ജനഹിതമില്ലാത്ത അധികാരം ഇത്ര ആഘോഷിക്കണോ?
അഡ്വ. നജാദ് കൊടിയത്തൂര്‍
കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളുടെ ഗവര്‍ണറും, ഇന്ത്യയുടെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന വി എസ് രമാദേവി 2005-ല്‍ നടത്തിയ പ്രഭാഷണത്തില്‍, 1990-91 ല്‍ ഏകദേശം ഒമ്പത് മാസത്തോളം തമിഴ്‌നാട് ഗവര്‍ണറായി സേവനമനുഷ്ഠിച്ച സുര്‍ജിത് സിംഗ് ബര്‍ണാലയുടെ സത്യസന്ധത അനുസ്മരിക്കുകയുണ്ടായി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356(1) പ്രകാരം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കേന്ദ്രത്തിന് അയക്കാന്‍ ബര്‍ണാല വിസമ്മതിച്ചു. കേന്ദ്രം അതിന്റെ അജണ്ടയില്‍ ഉറച്ചുനില്‍ക്കുകയും ശിക്ഷാ നടപടിയായി അദ്ദേഹത്തെ ബീഹാറിലേക്ക് മാറ്റുകയും ചെയ്തപ്പോള്‍, ബര്‍ണാല രാജിവെച്ചു.
ഭരണഘടനാപരമായ ബാധ്യതകളോടുള്ള കര്‍ശനമായ അനുസരണത്തോടൊപ്പം ഈ സ്വാതന്ത്ര്യബോധവും ആത്മാഭിമാനവുമാണ് രമാദേവിയെ തന്റെ സംസാരത്തില്‍ സുര്‍ജിത് സിംഗ് ബര്‍ണാലയെ അഭിനന്ദിക്കാന്‍ പ്രേരിപ്പിച്ചത്. അക്കാലത്ത് രാജ്ഭവന്റെ ഉപയോഗത്തെക്കുറിച്ചോ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചോ രാജ്യത്ത് പൊതുവെയുള്ള ആശങ്കയാണ് രമാദേവിയുടെ പ്രസംഗത്തില്‍ പ്രതിഫലിച്ചത്.
ഇന്ത്യന്‍ ഭരണഘടന അതിന്റെ അനുച്ഛേദം 154 (2)(എ)യില്‍ വളരെ കൃത്യമായി പറയുന്നതിങ്ങനെയാണ്: ‘ഈ ആര്‍ട്ടിക്കിളിലെ യാതൊന്നും തന്നെ, മറ്റേതെങ്കിലും അധികാരത്തില്‍ നിലവിലുള്ള ഏതെങ്കിലും നിയമം നല്‍കുന്ന ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍ക്ക് കൈമാറുന്നതായി കണക്കാക്കില്ല.’ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് ജനങ്ങള്‍ നല്‍കുന്ന റോളുകള്‍ സ്വയം ഏറ്റെടുക്കാന്‍ ഗവര്‍ണറെ ഭരണഘടന അനുവദിക്കുന്നില്ല എന്നര്‍ഥം. ഇന്ത്യന്‍ ഫെഡറലിസത്തില്‍ ഗവര്‍ണറുടെ പങ്ക് എല്ലായ്‌പ്പോഴും വിവാദപരവും പ്രായോഗികമായി പലപ്പോഴും വിവാദങ്ങളില്‍ മൂടപ്പെട്ടതുമാണ്. എന്നാല്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഭരണത്തെ ഇന്നത്തെപ്പോലെ അസ്ഥിരപ്പെടുത്താനുള്ള വ്യവസ്ഥാപിതവും ശക്തവുമായ ആയുധമായി ഒരിക്കലും ഇത് മാറ്റിയിട്ടില്ല. 2014-നു ശേഷമുള്ള സ്ഥിതിഗതികള്‍ ഇക്കാര്യത്തിലുള്ള മാറ്റങ്ങളുടെ ഒരു തുടക്കമായി വേണം കാണാന്‍. കേന്ദ്രത്തിലെ നിലവിലെ ഭരണം അതിന്റെ പ്രത്യയശാസ്ത്രത്തില്‍ തന്നെ ഇന്ത്യയുടെ വൈവിധ്യത്തില്‍ വിശ്വസിക്കാത്തതും മതം, സംസ്‌കാരം, ഭാഷ, നികുതി, തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളിലെല്ലാം രാഷ്ട്രത്തെ ഏകീകരിക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നതും കണക്കിലെടുക്കുമ്പോള്‍, മന്ത്രിസഭയുടെ ‘സഹായവും ഉപദേശവും’ തേടുക എന്ന ഗവര്‍ണറുടെ റോളില്‍ നിന്നും ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രതിപക്ഷത്തേക്കുള്ള മാറ്റം അതിശയകരമല്ല. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ ഒരു ഏകീകൃത രാഷ്ട്രമാക്കാനുള്ള ആദര്‍ശയാത്രയ്ക്ക് തടസ്സമായി അത് വീക്ഷിക്കുന്നു.
ഭരണഘടനാ ചരിത്രം
1858ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് അനുസരിച്ച് ഗവര്‍ണര്‍ ജനറലിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവര്‍ണര്‍ പദവി. 1937 ഏപ്രില്‍ 1-ന് നിലവില്‍ വന്ന 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം പ്രവിശ്യാ ഗവണ്‍മെന്റുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ചുമതല ഗവര്‍ണര്‍മാര്‍ക്ക് നല്‍കി. പ്രവിശ്യാ സ്വയംഭരണത്തിന്റെ മറവിലാണ് ഇത് ചെയ്തതെങ്കിലും, ഗവര്‍ണര്‍മാര്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധികളായിട്ടായിരുന്നു പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. പല പ്രവിശ്യാ മേധാവികളും ഗവര്‍ണര്‍മാരില്‍ അതൃപ്തരായിരുന്നു. ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകള്‍ ഇക്കാര്യം സൂചിപ്പിക്കുന്നു. ഭരണഘടനാ അസംബ്ലിയിലെ അംഗമായ ബിശ്വനാഥ് ദാസ് നിയമസഭയില്‍ ഒരു അനുഭവപരമായ പ്രസ്താവന നടത്തി: ”എനിക്ക് എന്റെ കയ്‌പേറിയ അനുഭവങ്ങളുണ്ട്….. ഞാന്‍ ഒരു പ്രവിശ്യയുടെ പ്രധാനമന്ത്രിയായിരുന്നു, എന്റെ പ്രവിശ്യയിലെ ഗവര്‍ണര്‍ എങ്ങനെയാണ് എന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചതെന്ന് എനിക്കറിയാം.’ (CAD, മെയ് 31, 1949).
ബി ആര്‍ അംബേദ്കര്‍ ജൂണ്‍ രണ്ടിന് ഭരണഘടന അസംബ്ലിയിലെ തന്റെ പ്രസിദ്ധമായ പ്രസംഗങ്ങളില്‍ ഒന്നില്‍ ഇങ്ങനെ പറയുന്നുണ്ട്, ‘ഭരണഘടനയുടെ കീഴിലുള്ള ഗവര്‍ണര്‍ക്ക് സ്വയം നിര്‍വഹിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ല, മറിച്ച് അദ്ദേഹത്തിന് നിര്‍വഹിക്കാന്‍ ചില കടമകള്‍ മാത്രമേ ഉള്ളൂ’. എന്നിട്ടും തന്റെ വിവേചനാധികാരം പ്രയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥകളുടെ നിയമ സാധുതയെ കുറിച്ച് അംബേദ്കര്‍ പോലും ഭരണഘടന അസംബ്ലിയില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ല. നിയമപരവും രാഷ്ട്രീയപരവുമായ പ്രശ്‌നങ്ങള്‍ എല്ലായിപ്പോഴും ഉയര്‍ന്നുവരുന്ന ഒരു മേഖലയായി ഇത് ഇന്നും നിലനില്‍ക്കുന്നു.
രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ പങ്കിനെക്കുറിച്ച് ഡോ. അംബേദ്കര്‍ സത്യസന്ധനായിരുന്നു, അദ്ദേഹം പറയുന്നു: ”ഭരണത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം രാജ്യത്തിന്റെ തീരുമാനങ്ങള്‍ അറിയിക്കുന്ന ഒരു മുദ്രയിലുള്ള ആചാരപരമായ ഉപകരണമാണ്. ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റ് പൊതുവെ മന്ത്രിമാരുടെ ഉപദേശത്തിന് വിധേയനാകും. അവരുടെ ഉപദേശത്തിന് വിരുദ്ധമായി ഒന്നും ചെയ്യാന്‍ കഴിയില്ല, അവരുടെ ഉപദേശം കൂടാതെ ഒന്നും ചെയ്യാനും കഴിയില്ല. അമേരിക്കന്‍ പ്രസിഡന്റിന് ഏത് സമയത്തും ഏത് സെക്രട്ടറിയെയും പിരിച്ചുവിടാം. തന്റെ മന്ത്രിമാര്‍ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കുന്നിടത്തോളം ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റിന് അതിന് അധികാരമില്ല.”
മറ്റെല്ലാ ഭരണഘടനാ ഉദ്യോഗസ്ഥരുടെയും കാര്യത്തിലെന്നപോലെ, ഭരണഘടനാ നിര്‍മാതാക്കള്‍ ഗവര്‍ണറുടെ ഓഫീസില്‍ വലിയ അളവിലുള്ള വിശ്വാസമാണ് നല്‍കിയത്. സാധാരണ ഗതിയില്‍ ഗവര്‍ണര്‍ ഭരണകാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതിന് എന്താണ് ഗ്യാരണ്ടിയെന്ന് എച്ച് വി കാമത്ത് ചര്‍ച്ചയ്ക്കിടെ ചോദിച്ചപ്പോള്‍, പി എസ് ദേശ്മുഖ് മറുപടി പറഞ്ഞതിങ്ങനെയാണ്: ‘ഗവര്‍ണറുടെ ജ്ഞാനവും ഗവര്‍ണറെ നിയമിക്കുന്ന അധികാരത്തിന്റെ ജ്ഞാനവുമാണ് ഗ്യാരണ്ടി……’ (CAD, ജൂണ്‍ 2, 1949). ഭരണഘടനയും അതിന്റെ നിര്‍മാതാക്കളും ഗവര്‍ണര്‍ക്ക് നല്‍കുന്ന ഈ വിശ്വാസം ബഹുമാനിക്കപ്പെടുന്നുണ്ടോ എന്നത് ഭരണഘടനയിലെ വ്യവസ്ഥകളുടെയും രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെയും വെളിച്ചത്തില്‍ സന്ദര്‍ഭോചിതമായ വിശകലനം ആവശ്യപ്പെടുന്ന ചോദ്യമാണ്. ഇതുവരെയുള്ള ഇന്ത്യന്‍ അനുഭവം പ്രകടമാക്കുന്നത് പക്ഷപാതപരമായ രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ പ്രേരിതമായ ഗവര്‍ണര്‍ അധികാരത്തിന്റെ ദീര്‍ഘവും തുടര്‍ച്ചയായതുമായ ദുരുപയോഗം നടത്തുന്നതാണ്.
ആരാണ് ഗവര്‍ണര്‍?
ഇന്ത്യയുടെ ഫെഡറല്‍ ബന്ധങ്ങളെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ മൂന്ന് വിദഗ്ധ കമ്മീഷനുകള്‍ നിയോഗിക്കപ്പെടുകയുണ്ടായി; സര്‍ക്കാറിയ കമ്മീഷന്‍ (1983), ഭരണഘടനയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനുള്ള ദേശീയ കമ്മീഷന്‍ (2000), പുഞ്ചി കമ്മീഷന്‍ (2007). ഈ കമ്മീഷനുകള്‍ ഗവര്‍ണറുടെ നിയമന രീതി, ഗവര്‍ണറുടെ വിവേചനാധികാര അധികാരങ്ങള്‍, ഗവര്‍ണറുടെ ഉപദേശക പങ്ക് എന്നിവ വിശകലനം ചെയ്തു. കൂടാതെ, ഇന്ത്യയുടെ പരമോന്നത കോടതി, നിരവധി ഭരണഘടനാ വിധികളിലൂടെ നിലവിലുള്ള നിയമപരമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
യോഗ്യതയും
നിയമന രീതിയും
നിലവിലെ നാമനിര്‍ദ്ദേശ രീതി അംഗീകരിക്കുന്നതിന് മുമ്പ് ഭരണഘടനാ അസംബ്ലിയില്‍ ഗവര്‍ണര്‍മാരുടെ നിയമന രീതി ഗൗരവമേറിയ ചര്‍ച്ചാ വിഷയമായിരുന്നു. ഗവര്‍ണര്‍മാരെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് നെഹ്‌റു പറഞ്ഞതിനെയാണ്. ”മൊത്തത്തില്‍ പുറത്തുനിന്നുള്ള ആളുകള്‍ – പ്രമുഖ വ്യക്തികള്‍, ചിലപ്പോള്‍ രാഷ്ട്രീയത്തില്‍ വലിയ പങ്കുവഹിച്ചിട്ടില്ലാത്ത ആളുകള്‍ ഉണ്ടായിരിക്കുന്നത് അഭികാമ്യമാണ്. രാഷ്ട്രീയക്കാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സജീവമായ ഒരു ഡൊമെയ്ന്‍ ഇഷ്ടപ്പെടും, പക്ഷേ ഒരു പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനോ ജീവിതത്തിന്റെ മറ്റ് മേഖലകളില്‍ പ്രഗത്ഭരായ വ്യക്തികളോ ഉണ്ടായിരിക്കാം, അവര്‍ സ്വാഭാവികമായും സര്‍ക്കാരുമായി പൂര്‍ണ്ണമായി സഹകരിക്കുകയും സര്‍ക്കാരിന്റെ നയം ഏത് സാഹചര്യത്തിലും എല്ലാവിധത്തിലും നടപ്പിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, പാര്‍ട്ടിക്ക് അല്‍പ്പം മുകളിലുള്ള ഒരാളെ അദ്ദേഹം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രതിനിധീകരിക്കുകയും അതുവഴി, പാര്‍ട്ടി യന്ത്രത്തിന്റെ ഭാഗമായി കണക്കാക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ സര്‍ക്കാരിനെ സഹായിക്കുകയും ചെയ്യും.”
എന്നിരുന്നാലും, നെഹ്‌റു ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയ യോഗ്യതകള്‍ അധികാരത്തിലുള്ള പാര്‍ട്ടിയുടെ വ്യാപകമായ വിമര്‍ശനത്തിന് വിധേയമായിരുന്നു. അതിന്റെ ഫലമായി ഗവര്‍ണര്‍ ഭരണത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും ചിലപ്പോള്‍ അത്തരം ഉയര്‍ന്ന ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കാന്‍ യോഗ്യരല്ലാത്ത ആളുകള്‍ക്കും നിയമനം ലഭിക്കുമെന്നും പുഞ്ചി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ചില പാര്‍ട്ടികള്‍ ഗവര്‍ണറുടെ ഓഫീസ് തന്നെ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുന്നതിനും ചില സംസ്ഥാനങ്ങളിലെ ചില ഗവര്‍ണര്‍മാര്‍ക്കെതിരെ പൊതു പ്രകടനത്തിനും കാരണമായി. അതിനാല്‍, ഗവര്‍ണറുടെ ഓഫീസിന്റെ സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കാന്‍, നിര്‍ബന്ധിത യോഗ്യതകളും നിശ്ചിത കാലാവധിയും പോലുള്ള അനുയോജ്യമായ ഭരണഘടനാ ഭേദഗതികള്‍ ശുപാര്‍ശ ചെയ്തു.
ഗവര്‍ണറുടെ
അധികാരങ്ങള്‍
ഗവര്‍ണര്‍ ഒരു സംസ്ഥാന ഗവണ്‍മെന്റിന്റെ തലവനാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ ഭരണഘടനാപരമായി ആവശ്യമുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഒഴികെ ഗവര്‍ണര്‍ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനുമാണ്. ഭരണഘടന അസംബ്ലിയുടെയും മൂന്ന് കമ്മീഷനുകളുടെയും കോടതിയുടെ വിധികളുടെയും ഉള്ളടക്കം ഇത് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ഭരണഘടന അതിന്റെ ആര്‍ട്ടിക്കിള്‍ 163 അനുച്ഛേദം (1) ല്‍ മന്ത്രിസഭയോട് ഗവര്‍ണര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുവാനായി കല്‍പ്പിക്കുന്നുണ്ട്. അതുപോലെതന്നെ ആര്‍ട്ടിക്കിള്‍ 164 അനുഛേദം (1) ല്‍ മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ക്ക് ഇഷ്ടമുള്ള കാലമത്രയും തലസ്ഥാനത്ത് തുടരുവാനും പറയുന്നു (the Ministers shall hold office during the pleasure of the Governor). പക്ഷേ ഇതിനിടയില്‍ ആര്‍ട്ടിക്കിള്‍ 163 അനുഛേദം (2) പറയുന്നത് ചില നിശ്ചിത കാര്യങ്ങളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ വിവേചനാധികാരത്തോടെ കൂടി പ്രവര്‍ത്തിക്കണം എന്നാണ്.
ഇതില്‍ നിന്നും വ്യക്തമാകുന്നത് സാധാരണഗതിയില്‍ ഏതൊരു സംസ്ഥാനത്തിന്റെയും ഗവര്‍ണര്‍ ആ സംസ്ഥാനത്തെ മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് അല്ലെങ്കില്‍ ബാധ്യസ്ഥയാണ് എന്നതാണ്. അതുകൊണ്ട്, ഒരു മന്ത്രിയുടെ കാര്യത്തിലുള്ള പ്രീതി പിന്‍വലിച്ച് അദ്ദേഹത്തെ പിരിച്ചുവിടാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിക്കാമെന്ന് കരുതുന്നത് കേരള ഗവര്‍ണറുടെ സമീപകാല കാര്യത്തിലെന്നപോലെ വെറും വ്യാമോഹമാണ്. ആര്‍ട്ടിക്കിള്‍ 164(1)ല്‍ പരാമര്‍ശിച്ചിരിക്കുന്ന ‘ആനന്ദം’ (Pleasure) എന്നത് വ്യക്തിഗത സംതൃപ്തിയല്ല, മറിച്ച് അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ സംതൃപ്തിയുടെ ഭരണഘടനാപരമായ അര്‍ഥത്തിലാണ് ഉപയോഗിക്കുന്നത്.
ഗവര്‍ണര്‍ക്ക് ഇനിപ്പറയുന്ന വിവേചനാധികാരങ്ങള്‍ ഭരണഘടന നല്‍കുന്നുണ്ട്: ആര്‍ട്ടിക്കിള്‍ 200 പ്രകാരം രാഷ്ട്രപതിയുടെ അനുമതിക്കായി ഒരു ബില്ലിന് അംഗീകാരം നല്‍കാനോ തടഞ്ഞുവയ്ക്കാനോ റഫര്‍ ചെയ്യാനോ; ആര്‍ട്ടിക്കിള്‍ 164 പ്രകാരം ഒരു മുഖ്യമന്ത്രിയെ നിയമിക്കുക; ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടും രാജിവയ്ക്കാന്‍ വിസമ്മതിക്കുന്ന സര്‍ക്കാരിനെ പിരിച്ചുവിടുക; ആര്‍ട്ടിക്കിള്‍ 174 പ്രകാരം ഒരു നിയമസഭ പിരിച്ചുവിടുക; ആര്‍ട്ടിക്കിള്‍ 356 പ്രകാരം ഗവര്‍ണറുടെ റിപ്പോര്‍ട്ട് അയയ്ക്കുക. സുപ്രിംകോടതി വിധികളിലും കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളിലും മേല്‍പ്പറഞ്ഞ ഓരോന്നിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
നിയമസഭ പാസാക്കിയ ബില്ലുകളുടെ കാര്യത്തില്‍ ഗവര്‍ണറുടെ വിവേചനാധികാരവുമായി ബന്ധപ്പെട്ടതാണ് സമീപകാല വിവാദങ്ങള്‍.
സമ്മതം തടഞ്ഞുവച്ചാല്‍, ഗവര്‍ണര്‍ അത് ‘എത്രയും വേഗം’ തന്റെ അഭിപ്രായങ്ങളോടെ നിയമസഭയിലേക്ക് തിരിച്ചയക്കണം. ചില ഗവര്‍ണര്‍മാര്‍ തങ്ങളുടെ അഭിപ്രായം മറച്ചുവെക്കാന്‍ ഈ ക്ലോസ് പരിധിയില്ലാത്ത സമയം നല്‍കുന്നുവെന്ന് അനുമാനിക്കുന്നു. എ ജി പേരറിവാളന്‍ കേസിലെ (രാജീവ് ഗാന്ധി വധക്കേസിലെ പ്രതി ഏറെ കാലതാമസത്തിന് ശേഷം മോചിതനായ) സുപ്രീം കോടതി വിധി വളരെ വ്യക്തമാണ്:
തമിഴ്‌നാട് നിയമസഭ പാസാക്കിയ റെക്കമെന്റേഷന്‍ രണ്ടു വര്‍ഷത്തിലധികം കാലം പ്രസിഡണ്ടിന് റഫര്‍ ചെയ്യാതെ കൈവശം വച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും നിയമപരമായും ഭരണഘടനപരമായും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും സുപ്രീംകോടതി വളരെ വ്യക്തമായി നിരീക്ഷിക്കുകയുണ്ടായി. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ ഒരു ‘ഷോട്ട് ഹാന്‍ഡ് എക്‌സ്പ്രഷന്‍’ മാത്രമാണ് ഗവര്‍ണര്‍ എന്നും സുപ്രീം കോടതി ആ വിധിയില്‍ വ്യക്തമാക്കുകയുണ്ടായി.
സര്‍വകലാശാലകളുടെ
ചാന്‍സലര്‍ഷിപ്പ്
ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റികളുടെ ചാന്‍സിലര്‍ സ്ഥാനത്തിരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തില്‍ കൊഴുത്തു കൊണ്ടിരിക്കുന്ന സമയമാണല്ലോ. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനമായ ഒരു കാര്യം എന്നു പറയുന്നത് യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ പദവി എന്ന് പറയുന്നത് ഒരു ഭരണഘടനാപരമായ സ്ഥാനമല്ല എന്നതാണ്. മറിച്ച് നിയമസഭ പാസാക്കിയ യൂണിവേഴ്‌സിറ്റികളെ സംബന്ധിക്കുന്ന പ്രത്യേക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ലഭിക്കുന്ന സ്ഥാനമാണ്. അതുകൊണ്ടുതന്നെ നിയമസഭയ്ക്ക് ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും മാറ്റിക്കൊണ്ട് പുതിയൊരു നിയമ ഭേദഗതിയിലൂടെ നടപടി സ്വീകരിക്കുന്നതിന് യാതൊരു തടസ്സവുമില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് പുഞ്ചി കമ്മീഷന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു: ‘ഗവര്‍ണര്‍മാരെ ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടില്ലാത്ത പദവികളും അധികാരങ്ങളും കൊടുത്തുകൊണ്ട് അമിതമായ ഭാരം നല്‍കാന്‍ പാടില്ല. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ ഗവര്‍ണറുടെ ഓഫീസിലെ വിവാദങ്ങള്‍ക്കും പൊതു വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കിയേക്കാം. അതുകൊണ്ടുതന്നെ സംസ്ഥാന നിയമസഭകള്‍ ഗവര്‍ണര്‍ക്ക് സ്റ്റാറ്റിയൂട്ടറി അധികാരങ്ങള്‍ നല്‍കുന്നത് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളതും അതിനാല്‍ ഒഴിവാക്കേണ്ടതുമാണ്.’
ജനഹിതമില്ലാത്ത
അധികാരം
ഇന്ത്യയില്‍ ഗവര്‍ണറുടെ നിയമനവും അധികാരങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ എല്ലാം തന്നെ ബ്രിട്ടീഷ് കൊളോണിയല്‍ തുടര്‍ച്ചയുടെയും വര്‍ധിച്ചുവരുന്ന ഫെഡറല്‍ സംവിധാനത്തിന്റെ തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കുവാന്‍. കാരണം ഏകശിലാത്മകമായ ഒരു രാജ്യത്തെ വിഭാവനം ചെയ്യുന്ന ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണം കയ്യാളിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ ചേരിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനിര്‍വഹണത്തില്‍ കൈവെക്കാനുള്ള ഏറ്റവും ശക്തമായ ഉപാധിയാണ് അതല്ലെങ്കില്‍ ഉപകരണമാണ് ഗവര്‍ണറുടെ ഓഫീസ്.
അതുകൊണ്ടുതന്നെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെലുങ്കാനയിലെയും വെസ്റ്റ് ബംഗാളിലെയും ഒക്കെ ഗവര്‍ണര്‍മാര്‍ ഓര്‍ത്തിരിക്കേണ്ട അല്ലെങ്കില്‍ ഓര്‍ക്കണമായിരുന്ന മൗലികമായ കാര്യമെന്നു പറയുന്നത് അവര്‍ ആരും തന്നെ ജനങ്ങളുടെ സമ്മതിദാനത്തോടുകൂടി അല്ല അവരവരുടെ ഓഫീസുകളില്‍ ആസനസ്ഥരായി ഇരിക്കുന്നത് എന്നതാണ്. നിര്‍ഭാഗ്യമെന്നു പറയാതെ വയ്യ റിട്ടയര്‍മെന്റിനുശേഷം ദാനം വെച്ച് നീട്ടുന്ന ആഡംബരങ്ങളുടെയും പദവികളുടെയും മുമ്പില്‍ തങ്ങളുടെ നാവും നട്ടെല്ലും എന്തിനേറെ മനസ്സാക്ഷി പോലും അടിയറവ് വെച്ചുപോകുന്ന അടിമ ദാസന്മാരായി മാറിപ്പോവുകയാണ് പലപ്പോഴും ഗവര്‍ണര്‍മാര്‍.
References
(1). Sugata Bose and Ayesha Jalal, Modern South Asia : History, Culture, Political Economy. 3rd edn ( New Delhi, Routledge, 2011) 207.
(2). Arun K Thiruvengadam, The Constitution of India; A contextual Analysis, 1st edn (New Delhi, Bloomsbury, 2017)
(3). KALEESWARAM RAJ, Use and abuse of Governors’ powers, May 05, 2022, Frontline Magazine.
(4). T.M. THOMAS ISAAC, Weaponising theGovernor against opposition-ruled States,Dec 01, 2022, Frontline magazine.
(5). Granville Austin, The Indian Constitution: Cornerstone of a Nation ( new Delhi, Oxford University Press, 1966)
(6). S.R Bommai v Union of India, AIR1994SC1918