ജന്നത്തുല്‍ ബഖീഅ്
എന്‍ജി. പി മമ്മദ് കോയ
ഉസ്മാനുബ്‌നു അഫ്ഫാന്‍ മുതല്‍ ‘ഉമ്മഹാതുല്‍ മുഅ്മിനീന്‍’ എന്നറിയപ്പെടുന്ന പ്രവാചക പത്‌നിമാര്‍ അടക്കം അനേകം സച്ചരിതരും പ്രഗത്ഭരുമായ സലഫുസ്സാലിഹീങ്ങളുടെ ഖബറിടമാണ് ജന്നത്തുല്‍ ബഖീഅ്! മസ്ജിദുന്നബവിയുടെ ഗ്രൗണ്ട് ലവലില്‍ നിന്ന് ഏതാണ്ട് എട്ടടി ഉയരത്തിലാണ് ജന്നത്തുല്‍ ബഖീഇന്റെ ഭൂവിതാനം. പ്രവേശന കവാടത്തിന്റെ ഇരുഭാഗത്തും മതിലുകളും ആവശ്യമുള്ളിടത്തൊക്കെ കൈവരികളും നിര്‍മ്മിച്ച് ജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നുണ്ട്.
മുമ്പ് തുര്‍ക്കി ഭരണകാലത്ത് ഇവിടെയുളള പല ഖബറുകളും കെട്ടിപ്പൊക്കിയും കുബ്ബകള്‍ നിര്‍മ്മിച്ചും അലങ്കരിച്ചിരുന്നു. എന്നാല്‍ അനുവദനീയമായ ഖബര്‍ സിയാറത്തിന് പകരം ആരാധനയിലേക്കും ഖബര്‍പൂജയിലേക്കും സന്ദര്‍ശകര്‍ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അവയൊക്കെ പൊളിച്ചു നീക്കേണ്ടി വന്നു. സഹാബികളുടെയും ഉമ്മഹാത്തില്‍ മുഅ്മിനീങ്ങളുടെയും ഖബറിനരികില്‍ പോയി അവരോട് പ്രാര്‍ഥിക്കാനും ആവലാതി പറയാനും തുടങ്ങി. ഖുര്‍ആനില്‍ നിന്നും നബിചര്യയില്‍ നിന്നും അകന്ന് ബിംബാരാധനയുടെ തലങ്ങളിലേക്ക് നീങ്ങുന്ന ഇസ്ലാമിക സമൂഹത്തില്‍ ഒരു നവജാഗരണം ആവശ്യമായി വന്നു. ലോകത്തുടനീളം ആ നവീകരണ പ്രക്രിയയുടെ അലകളുണ്ടായി. യാഥാസ്ഥിതികത്വത്തിന്റെ പിടിയില്‍ നിന്ന് ദീനിനെ സ്വതന്ത്രമാക്കി നിരന്തരമായ നവോത്ഥാന പ്രക്രിയയിലൂടെ ശുദ്ധീകരണം നടത്തേണ്ടി വന്നു. ഇത് പക്ഷെ ചരിത്ര മുഹൂര്‍ത്തങ്ങളുടെ സജീവങ്ങളായ അടയാളങ്ങള്‍ ആധുനിക തലമുറക്ക് നഷ്ടമാകാന്‍ കാരണമായി.
ഉഹ്ദ് യുദ്ധത്തിലെ ഒരു സന്നിഗ്ധ ഘട്ടത്തില്‍ തിരുനബിയെ സുരക്ഷിതമാക്കി ഇരുത്തിയ ഗുഹാമുഖം ഇന്ന് കോണ്‍ക്രീറ്റ് കൊണ്ട് അടച്ചിട്ടിരിക്കുന്നു. തിരുനബിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് വേണ്ടി വെള്ളമെടുത്ത കിണര്‍ വലിയ മെയിന്റനന്‍സൊന്നുമില്ലാതെ അപ്രധാനമാക്കി വിട്ടിരിക്കുന്നു! അങ്ങനെ എത്രയെത്ര ചരിത്ര മുഹൂര്‍ത്തങ്ങളുടെ അടയാളങ്ങള്‍! മതപരമായും സാംസ്‌കാരികമായും മാര്‍ഗഭ്രംശം വന്ന ഒരു സമൂഹത്തെ ഋജുവായ വഴിയിലേക്ക് കൊണ്ടുവരാന്‍ നഷ്ടപ്പെടുത്തേണ്ടി വന്ന അനേകം ചരിത്ര സാക്ഷ്യങ്ങളുടെ അവശിഷ്ടങ്ങള്‍ പുണ്യനഗരിയില്‍ പലയിടത്തും കാണാം.
പഴയ ഖബറുകളുടെ സ്ഥാനത്ത് ചെറിയ ചെറിയ അടയാളങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അവ ആരുടേതാണെന്ന് തിരിച്ചറിയുവാനുള്ള ഫലകങ്ങളോ സ്മാരകശിലകളോ ഇല്ല. ചില അടയാളങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടി അത് ഇന്ന ആളുടേതെന്ന് ചില ഗൈഡുകളും കേരളത്തില്‍ നിന്ന് വന്ന ചില പണ്ഡിതന്മാരും പറയുന്നത് കേള്‍ക്കാം.
പക്ഷെ ഒരു ആധികാരിക രേഖയും അങ്ങനെയുള്ള തിരിച്ചറിവിന് അവിടെയില്ല. ഒന്നു രണ്ട് വലിയ ബോര്‍ഡുകള്‍ അവിടവിടെ വച്ചിട്ടുണ്ട്. പക്ഷെ അത് വായിക്കാനോ മനസ്സിലാക്കാവുന്ന വിധത്തില്‍ സംശയ നിവൃത്തി വരുത്താനോ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരക്കു കാരണം അനുവദിക്കാറുമില്ല. ഖദീജാബീവി ഒഴികെയുള്ള നബി പത്‌നിമാര്‍, മകള്‍ ഫാത്തിമ, പേരക്കുട്ടികള്‍, സഹാബികള്‍, പ്രവാചക കുടുംബങ്ങള്‍ തുടങ്ങി അനേകം സലഫുസ്സാലിഹീങ്ങള്‍ അന്തിയുറങ്ങുന്ന ജന്നത്തുല്‍ ബഖീഇല്‍ നമുക്ക് ചെയ്യാനുളളത് പ്രാര്‍ഥന മാത്രമാണ്. കബര്‍ സിയാറത്തില്‍ ചൊല്ലേണ്ട സാധാരണ പ്രാര്‍ഥന മാത്രം. ”അസ്സലാമു അലൈക്കയാ അഹ്‌ലുദ്ദിയാരി മിനല്‍ മുസ്‌ലിമീന വല്‍ മുഅ്മീനീന്‍……… വഇന്നാ ഇന്‍ശാ അല്ലാഹ് ബിക്കും ലാഹിഖൂന്‍.”
നാമോരോരുത്തരുടെയും അവസാന വാസസ്ഥലം ഇതുപോലെ ഒരു ഖബറിലായിരിക്കുമെന്ന് നിരന്തരം ഓര്‍മിക്കാനും അതുവഴി ജീവിതം സംശുദ്ധമാക്കാനുമാണ് ഖബര്‍ സന്ദര്‍ശിക്കാന്‍ റസൂല്‍(സ)നിര്‍ദ്ദേശിച്ചത്. അല്ലാതെ പുണ്യാത്മാക്കളോട് പ്രാര്‍ഥിക്കുവാനോ അവരെ ശുപാര്‍ശകരാക്കാനോ അല്ല.
ബഖീഇലെ ഖബറുകളെ തിരിച്ചറിയാനുള്ള സൂചകങ്ങള്‍ വെക്കാമായിരുന്നു. പുഷ്‌കലമായ ഭൂതകാല ചരിത്രത്തിന്റെ തിരു ശേഷിപ്പുകള്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കാന്‍ സന്ദര്‍ശകരെ സഹായിക്കും. ആ മഹാത്മാക്കളുടെ സഹനത്തിന്റെയും ആത്മത്യാഗത്തിന്റെയും ഓര്‍മ്മകള്‍!
ഇസ്ലാമികാദര്‍ശങ്ങളുടെ സ്ഥാപനത്തിന് വേണ്ടി അവരനുഭവിച്ച ദുരിതങ്ങളുടെയും കഷ്ടപ്പാടിന്റെയും സ്മരണകള്‍ ആ ചരിത്ര മുഹൂര്‍ത്തങ്ങളുടെ ജീവസ്സുറ്റ സ്മരണകളില്‍ അവര്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കാന്‍ ഓരോ സന്ദര്‍ശകനും അത് പ്രചോദനമാകുമായിന്നു.