3 Tuesday
December 2024
2024 December 3
1446 Joumada II 1

ജനാധിപത്യത്തെ വിലക്കെടുക്കുന്ന കോര്‍പറേറ്റ് ഭീമന്മാര്‍

അബ്ദുല്‍ മനാഫ്

വര്‍ഷങ്ങളായി മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാരാ ഇടതു വലതു പാര്‍ട്ടികളോട് ജനങ്ങള്‍ക്കുള്ള മടുപ്പും വെറുപ്പും സ്വാഭാവികമാണ്. എന്നാല്‍ അതിനു ബദലായി ഉയര്‍ത്തിക്കാണിക്കുന്നവയുടെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ വെളിച്ചത്തു വരുമ്പോഴാണ് അതെത്രമേല്‍ അപകടകരമാണെന്നു മനസിലാകുക.
രാഷ്ട്രീയ പാര്‍ട്ടികളെ പിന്തള്ളി കിഴക്കമ്പലത്ത് അധികാരത്തിലേറിയ ട്വന്റി 20യെ വലിയ പ്രതീക്ഷയോടെയാണ് അധികമാളുകളും നോക്കിക്കണ്ടത്.
വര്‍ഷങ്ങളായി കിഴക്കമ്പലം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് കമ്പനിയായ കിറ്റെക്‌സാണ് ട്വന്റി 20ക്ക് പിന്നിലുള്ളത്. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ചെലവഴിക്കാനുള്ള ട്രസ്റ്റായിട്ടാണ് ട്വന്റി 20ക്ക് കിറ്റെക്‌സിന്റെ മേധാവി സാബു എം ജേക്കബ് 2013ല്‍ ബീജാവാപം നല്‍കിയത്.
സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വിവിധ സോഷ്യല്‍ വെല്‍ഫെയര്‍ പദ്ധതികള്‍ നടത്തി ജനകീയ അടിത്തറ ഉണ്ടാക്കിയ ട്വന്റി 20, 2015ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് രാഷ്ട്രീയ രംഗപ്രവേശനം നടത്തിയത്.
ഇരു മുന്നണികളും മാറി മാറി ഭരിച്ച പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഒറ്റ സീറ്റിലൊതുങ്ങിയപ്പോള്‍ സി.പി.എം ചിത്രത്തിലേ ഇല്ലാതായി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും പലയിടത്തും സംയുക്ത സ്ഥാനാര്‍ഥികളെ നിര്‍ത്തി ട്വന്റി ട്വന്റിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കിഴക്കമ്പലത്തിനു പുറമെ ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ കൂടി നേടി അവര്‍ കൂടുതല്‍ കരുത്തു കാട്ടുകയാണുണ്ടായത്.
ഒരു കോര്‍പറേറ്റ് കമ്പനി നിര്‍ബന്ധമായും ചെലവഴിക്കേണ്ട സി.എസ്.ആര്‍ ഒരു ഗ്രാമപഞ്ചായത്തില്‍ മാത്രമായി നിക്ഷേപിച്ച് അത് തങ്ങളുടെ ഔദാര്യവും സേവനവുമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ശേഷം അത് വോട്ടാക്കി മാറ്റിയുമാണ് ട്വന്റി ട്വന്റി അധികാരത്തിലേക്കുള്ള വഴി വെട്ടിയത്.
സി.എസ്.ആര്‍ എങ്ങനെ ചെലവഴിക്കണമെന്ന് കമ്പനി ആക്ടില്‍ കൃത്യമായ വ്യവസ്ഥയില്ലാത്തത് കൊണ്ട് ഇതിനെ നിയമപരമായി പ്രശ്‌നവത്കരിക്കാനാകില്ല. കമ്പനികള്‍ തങ്ങളുടെ പോപുലാരിറ്റി വര്‍ധിപ്പിക്കാനായി ഇതിനെ വ്യാപകമായി ഉപയോഗിക്കാറുണ്ടെങ്കിലും ഇത് വെച്ച് വോട്ട് പിടിക്കുന്നത് അരാഷ്ട്രീയമാണെന്നതില്‍ തര്‍ക്കമില്ല.
നിയമ പ്രശ്‌നത്തില്‍ നിന്ന് വഴുതി മാറാന്‍ ഏതെങ്കിലുമൊരു വിധം തങ്ങള്‍ ചെലവഴിക്കേണ്ട ഫണ്ട് ഉപയോഗിച്ച് നാട്ടുകാര്‍ക്ക് സൗജന്യങ്ങള്‍ നല്‍കി, മാലിന്യ പ്രശ്‌നമടക്കമുള്ള കമ്പനിയുടെ തെറ്റായ ചെയ്തികളെ ചോദ്യം ചെയ്യാനാകാത്ത വിധം അവരെ രാഷ്ട്രീയ അടിമകളാക്കുന്നതിലൂടെ ട്വന്റി ട്വന്റി ജനാധിപത്യത്തെ വിലക്ക് വാങ്ങുകയാണ് ചെയ്യുന്നത്.
ഇതിനു പുറമെ പഞ്ചായത്ത് ഭരണ സമിതിയെ കമ്പനിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്ന റാന്‍മൂളികളുമാക്കുന്നുണ്ട് ട്വന്റി ട്വന്റി. ഇതിനായി സര്‍ക്കാര്‍ ഓണറേറിയത്തിനു പുറമെ പ്രസിഡന്റിന് 25,000 രൂപയും വൈസ് പ്രസിഡന്റിന് 15,000 രൂപയും അംഗങ്ങള്‍ക്ക് 10,000 രൂപയും എല്ലാ മാസവും കമ്പനി ശമ്പളമായി നല്‍കി വരുന്നു.
പൊതുവെ പ്രബുദ്ധമായ കേരളത്തില്‍ ഇങ്ങനെയാകാമെങ്കില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ജനാധിപത്യത്തെ അട്ടിമറിക്കുന്ന കിഴക്കമ്പലം മാതൃകകള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാകില്ല.
കോര്‍പറേറ്റുകളെ ചേര്‍ത്ത് നിര്‍ത്തുന്ന ഭരണകൂടം കേന്ദ്രത്തില്‍ ഭരണം കൈയാളുമ്പോള്‍ പ്രത്യേകിച്ചും. നാല് പഞ്ചായത്തുകളിലെ ഭരണം പണം കൊടുത്ത് വാങ്ങാന്‍ കിറ്റെക്‌സെന്ന കോര്‍പറേറ്റ് കമ്പനിക്കായെങ്കില്‍ അമ്പാനിമാരും അദാനിമാരും ഇന്ത്യയിലെ ഒാരോ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന കാലം അതിവിദൂരമല്ല.

Back to Top