22 Sunday
December 2024
2024 December 22
1446 Joumada II 20

ജമാഅത്ത് നമസ്‌കാരത്തിന്റെ കര്‍മശാസ്ത്രം

അനസ് എടവനക്കാട്‌


അഞ്ചു നേരത്തുള്ള നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അതിന്റെ കൃത്യസമയങ്ങളില്‍ നിലനിര്‍ത്തിപ്പോരുക എന്നതാണ് ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ രണ്ടാമത്തേത്. സത്യവിശ്വാസത്തെയും കുഫ്‌റിനെയും വേര്‍തിരിക്കുന്ന മതില്‍ക്കെട്ടായിട്ടാണ് ഇസ്‌ലാം നമസ്‌കാരത്തെ പരിചയപ്പെടുത്തിയത്. താബിഈയായ അബ്ദുല്ലാഹിബ്‌നു ശകീഖ് (റ) പറയുന്നു: ‘നമസ്‌കാരമല്ലാതെ, ഉപേക്ഷിച്ചാല്‍ കുഫ്‌റായിത്തീരുന്ന മറ്റൊന്നും മുഹമ്മദ് നബി(സ)യുടെ സ്വഹാബികള്‍ ദര്‍ശിച്ചിരുന്നില്ല’ (തിര്‍മിദി 2622). അത്രയും പ്രാധാന്യപൂര്‍വം പഠിപ്പിക്കപ്പെട്ട ആരാധനയാണ് നമസ്‌കാരം.
ഈ നമസ്‌കാരം രണ്ടോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നതിനെയാണ് ജമാഅത്ത് നമസ്‌കാരം എന്നു പറയുന്നത്. അതില്‍ മുന്നില്‍ നിന്ന് നമസ്‌കാരത്തിനു നേതൃത്വം നല്‍കുന്നവനെ ഇമാം എന്നും, അവനെ കര്‍മങ്ങളില്‍ പിന്തുടരുന്നവനെ മഅ്മൂം എന്നും പറയുന്നു. ഈ സംഘനമസ്‌കാരം പള്ളികളില്‍ വെച്ചാണ് നിര്‍വഹിക്കപ്പെടേണ്ടത്. ജമാഅത്തായി നമസ്‌കരിക്കുന്നതിന് ഒറ്റയ്ക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ 27 ഇരട്ടി (ചില നിവേദനങ്ങള്‍ പ്രകാരം 25 ഇരട്ടി) ശ്രേഷ്ഠതയുണ്ടെന്ന് തിരുവചനകളില്‍ വന്നിട്ടുണ്ട് (ബുഖാരി 645, 646, നസാഈ 837, 839).
മുസ്‌ലിം സമൂഹത്തിന്റെ ഐക്യവും കെട്ടുറപ്പും ദര്‍ശിക്കാന്‍ സാധിക്കുന്ന ഒരു ആരാധനാ കര്‍മമാണ് സംഘനമസ്‌കാരം. മുസ്‌ലിംകള്‍ക്കിടയില്‍ പരസ്പരമുള്ള ഐക്യബോധവും ഉച്ചനീചത്വ നിര്‍മാര്‍ജനവും പരസ്പര സഹായവും ബന്ധം പുതുക്കലുകളുമെല്ലാം ഇതിന്റെ ഫലമായി കൈവരുന്നു. രാജാവും പ്രജയും സമ്പന്നനും യാചകനും പണ്ഡിതനും പാമരനുമെല്ലാം അവരുടെ രക്ഷിതാവിന്റെ മുന്നില്‍ തോളോടുതോള്‍ ചേര്‍ന്ന് ഒരു ഉപ്പയുടെയും ഉമ്മയുടെയും മക്കളായി, അവരുടെ രക്ഷിതാവിനെ ആരാധിക്കുന്ന ഒരു കര്‍മം ലോകത്ത് മറ്റേത് മതത്തിലാണ് കാണാന്‍ കഴിയുക!
‘(അല്ലാഹുവിന്റെ മുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍’ (2:43) എന്ന ഖുര്‍ആനിക വചനത്തിന്റെ ആഹ്വാനം യഹൂദരോടാണെങ്കിലും, തലകുനിക്കുന്നവര്‍ എന്നതുകൊണ്ട് അവിടെ ഉദ്ദേശിക്കുന്നത് സത്യവിശ്വാസികളെയാണ്. അത് അല്ലാഹു നമുക്കു നല്‍കുന്ന ഒരു പ്രശംസാപത്രമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സംഘമായി അല്ലാഹുവിനു മുന്നില്‍ സുജൂദ് ചെയ്യാന്‍ പരമാവധി പരിശ്രമിക്കേണ്ടതുണ്ട്.
അതിന്റെ വിധി
ജമാഅത്ത് നമസ്‌കാരം വ്യക്തികള്‍ക്ക് നിര്‍ബന്ധമാണോ അതോ ഐച്ഛികമാണോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണാം. ജമാഅത്ത് നമസ്‌കാരം സാമൂഹിക ബാധ്യതയും, വ്യക്തികള്‍ക്ക് പൊതുവില്‍ നിര്‍ബന്ധത്തോടടുത്ത ശക്തമായ സുന്നത്തും ബാങ്കുവിളി കേള്‍ക്കുന്ന പരിധിയില്‍, അഥവാ ഒരു വിളിപ്പാട് അകലത്തില്‍ താമസിക്കുന്നവന് നിര്‍ബന്ധവുമാണ് എന്നതാണ് പ്രമാണങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. യുദ്ധ സന്ദര്‍ഭത്തില്‍പോലും നമസ്‌കാരം കൃത്യമായി നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘(നബിയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്‌കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്റെ കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്തുകഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും, നമസ്‌കരിച്ചിട്ടില്ലാത്ത മറ്റേ വിഭാഗം വന്ന് നിന്റെ കൂടെ നമസ്‌കരിക്കുകയും ചെയ്യട്ടെ…’ (അന്നിസാഅ്: 102).
അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസ് ഇപ്രകാരമാണ്: ഒരു അന്ധന്‍ നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്നെ പള്ളിയിലേക്ക് കൊണ്ടുവരാന്‍ ഒരു സഹായി ഇല്ല. (മറ്റൊരു നിവേദനത്തില്‍ വിഷമുള്ള ഇഴജന്തുക്കളും വന്യമൃഗങ്ങളും ഏറെയുള്ള സ്ഥലമാണ് മദീന’ എന്നാണ് അദ്ദേഹം പറയുന്നത്). തുടര്‍ന്ന് തന്റെ വീട്ടില്‍ വെച്ച് നമസ്‌കരിക്കുന്നതിന് ഇളവു നല്‍കാന്‍ അദ്ദേഹം അപേക്ഷിച്ചു. നബി (സ) ഇളവു നല്‍കി. എന്നാല്‍ അദ്ദേഹം എഴുന്നേറ്റു നടന്നപ്പോള്‍ നബി(സ) അദ്ദേഹത്തെ വിളിച്ചുകൊണ്ട് ചോദിച്ചു: ‘നമസ്‌കാരത്തിനുള്ള ബാങ്കുവിളി നീ കേള്‍ക്കാറുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘ഉവ്വ്.’ തിരുമേനി(സ) പറഞ്ഞു: ‘എങ്കില്‍ നീ അതിന് ഉത്തരം ചെയ്യണം’ (അഥവാ പള്ളിയില്‍ വെച്ചുതന്നെ ജമാഅത്തില്‍ പങ്കെടുക്കണം എന്നു സാരം) (മുസ്‌ലിം 653, അബൂദാവൂദ് 466).
ദൂരം പലര്‍ക്കും ജമാഅത്തിനു സംബന്ധിക്കാന്‍ പ്രതിബന്ധമാകാറുണ്ട്. എന്നാല്‍ ‘ഏറ്റവും അകലെ നിന്ന് പള്ളികളില്‍ നമസ്‌കരിക്കാന്‍ വരുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം’ എന്ന് തിരുമേനി അരുളിയിട്ടുണ്ട് (ബുഖാരി 651).
പള്ളികളില്ലാത്ത സ്ഥലങ്ങളില്‍ പോലും നമസ്‌കരിക്കുന്നവര്‍ ഉണ്ടെങ്കില്‍ അത് ജമാഅത്തായി തന്നെയാണ് നിര്‍വഹിക്കപ്പെടേണ്ടത്. റസൂല്‍(സ) ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ‘ഏതെങ്കിലും ഒരു ഗ്രാമത്തിലോ മരുഭൂമിയിലോ മൂന്നു പേര്‍ ഉണ്ടായിരുന്നിട്ട് അവരില്‍ (ജമാഅത്ത്) നമസ്‌കാരം നിര്‍വഹിക്കപ്പെടാതിരുന്നാല്‍ പിശാച് അവര്‍ക്കു മേല്‍ സ്വാധീനം നേടാതിരിക്കില്ല. അതിനാല്‍ നിങ്ങള്‍ ജമാഅത്ത് മുറുകെ പിടിക്കണം. കൂട്ടം തെറ്റി അകന്നുപോയതിനെയാണ് ചെന്നായ തിന്നാറുള്ളത്’ (നസാഈ 847).
സംഘടിത നമസ്‌കാരത്തിന്റെ പ്രാധാന്യത്തെപ്പറ്റി അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുകയാണ്: നാളെ മുസ്‌ലിമായിക്കൊണ്ട് അല്ലാഹുവിനെ കണ്ട് സന്തോഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ ഈ നമസ്‌കാരം, അതിലേക്ക് അവന്‍ വിളിക്കപ്പെടുന്ന സ്ഥലത്തുവെച്ച് നമസ്‌കരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളട്ടെ, അല്ലാഹു നിങ്ങളുടെ നബി(സ)ക്ക് സന്മാര്‍ഗ നടപടിക്രമങ്ങള്‍ നിയമമാക്കിക്കൊടുത്തിട്ടുണ്ട്. അത് (നമസ്‌കാരം) അവിടത്തെ സന്മാര്‍ഗ നടപടിക്രമങ്ങളില്‍ പെട്ടതാണ്. ജമാഅത്തിനു വരാത്തവന്‍ ഗൃഹത്തില്‍ വെച്ച് നമസ്‌കരിക്കുന്നതുപോലെ നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ വെച്ച് നമസ്‌കരിക്കുകയാണെകില്‍ അത് നിങ്ങളുടെ നബിയുടെ ചര്യ ഉപേക്ഷിക്കലാണ്. നബിയുടെ സുന്നത്തുകള്‍ നിങ്ങള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ വഴിപിഴച്ചുപോകുന്നതാണ്. അറിയപ്പെടുന്ന കപടവിശ്വാസി ഒഴിച്ച് മറ്റ് (പ്രതിബന്ധമില്ലാത്തവര്‍) എല്ലാം തന്നെ ജമാഅത്തിന് ഹാജരാകുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. (സ്വയം നടക്കാന്‍ സാധിക്കാത്ത) ഒരാളെ രണ്ടു പേരുടെ ഇടയില്‍ നടത്തിക്കൊണ്ടുവന്ന് അണിയില്‍ നിര്‍ത്തുക പോലും ചെയ്യാറുണ്ടായിരുന്നു (മുസ്‌ലിം 654).
പുണ്യം
അബ്ദുല്ലാഹിബിനു ഉമറി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ അല്ലാഹുവിന്റെ റസൂല്‍(സ) ഇപ്രകാരം പറയുന്നു: സംഘമായി നമസ്‌കരിക്കുന്നതിന് ഒറ്റയ്ക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തേഴ് ഇരട്ടി ശ്രേഷ്ഠതയുണ്ട് (ബുഖാരി 645). അബൂസഈദുല്‍ ഖുദ്‌രി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമാണ് വന്നിട്ടുള്ളത്: സംഘമായി നമസ്‌കരിക്കുന്നതിന് ഒറ്റയ്ക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തഞ്ച് ഇരട്ടി ശ്രേഷ്ഠതയുണ്ട് (ബുഖാരി 646).
ഏതായിരുന്നാലും ജമാഅത്ത് നമസ്‌കാരത്തിന്റെ ശ്രേഷ്ഠത സ്ഥിരപ്പെട്ടതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. നമസ്‌കാരത്തിനായി ഒരാള്‍ വീട്ടില്‍ നിന്നു വുദു ചെയ്ത് പള്ളിയിലേക്ക് പുറപ്പെട്ടുപോകുമ്പോള്‍ അയാളുടെ ഓരോ കാലടിക്കും പദവികള്‍ ഉയര്‍ത്തപ്പെടുകയും പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യുമെന്ന് പ്രവാചക തിരുമേനി അരുളിയിട്ടുണ്ട്. കൂടാതെ അവന്‍ നമസ്‌കാരത്തില്‍ ആയിരിക്കുവോളം അവനു വേണ്ടി മലക്കുകള്‍ അനുഗ്രഹത്തിനു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യും (ബുഖാരി 2119). സുബ്ഹി, ഇശാ എന്നിവയുടെ ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് പ്രത്യേക പുണ്യങ്ങള്‍ പറയുന്ന തിരുവചനകളും നമുക്ക് കാണാന്‍ കഴിയും. സുബ്ഹി നമസ്‌കാരം ജമാഅത്തായി നിര്‍വഹിച്ചാല്‍ രാത്രി മുഴുവനും നിന്ന് നമസ്‌കരിച്ചവനെ പോലെയും, ഇശാ നമസ്‌കാരം ജമാഅത്തായി നിര്‍വഹിച്ചാല്‍ രാത്രിയുടെ പകുതി സമയം നിന്ന് നമസ്‌കരിച്ചവനെപ്പോലെയുമുള്ള പ്രതിഫലം അവന് ലഭിക്കും (അഹ്മദ് 409). ഈ രണ്ടു നമസ്‌കാരങ്ങളുടെയും ജമാഅത്തിന്റെ ശ്രേഷ്ഠത അറിഞ്ഞിരുന്നുവെങ്കില്‍ ഇഴഞ്ഞിട്ടെങ്കിലും ആളുകള്‍ അതില്‍ പങ്കെടുക്കുമായിരുന്നു എന്നും റസൂല്‍ നമ്മെ ഉണര്‍ത്തുന്നു (ബുഖാരി 615).
സ്ത്രീകള്‍ക്കും ജമാഅത്തില്‍ പങ്കെടുക്കല്‍ പുണ്യകരം തന്നെയാണ്. നിങ്ങളില്‍ ആരുടെയെങ്കിലും ഭാര്യ പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ചാല്‍ അവരെ അതില്‍ നിന്നു തടയരുത് (ബുഖാരി 5238) എന്ന് പ്രവാചകന്‍ (സ) ഉപദേശിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവാചകന്റെ പള്ളിയില്‍ നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം വീട്ടില്‍ നമസ്‌കരിക്കുന്നതാണെന്ന് സ്ഥാപിക്കുന്ന ചില ഒറ്റപ്പെട്ട നിവേദനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (അഹ്മദ് 6:371, ഇബ്‌നു ഖുസൈമ: 1689). അവയെല്ലാം സ്ഥിരപ്പെട്ട നൂറോളം ഹദീസുകള്‍ക്ക് എതിരായതിനാല്‍ ശാദ്ദായി മാത്രമേ പരിഗണിക്കേണ്ടതുള്ളൂ.
ബാങ്കും ഇഖാമത്തും
ബാങ്കിനെ ഫര്‍ദ് കിഫായ (സാമൂഹികനിഷ്ഠമായ നിര്‍ബന്ധ കര്‍മം) ആയിട്ടാണ് പരിഗണിക്കുന്നത്. ഒരു മുസ്‌ലിം സമൂഹത്തിലെ ആരെങ്കിലും ഒരാള്‍ അത് നിര്‍വഹിച്ചാല്‍ സമൂഹത്തിന്റെ മുഴുവന്‍ ബാധ്യതയും വീട്ടപ്പെടും. ഒറ്റയ്‌ക്കോ ജമാഅത്തായിട്ടോ സമയം തെറ്റി നമസ്‌കരിക്കുന്ന സന്ദര്‍ഭങ്ങളിലോ ഒക്കെ നിര്‍ബന്ധ നമസ്‌കാരം നിര്‍വഹിക്കുന്നതിനു മുമ്പ് ബാങ്കും ഇഖാമത്തും വിളിക്കുക എന്നത് സുന്നത്തായ കാര്യമാണ്.
ഒന്നിലധികം ഫര്‍ദ് നമസ്‌കാരങ്ങള്‍ ജംഅ് ചെയ്ത് നിര്‍വഹിക്കുന്ന അവസരങ്ങളില്‍ അവയ്ക്കിടയില്‍ ഇഖാമത്ത് മാത്രം മതിയാകുന്നതാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ല്‍ നിന്ന് ഒരു നിവേദനം ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു: ‘അല്ലാഹു ഉദ്ദേശിച്ചതു പ്രകാരം ഖന്‍ദഖ് യുദ്ധവേളയില്‍ മുശ്‌രിക്കുകള്‍ പ്രവാചക തിരുമേനി(സ)യുടെ നാല് നമസ്‌കാരങ്ങള്‍ രാത്രിയുടെ ഒരു ഭാഗം കഴിഞ്ഞുപോകുന്നതുവരെ പിന്തിപ്പിച്ചു. ശേഷം തിരുമേനി ബിലാലി(റ)നോട് ബാങ്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് ചെയ്തു. ശേഷം അദ്ദേഹം ഇഖാമത്തും കൊടുത്തു. പിന്നീട് അവര്‍ ളുഹ്ര്‍ നമസ്‌കരിച്ചു. ശേഷം അദ്ദേഹം ഇഖാമത്ത് കൊടുത്തു. അവര്‍ അസ്ര്‍ നമസ്‌കരിച്ചു. ശേഷം അദ്ദേഹം ഇഖാമത്ത് കൊടുത്തു. അവര്‍ മഗ്‌രിബ് നമസ്‌കരിച്ചു. ശേഷം അദ്ദേഹം ഇഖാമത്ത് കൊടുത്തു. അവര്‍ ഇശാഅ് നമസ്‌കരിച്ചു’ (അഹ്മദ് 1:375, തിര്‍മിദി 179).
ജമാഅത്ത് നമസ്‌കാരത്തിനായി ഇഖാമത്ത് വിളിക്കപ്പെട്ടാല്‍ ശേഷം സുന്നത്ത് നമസ്‌കാരങ്ങള്‍ ഒന്നും നിര്‍വഹിക്കാവതല്ല. സുന്നത്ത് നമസ്‌കാരം നിര്‍വഹിക്കവെയാണ് ഇഖാമത്ത് വിളിച്ചതെങ്കില്‍ അത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. ഇനി ജമാഅത്ത് നഷ്ടപ്പെടുമെന്ന് കരുതുന്നുണ്ടെങ്കില്‍ സുന്നത്തായ നമസ്‌കാരം മുറിക്കുകയാണ് വേണ്ടത്.
‘ഇമാമായി നില്‍ക്കുന്നവന്‍ ബാങ്ക് വിളിക്കുന്നത് പ്രവാചകന്‍(സ) വിരോധിച്ചു’ എന്നു പറയുന്ന ഒരു നിവേദനം ബൈഹഖി (1:433), ഇബ്‌നു ഹിബ്ബാന്‍ മുതലായവര്‍ ഉദ്ധരിക്കുന്നുണ്ട്. ഇസ്മായീല്‍ ബിന്‍ ഉമര്‍, മുഅല്ല ബിന്‍ ഹിലാല്‍ മുതലായ ദുര്‍ബലരായ നിവേദകന്മാര്‍ കാരണം ദഈഫാക്കപ്പെട്ട റിപ്പോര്‍ട്ടാണത്. ‘ആരാണോ ബാങ്ക് വിളിച്ചവന്‍, അവന്‍ തന്നെ ഇഖാമത്തും വിളിക്കേണ്ടതാണ്’ എന്നു പറയുന്ന ഒരു നിവേദനവും (അബൂദാവൂദ് 514; തിര്‍മിദി 199; ഇബ്‌നുമാജ 717) ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അല്‍ ഇഫ്‌രീഖി, സഈദ് ബിന്‍ റാഷിദ് മുതലായ ദുര്‍ബലരായ നിവേദകന്മാര്‍ ഈ ഹദീസിന്റെ പരമ്പരയില്‍ വരുന്നതിനാല്‍ പ്രസ്തുത നിവേദനവും ദുര്‍ബലമായതാണ്.
ഇമാം
‘ജനങ്ങള്‍ക്ക് ഇമാമായി നിന്ന് നമസ്‌കരിക്കുന്നവന്‍ മഅ്മൂമുകളാല്‍ വെറുക്കപ്പെടുന്നവനാകരുത്. അങ്ങനെയുള്ളവന്റെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല’ എന്ന് തിരുവചനങ്ങളില്‍ (അബൂദാവൂദ് 593) വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ‘ഇമാമാകാന്‍ ഏറ്റവും യോഗ്യതയുള്ളവര്‍ അവരില്‍ ഏറ്റവും കൂടുതല്‍ ഖുര്‍ആന്‍ അറിയുന്നയാളാണ്’ (മുസ്‌ലിം 1077).
‘ഏറ്റവും കൂടുതല്‍ ഖുര്‍ആന്‍ അറിയുക’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കേവലം നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അറിയുന്നവന്‍ എന്നോ, ഖുര്‍ആന്‍ ഏറ്റവും കൂടുതലായി മനഃപാഠമുള്ളവന്‍ എന്നോ, ഖുര്‍ആനിന്റെ ആശയം നന്നായി അറിയുന്നവന്‍ എന്നോ ഒക്കെ അര്‍ഥമാക്കാവുന്നതാണ്. ഉബയ്യുബ്‌നു കഅ്ബ്(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), സൈദ് ബിന്‍ സാബിത്(റ) തുടങ്ങിയ പാരായണവിദഗ്ധരായ സ്വഹാബിമാര്‍ ഉണ്ടായിരുന്നിട്ടും റസൂല്‍ തിരുമേനി(സ) അബൂബക്കറി(റ)നെ ജനങ്ങള്‍ക്ക് ഇമാമായി നിശ്ചയിച്ചതില്‍ നിന്ന് ‘ഖുര്‍ആനിന്റെ ആശയം നന്നായി അറിയുക’ എന്നതിനാണ് ഇമാമാകുന്നതില്‍ പ്രാധാന്യം കല്‍പിക്കേണ്ടത് എന്ന് മനസ്സിലാക്കാം. രണ്ടു പേര്‍ പാരായണത്തില്‍ തുല്യരായാല്‍ അവരില്‍ നബിചര്യ ഏറ്റവും നന്നായി അറിയുന്ന ആളായിരിക്കണം ഇമാമാകേണ്ടത്. ഒരാളുടെ അധികാരപരിധിയില്‍ (അത് വീടോ പള്ളിയോ ആകാം) മറ്റൊരാള്‍ ഇമാമാകരുത് എന്നും പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുണ്ട് (മുസ്‌ലിം 1078).
ഇമാമിനോടൊപ്പമോ അതിനു മുമ്പോ ആയി മഅ്മൂമുകളില്‍ പലരും റുകൂഇലേക്കും സുജൂദിലേക്കുമെല്ലാം പോകുന്നത് കണ്ടുവരാറുണ്ട്; സലാം വീട്ടുന്ന കാര്യത്തിലും അതുപോലെത്തന്നെ. എന്നാല്‍, ജമാഅത്ത് നമസ്‌കാരത്തില്‍ ഒരു അവസരത്തിലും ഇമാമിനെ മുന്‍കടന്ന് പ്രവര്‍ത്തിക്കാന്‍ മഅ്മൂമിന് അവകാശമില്ല. ബറാഅ്(റ) പറയുന്നു: ‘റസൂല്‍(സ) ‘സമിഅല്ലാഹു ലിമന്‍ ഹമിദ’ എന്ന് പറഞ്ഞുകഴിഞ്ഞാല്‍ (ഇഅ്തിദാലില്‍ ആയിരിക്കുമ്പോള്‍) തിരുമേനി സുജൂദില്‍ എത്തുമ്പോഴല്ലാതെ ഞങ്ങളില്‍ ഒരാള്‍ പോലും തന്റെ മുതുക് (സുജൂദിലേക്ക് പോകാനായി) വളയ്ക്കാറുണ്ടായിരുന്നില്ല. ശേഷം ഞങ്ങളും സുജൂദ് ചെയ്യും’ (ബുഖാരി 690).
ഒരിക്കല്‍ പ്രവാചക തിരുമേനി(സ) ഇപ്രകാരം ചോദിക്കുക പോലും ചെയ്തു: ‘ഇമാമിനു മുമ്പ് തല ഉയര്‍ത്തുന്നപക്ഷം അവന്റെ തലയെ കഴുതയുടെ തലയായി അല്ലാഹു മാറ്റുകയോ അല്ലെങ്കില്‍ അവന്റെ ആകെ രൂപത്തെത്തന്നെ കഴുതയുടെ രൂപത്തില്‍ മാറ്റുകയോ ചെയ്‌തേക്കുമെന്ന് അവന്‍ ഭയപ്പെടുന്നില്ലേ?’ (ബുഖാരി 690).
തക്ബീറും തസ്മീഉം (സമിഅല്ലാഹു…) ഇമാം ഉറക്കെ പറയല്‍ സുന്നത്താണ്. ഇമാം തക്ബീര്‍ പറഞ്ഞുകഴിഞ്ഞാല്‍ മഅ്മൂം തക്ബീര്‍ പതിയെ പറയണം. മഅ്മൂമുകള്‍ മുന്‍കടക്കാതിരിക്കുന്നതിനായി റുകൂഉം സുജൂദുമെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മാത്രം ഇമാം തക്ബീര്‍ ചൊല്ലുന്ന ഒരു തെറ്റായ രീതിയും കണ്ടുവരാറുണ്ട്. എന്നാല്‍ ചലനത്തിനിടയില്‍ തന്നെയാണ് ഇമാം തക്ബീറും തസ്മീഉമെല്ലാം ചൊല്ലേണ്ടത്. അബൂഹുറയ്‌റ(റ) പറയുന്നു: ‘തിരുമേനി (സ) നമസ്‌കരിക്കാനായി നിന്നാല്‍, നില്‍ക്കുമ്പോള്‍ തക്ബീര്‍ ചൊല്ലും, പിന്നീട് റുകൂഅ് ചെയ്യുമ്പോഴും (തക്ബീര്‍ ചൊല്ലും).
റുകൂഇല്‍ നിന്ന് മുതുക് ഉയര്‍ത്തുമ്പോള്‍ ‘സമിഅല്ലാഹു ലിമന്‍ ഹമിദ’ എന്ന് പറയും. ശരിക്കും നിവര്‍ന്നു നിന്നുകഴിഞ്ഞാല്‍ ‘റബ്ബനാ ലകല്‍ ഹംദ്’ എന്നും പറയും. പിന്നീട് സുജൂദ് ചെയ്യുമ്പോഴും തക്ബീര്‍ ചൊല്ലും, സുജൂദില്‍ നിന്ന് ഉയരുമ്പോഴും തക്ബീര്‍ ചൊല്ലും. വീണ്ടും സുജൂദ് ചെയ്യുമ്പോഴും തക്ബീര്‍ ചൊല്ലും. (അടുത്ത റക്അത്തിനായി) ഉയരുമ്പോള്‍ തക്ബീര്‍ ചൊല്ലിക്കൊണ്ടുതന്നെ ഉയരും. ഇതുപോലെ നമസ്‌കാരം പൂര്‍ത്തിയാകുന്നതുവരെ ചെയ്യും. (ആദ്യത്തെ അത്തഹിയ്യാത്തിനു ശേഷം) രണ്ടാമത്തെ റക്അത്തിനായി ഇരുത്തത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴും തക്ബീര്‍ ചൊല്ലും’ (ബുഖാരി 789).
ഇമാമിന്റെ ഖുര്‍ആന്‍ പാരായണം
ളുഹ്ര്‍, അസ്ര്‍ എന്നീ നമസ്‌കാരങ്ങള്‍ ഒഴിച്ചാല്‍ മറ്റു ഫര്‍ദ് നമസ്‌കാരങ്ങളില്‍ ആദ്യത്തെയും രണ്ടാമത്തെയും റക്അത്തുകളില്‍ ഉമ്മുല്‍ ഖുര്‍ആനും മറ്റേതെങ്കിലും സൂറത്തുകളോ അല്ലെങ്കില്‍ ഏതാനും ആയത്തുകളോ ഇമാം ഉറക്കെ പാരായണം ചെയ്യേണ്ടതുണ്ട്. ഉറക്കെ ഓതുന്ന നമസ്‌കാരങ്ങളെ ‘ജഹ്‌രി’ എന്നും പതുക്കെ ഓതുന്നവയെ ‘സിര്‍രി’ എന്നും വിളിക്കുന്നു. മുസ്ഹഫില്‍ കാണുന്ന ക്രമത്തിലായിരിക്കണം സൂറത്തുകള്‍ പാരായണം ചെയ്യേണ്ടത് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അതിന് പറയത്തക്ക തെളിവുകള്‍ ഒന്നും കാണുന്നില്ല.
ഫാതിഹ ഓതുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തോടൊപ്പം മഅ്മൂമും ഫാതിഹ പാരായണം ചെയ്യേണ്ടതുണ്ട്. കാരണം, ‘ഉമ്മുല്‍ കിതാബ്’ (ഫാത്തിഹ) ഓതാതെ ഒരു നമസ്‌കാരം ഒരാള്‍ നിര്‍വഹിച്ചാല്‍ അത് അപൂര്‍ണമാണ്’ (അഹ്മദ് 7099) എന്ന് അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. പിറകില്‍ നിന്ന് നമസ്‌കരിക്കുന്നവനോട് അയാള്‍ അത് മനസ്സിലാണ് ഓതേണ്ടതെന്ന് അബൂഹുറയ്‌റ(റ) പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് (അഹ്മദ് 7099). ഒരിക്കല്‍ റസൂല്‍(സ) ഉറക്കെ പാരായണം ചെയ്ത സന്ദര്‍ഭത്തില്‍ അത് ഏറ്റുചൊല്ലിയ ഒരാളോട്, ‘ഫാത്തിഹത്തുല്‍ കിതാബിന്റെ കാര്യത്തില്‍ മാത്രമല്ലാതെ നിങ്ങളങ്ങനെ ചെയ്യരുത്. കാരണം അത് ഓതാത്തവന് നമസ്‌കാരമില്ല’ (അബൂദാവൂദ് 701) എന്നും അവിടന്ന് പറയുന്നത് കാണാം. ഇമാം മറ്റു സൂറത്തുകള്‍ ഉറക്കെ പാരായണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ മഅ്മൂം നിശ്ശബ്ദമായി അത് ശ്രദ്ധിച്ചുകേള്‍ക്കുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു: ‘ഖുര്‍ആനില്‍ നിന്ന് പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ചുകേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം’ (അഅ്‌റാഫ് 204).
ഉറക്കെ ഓതുന്ന നമസ്‌കാരങ്ങളില്‍ ഫാതിഹ ഓതിക്കഴിഞ്ഞാല്‍ പിറകിലുള്ളവര്‍ക്ക് ഫാതിഹ പാരായണം ചെയ്യുന്നതിനായി ഇമാം മൗനം അവലംബിക്കുന്ന സമ്പ്രദായം നമ്മുടെ നാടുകളില്‍ കണ്ടുവരാറുണ്ട്. ബലപ്പെട്ട ഒരു തെളിവും ഈ വിഷയത്തില്‍ അതിനില്ല. പ്രവാചക തിരുമേനി(സ) നമസ്‌കാരത്തില്‍ രണ്ടു പ്രാവശ്യം നിശ്ശബ്ദത പാലിച്ചിരുന്നുവെന്നും, അതില്‍ ഒന്ന് പ്രാര്‍ഥന ആരംഭിക്കുമ്പോഴും മറ്റേത് ഫാതിഹയിലെ അവസാനത്തെ ആയത്ത് പാരായണം ചെയ്ത് അവസാനിപ്പിക്കുമ്പോഴുമായിരുന്നു എന്നും സൂചിപ്പിക്കുന്ന ഒരു ഹദീസ് സമുറ(റ)യില്‍ നിന്നു അബൂദാവൂദ് (780), തിര്‍മിദി (251) മുതലായവര്‍ ഉദ്ധരിക്കുന്നുണ്ട്.
ചില റിപ്പോര്‍ട്ടുകളില്‍ രണ്ടാമത്തെ നിശ്ശബ്ദത ഖുര്‍ആന്‍ പാരായണം ചെയ്ത ശേഷം റുകൂഇല്‍ പോകുന്നതിനു മുമ്പായിരുന്നു എന്നാണുള്ളത് (അബൂദാവൂദ് 777, 778). എന്നാല്‍, പ്രസ്തുത ഹദീസുകള്‍ അടക്കം, പ്രവാചക തിരുമേനി രണ്ടു പ്രാവശ്യം നിശ്ശബ്ദത പാലിച്ചിരുന്നുവെന്ന് പറയുന്ന നിവേദനങ്ങളെ ശൈഖ് അല്‍ബാനി അടക്കമുള്ളവര്‍ ദുര്‍ബലമാക്കുന്നുണ്ട്. ഈ ദുര്‍ബല ഹദീസുകളില്‍ പോലും രണ്ടാമത്തെ നിശ്ശബ്ദത മഅ്മൂമുകള്‍ക്ക് ഫാത്തിഹ പാരായണം ചെയ്യാനായിട്ടല്ല. മറിച്ച്, പ്രവാചകന് ശ്വാസം കിട്ടുന്നതിനു വേണ്ടിയായിരുന്നു എന്നാണ് വന്നിട്ടുള്ളത് (തിര്‍മിദി 251).

Back to Top