21 Saturday
December 2024
2024 December 21
1446 Joumada II 19

ജലം: പുനഃസൃഷ്ടി അസാധ്യം

ഡോ. ജാബിര്‍ അമാനി


ദൈവികാനുഗ്രഹങ്ങളോട് നന്ദികേടും നിഷേധവും പ്രകടിപ്പിക്കുന്ന മനുഷ്യന്‍ പക്ഷേ, സര്‍വാധിനാഥന്റെ സൃഷ്ടി വൈഭവത്തെക്കുറിച്ച് അജ്ഞത നടിക്കുകയാണ്. പ്രപഞ്ചത്തില്‍ കാണപ്പെടുന്ന അനുഗ്രഹങ്ങളുടെ ‘പരമാധികാരി’ താനാണെന്ന ഭാവപ്രകടനങ്ങളാണ് മനുഷ്യര്‍ പ്രകടിപ്പിക്കുന്നത്. അത്യത്ഭുതങ്ങളായ ഗവേഷണ- പര്യവേഷണങ്ങള്‍ വിജയം കാണുമ്പോള്‍’ ദൈവം മരിച്ചിരിക്കുന്നു’ വെന്നോ ഇനി ദൈവത്തിന്റെ ആവശ്യമില്ലെന്നോ പ്രസ്താവനയിറക്കാന്‍ പോലും ധാര്‍ഷ്ട്യം കാണിക്കുകയാണ് മനുഷ്യന്‍. എല്ലാത്തിനു മുമ്പിലും വിജയക്കൊടി പാറിപ്പിച്ചെന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ മരണം, സമയം, ജലം തുടങ്ങിയ കാര്യങ്ങളില്‍ സമ്പൂര്‍ണ നിസ്സഹായവസ്ഥയിലാണ്. നിര്‍ണിതമായ ജീവിതത്തിന്റെ അവധിക്കപ്പുറം മനുഷ്യന്റെ ആയുസ്സ് ദീര്‍ഘിപ്പിക്കാനോ വിനഷ്ടമായ സമയത്തെ വീണ്ടെടുക്കാനോ പുതിയത് സൃഷ്ടിക്കാനോ അവന് സാധ്യമല്ല. സമ്പൂര്‍ണ പരാജയം സമ്മതിക്കേണ്ടത് അത്യാവശ്യമാണ് താനും.
അപ്രകാരം തന്നെയാണ് ജലത്തിന്റെ കാര്യവും. നഷ്ടമായ ജലത്തെ തിരിച്ച് പൂര്‍വാവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാനോ നിലവിലുള്ള വെള്ളത്തിന്റെ അംശമുപയോഗിച്ച് അതേ സ്വഭാവമുള്ള ധാരാളം വെള്ളം സംവിധാനിക്കാനോ (ക്ലോണിംഗ്‌പോലെ) അവന് സാധ്യമല്ല തന്നെ. സമുദ്രജലത്തെ ഏറെക്കുറെ പാനയോഗ്യമാക്കുവാന്‍ തന്നെ ഭീമമായൊരു സംഖ്യ ആവശ്യമാണ്. കൃത്രിമ മഴയെക്കുറിച്ച പരീക്ഷണങ്ങള്‍ പരിപൂര്‍ണവിജയം പ്രാപിച്ചിട്ടുമില്ല.
ജലം സൃഷ്ടിക്കാന്‍ സാധ്യമല്ലെന്നത് തീര്‍ച്ച- ലഭ്യമായത് വര്‍ധിപ്പിക്കാനോ നഷ്ടപ്പെട്ടത് പുനഃസ്ഥാപിക്കാനോ മനുഷ്യന് സാധ്യമല്ല- സമ്പൂര്‍ണ നിസ്സഹായാവസ്ഥ മാത്രം. ജലം സമയം പോലെ അമൂല്യമാണ്. സമയം നഷ്ടപ്പെട്ടത് പുനഃസ്ഥാപിക്കാനാവില്ല. ലഭ്യമായത് വര്‍ധിപ്പിക്കാനും സാധ്യമല്ല. എല്ലാം ഒരു വ്യവസ്ഥയും നിര്‍ണയവും (ഖദ്ര്‍) അനുസരിച്ച് മാത്രം. ചൊവ്വയില്‍ സ്പിരിറ്റ്, ഓപര്‍ച്യൂണിറ്റി എന്നീ ഉപകരണങ്ങള്‍ മുഖേന ജലത്തിന്റെ സാന്നിധ്യമന്വേഷിക്കുന്നതിലെ ചേതോവികാരവും മറ്റൊന്നല്ല. ജലസാന്നിധ്യമുറപ്പായാല്‍ മറ്റെന്തു അപര്യാപ്തതകളും സമ്പൂര്‍ണമായും പരിഹരിക്കാമെന്ന് ഗവേഷകര്‍ പ്രത്യാശിക്കുന്നു. വെള്ളത്തിന്റെ കാര്യത്തിലുള്ള നിസ്സഹായാവസ്ഥ മനുഷ്യനെ ദൈവത്തില്‍ സര്‍വതും സമര്‍പ്പിക്കുന്ന വിനയാന്വിതനാക്കേണ്ടതിനു പകരം ദൈവികനിഷേധിയും ധിക്കാരിയുമാക്കുകയാണെന്നത് ഖേദകരം തന്നെ. അമൂല്യമായ അനുഗ്രഹങ്ങളുടെ ലഭ്യതയും വിശാലതയും ലോകരക്ഷിതാവിനുള്ള സമര്‍പ്പണത്തിലൂടെയാണെന്ന തിരിച്ചറിവാണ് മനുഷ്യന്റെ ഇഹപരവിജയത്തിന് ആവശ്യം. മനുഷ്യര്‍ സ്വയം മാറ്റത്തിന്നു വിധേയമാവാതെ സ്രഷ്ടാവ് ഒരിക്കലും അവരില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുകയില്ല. (13:11) സര്‍വശക്തനായ സൃഷ്ടികര്‍ത്താവില്‍ നിന്ന് ഔദാര്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ നഷ്ടം അപരിഹാര്യമാണെന്ന ശക്തമായ തിരിച്ചറിവ് നാം സ്വയം നേടുകതന്നെ വേണം. ജീവാമൃതായ വെള്ളത്തിന് നമുക്ക് അവനെ മാത്രമെ ആശ്രയിക്കാനുള്ളൂവെന്നും ഗ്രഹിക്കണം.
ഖുര്‍ആന്‍ ചോദിക്കുന്നു: ”പറയുക, അവനാകുന്നു പരമകാരുണികന്‍. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം ആരാണ് വ്യക്തമായ വഴികേടിലെന്ന്. പറയുക, നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്ന് തരിക?” (67:30)
മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്. ദൃശ്യപ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളും തഥൈവ. മനുഷ്യേതര ജീവജാലങ്ങള്‍ ആ പ്രകൃതിയുടെ താളൈക്യത്തില്‍ മാത്രമാണ് ജീവിക്കുന്നതെന്നും മനുഷ്യന് പ്രകൃതിയുടെ ‘പ്രകൃതം’ പരിഗണിക്കാതെയും ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും നാം കണ്ടു. മനുഷ്യന്റെ ഇഹപരവിജയത്തിനു നിദാനമായി വര്‍ത്തിക്കുന്ന അവന്റെ ആത്മാവിന്റെയും മനസ്സിന്റെയും വിശുദ്ധിയും വികാസവും സമ്യക്കായി പരിഗണിക്കുന്ന, പരിസ്ഥിതിയുമായി ഇണങ്ങുന്ന ഒരു ജീവിത സരണി പ്രാപിക്കാന്‍ അവന് സാധിക്കണം. ഖുര്‍ആന്‍ പറയുന്നു:
”ആകയാല്‍ (സത്യത്തിന്) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏെതാരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.” (30:30)
മനുഷ്യന്റെ ശുദ്ധപ്രകൃതി താത്പര്യപ്പെടുന്ന സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ മാര്‍ഗം സ്വീകരിക്കുക വഴി പ്രകൃതി വിഭവങ്ങളുടെ സദ്‌വിനിയോഗചിന്തയും ചിട്ടയും മനുഷ്യനില്‍ രൂപം കൊള്ളും. അതോടൊപ്പം പ്രസ്തുത വിഭവദാതാവായ സ്രഷ്ടാവിന്റെ അസ്തിത്വമംഗീകരിക്കാനും അവനില്‍ അഭയം തേടാനുമുള്ള മാനസികാവസ്ഥ ആത്യന്തികമായി കൈവരികയും ചെയ്യും.
പ്രകൃതി വിഭവങ്ങള്‍ക്കും ദൈവികാനുഗ്രഹങ്ങള്‍ക്കും നേരെ, അവയുടെ സംവിധായകനും സംരക്ഷകനുമായ പ്രപഞ്ചകര്‍ത്താവ് മാനവ സമൂഹത്തോട് താത്പര്യപ്പെടുന്ന സമ്പൂര്‍ണ സമര്‍പ്പണ(ഇസ്‌ലാം)ത്തിന്റെ പാത സ്വീകരിച്ച് നന്ദിയും വിനയവും പ്രകടിപ്പിക്കുകയാണ് അനുഗ്രഹങ്ങളുടെ വര്‍ധനവിന് ആവശ്യം.

Back to Top