ജാതിരഹിത കേരളത്തിലുമൊരു ജാതിമതിലോ!
അഹമ്മദ് സുബൈര്‍
കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു മലങ്കരയിലെ ജാതിമതില്‍ പൊളിച്ച വാര്‍ത്ത. ജാതിയില്ലാ കേരളത്തിനു മുഖത്തേറ്റ വലിയൊരടിയായിരുന്നു ആ വാര്‍ത്ത. ഭീം ആര്‍മി പ്രവര്‍ത്തകര്‍ ജാതി മതില്‍ പൊളിക്കുകയും പൊലീസ് കാവലില്‍ അത് വീണ്ടും ഉയര്‍ത്തപ്പെടുകയും ഒരിക്കല്‍ കൂടി അത് പൊളിക്കപ്പെടുകയുമൊക്കെയുണ്ടായി. ഭൂരഹിതരായ ദളിത് കുടുംബങ്ങള്‍ക്ക് കാല്‍ നൂറ്റാണ്ട് മുമ്പ് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയിലാണ് പാമ്പാടി ദളിത് കോളനി സ്ഥിതി ചെയ്യുന്നത്. മലങ്കര എസ്റ്റേറ്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സര്‍ക്കാര്‍ വഴിയും അനുവദിച്ചിരുന്നു. എന്നാല്‍ മാനേജ്മെന്റ് അധികൃതര്‍ ഈ വഴിയില്‍ ഗേറ്റ് സ്ഥാപിച്ച് 40 ദളിത് കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയാണുണ്ടായത്.
കഴിഞ്ഞ 26 വര്‍ഷത്തിലധികമായി തങ്ങള്‍ക്ക് വഴി നിഷേധിച്ചിരിക്കുകയാണെന്നും സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ളവര്‍ വരെ മതില്‍ ചാടിക്കടന്നുകൊണ്ടാണ് പുറത്തുപോകുന്നതെന്നുമാണ് ഈ കുടുംബങ്ങള്‍ പറയുന്നത്. ഗേറ്റ് കടന്ന് വാഹനങ്ങള്‍ക്ക് ഉള്ളിലേക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ രോഗികളടക്കമുള്ളവരെ പോലും ആശുപത്രിയിലെത്തിക്കാന്‍ സാധിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കോളനിയില്‍ മരണപ്പെട്ട ഒരാളുടെ ജീര്‍ണിച്ച ശരീരം തലച്ചുമടായെടുത്ത് ഗേറ്റ് വരെ നടന്നുവരികയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
ദളിത് കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് നിലവിലുണ്ട്. എന്നിട്ടും മലങ്കര എസ്റ്റേറ്റ് അധികൃതര്‍ ഇത് പാലിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് കുടുംബങ്ങളുടെ പരാതി. കോളനിയിലേക്ക് വഴിയില്ലാത്തതിനാല്‍ ജീവിതം പ്രയാസത്തിലായ നിരവധി കുടുംബങ്ങള്‍ നേരത്തെ സ്ഥലമുപേക്ഷിച്ച് പോയിരുന്നു. ബാക്കി കുടുംബങ്ങള്‍ കൂടി ഇങ്ങനെ ഭൂമി ഉപേക്ഷിച്ച് പോയാല്‍ ആ ഭൂമി കൂടി സ്വന്തമാക്കാനുള്ള എസ്റ്റേറ്റ് അധികൃതരുടെ താത്പര്യമാണ് ഈ വിവേചനത്തിന് പിന്നിലെന്നാണ് കോളിനിയില്‍ നിന്നുള്ള കുടുംബങ്ങള്‍ പറയുന്നത്. ദളിത് കുടുംബങ്ങള്‍ക്ക് നേരെയുള്ള ഈ വിവേചനം ജാതി വിവേചനമാണെന്നും ഇവര്‍ പറയുന്നു. എസ്റ്റേറ്റില്‍ തന്നെ പണിയെടുക്കുന്നവരാണ് കോളനി നിവാസികളില്‍ ഭൂരിഭാഗം പേരും. 5000 രൂപയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കോളനി ഒഴിഞ്ഞുപോകണമെന്നും മാനേജ്‌മെന്റ് നേരത്തെ പറഞ്ഞതായി ഈ കുടുംബങ്ങള്‍ പറയുന്നു. അതിന് തയ്യാറാകാത്തതിനാലാണ് എസ്റ്റേറ്റ് മാനേജ്മെന്റ് തങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
വര്‍ഷങ്ങളായി ഈ ദുരിതം സഹിക്കുന്ന കോളനിവാസികള്‍ നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തഹല്‍സില്‍ദാര്‍ക്കും കളക്ടര്‍ക്കുമെല്ലാം പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതികളെല്ലാം എസ്റ്റേറ്റ് മാനേജ്‌മെന്റ് ഇടപെട്ട് അട്ടിമറിച്ചെന്നാണ് സമരസമിതി അംഗങ്ങള്‍ ആരോപിക്കുന്നത്. പരാതി നല്‍കിയ പലരെയും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നും വ്യാപക പരാതിയുയര്‍ന്നിരുന്നു. നീതി എവിടെ എന്ന് ആവര്‍ത്തിച്ച് ചോദിക്കേണ്ട സാഹചര്യങ്ങളാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിവാകുന്നത്. എവിടെയാണ് നാം കൊട്ടിഘോഷിക്കുന്ന പ്രബുദ്ധത എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുകൊണ്ടിരിക്കുന്നു.