സ്ഥാനമാനങ്ങള്‍ക്ക് കടിപിടി കൂടുന്നവര്‍ക്ക് ജസീന്തയില്‍ പാഠമുണ്ട്
അനസ് റഹ്മാന്‍
യാദൃച്ഛികമാവാം, കഴിഞ്ഞ ദിവസം പത്രങ്ങളില്‍ രണ്ടു വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ ഒന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനിന്റെ രാജിയായിരുന്നു. 2023 ഒക്ടോബര്‍ 23 വരെ ജസീന്തക്ക് കാലാവധി ഉണ്ടായിരിക്കെ പടിയിറങ്ങാന്‍ സമയമായി എന്നു പറഞ്ഞുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. താന്‍ ഇനിയും തുടരുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമായിരിക്കുമെന്നാണ് ജസീന്തയുടെ പക്ഷം. അന്നു തന്നെയാണ് കെ വി തോമസ് എന്ന വയോധികനെ കേരളത്തിന്റെ പ്രതിനിധി എന്നു പേരിട്ട് വലിയ ശമ്പളത്തില്‍ ഡല്‍ഹിയിലേക്കയക്കുന്നത്. അത് അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ജസീന്തയായിരിക്കണം നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് മാതൃക എന്ന് പറയേണ്ടി വരികയാണ്. തുടങ്ങാനും നിര്‍ത്താനുമുള്ള സമയം മനസിലാക്കുക എന്നതും അതിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതും രാഷ്ട്രീയക്കാരന് സമൂഹത്തോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ്. ദൗര്‍ഭാഗ്യവശാല്‍ അധികാരക്കൊതികൊണ്ട് നയിക്കപ്പെടുന്ന രാഷ്ട്രീയക്കാരാണ് നമുക്ക് ചുറ്റിലുമുള്ളതില്‍ ഏറെയും എന്ന യാഥാര്‍ഥ്യം ജസീന്തയെപ്പോലൊരു രാഷ്ട്രീയ നേതൃത്വത്തിനായി നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നുണ്ട്. വാര്‍ധക്യാവസ്ഥ എത്തിയിട്ടും സ്ഥാനമാനങ്ങള്‍ക്കു വേണ്ടി കടിപിടികൂടുന്ന നേതൃത്വങ്ങള്‍ക്ക് ജസീന്തയെ കണ്ട് പഠിക്കാനാവണം. ഒരു സ്ത്രീയിതാ ലോകത്തിന് മാതൃകയാവുന്നു.