8 Wednesday
January 2025
2025 January 8
1446 Rajab 8

ജനവിരുദ്ധ ഭരണത്തിന് അന്ത്യം കുറിക്കാന്‍ പ്രാദേശിക-ദേശീയ കക്ഷികള്‍ ഐക്യപ്പെടണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: രാജ്യത്തെ ജനങ്ങള്‍ക്ക് ദുരിതം മാത്രം വിതച്ചുകൊണ്ടിരിക്കുന്ന മോദീസര്‍ക്കാറിനെ താഴെയിറക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര വളര്‍ന്നുവരുന്നത് ആശാവഹമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെയും രാജ്യത്തെ പൗരന്മാരുടെയും ഭാവി മുന്‍നിര്‍ത്തി പ്രത്യയശാസ്ത്ര പിടിവാശികളവസാനിപ്പിച്ച് പ്രാദേശിക- ദേശീയ കക്ഷികള്‍ പരസ്പരം ഐക്യപ്പെടണം. തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും ജനജീവിതം ദുസ്സഹമാക്കിയിട്ടും കോര്‍പറേറ്റ് താല്പര്യ സംരക്ഷണം മാത്രം അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന മോദീ സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ തുടര്‍ന്നാല്‍ അത് രാജ്യത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുമെന്ന് യോഗം വിലയിരുത്തി.
ജനാധിപത്യപരമായ ചര്‍ച്ചകൂടാതെ നിയമം പാസ്സാക്കിയെടുക്കുന്നതിലെ അപകടം വ്യക്തമാക്കിയുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രസ്താവം ഗൗരവതരമായി കാണണം. കോടതിക്ക് പോലും വ്യഖ്യാനിക്കാന്‍ സാധിക്കാത്തവിധം നിയമ നിര്‍മാണം നടത്തുന്നത് നിയമ നിര്‍മാണ സഭയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. പാര്‍ലമെന്റിനെയും ജനപ്രതിനിധികളെയും നോക്കുകുത്തിയാക്കി നിയമനിര്‍മാണം നടത്തുന്ന മോദീ സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നുവരണമെന്നും യോഗം ആഹ്വാനം ചെയ്തു.
കേരള ഹജ്ജ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഐ പി അബ്ദുസ്സലാമിനെ യോഗം അനുമോദിച്ചു. സി പി ഉമര്‍ സുല്ലമി അനുമോദന പ്രഭാഷണം നടത്തി. എം എസ് എം സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.
ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. അഡ്വ. എം മൊയ്തീന്‍കുട്ടി, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, എം എം ബശീര്‍ മദനി, സി അബ്ദുല്ലത്തീഫ്, പ്രൊഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, പി പി ഖാലിദ്, ഡോ. ജാബിര്‍ അമാനി, കെ എല്‍ പി ഹാരിസ്, കെ പി അബ്ദുര്‍റഹ്മാന്‍, ബി പി എ ഗഫൂര്‍, യു പി യഹ്‌യാ ഖാന്‍, കെ പി മുഹമ്മദ് കല്‍പറ്റ, അഡ്വ. പി മുഹമ്മദ് ഹനീഫ, അബ്ദുസ്സലാം പുത്തൂര്‍, ഇസ്മാഈല്‍ കരിയാട്, കെ എം കുഞ്ഞഹമ്മദ് മദനി, ഡോ. അന്‍വര്‍ സാദത്ത്, ഫാസില്‍ ആലുക്കല്‍, സഹീര്‍ വെട്ടം, ജാസിം സാജിദ്, ആദില്‍ നസീഫ്, ജസിന്‍ നജീബ്, തഹ്‌ലിയ പ്രസംഗിച്ചു.

Back to Top