22 Wednesday
September 2021
2021 September 22
1443 Safar 14

ജംറകളിലെ കല്ലെറിയല്‍

എന്‍ജി. പി മമ്മദ് കോയ


മധ്യാഹ്ന പ്രാര്‍ഥന കഴിഞ്ഞാണ് പുറത്തേക്കിറങ്ങിയത്. മര്‍വയുടെ ഭാഗത്താണ് അസീസിയയിലേക്ക് പോകുന്ന ബസ് സ്റ്റേഷന്‍! മനസ്സ് ഹജ്ജിന്റെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാനുളള തിടുക്കത്തിലായിരുന്നു. ആരോഗ്യത്തോടെ അവ അനുഷ്ഠിക്കാന്‍ കഴിയണമേ എന്ന പ്രാര്‍ഥനയിലായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അത് സാധിച്ചു. എല്ലാ കര്‍മങ്ങളും വലിയ പ്രയാസങ്ങളൊന്നുമില്ലാതെ ചെയ്യാന്‍ കഴിഞ്ഞതിന് ഹൃദയപൂര്‍വം അല്ലാഹുവിന് നന്ദി പറഞ്ഞു.
ടാക്‌സി സ്റ്റാന്റിനടുത്തുള്ള ഒരു കഫ്ത്തീരിയയില്‍ നിന്നു ഭക്ഷണം കഴിച്ചു. ബസ് സ്റ്റേഷനില്‍ ബസ്സുകളില്ല. ഹജ്ജ് ദിവസങ്ങളില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കുന്നതാണ്. റോഡ് മുഴുവന്‍ ഹാജിമാരായിരിക്കും! പൊതു വാഹനങ്ങള്‍ക്കൊന്നും റോഡിലിറങ്ങാന്‍ കഴിയില്ല. അങ്ങിങ്ങായി സ്വകാര്യ വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നുണ്ട്. തിരിച്ച് സന്ധ്യക്ക് മുമ്പ് മിനായിലെ ടെന്റിലെത്തണം! ഇനി നടന്നു പോകാന്‍ കഴിയില്ല. അത്രമാത്രം ക്ഷീണമുണ്ട്. അപ്പോഴതാ ശക്തമായ മഴ! തലേ ദിവസം അറഫയില്‍ പെയ്തത് പോലുള്ള കോരിച്ചൊരിയുന്ന മഴ!
ഒന്ന് രണ്ട് സ്വകാര്യ കാറുകള്‍ ഹാജിമാരെ ചാര്‍ജ് പറഞ്ഞു കയറ്റുന്നുണ്ട്. നാല് ആളുകള്‍ തികഞ്ഞാല്‍ മാത്രമേ യാത്ര പുറപ്പെടൂ. ഒരാള്‍ക്ക് 100 റിയാല്‍. സാധാരണ ഹറമില്‍ നിന്ന് മിനായിലേക്കും മറ്റും 10 റിയാലാണ് ചാര്‍ജ്. ഹജ്ജ് സമയത്ത് ഇങ്ങനെയാണ്. എല്ലാറ്റിനും ചാര്‍ജ്ജ് കൂടുതലാണ്. മിനായിലേക്കുള്ള രണ്ട് ഹാജിമാരുടെ കൂടെ ഒരു സ്വകാര്യ കാര്‍ തരപ്പെടുത്തി ഞങ്ങളും പോയി.
വീണ്ടും മിനായിലെ ടെന്റില്‍! ടെന്റില്‍ കൂടെ ഉണ്ടായിരുന്ന ഹാജിമാരില്‍ കുറച്ചുപേരെ എത്തിയിട്ടുള്ളൂ. ചിലര്‍ തവാഫും സഅ്‌യും അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. തിരക്കു കുറയുമെന്ന പ്രതീക്ഷയിലാണ് അവര്‍!
ഇനി മൂന്നു ദിവസം. ദുല്‍ഹിജ്ജ പതിനൊന്നും പന്ത്രണ്ടും പതിമൂന്നും മിനായില്‍ രാപ്പാര്‍ത്ത് മൂന്ന് ജംറകളിലും കല്ലെറിയണം. പെട്ടെന്ന് പോകണമെന്നുള്ളവര്‍ക്ക് പതിനൊന്നും പന്ത്രണ്ടും ദിവസങ്ങളില്‍ മാത്രം കല്ലെറിഞ്ഞു പോകാവുന്നതാണ്. പക്ഷെ ഒരു നിബന്ധന മാത്രം! ദുല്‍ഹിജ്ജ 12-ന് സന്ധ്യക്ക് മുമ്പ് തന്നെ മിനായില്‍ നിന്ന് പോയിരിക്കണം.
അയ്യാമുത്തശ്‌രീക് – പിരിഞ്ഞുപോകുന്ന ദിനങ്ങള്‍ എന്നാണ് മിനായിലെ ഈ ദിവസങ്ങളെ പറയുന്നത്. ഖുര്‍ആന്‍ പാരായണവും ദിക്‌റും നമസ്‌കാരവും കൊണ്ട് ധന്യമാക്കേണ്ട നാളുകള്‍. ഓരോ നമസ്‌കാരങ്ങളും കൃത്യ സമയത്ത് നിര്‍വഹിക്കുക, ദുഹര്‍ അസര്‍, ഇശാഅ് എന്നിവ രണ്ട് റക്അത്തുകളായി ചുരുക്കി നമസ്‌കരിക്കുക. ഉച്ച കഴിഞ്ഞതിന് ശേഷം ജംറകളില്‍ കല്ലെറിയുക -ഇവയാണ് ഈ ദിവസങ്ങളിലെ കര്‍മങ്ങള്‍.
കേരളത്തില്‍ നിന്ന് വന്ന ചിലര്‍ ദുഹറും അസറും ഇശാഉമൊക്കെ ചുരുക്കാതെ നാലു റക്അത്തുകളായി തന്നെ നമസ്‌കരിക്കുന്നത് കണ്ടു. അത്തരം ആളുകള്‍ ജമാഅത്തിന് നേതൃത്വം കൊടുക്കുന്നത് കൊണ്ട് അനേകം അജ്ഞരായ ഹാജിമാര്‍ അവരെ പിന്തുടരുകയും ചെയ്യുന്നു.
”(നബിയെ) പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രേ.” (വി.ഖു. 3:31)
നബിചര്യക്കെതിരായി നടക്കുന്ന അത്തരം ജമാഅത്തുകളില്‍ പങ്കെടുക്കാതിരിക്കാന്‍ ഞങ്ങള്‍ സൂക്ഷ്മത പുലര്‍ത്തി. തര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കാനും ശ്രദ്ധിച്ചു. ബുദ്ധിമുട്ടിയും ത്യാഗങ്ങള്‍ സഹിച്ചും ചെയ്തുവന്ന കര്‍മ്മങ്ങളുടെ സ്വീകാര്യത നഷ്ടപ്പെടാതിരിക്കാനും ശരിയായ രീതിയില്‍ കര്‍മങ്ങള്‍ ചെയ്യുവാനുമുളള മനശ്ശക്തിക്ക് വേണ്ടി അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.
പിറ്റെ ദിവസം (ദുല്‍ഹിജ്ജ11) ഉച്ച ഭക്ഷണവും നമസ്‌കാരവും കഴിഞ്ഞതിന് ശേഷം ജംറയിലേക്ക് പുറപ്പെട്ടു. ആദ്യം ജംറത്തുല്‍ ഊലയില്‍! നല്ല തിരക്കാണെങ്കിലും അധികൃതരുടെ ശാസ്ത്രീയമായ ആസൂത്രണത്തിന്റെ വലിയ പ്രയാസമില്ലാതെ ഒന്നാമത്തെ ജംറയില്‍ ഏഴു കല്ലുകളെറിഞ്ഞ്, ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്നുച്ചരിച്ച് ഓരോ കല്ലുകള്‍ വീതം ഏഴു തവണ എറിഞ്ഞു. പിന്നീട് അല്പം മാറി നിന്ന് ഇരുകൈകളുമുയര്‍ത്തി പ്രാര്‍ഥിച്ചു.
ജംറകള്‍ ശൈത്താന്‍ കബീറോ ശൈത്താന്‍ സഈറോ അല്ല. ഹാജിമാരില്‍ പലരുടെയും ഏറും ശരീര ഭാഷയും കണ്ടാല്‍ അവര്‍ അങ്ങിനെയാണ് ധരിച്ചിരിക്കുന്നത് എന്ന് തോന്നും.
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ചരിത്ര സംഭവത്തിന്റെ പ്രതീകാത്മകമായ ആവര്‍ത്തനമാണ് ഈ കര്‍മം. ഭക്തിസാന്ദ്രമായ ഒരാരാധന എന്ന നിലക്കാണ് ഇതിനെ കാണേണ്ടത്. ഓരോ വ്യക്തിയും ജീവിതത്തില്‍ അനുവര്‍ത്തിച്ചു വന്ന തിന്മകളെയും ദുഷ്ചിന്തകളെയും ഒഴിവാക്കി പുതിയ മനുഷ്യനായി എന്ന ആത്മ ബോധം ഹൃദയത്തില്‍ അങ്കുരിപ്പിക്കുകയാണ് ഈ കര്‍മം കൊണ്ട് സാധിക്കേണ്ടത്. ഒരുതരം മനശ്ശാസ്ത്രപരമായ ആത്മ പരിശീലനം. ദിവസങ്ങളിലൂടെ ആവര്‍ത്തിച്ച് അത് മനസ്സിനെ ബോധ്യപ്പെടുത്താനുളള പരിശ്രമം. ജംറകള്‍ പൈശാചിക ഭാവങ്ങളെ എറിഞ്ഞോടിക്കാനുളള പ്രതീകങ്ങള്‍ മാത്രമാണ്.
ജംറത്തുല്‍ വുസ്തയിലാണ് രണ്ടാമത് എറിയേണ്ടത്. അവിടേക്ക് നടക്കുമ്പോള്‍ തന്നെ മുന്‍കരുതല്‍ എന്ന നിലക്ക് കല്ലുകള്‍ കയ്യില്‍ വെച്ചു. രണ്ടാമത്തെ ജംറയിലും ഏഴു കല്ലുകള്‍ എറിയുകയും ഇടത് ഭാഗത്തേക്ക് മാറി കഅ്ബക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നീട് പെരുന്നാള്‍ ദിവസം കല്ലെറിഞ്ഞ ജംറത്തില്‍ അഖ്ബയിലേക്ക് നീങ്ങുകയും കല്ലുകളെറിഞ്ഞ് നേരെ തമ്പ് ലക്ഷ്യമാക്കി നടക്കുകയും ചെയ്തു.
ദുല്‍ഹിജ്ജ് 12-ന് രണ്ടാമത്തെ ദിവസവും മൂന്ന് ജംറകളിലും കല്ലുകളെറിഞ്ഞു. ഭൂരിപക്ഷം ഹാജിമാരും ഇതോട് കൂടി മിനായോട് വിടപറയും. അത്‌കൊണ്ട് തന്നെ നല്ല തിരക്കായിരുന്നു. കല്ലേറു കഴിഞ്ഞ് മനസ്സില്‍ നിന്നും ചിന്തകളില്‍ നിന്നും പൈശാചികതയെ ഒഴിവാക്കാന്‍ ശ്രമിക്കുകയും അതിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തു. ഹജ്ജിനോടനുബന്ധിച്ച എല്ലാ കര്‍മങ്ങളും കഴിഞ്ഞു. 13-ാം തിയ്യതിയും കൂടി മിനായില്‍ തങ്ങി കല്ലേറു നടത്താം. അല്ലെങ്കില്‍ 12-ാം തിയ്യതി അസര്‍ നമസ്‌കാരം കഴിഞ്ഞു മിനയില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകാന്‍ തീരുമാനിച്ചു.
അസീസിയയിലേക്ക് മുതവ്വിഫിന്റെ ബസ് സൗകര്യമുണ്ട്. പക്ഷെ വളരെനേരം കാത്തുനിന്നിട്ടും ഒരു ഫലവുമുണ്ടായില്ല. മിനയില്‍ നിന്ന് അസീസിയയിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. സഹ ഹാജിമാരും വളണ്ടിയര്‍മാരും പ്രോത്സാഹിപ്പിച്ചു. നല്ല വെയിലും ചൂടുമുണ്ട്. ഏതായാലും കുട ചൂടി ഷോള്‍ഡര്‍ ബാഗും തൂക്കി മെല്ലെ നടന്നു. ‘മിനായിലേക്ക് വരുമ്പോള്‍ ചെറിയ ബാഗ് മാത്രമേ എടുക്കാവൂ’ -ഹജ്ജ് വളണ്ടിയര്‍മാര്‍ നിരന്തരം പറയുന്നതിന്റെ പൊരുള്‍ ഇത്തരം സന്ദര്‍ഭങ്ങളിലാണ് മനസ്സിലാകുക. പല ഹാജിമാരും വലിയ ബാഗുമായി ബുദ്ധിമുട്ടുന്നത് കാണുന്നു. ബസ്സുകളും സ്വകാര്യ വാഹനങ്ങളുമൊക്കെ പോകുന്നുണ്ടെങ്കിലും ഒന്നും യാത്രക്കാരെ കയറ്റുന്നില്ല. എല്ലാം ഹാജിമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
അസീസിയയിലേക്കുള്ള കിംഗ് അബ്ദുല്ല റോഡിലൂടെയാണ് നടക്കുന്നത്. പ്രതീക്ഷിച്ചതിനെക്കാളും വളരെ ദൂരമുണ്ടെന്ന് തോന്നുന്നു. നടന്ന് നടന്ന് ഒരു ജങ്ഷനിലെത്തി. നാലു ഭാഗത്തേക്കും റോഡുകളുണ്ട്. ജങ്ഷനില്‍ അനേകം കെ എം സി സി വളണ്ടിയര്‍മാര്‍ ഹാജിമാരെ സഹായിക്കുന്നുണ്ട്. വഴി പറഞ്ഞുകൊടുത്തും ബാഗും പെട്ടികളും വാങ്ങി റോഡ് മുറിച്ചു കടക്കാന്‍ സഹായിച്ചും ആ പൊരിവെയിലത്തും അവര്‍ സജീവ സേവനത്തിലാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x