും മേലെയാണ്. താഴെ വരുന്ന രണ്ടു കവിതകള്‍ അക്കാര്യം ഉണര്‍ത്തുന്നു. ”അല്ലാഹുവിന്റെ അറിവുകള്‍ എനിക്കറിയാം. അതിന്റെ അക്ഷരങ്ങള്‍ തിട്ടപ്പെടുത്തി ഞാനറിയും, കടലിലെ തിരമാലകള്‍ എത്രയുണ്ടെന്നും ഞാനറിയും” (ശത്വ്‌നൂഫി. ബഹ്ജത്തുല്‍ അസ്റാര്‍).
ശൈഖിന്റെ പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. അദ്ദേഹം ഒരിക്കലും ഒരു ത്വരീഖത്തിന്റെയും വക്താവായിരുന്നില്ല. അദ്ദേഹത്തിന്റെ പേരില്‍ നിര്‍മിക്കപ്പെട്ട ‘ഖാദിരിയാ ത്വരീഖത്ത്’ ശുദ്ധ കളവാണ്. തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടുത്തി. ”ഖുര്‍ആനിനോടും സുന്നത്തിനോടും (സാമാന്യ)ബുദ്ധിയോടും യോജിക്കുന്ന എല്ലാ കാര്യങ്ങളും സ്വീകാര്യ യോഗ്യങ്ങളാണ്. അവയോട് വിയോജിക്കുന്ന എല്ലാ കാര്യങ്ങളും തള്ളിക്കളയേണ്ടതുമാണ്” (അല്‍ഗുന്‍യ 1:53).
ഏതെങ്കിലും മദ്ഹബിനെ അന്ധമായി അനുകരിക്കണം എന്ന അഭിപ്രായക്കാരനായിരുന്നില്ല അദ്ദേഹം. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ അനുസരിക്കാനാണ് അദ്ദേഹത്തിന്റെ കല്‍പന. ”പ്രവാചകചര്യയും സ്വഹാബത്തിന്റെ ഇജ്്മാഉം അനുസരിച്ച് ജീവിക്കല്‍ ഒരു സത്യവിശ്വാസിക്ക് അനിവാര്യമാണ്. സുന്നത്ത് എന്നാല്‍ നബി(സ) ആചരിച്ച ചര്യകളാണ്. ജമാഅത്ത് എന്നാല്‍ സന്മാര്‍ഗ ചര്യകള്‍ അനുഷ്ഠിച്ച് ജീവിച്ച നാലു ഖലീഫമാരും അവരുടെ ഭരണകാലത്ത് ഏകോപിപ്പിച്ച് അനുഷ്ഠിച്ച വിശ്വാസാചാരങ്ങളാണ്’ (അല്‍ ഗുന്‍യ 1:80).
സമസ്തക്കാരും അവരോട് വിശ്വാസാചരങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മറ്റുള്ള യഥാസ്ഥിതികരും പ്രമാണങ്ങളായി അംഗീകരിച്ചു പോരുന്ന മാലകളും മൗലിദുകളും ഖുത്വുബിയ്യത്തും പരിശോധിച്ചാല്‍ നമുക്ക് പ്രധാനമായും കണ്ടെത്താനാവുക ശൈഖ് ജീലാനി(റ)യോടുള്ള പ്രാര്‍ഥനകളാണ്. അഥവാ മന്‍ഖൂസ് മൗലിദിന്റെ പ്രാര്‍ഥന നടത്തുന്നത് നബി(സ)യോടാണെങ്കില്‍ മുഹ്യിദ്ദീന്‍ മൗലിദും ഖുത്വുബിയ്യത്തിലും മുഹ്യിദ്ദീന്‍ മാലയിലും പ്രാര്‍ഥന നടത്തുന്നത് മുഹ്യിദ്ദീന്‍ ശൈഖിനോടാണ്. ഉദാഹരണത്തിന് മുഹ്യിദ്ദീന്‍ മൗലിദിലെ വരികള്‍ ശ്രദ്ധിക്കുക: ”താങ്കള്‍ കാലവിപത്തുകളെ വെളിപ്പെടുത്തുന്നവനും അദൃശ്യകാര്യങ്ങള്‍ വെളിവാക്കുന്നവനും ഹൃദയങ്ങളിലുള്ളതിനെ വെളിവാക്കുന്നവനുമാണ്. എനിക്ക് വ്യക്തമായ വിജയം നല്‍കേണമേ” (മുഹ്യിദ്ദീന്‍ മൗലിദ്).
ഖുത്ബിയ്യത്തിലെ ഒരു വരി ശ്രദ്ധിക്കുക: ”താങ്കള്‍ പ്രവേശിച്ച (സന്മാര്‍ഗത്തിന്റെ) വഴിയില്‍ എന്നേയും പ്രവേശിപ്പിക്കേണമേ” (ഖുത്ബിയ്യത്ത് ബൈത്ത്). മുഹ്യിദ്ദീന്‍ മാലയിലെ രണ്ടു വരികള്‍ ഇപ്രകാരമാണ്: ”വല്ല നിലത്തിനും എന്നെ വിളിപ്പോര്‍ക്ക് വായ്കൂടാ ഉത്തരം നല്‍കും ഞാനെന്നോവര്‍” (മുഹ്യിദ്ദീന്‍ മാല).
മേല്‍ പറഞ്ഞതെല്ലാം ശൈഖിന്റെ മേല്‍ നിര്‍മിച്ചുണ്ടാക്കപ്പെട്ട കളവുകളാണെന്ന് അദ്ദേഹം സ്വന്തം കൈകള്‍ കൊണ്ടെഴുതിയ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാന്‍ പ്രയാസമില്ല. ”അല്ലാഹു അരുളി; അല്ലാഹുവോട് അവന്റെ അനുഗ്രഹത്തില്‍ നിന്നു നിങ്ങള്‍ തേടുക. അല്ലാഹു (വിശുദ്ധ ഖുര്‍ആനില്‍) അരുളി: അല്ലാഹുവിനു പുറമെ നിങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നവരൊന്നും നിങ്ങള്‍ക്ക് ഭക്ഷണം ഉടമപ്പെടുത്തി നല്‍കുന്നില്ല. ഭക്ഷണത്തിനുവേണ്ടി നിങ്ങള്‍ അല്ലാഹുവോട് (മാത്രം) തേടുക. അല്ലാഹു അരുളി: എന്റെ അടിമകള്‍ എന്നെക്കുറിച്ച് താങ്കളോട് ചോദിച്ചാല്‍ (താങ്കള്‍ പറയുക) തീര്‍ച്ചയായും ഞാന്‍ നിങ്ങളോട് (വളരെയധികം) അടുത്തവനാണ്. എന്നോട് പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാന്‍ ഉത്തരം നല്‍കുന്നതാണ്. അല്ലാഹു (വീണ്ടും) അരുളി: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക, നിങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കാം” (ഫുതൂഹില്‍ ഗൈബ്, പേജ് 50).
ഇസ്്ലാമിന്റെ ഒന്നാം പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതിലെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ശൈഖ് ജീലാനി(റ) അല്ലാഹുവോട് മാത്രമേ പ്രാര്‍ഥിക്കാവൂ എന്ന് രേഖപ്പെടുത്തിയത്. എന്നിട്ടും സമസ്ത വിഭാഗങ്ങള്‍ ശൈഖിനോട് പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്യുന്നു. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ശ്രദ്ധിക്കുക: ”ജനങ്ങളോട് തേടുന്നവര്‍ അല്ലാഹുവിനെ സംബന്ധിച്ചുള്ള അറിവുകേടുകൊണ്ടും അവന്റെ വിശ്വാസത്തിന്റെ ദുര്‍ബലത കൊണ്ടും അറിവിന്റെയും മനസ്സുറപ്പിന്റേയും കുറച്ചില്‍ കൊണ്ടും അവന്റെ ക്ഷമയുടെ പോരായ്മ കൊണ്ടും മാത്രമാണ് തേടുന്നത്. അതില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ (അല്ലാഹു അല്ലാത്തവരോട് തേടുന്നവര്‍) അല്ലാഹുവിനെ സംബന്ധിച്ചുള്ള അറിവിന്റെ പൂര്‍ണത കൊണ്ടും അവന്റെ ഈമാനിന്റേയും മനസ്സുറപ്പിന്റേയും ശക്തികൊണ്ടും മാത്രമല്ലാതെ വിട്ടുനില്‍ക്കുന്നില്ല” (ഫുതൂഹുല്‍ ഗൈബ്, പേജ്: 104).
അല്ലാഹു അല്ലാത്ത ശക്തികളോട് തേടുന്നവരും പ്രാര്‍ഥിക്കുന്നവരും അല്ലാഹുവിനെ ശരിക്കും മനസ്സിലാക്കാത്തവരും അവനില്‍ വിശ്വാസം കുറഞ്ഞവരുമാണ് എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്. ഇത്തരം തേട്ടങ്ങളും പ്രാര്‍ഥനകളും ശിര്‍ക്കാണ് എന്നും അദ്ദേഹം പറയുന്നു. ‘പരീക്ഷണ സന്ദര്‍ഭത്തില്‍ (വിഷമഘട്ടത്തില്‍) ഒരു വ്യക്തിയോടും നീ നിന്റെ വിഷമം ആവലാതിപ്പെടരുത്. നിന്റെ മനസ്സുകൊണ്ടു പോലും ഒരാളിലേക്കും (ഒരാളോടും) നീ കടന്നു ചെല്ലരുത്. (സൃഷ്ടിയോട് സഹായം തേടിക്കൊണ്ട് നെഞ്ചത്ത്് പോലും കൈ വെക്കരുത്) നിന്റെ മനസ്സിനുള്ളില്‍ നീ നിന്റെ നാഥനെ (അവന്‍ സഹായിക്കുകയില്ല) എന്ന് തെറ്റിദ്ധരിക്കരുത്. അത് (അല്ലാഹു അല്ലാത്തവര്‍ സഹായിക്കും എന്ന വിശ്വാസം) ശിര്‍ക്കില്‍ പെട്ടതാണ്.
അത്തരം സന്ദര്‍ഭത്തില്‍ നിന്റെ റബ്ബിനോട് മാത്രം (സഹായം തേടേണ്ടതാണ്). അല്ലാഹു ഒഴികെ നിനക്ക് വിഷമം ഉണ്ടാക്കുന്നവനോ ഉപകാരം ചെയ്യുന്നവനോ ഉപ്രദവം നടത്തുന്നവനോ ഉപകാര ഉപദ്രവങ്ങള്‍ വലിച്ചു കൊണ്ടു വരുന്നവരോ പരീക്ഷിക്കുന്നവനോ ഇല്ല. അതിനാല്‍ രഹസ്യമായോ പരസ്യമായോ പടപ്പുകളോട് സഹായം തേടുന്നതില്‍ വ്യാപൃതനാകരുത്. അവരൊന്നും നിനക്ക് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. അതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവോട് മാത്രം നീ സഹായം തേടേണ്ടതാണ്” (ഫുതൂഹുല്‍ ഗൈബ് പേജ് 137).
നമ്മുടെ ജീവിതത്തിലെ നന്മ തിന്മകള്‍ മുഴുവന്‍ അല്ലാഹുവിന്റെ ഉദ്ദേശ്യം പോലെ നടക്കുന്ന കാര്യങ്ങളാണ്. അതിനാല്‍ നമുക്ക് എന്ത് ആപത്തുകള്‍ വന്നാലും അത് നീങ്ങിക്കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവോടാണ്. അല്ലാഹു അല്ലാത്തവരോട് തേടല്‍ ശിര്‍ക്കുമാണ്. എന്നാല്‍ മനുഷ്യ കഴിവില്‍പെട്ട കാര്യങ്ങള്‍ (നല്‍കിയ കഴിവനുസരിച്ച്) പരസ്പരം തേടാവുന്നതും സഹായിക്കാവുന്നതുമാണ്.
ശഹാദത്ത് കലിമ ഉച്ചരിച്ച് ശിര്‍ക്ക് ചെയ്യുന്ന മുസ്്ലിംകളോട് അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക: ”നീ എങ്ങനെ ‘ലാഇലാഹ ഇല്ലല്ലാഹ്’ ഉച്ചരിക്കും. നിന്റെ മനസ്സില്‍ എത്ര ദൈവങ്ങളാണുള്ളത്. അല്ലാഹുവിനു പുറമെ നീ അവലംബിക്കുന്ന സകലതും അഥവാ നീ വിശ്വസം കൊണ്ടുറപ്പിക്കുന്ന (നിന്നെ സംരക്ഷിക്കുമെന്ന്) സകല വസ്തുക്കളും നിന്റെ വിഗ്രഹമാണ്. മനസ്സില്‍ ശിര്‍ക്കുവെച്ച് (ഇന്ന മഹാന്‍ രക്ഷിക്കും) നാക്കു കൊണ്ടുള്ള തൗഹീദുച്ചരിക്കല്‍ നിനക്ക് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല” (ഫതഹുല്‍ ബാരി, പേജ് 12).
അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിച്ചുകൊണ്ടും ശിര്‍ക്കു ചെയ്തുകൊണ്ടും ശഹാദത്ത് കലിമ ചൊല്ലിയതു കൊണ്ട് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. ഇക്കാര്യം അദ്ദേഹം പണ്ഡിതന്മാരെ ശക്തമായി ഉപദേശിക്കുന്നതു കാണാം. ”പ്രിയരേ, ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ചു ജീവിക്കാന്‍ നിങ്ങളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങളുടെ പണ്ഡിതന്മാരെ ഞാന്‍ അറിവില്ലാത്തവരായി കാണുന്നു. ഭക്തന്മാരെ ഭൗതിക ജീവിതം തേടുന്നവരായും അതില്‍ അത്യാഗ്രഹം കാണിക്കുന്നതായും പ്രശ്നങ്ങള്‍ വരുമ്പോള്‍ കാര്യങ്ങള്‍ സൃഷ്ടികളില്‍ ഭരമേല്‍പ്പിക്കുന്നതായും (അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നതായും) ഞാന്‍ കാണുന്നു. അവര്‍ അല്ലാഹുവിനെ മറന്നുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. നബി(സ) പറഞ്ഞു: ഒരാള്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ വിശ്വാസമര്‍പ്പിക്കുന്നത് തന്നെപ്പോലെയുള്ള ഒരു സൃഷ്ടിയിലാണെങ്കില്‍ അവന്‍ ശപിക്കപ്പെട്ടിരിക്കുന്നു. നബി(സ) ആവര്‍ത്തിച്ചു പറഞ്ഞു’ (ഫത്ഹുല്‍ റബ്ബാനി, പേജ് 125)
പള്ളികളില്‍ വെച്ചും അല്ലാഹു അല്ലാത്ത ശക്തികളോട് പ്രാര്‍ഥിക്കുന്നവരുണ്ട്. ഖുത്വുബിയ്യത്ത് ബൈത്തില്‍ അധികവും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയോട് പ്രാര്‍ഥിക്കുന്ന വരികളാണ്. അത് അധികവും നടക്കാറുള്ളത് പള്ളികളില്‍ വെച്ചുമാണ്. ശൈഖ് പറയുന്നു: ‘നീ നിന്റെ മനസ്സ് പള്ളിയാക്കുക. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞതു പോലെ, ‘തീര്‍ച്ചയായും പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അവനോടൊപ്പം മറ്റൊരാളോടും നീ പ്രാര്‍ഥിക്കരുത്.’ എന്ന് അല്ലാഹു പറഞ്ഞതു പോലെ അവനോടൊപ്പം നീ ആരേയും വിളിച്ചു പ്രാര്‍ഥിക്കരുത്’ (ഫത്ഹുല്‍ റബ്ബാനി, പേജ് 147).
അദ്ദേഹത്തിന്റെ മകനോട് മരണസമയത്തുള്ള വസ്വിയ്യത്തും തൗഹീദായിരുന്നു. ”നീ നിന്റെ ആവശ്യങ്ങള്‍ മുഴുവന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും അവനോട് ആവശ്യപ്പെടുകയും ചെയ്യുക. അല്ലാഹുവിലല്ലാതെ മറ്റൊരു ശക്തിയേയും നീ വിശ്വാസത്തിലെടുക്കുകയോ അവലംബിക്കുകയോ ചെയ്യരുത്. അത് അദ്ദേഹം മൂന്ന് തവണ ആവര്‍ത്തിച്ചു പറഞ്ഞു: ഏക ദൈവ വിശ്വാസം നിലനിര്‍ത്തുക” (ഫത്ഹുല്‍ റബ്ബാനി, പേജ് 302).
റബീഉല്‍ ആഖിര്‍ മാസമാണ് അദ്ദേഹം ജനിച്ചത്. ശൈഖവര്‍കള്‍ പറഞ്ഞ തൗഹീദും നബിചര്യയും ഉള്‍ക്കൊള്ളാന്‍ തയ്യാറില്ലാത്ത സമസ്തക്കാര്‍ അദ്ദേഹത്തിന്റെ ജന്മത്തിന്റെ പേരില്‍ ഭൗതികമായ മുതലെടുപ്പ് നടത്തുന്നതിരക്കിലാണ്.