26 Friday
July 2024
2024 July 26
1446 Mouharrem 19

ജനകീയനായിരിക്കണം

എം ടി അബ്ദുല്‍ഗഫൂര്‍


അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: ജനങ്ങളുമായി ഇടപഴകുകയും അതിന്റെ പ്രയാസങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ജനങ്ങളുമായി ഇടപഴകാതെയും അതിന്റെ പ്രയാസങ്ങളില്‍ ക്ഷമിക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസിയെക്കാള്‍ ഏറ്റവും ശ്രേഷ്ഠതയുള്ളവന്‍. (ഇബ്‌നുമാജ)

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. വ്യക്തികളും കുടുംബങ്ങളുമടങ്ങുന്ന ഈ സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ സാമൂഹിക മായ ഇടപെടലുകള്‍ നടത്തുന്നതിലൂടെയാണ് അവന്റെ ജീവിതത്തെ സമ്പന്നമാക്കുന്നത്.
തനിക്ക് ഇടപഴകാനുള്ള സന്ദര്‍ഭങ്ങളോരോന്നും ഉപയോഗപ്പെടുത്തുകയും സമൂഹത്തില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തുകയും ചെയ്യുകയാണ് വിശ്വാസി നിര്‍വഹിക്കേണ്ട ബാധ്യത. സമൂഹത്തിലെ വിവിധതരം ആളുകളുമായി ഇടപഴകുകയും അവരുടെ പ്രയാസങ്ങളും വേദനകളും സ്വന്തം വേദനയായി കരുതുകയും അവ പരിഹരിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ സാമൂഹിക ജീവിയെന്ന നിലയില്‍ ഉയരാന്‍ കഴിയുന്നു.
വിശ്വാസി എപ്പോഴും കര്‍മനിരതനായിരിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അതിന്റെ പേരിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ സഹിക്കുകയും ചെയ്യുന്നതാണ് യാതൊന്നിലും ഇടപെടാതെ നിര്‍ജീവമായി കഴിയുന്നതിനേക്കാള്‍ ഉല്‍കൃഷ്ടമെന്നാണ് നബി(സ)യുടെ സന്ദേശം. ”ആകയാല്‍ നിനക്കൊഴിവു കിട്ടിയാല്‍ നീ അധ്വാനിക്കുക. നിന്റെ രക്ഷിതാവിങ്കലേക്ക് തന്നെ നിന്റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക” (94:7,8) എന്ന വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശം വിശ്വാസി സജീവമായി രംഗത്തിറങ്ങുന്നതിലേക്കുള്ള സൂചനയാണ്. കുടുംബത്തിലും സമൂഹത്തിലും നന്മയുടെ തെളിനീരൊഴുക്കിക്കൊണ്ട് സഹജീവികള്‍ക്ക് ഉപകാരിയായി ജീവിക്കുന്നതിന്റെ ആഹ്ലാദം വിവരണാതീതമാണ്. ആ ആഹ്ലാദത്തിന്റെ പൂര്‍ത്തീകരണം പാരത്രിക ജീവിതത്തില്‍ അവനെ കാത്തിരിക്കുന്ന സ്വര്‍ഗീയാനുഭൂതിയിലാണ്.
അപ്രകാരംതന്നെ കര്‍മനൈരന്തര്യത്തിന്റെ പരിസമാപ്തിയില്‍ നെറ്റിത്തടത്തില്‍ വിയര്‍പ്പുതുള്ളികളുമായി മരണത്തെ പുല്‍കാന്‍ സാധിക്കുമ്പോഴുള്ള സന്തോഷവും സമാധാനവുമാണ് വിശ്വാസിക്ക് ലഭിക്കുന്നത്. നിരന്തരമായ പ്രവര്‍ത്തനങ്ങളുമായി സമൂഹത്തില്‍ തന്റേതായ ഭാഗധേയം നിര്‍ണയിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നതാണ് ഈ തിരുവചനം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x