2 Friday
June 2023
2023 June 2
1444 Dhoul-Qida 13

ജന്മദിനാഘോഷത്തിന്റെ മറവില്‍ അവതാരവാദം പ്രചരിപ്പിക്കുന്നു

അബ്ദുല്‍അലി മദനി


ജനന-മരണ ദിവസങ്ങള്‍ വര്‍ണശബളമായി ആഘോഷിക്കുന്നതിന് വളരെയേറെ പ്രചാരവും ന്യായീകരണങ്ങളും സിദ്ധിച്ച കാലഘട്ടമാണിത്. മഹാന്മാരിലും പുണ്യവാന്മാരായി അറിയപ്പെട്ടവരിലുമുള്ള ചിലരുടെയും ജനനദിവസങ്ങള്‍ ആഘോഷിക്കുമ്പോള്‍ മറ്റു ചിലരുടെ ചരമദിനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കാണാം. വളരെയൊന്നും കോലാഹലങ്ങള്‍ ഇല്ലാതെയും ഒട്ടനവധി ജനന-മരണ ദിനാഘോഷങ്ങള്‍ കടന്നുപോകാറുണ്ട്.
പ്രവാചകന്മാരില്‍ നിന്നാണെങ്കില്‍ രണ്ടു പേരുടെ ജന്മദിനങ്ങളാണ് സാധാരണയായി ആഘോഷമാക്കാറുള്ളത്. ഈസാ നബി (അ)യുടെയും മുഹമ്മദ് നബി(സ)യുടെയും. അഥവാ ക്രിസ്മസും മീലാദുന്നബിയും. ഇതില്‍ ഈസാ നബി(അ)യുടെ ജന്മദിനത്തെ സംബന്ധിച്ച് അത്യധികം ഗുരുതരമായൊരു വിശ്വാസസംഹിതയാണ് ക്രിസ്തീയര്‍ കെട്ടിച്ചമച്ചുണ്ടാക്കിയത്. മതപരമായി ഒരു പ്രമാണവും അതിനായി അവരുടെ പക്കലില്ല.
അത് ഇങ്ങനെ സംഗ്രഹിക്കാം: മനുഷ്യന്‍ ജന്മനാ പാപിയായിട്ടാണ് ഭൂമിയില്‍ പിറന്നുവീഴുന്നതും ജീവിക്കുന്നതും. ജന്മനാ പാപിയാകാന്‍ നിമിത്തമായത് ആദമും ഹവ്വയും വിലക്കപ്പെട്ട കനി ഭക്ഷിച്ചതാണ്. അതിനാല്‍ മനുഷ്യന്റെ പാപഭാരം ഏറ്റെടുക്കാനായി സാക്ഷാല്‍ ദൈവം തന്നെ മനുഷ്യരൂപം പൂണ്ട് പരിശുദ്ധയായ മര്‍യമിന്റെ ഗര്‍ഭാശയത്തിലൂടെ ഭൂമിയിലേക്ക് മനുഷ്യരൂപത്തില്‍ ഇറങ്ങിവന്നതാണ് യേശുക്രിസ്തു. തന്നെയുമല്ല, മനുഷ്യരുടെ മുന്‍പാപങ്ങളും ഏറ്റെടുക്കാന്‍, അതല്ലെങ്കില്‍ ദൈവം മനുഷ്യനെ പാപിയാക്കിയതിലുള്ള കുറ്റബോധം ഇല്ലാതാക്കാന്‍ ദൈവം സ്വയം സന്നദ്ധനായതിന്റെ പ്രകടമായ തെളിവാണ് കുരിശാരോഹണമെന്നും പറഞ്ഞുണ്ടാക്കി, പ്രപഞ്ച സ്രഷ്ടാവും നാഥനും അധിപനുമായ ദൈവത്തെ കേവലം സാധാരണ മനുഷ്യര്‍ക്കിടയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് നിസ്സഹായനും ദുര്‍ബലനുമായ ആ ദൈവത്തെ കുരിശിലേറ്റപ്പെട്ടതാണ്, പാപഭാരം ചുമക്കലെന്നെല്ലാമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഇതെത്രമാത്രം ഗുരുതരവും ദുരൂഹതകള്‍ നിറഞ്ഞതുമാണ്!
ഈസാ നബി(അ)യുടെ ജന്മവും ജീവിതവും അല്ലാഹുവിലേക്കുള്ള ഉയര്‍ത്തലുമെല്ലാം ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്. എന്നാല്‍ ഇന്നു ക്രിസ്തീയര്‍ വെച്ചുപുലര്‍ത്തുന്ന സങ്കല്‍പങ്ങളും വിശ്വാസങ്ങളും ഈസാ നബി(അ) പഠിപ്പിച്ചതോ അദ്ദേഹത്തിന്റെ അധ്യാപനങ്ങളില്‍ പെട്ടതോ അല്ലെന്നു മാത്രമല്ല, ദൈവത്തിന്റെ പരിശുദ്ധിക്കും മഹത്വത്തിനും ചേര്‍ന്നതുമല്ല. ദൈവം മനുഷ്യരാല്‍ കുരിശിലേറ്റപ്പെട്ടതിനാല്‍ ദൈവം മരണപ്പെട്ടുവെന്നും ഇപ്പോള്‍ ദൈവം എന്നൊന്നില്ലെന്നും ബുദ്ധിയുള്ളവര്‍ സംശയിച്ചേക്കാമെന്നു കരുതിയാണ് അവര്‍ മൂന്നാം ദിവസം കല്ലറയില്‍ നിന്നുയര്‍ന്നുവെന്ന വാദം തൊടുത്തുവിട്ടത്. യഥാര്‍ഥത്തില്‍ പ്രപഞ്ചനാഥന്‍ ഇവിടെ ഒരപരാധവും മനുഷ്യരോട് ചെയ്തിട്ടില്ല. അതിനാല്‍ തന്നെ അവര്‍ മെനഞ്ഞുണ്ടാക്കിയ പരിഹാരവും ശരിയല്ല. പൗരോഹിത്യ നിര്‍മിതി മാത്രമാണതെല്ലാം.
ഇതിന്റെ ചുവടൊപ്പിച്ച് ക്രിസ്തീയര്‍ നിര്‍മിച്ചുണ്ടാക്കിയ ഈ പ്രതിമകളും സുന്ദരനായൊരു മനുഷ്യന്റെ ഫോട്ടോയും സാക്ഷാല്‍ ദൈവത്തിന്റെ രൂപവും പ്രതിമയും ഫോട്ടോകളുമാണെന്നു വരും. ഈസാ നബി(അ)യുടെയും മാതാവ് മര്‍യമിന്റെയും ഈസായെ കുരിശിലേറ്റുന്നതിന്റെയും ഉയിര്‍ത്തെഴുന്നേല്‍പിന്റെയും ചിത്രങ്ങള്‍ ഏത് കാമറയില്‍ ആര് എപ്പോള്‍ എങ്ങനെയാണ് എടുത്തൊപ്പിച്ചത് എന്നതും ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്ന കാര്യമാണ്. ക്രിസ്തീയരാണത് വ്യക്തമാക്കേണ്ടത്. മഹാനായ ഈസാ(അ)യുടെ തൊട്ടുമുന്നിലോ ശേഷമോ സംഭവിച്ച ഒന്നിന്റെയും ഫോട്ടോകള്‍ നാം എവിടെയും ഇതുവരെ കണ്ടിട്ടുമില്ലല്ലോ.
ഇതെല്ലാമാണ് അവരുടെ അവസ്ഥയെങ്കില്‍ അതിനു സമാനമായ ചില കാര്യങ്ങള്‍ തന്നെയാണ് മുസ്‌ലിംകളിലും വ്യാപകമായിട്ടുള്ളതെന്നു കാണാം. ക്രിസ്തീയര്‍ ഈസാ നബിയെക്കുറിച്ച് വിശ്വസിച്ചുവരുന്ന വിചിത്രമായ സങ്കല്‍പങ്ങള്‍ക്ക് യാതൊരു പ്രമാണവും രേഖയുമില്ലാത്തപോലെ തന്നെയാണ് മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിച്ചിട്ടുള്ള ചില വിശ്വാസാചാരങ്ങളുടെയും അവസ്ഥ. ഇരുവിഭാഗവും ഒരര്‍ഥത്തില്‍ ദൈവിക സന്ദേശങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്നവരാണ്. എന്നാല്‍ ജൂത-ക്രിസ്ത്യാനികളില്‍ നിന്ന് മുസ്‌ലിംകളില്‍ കടന്നുകൂടിയതു പോലെയൊന്നും മുസ്‌ലിംകളില്‍ നിന്ന് അവരിലേക്ക് കയറിക്കൂടിയിട്ടില്ലെന്നതാണ് പരമാര്‍ഥം.
വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വിശകലനം ചെയ്യുമ്പോള്‍ ഈ കാര്യം ബോധ്യമാവും. ചുരുക്കം ഇങ്ങനെയാണ്: ഈ ദൃശ്യപ്രപഞ്ചമഖിലവും സൃഷ്ടിച്ചു രൂപപ്പെടുത്താന്‍ കാരണം മുഹമ്മദ് നബിയാണ്. മുഹമ്മദ് നബി ജനിച്ചിട്ടില്ലെങ്കില്‍ ഈ പ്രപഞ്ചം തന്നെ ഉണ്ടാകുമായിരുന്നില്ല. ഇത്തരമൊരു വിവരം നബിയെ അല്ലാഹു അറിയിച്ചത് ‘ലൗലാക്ക, ലൗലാക്ക, ലമാ ഖലഖ്തുല്‍ അഖ്‌ലാക്ക്’ എന്നു പറഞ്ഞുകൊണ്ടാണത്രേ. അഥവാ നബിയോട്, താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ പ്രപഞ്ചം തന്നെ സൃഷ്ടിക്കുമായിരുന്നില്ലെന്ന് അല്ലാഹു നബിയെ അറിയിച്ചിട്ടുണ്ടെന്ന്. മുഹമ്മദ് നബി(സ)യെക്കുറിച്ച് യാഥാസ്ഥിതികര്‍ പ്രചരിപ്പിക്കുന്നതൊന്നും പ്രവാചകന്‍ പറഞ്ഞതോ പഠിപ്പിച്ചതോ അവിടത്തെ സന്തത സഹചാരികള്‍ ഉള്‍ക്കൊണ്ടതോ അല്ല തന്നെ. പൗരോഹിത്യത്തിന്റെ കടന്നുകയറ്റം ഇതിലെല്ലാം കാണാന്‍ കഴിയും. മതത്തില്‍ ക്രിസ്തീയരാണ് റഹ്ബാനിയ്യത്ത് (പൗരോഹിത്യം) ഉണ്ടാക്കിയതെന്ന് ഖുര്‍ആന്‍ 57:27ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അവരില്‍ നിന്നാണ് മുസ്‌ലിംകളിലേക്ക് പൗരോഹിത്യം പകര്‍ന്നത്. പുരോഹിത കാഴ്ചപ്പാടുകളില്‍ രണ്ടു വിഭാഗവും വലിയ വ്യത്യാസമൊന്നുമില്ല. കുമ്പസാരവും അവര്‍ കടത്തിക്കൂട്ടിയതാണ്. നാം നേരത്തെ ഉദ്ധരിച്ചതും നബിയോട് അല്ലാഹു പറഞ്ഞെന്നു പറയുന്നതുമായ വാചകം വ്യാജമായി നബിയുടെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് ഹദീസ് പണ്ഡിതന്മാര്‍ ഒന്നടങ്കം സമ്മതിച്ചിട്ടുണ്ട്. സാങ്കേതികമായി മൗദൂഅ് (വ്യാജമായത്) എന്നാണ് അതിനു പറയുക. ഇത്തരം ആശയങ്ങളാണ് പുരോഹിതന്മാര്‍ ഇളംതലമുറയെ പഠിപ്പിക്കുന്നത്.
കൃത്രിമ ഭക്തി
ഇവര്‍ നബി(സ)യുടെയും സന്തത സഹചാരികളുടെയും ഉത്തമ നൂറ്റാണ്ടുകളിലെ മഹാന്മാരുടെയും കാലത്തില്ലാത്ത അനാചാരങ്ങളുടെ പ്രചാരകരാണ്. ഇതൊന്നുമല്ലാത്ത വേറെയും ദുരൂഹമായ കഥകളും ന്യായങ്ങളും നബിദിനാഘോഷത്തെ വെള്ളപൂശാന്‍ തൊടുത്തുവിട്ടതായി നമുക്ക് കാണാം. ഇതെല്ലാം അനിവാര്യമാണെന്ന് സാധാരണക്കാരെ അംഗീകരിപ്പിക്കാന്‍ വേണ്ടി കൃത്രിമമായ ഭക്തിയുടെ മായാലോകം സൃഷ്ടിക്കുകയാണ് പതിവ്. മാലകള്‍, തോരണങ്ങള്‍, ചീരണികള്‍, മൗലിദ് പാരായണങ്ങള്‍, കൈമടക്ക് നല്‍കല്‍ എന്നിവ ഇതിലെ സ്ഥിരം പരിപാടികളാണ്. മൗലിദ് പാരായണത്തിനു ശേഷം പുരോഹിതന്മാര്‍ കൂലി വാങ്ങാതെ സ്ഥലം വിട്ടൊഴിയാറില്ല. അല്ലാഹുവിലേക്ക് അടുക്കാനുള്ള കുറുക്കുവഴിയാണിതെന്ന് പാമരജനത്തെ പറഞ്ഞു ഫലിപ്പിച്ചിരിക്കുകയാണവര്‍.
ഈ ലോകത്തെ സൃഷ്ടിക്കാന്‍ പ്രപഞ്ചനാഥന്‍ തീരുമാനിച്ചത് മുഹമ്മദ് നബി നിമിത്തമാണെന്നു പറയുന്നതും ദൈവം മനുഷ്യരൂപത്തില്‍ മര്‍യമിന്റെ ഗര്‍ഭാശയത്തിലൂടെ മനുഷ്യരുടെ പാപം പേറാന്‍ ഭൂമിയില്‍ അവതരിച്ചതാണ് യേശുക്രിസ്തുവെന്നു പറയുന്നതും തമ്മില്‍ ചെറിയ വ്യത്യാസം തോന്നാമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കിയതെന്ന നിലയില്‍ രണ്ടും ഒന്നുതന്നെയാണ്. യഥാര്‍ഥത്തില്‍ മുഹമ്മദ് നബിയെ മറ്റൊരു അവതാരപുരുഷനാക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നത്.

മുഹമ്മദ് നബി(സ)യോട് അല്ലാഹു താങ്കളെ സര്‍വ ലോകത്തിനും കാരുണ്യമായാണ് നിയോഗിച്ചയക്കുന്നതെന്നാണ് അറിയിച്ചത്. അഥവാ ഈ ലോകം നബിക്കു വേണ്ടി ഉണ്ടാക്കിയതല്ലെന്നും ലോകര്‍ക്ക് വഴികാട്ടിയായി, ദൂതനായി നബിയെ നിശ്ചയിച്ചയച്ചതാണെന്നുമുള്ള വസ്തുത. ഈ പരമ സത്യത്തെ അട്ടിമറിക്കുകയാണ് മതപുരോഹിതന്മാര്‍ ചെയ്യുന്നത്. ഒരു ഭാഗത്ത് നബിയെ വാനോളം പുകഴ്ത്തുകയും മറുഭാഗത്ത് തരംതാഴ്ന്ന അനിസ്‌ലാമികതകള്‍ പ്രചരിപ്പിക്കുകയും ചെയ്യുക. ഇതിലേക്കായി അവര്‍ അവലംബമാക്കുന്ന ഒരു ഗ്രന്ഥം രചയിതാവ് ആരെന്നറിയാത്ത മന്‍കൂസ് മൗലിദാണ്. അതിന്റെ തുടക്കത്തില്‍ തന്നെ തട്ടിവിടുന്ന വമ്പന്‍ നുണയിതാണ്: ‘റബീഉല്‍ അവ്വല്‍ മാസത്തില്‍ സന്മാര്‍ഗത്തിന്റെ ദൂതനായ ചന്ദ്രനെ ഉദിപ്പിച്ചവന്‍ എത്ര പരിശുദ്ധന്‍! മാത്രമല്ല, അദ്ദേഹത്തിന്റെ നൂറിനെ (പ്രകാശത്തെ) പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ ഉണ്ടാക്കി. പ്രസ്തുത പ്രകാശത്തിന് മുഹമ്മദ് എന്നു പേരിടുകയും ചെയ്തു.’ കാര്യം ഇവിടെയൊന്നും അവസാനിക്കുന്നില്ല. മൗലിദുകാരന്‍ തുടരുന്നു: ‘മേല്‍ പറഞ്ഞ പ്രകാശത്തെ ആദ(അ)മിനെ സൃഷ്ടിക്കുന്നതിന് രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പായി രൂപപ്പെടുത്തിയിരുന്നെന്നും പിന്നീട് പ്രസ്തുത പ്രകാശത്തെ ആദമിനെ സൃഷ്ടിക്കാനെടുത്ത മണ്ണില്‍ അല്ലാഹു കൂട്ടിക്കലര്‍ത്തിയെന്നും അങ്ങനെ ആദമിന്റെ മുതുകിലൂടെ, നൂഹി(റ)ന്റെ കപ്പലില്‍ നൂഹി(അ)ന്റെ മുതുകിലൂടെ, അഗ്നിയില്‍ എറിയപ്പെട്ട ഇബ്‌റാഹീ(അ)മിന്റെ മുതുകിലൂടെയൊക്കെയായി പരിശുദ്ധവാന്മാരുടെ മുതുകുകളിലൂടെ താണ്ടിക്കടന്ന് ഭൂമിയില്‍ അവതാരമായി പരിശുദ്ധയായ ആമിനയുടെ ഗര്‍ഭാശയത്തിലൂടെ മനുഷ്യക്കുട്ടിയായി പിറന്ന ദിവ്യപ്രകാശമാണ് മുഹമ്മദ് നബി’ എന്നതാണ് അവരുടെ ജല്‍പനം. ഖുര്‍ആന്‍ ആയത്തുകളെ അനുകരിച്ചുകൊണ്ട് തുടക്കം കുറിച്ച മന്‍കൂസ് മൗലിദുകാരന്‍ മുഹമ്മദ് എന്ന് നാമകരണം ചെയ്യപ്പെട്ട പ്രകാശം ആദമിനെ സൃഷ്ടിക്കാനെടുത്ത മണ്ണില്‍ കൂട്ടിക്കുഴച്ചുവെന്നും അത് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നെന്നും പറയുന്നു. പുണ്യവാന്മാരുടെ മുതുകുകളിലൂടെയാണ് ആദമിനെ സൃഷ്ടിക്കാനെടുത്ത മണ്ണില്‍ സന്നിവേശിപ്പിച്ച പ്രകാശം ഭൂമിയിലെത്തുന്നത്. ആമിന ഗര്‍ഭം ധരിച്ച ശേഷം പ്രസവം വരെ കാണാനിടയായ സ്വപ്‌നങ്ങള്‍, മാലാഖമാരുടെ വരവും പോക്കും ആഹ്ലാദപ്രകടനങ്ങളും അവതാരത്തിന് പൊലിമ ചാര്‍ത്തുന്നു.
ഖുര്‍ആനില്‍ മൂസാ(അ)യുടെയും ഈസാ(അ)യുടെയും ജനനങ്ങള്‍ സംഭവിച്ചപ്പോഴുള്ള പശ്ചാത്തലം വിവരിക്കുന്നതുപോലെയൊന്നും മുഹമ്മദ് നബി(സ)യുടെ ജനനം പരാമര്‍ശിക്കുന്നേയില്ല. നബി(സ)യുടെ 20 ഉപ്പാപ്പമാരാരും പുണ്യവാന്മാരുടെ പട്ടികയില്‍ നേരത്തെ പരിഗണിക്കപ്പെട്ടവരുമല്ല. എന്നിട്ടും പരിശുദ്ധവാന്മാരിലൂടെയാണ് നബിയാകുന്ന പ്രകാശം ഇവിടെ ഇറങ്ങിയതെന്നും പറഞ്ഞു നടക്കുന്നവര്‍ സത്യവും അസത്യവും കൂട്ടിക്കുഴക്കുകയാണ് ചെയ്യുന്നത്. മുഹമ്മദ് എന്ന് നാമകരണം ചെയ്തത് പിതാമഹനായിരുന്നെന്നു പറയുന്നവര്‍ തന്നെയാണ് അല്ലാഹുവാണ് ‘മുഹമ്മദ്’ എന്നു നാമകരണം ചെയ്തതെന്നും പറയുന്നത്! നബി(സ)യുടെ 20 ഉപ്പാപ്പമാരുടെ പേര് പറയുമ്പോള്‍ അവരുടെ ഹഖ്, ജാഹ്, ബര്‍കത്ത് എന്നിവയൊന്നും പ്രാര്‍ഥനകളില്‍ കടന്നുവരാത്തത് അവര്‍ പുണ്യവാന്മാരല്ലെന്നതിന് തെളിവാണ്. ഇത്തരം അബദ്ധങ്ങളുടെ അനേകം വാര്‍ത്തകള്‍ വിശ്വസിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണവര്‍.
ചുരുക്കത്തില്‍, ഈസാ നബിയെ അവതാരമായി ക്രിസ്തീയര്‍ അവതരിപ്പിക്കുന്നതുപോലെത്തന്നെ മുഹമ്മദ് നബിയെയും ഒരവതാരമായി ചിത്രീകരിക്കുകയാണ് ജന്മദിനാഘോഷത്തിന്റെ മറവില്‍ ഇത്തരക്കാര്‍ ചെയ്യുന്നത്. പ്രവാചകനായ ഈസാ നബി(അ)യെ ക്രിസ്ത്യാനികള്‍ പുകഴ്ത്തിപ്പറയുംപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുതെന്ന് നബി(സ) ഗൗരവപൂര്‍വം ഉണര്‍ത്തിയത് ഇവിടെ നാം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഒരു മനുഷ്യക്കുട്ടിയാക്കി ഭൂമിയില്‍ കൊണ്ടുവന്ന് കുറ്റവാളിയെപ്പോലെ കുരിശില്‍ തറയ്ക്കും വരെയുള്ള സര്‍വ നുണപ്രചാരണങ്ങളും ഈസാ(അ)യെ ചുറ്റിപ്പറ്റി ക്രിസ്ത്യാനികള്‍ അന്നും ഇന്നും പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ആഘോഷിച്ച് ആഹ്ലാദിച്ച് മതിമറന്നാടുകയാണ്. ഇത് ശരിയല്ലെന്നു പറയുന്ന ഖുര്‍ആന്‍ കൈയില്‍ പിടിച്ച് മുസ്‌ലിംകള്‍ മുഹമ്മദ് നബിയെത്തന്നെ അവതാരമാക്കാന്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തുന്നു. മനോരോഗികളിലൂടെ അമാനുഷിക സംഭവങ്ങളുടെ പട്ടിക നിരത്തുന്നു. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ ഖുര്‍ആന്‍ ആയത്തോതുന്നു. വിരോധാഭാസമെന്നല്ലാതെ എന്തു പറയാന്‍! ഭക്തി നടിച്ച്, മെഴുകുതിരി കത്തിച്ച്, മദ്യപിച്ച്, കേക്കു മുറിച്ചുതിന്ന്, ഒരു അപ്പൂപ്പന്റെ കോലം കെട്ടി റോഡിലൂടെ നടക്കലാണ് യേശുവിന്റെ ജന്മസാഫല്യത്തിലെ പ്രതീകാത്മക ഭാവമെന്ന് ക്രിസ്ത്യാനികള്‍. അതേസമയം, നമസ്‌കരിക്കാതെ, നോമ്പെടുക്കാതെ, സകാത്ത് നല്‍കാതെ, ഇസ്‌ലാമിക ആചാരങ്ങളും ആരാധനകളും കാത്തുസൂക്ഷിക്കാതെ തോന്നിയപോലെ നടക്കുന്നവന്‍ നബിദിനത്തില്‍ ഭക്തി നടിച്ച് തൊപ്പി ധരിച്ച് ജാഥയായി തെരുവുകളിലൂടെ കൊട്ടിപ്പാടി ഉണ്ണിമുഹമ്മദായി നടക്കലാണ് മുഹമ്മദ് നബിയുടെ രിസാലത്തിന്റെയും നുബുവ്വത്തിന്റെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള വഴിയെന്ന് മുസ്‌ലിം നാമധാരികളും കരുതുന്നു.
ഇരുവിഭാഗവും വഴിത്താരകളിലെ മണല്‍ത്തരികളെ കോരിത്തരിപ്പിച്ച് മന്ദം മന്ദം അടിവെച്ചടിവെച്ചാണ് കടന്നുവരാറുള്ളതും ആശീര്‍വാദങ്ങള്‍ ചോദിച്ചുവാങ്ങാറുള്ളതും. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നും നിര്‍ദേശിച്ചിട്ടില്ലാത്ത ഇത്തരം നൂതനങ്ങളായ അനാചാരങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനത്തിന്റെ പഴുത് അന്വേഷിക്കുന്ന പുരോഹിതന്മാരും ചിന്താശേഷി നഷ്ടപ്പെട്ട സാധാരണക്കാരുമാണ് ഇത് പ്രചരിപ്പിക്കുന്നത്. ദൈവദൂതനായ പ്രവാചകനെ ‘മനുഷ്യമാലാഖ’യാക്കി അവര്‍ ചിത്രീകരിക്കുന്നു. നബിയോ സ്വഹാബത്തോ ഉത്തമരായ മഹാന്മാരോ കൊണ്ടാടിയിട്ടില്ലാത്ത ഈ ജന്മദിനാഘോഷം അനാചാരങ്ങളിലെ ഏറ്റവും ഗുരുതരമായതു തന്നെയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x