19 Friday
April 2024
2024 April 19
1445 Chawwâl 10

ആട്ടിന്‍തോലിനുള്ളിലെ ജമാഅത്തെ ഇസ്‌ലാമി

ജൗഹര്‍ കെ അരൂര്‍

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്, രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുമായോ നിയമസംവിധാനങ്ങളുമായോ യോജിച്ച് പ്രവര്‍ത്തിക്കാന്‍ മുസ്ലിംകള്‍ക്ക് സാധിക്കില്ല. പൂര്‍ണമുസ്ലിമായി ജീവിക്കാന്‍ ഒരു ഇസ്ലാമിക രാഷ്ട്രം വേണമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ചും സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിട്ടുനിന്നും മതരാഷ്ട്രം സ്വപ്‌നം കണ്ട് നടന്നിരുന്ന ഒരു ജമാഅത്തെ ഇസ്ലാമി ഇവിടെ ഉണ്ടായിരുന്നു. ഒരുവേള മതത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ രാഷ്ട്ര ഭരണമാണെന്ന് തോന്നിപ്പിക്കും വിധമുള്ള എഴുത്തുകളും പ്രഭാഷണങ്ങളുമൊക്കെ നടത്തിയിരുന്നു അവര്‍ എന്ന് അവരുടെ തന്നെ ഖുത്ബാത്ത് പോലുള്ള പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയും
”സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്പ വീട് പോലെയാണ്. ഭൂമിയില്‍ സ്ഥാപിച്ച ഒരു വീട്ടിലേ നിങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കൂ എന്നുണ്ടെങ്കില്‍ തലച്ചോറില്‍ മറ്റോരു വീടിന്റെ പ്ലാന്‍ ഉണ്ടായിട്ട് എന്ത് പ്രയോജനമാണുള്ളത്…?” – ഖുതുബാത്തിലെ ഈ ഒരു ഭാഗം ഇവിടെ പരാമര്‍ശിച്ചത് ചരിത്രത്തിലെ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച ഒരോര്‍മ പുതുക്കാന്‍ വേണ്ടി മാത്രമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി രാഷ്ട്രീയ രംഗത്തും സര്‍ക്കാര്‍ ജോലികളിലുമൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ നിറഞ്ഞ സാന്നിധ്യം കണ്ടു വരുന്നുണ്ട് എന്ന് മാത്രമല്ല സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പോലും ഇന്ന് ജമാഅത്തെ ഇസ്ലാമിക്കുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന തത്വങ്ങളും അവരുടെ ആത്മീയാചാര്യനായ മൗലാന മൗദൂദിയുടെ ജനാധിപത്യത്തോടും മതേതര മൂല്യങ്ങളോടുമുള്ള സമീപനങ്ങളുമൊക്കെ മനസിലാക്കിയ ഒരാള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെ ഈ മാറ്റങ്ങളെ കൗതുകത്തോട് കൂടി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ എങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ ഈ മാറ്റത്തെ സമൂഹം വളരെ പ്രതീക്ഷയോട് കൂടി തന്നെയായിരുന്നു കണ്ടത്. സോളിഡാരിറ്റിയെന്ന യുവജന സംഘടനയിലൂടെയും എസ് ഐ ഒ യെന്ന വിദ്യാര്‍ഥി സംഘടനയിലൂടെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലേക്ക് കടന്നുവന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയെന്ന രാഷ്ട്രീയ സംഘടനയിലെത്തി ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോട് കൂടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളായി പോലും തിരഞ്ഞെടുക്കപ്പെട്ടവരായി ജമാഅത്തെ ഇസ്ലാമിക്കാര്‍ മാറി എന്നത് ചെറിയ മാറ്റമല്ല.
രാഷ്ട്രീയ രംഗത്ത് മാത്രമല്ല വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലുമൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ മാറ്റം കാണാന്‍ സാധിക്കും. മാറി മാറി ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് മാത്രമല്ല, ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് പോലും വ്യതിചലിച്ച് ലിബറലിസത്തിന്റെ പടുകുഴിയില്‍ വീണു പോയ ജമാഅത്തെ ഇസ്ലാമിയെ പോലും ഒരുവേള നമ്മള്‍ കണ്ടു.
എന്നാല്‍ ഈ മാറ്റങ്ങളൊക്കെ വെറുമൊരു പുകമറ മാത്രമായിരുന്നുവെന്നും ജമാഅത്തെ ഇസ്ലാമി പഴയ ജമാഅത്തെ ഇസ്ലാമി തന്നെയാണ് എന്നും ബോധ്യപ്പെടുത്തുന്നതാണ് അഫ്ഗാനിലെ താലിബാന്‍ അധിനിവേശവുമായി ബന്ധപ്പെട്ട അവരുടെ പ്രസ്താവനകളും ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിലെ എഴുത്തുകളും തലക്കെട്ടുകളും.
അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്ഗാന്‍ വിട്ട് അഫ്ഗാന്റെ ഭരണം പൂര്‍ണമായും താലിബാന്റെ കൈകളിലെത്തിയതിനെ മാധ്യമം വിശേഷിപ്പിച്ചത് ‘സ്വതന്ത്ര അഫ്ഗാന്‍’ എന്നാണ്. ഭരണം താലിബാന്റെ കൈകളിലെത്തുമെന്ന് ഏകദേശം ധാരണയായതോടെ തന്നെ കൂട്ട പലായനം നടത്തുന്ന അഫ്ഗാന്‍ കുടുംബങ്ങളുടെ ചിത്രം മനുഷ്യ മനസുകളില്‍ ഒരു നൊമ്പരകാഴ്ച്ചയാകുന്ന കാലത്താണ് മാധ്യമത്തിന്റെ ഈ വിശേഷണം എന്നോര്‍ക്കണം.
1996 മുതല്‍ താലിബാന്റെ അഫ്ഗാന്‍ ഭരണം ലോകം മുഴുവന്‍ ആശങ്കയോടെ കണ്ടതാണ്. എത്രത്തോളം പ്രാകൃതമായിരുന്നു, എത്രമാത്രം സ്ത്രീ വിരുദ്ധമായിരുന്നു, എത്രമാത്രം മനുഷ്യത്വ വിരുദ്ധമായിരുന്നു ആ ഭരണമെന്ന് ദൃശ്യ മാധ്യമങ്ങളിലൂടെയെങ്കിലും കണ്ടവരാണ് കേരളത്തിലെ ജമാഅത്തെ ഇസ് ലാമിക്കാരും. ഇവിടെയാണ് നമുക്ക് ആട്ടിന്‍തോലിനുള്ളിലെ ജമാഅത്തെ ഇസ്‌ലാമിയെ കാണാ ന്‍ കഴിയുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x