19 Friday
April 2024
2024 April 19
1445 Chawwâl 10

എന്താണ് ജമാഅത്തിന്റെ ആദര്‍ശ ഭൂമിക?

കെ പി എസ് ഫാറൂഖി കണ്ണൂര്‍

ജമാഅത്തെ ഇസ്‌ലാമി എന്ന മതസംഘടന തീവ്ര ഹിന്ദുത്വ സംഘടനകളുമായി ചര്‍ച്ച നടത്തിയതിലെസാംഗത്യവും സാംഗത്യമില്ലായ്മയും സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണിപ്പോള്‍. ജമാഅത്തെ ഇസ്‌ലാമിയെ മാത്രം ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നതില്‍ ജമാഅത്ത് രോഷാകുലരുമാണ്.
ജമാഅത്തെ ഇസ്‌ലാമി ഒരു മതരാഷ്ട്രീയ പ്രസ്ഥാനമാണ്. അത് മതേതരത്വത്തോടും ജനാധിപത്യത്തോടും സമീപകാലം വരെ പ്രായോഗികമായും താത്വികമായും പുറംതിരിഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനമാണ്. രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖര്‍ അക്കാര്യം പലപ്പോഴായി വ്യക്തമാക്കിയതുമാണ്. മുസ്‌ലിംലീഗ് ഒരു ജനാധിപത്യ പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമി ഒരു മതരാ്രഷ്ട പാര്‍ട്ടിയുമാണ് എന്ന രൂപത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി ഒരിക്കല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
മുസ്‌ലിംലീഗ്, കോണ്‍ഗ്രസ്, സി പി എം എന്നീ പാര്‍ട്ടികള്‍ എന്തിന് നിലകൊള്ളുന്നു എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ ആ ഉത്തരം പറയുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ അവ്യക്തതയില്ല. മുജാഹിദ് പ്രസ്ഥാന സംഘടനകളും സുന്നി, തബ്‌ലീഗ് സംഘടനകളും എന്തിന് നിലകൊള്ളുന്നു എന്ന് ചോദിച്ചാലും അവ്യക്തതയില്ലാത്ത മറുപടിയുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി എന്തിന് നിലവില്‍ വന്നു, അത് എന്തിനു വേണ്ടി ഇപ്പോഴും നിലകൊള്ളുന്നു എന്ന ചോദ്യത്തിന് വ്യക്തവും വളച്ചുകെട്ടില്ലാത്തതുമായ ഒരു മറുപടി ഇപ്പോഴും ജമാഅത്ത് വൃത്തങ്ങളില്‍ നിന്നുണ്ടാകുന്നില്ല.
ഇഖാമത്തുദ്ദീന്‍ എന്നാണ് ജമാഅത്തിന്റെ ആദര്‍ശഭൂമികയും ലക്ഷ്യവുമായി അതിന്റെ താത്വികാചാര്യന്മാര്‍ പറയാറുള്ളത്. എന്നാ ല്‍ ഇഖാമത്തുദ്ദീനിന് സ്ഥാപക നേതാവായ മൗദൂദി നല്‍കിയ വിശദീകരണവും വ്യാഖ്യാനവും അതേപോലെ പറയാന്‍ ആധുനിക കാലത്തെ ജമാഅത്തുകാര്‍ തയ്യാറാകുന്നില്ല. ഇഖാമത്ത് എന്ന അറബി വാക്കിന്റെ അര്‍ഥം സംസ്ഥാപിക്കുക എന്നാണ്. ദീന്‍ എന്നാല്‍ മതം അഥവാ ഇസ്‌ലാംമതം. അപ്പോള്‍ ഇസ്‌ലാംമതത്തിന്റെ സംസ്ഥാപനം എന്നതാണ് ഇതിന്റെ അര്‍ഥമെന്ന് വ്യക്തം. ഇസ്ലാമിക നിയമങ്ങളും ചിട്ടവട്ടങ്ങളും അതിന്റെ സാംസ്‌കാരികത്തനിമയും ജീവിതത്തില്‍ സാധ്യമാകുന്നത്ര പ്രാവര്‍ത്തികമാക്കുക എന്നാണിതിന്റെ അര്‍ഥം. അങ്ങനെയാണ് ലോക മുസ്‌ലിംകള്‍ കാലങ്ങളോളം വിശ്വസിച്ച് പാലിച്ചുപോരുന്നത്.
എന്നാല്‍ മൗദൂദി സാഹിബ് ഈ വ്യാഖ്യാനമല്ല പ്രചരിപ്പിച്ചത്. ദീന്‍ എന്നാല്‍ സ്‌റ്റേറ്റ് ആണെന്ന് അദ്ദേഹം തെറ്റായ അര്‍ഥം ആദ്യം പറഞ്ഞു. അപ്പോള്‍ ഇഖാമത്തുദ്ദീനിന്റെ അര്‍ഥം സ്‌റ്റേറ്റിന്റെ സംസ്ഥാപനം എന്ന് വന്നു! ഏത് സ്‌റ്റേറ്റിന്റെ? ഇസ്‌ലാമിക് സ്റ്റേറ്റിന്റെ. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സംസ്ഥാപനം എല്ലാ മുസ്‌ലിംകളുടെയും അടിസ്ഥാന ബാധ്യതയാണ് എന്ന് മൗദൂദി വിശദീകരിച്ചു. അബദ്ധമായ മാര്‍ഗത്തില്‍ സ്ഥാപിക്കപ്പെട്ട ഭരണ സംവിധാനങ്ങള്‍ക്കെതിരെ പൊരുതി സുബദ്ധമായ ദൈവിക ഭരണകൂടത്തിന്റെ (ഹുകൂമത്തെ ഇലാഹിയുടെ) സംസ്ഥാപനം യാഥാര്‍ഥ്യമാക്കാന്‍ മുസ്‌ലിംകള്‍ സര്‍വസന്നദ്ധതയോടെ എഴുന്നേറ്റു നിന്ന് പൊരുതണമെന്നും ഈ പോരാട്ടത്തിന്റെ പേരാണ് ജിഹാദ് എന്നും മൗദൂദി സാഹിബ് വിശദീകരിച്ചു.
മൗദൂദി സാഹിബ് വിഭാവനം ചെയ്ത ഹുകൂമത്തെ ഇലാഹി എന്ന ഇഖാമത്തുദ്ദീനിനു വേണ്ടി നിലകൊള്ളേണ്ട ജമാഅത്തെ ഇസ്‌ലാമിക്കാരെല്ലാം ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരായി മാറിക്കൊണ്ടിരിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ജമാഅത്ത് കാര്‍മികത്വത്തി ല്‍ 2011ല്‍ രൂപംകൊണ്ട മതേതര രാ്രഷ്ടീയ പാര്‍ട്ടിയാണ്. ലീഗും കോണ്‍്രഗസും സി പി എമ്മും മാണി കോ ണ്‍ഗ്രസും എസ് ഡി പി ഐയും പോലെ ഒരു മതേതര പാര്‍ട്ടിയാണിപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ദീന്‍കാര്യം ഇപ്പോള്‍ ജമാഅത്ത് നേതൃത്വവും ദുന്‍യാകാര്യം വെല്‍ഫെയര്‍ പാര്‍ട്ടിയും തീരുമാനിക്കുന്ന അവസ്ഥ. അഥവാ ‘ദീനും ദുന്‍യാവും രണ്ടാക്കി ദീനിസ്‌ലാമിനെ തുണ്ടാക്കി’ എന്ന ജമാഅത്ത് ആരോപണം ഒരു ബൂമറാങ് പോലെ ജമാഅത്തിന്റെ നേരെ തിരിച്ചുവരുന്ന കാഴ്ച എത്ര സഹതാപാര്‍ഹം!
ഏറ്റവും ചുരുങ്ങിയത് ഒരു കാര്യം ജമാഅത്ത് താത്വികാചാര്യന്മാര്‍ വ്യക്തമാക്കണം: നിങ്ങള്‍ നിലകൊള്ളുന്നത് മൗദൂദി സാഹിബ് പറഞ്ഞ ഹുകൂമത്തെ ഇലാഹിക്ക് വേണ്ടിയാണോ? വെല്‍ഫെയര്‍ പാര്‍ട്ടി, ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ പറയുന്ന ഹുകൂമത്തെ ഡെമോക്രസിക്കു വേണ്ടിയോ? ഈ ചോദ്യത്തിന് ജമാഅത്തുകാര്‍ പറയുന്ന മറുപടി അനുസരിച്ച് ആര്‍ എസ് എസ് – ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയുടെ കാര്യത്തില്‍ വിവാദമെന്തിന് എന്ന സംശയത്തിന്റെ നിവാരണവും രൂപപ്പെട്ടുവരും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x