ജാതി വിവേചനം നിരോധിക്കുന്ന ആദ്യ യു എസ് നഗരമായി സീറ്റ്ല്‍
ജാതി വിവേചനം നിരോധിക്കുന്ന അമേരിക്കയിലെ ആദ്യ നഗരമായി മാറുകയാണ് സീറ്റ്ല്‍. നഗരത്തിലെ വിവേചനരഹിത നിയമങ്ങളിലേക്ക് പ്രാദേശിക കൗണ്‍സില്‍ വോട്ടിങ്ങിലൂടെ ജാതിയെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സിയാറ്റിലിലെ ഏക ഇന്ത്യന്‍-അമേരിക്കന്‍ നഗര കൗണ്‍സിലറായ ക്ഷമ സാവന്ത് അവതരിപ്പിച്ച പ്രമേയത്തിന്മേലാണ് നഗര കൗണ്‍സില്‍ വോട്ടെടുപ്പ് നടത്തിയത്. ദക്ഷിണേഷ്യന്‍ അമേരിക്കക്കാര്‍ രാജ്യത്ത് തൊഴില്‍, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിവയില്‍ ജാതി വിവേചനം നേരിടുന്നുണ്ടെന്ന് ജനുവരിയില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സാവന്ത് പറഞ്ഞിരുന്നു. അതേസമയം, സിയാറ്റിലെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനും കോളിഷന്‍ ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയും അവരുടെ പ്രമേയത്തെ വിമര്‍ശിച്ചു. ഇത് രാജ്യത്ത് ഇതിനകം തന്നെ വിവേചനത്തിന് ഇരയായ ഒരു സമൂഹത്തെ അനാവശ്യമായി ഒറ്റപ്പെടുത്തുന്നുവെന്ന് അവര്‍ വാദിച്ചു. എന്നാല്‍ സാവന്ത് ഇത് നിഷേധിച്ചു, ജാതി വിവേചനം ദേശീയ-മത അതിര്‍ത്തികള്‍ എങ്ങനെ മറികടക്കുന്നുവെന്ന് പ്രമേയം വിശദീകരിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.