7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

തടവറയില്‍ തളയ്ക്കപ്പെട്ടവര്‍

എന്‍ എ റഹ്മാന്‍ വാഴക്കാട്‌

അധികമാരും കാണാതെയോ സാധാരണമെന്ന നിലയ്‌ക്കോ തള്ളിക്കളഞ്ഞ ഒരു വാര്‍ത്തയുണ്ടായിരുന്നു ഛത്തീസ്ഗഡില്‍ നിന്ന്. അഞ്ചു വര്‍ഷമായി യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട 121 ആദിവാസികള്‍ മോചിപ്പിക്കപ്പെട്ടിരിക്കുന്നു. 2017 സിആര്‍പിഎഫ് അംഗങ്ങള്‍ക്കു നേരെ ബുര്‍ഖപാലില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ സഹായിച്ചു എന്നതായിരുന്നു അവരില്‍ ചുമത്തപ്പെട്ട കുറ്റം. അഞ്ചു വര്‍ഷത്തിനു ശേഷം വേണ്ടത്ര തെളിവില്ലെന്നു കണ്ടു കോടതി അവരെ വിട്ടയച്ചു.
ഇന്ത്യയിലെ തടവറകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവരില്‍ നല്ലൊരു ശതമാനം ദലിതരും ന്യൂനപക്ഷങ്ങളുമാണ്. ഗുജറാത്ത് വംശഹത്യാ കേസില്‍ മോദിക്കും അമിത്ഷാക്കും പങ്കുണ്ടെന്ന് കോടതിയില്‍ വാദിച്ച ടീസ്റ്റ സെറ്റല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍, പോലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നിവര്‍ അറസ്റ്റിലായത്, കേസില്‍ ഇവര്‍ രണ്ടു പേര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയ കോടതിവിധി വന്ന് മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു. ഭീമ കൊറേഗാവ് കേസില്‍ മലയാളിയായ റോണ വില്‍സണ്‍, ഹാനി ബാബു, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമ സെന്‍, സുധീര്‍ ധാവ്‌ലെ, മഹേഷ് റാവത്ത്, സുധ ഭരദ്വാജ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ചിന്തകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമായ 16 പേരെയാണ് തടവിലാക്കിയത്. ഇവരില്‍ ചിലര്‍ക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്.
2018ല്‍ മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് സ്റ്റാന്‍ സ്വാമി എന്ന വന്ദ്യവയോധികനായ പുരോഹിതന്‍ ചികിത്സ പോലും ലഭിക്കാതെ തടവറയില്‍ മരിച്ചത് നമ്മള്‍ മറന്നിട്ടില്ല. പൗരത്വ സമരത്തി ല്‍ പങ്കെടുത്തതിന്റെ പ്രതികാരമായിട്ടാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമുമെല്ലാം ജയിലില്‍ അടയ്ക്കപ്പെട്ടത്. അബ്ദുന്നാസര്‍ മഅ്ദനി രണ്ടാം വട്ടം ജയിലില്‍ അടക്കപ്പെട്ടത് 2010 ആഗസ്ത് 17നാണ്. വിചാരണത്തടവുകാരനായ വിവിധ രോഗങ്ങള്‍ ബാധിച്ച മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു എങ്കിലും കര്‍ണാടക സര്‍ക്കാര്‍ സുരക്ഷിതത്വത്തിന്റെ പേരും പറഞ്ഞ് ഈ മനുഷ്യനെ വീണ്ടും തടഞ്ഞുവെച്ചിരിക്കുകയാണ്. സിദ്ദീഖ് കാപ്പന് ഈയിടെ ജാമ്യം കിട്ടിയത് ഒഴിച്ചാല്‍ മറ്റുള്ളവര്‍ ഇപ്പോഴും ജയില്‍മോചിതരായിട്ടില്ല. കേരളത്തിലെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരായി മൊത്തം 13 പേരാണുള്ളത്. തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കുക, കേസുകള്‍ ചുമത്തി ജയിലില്‍ അടയ്ക്കുക, ആവശ്യമെങ്കില്‍ കൊന്നുകളയുക എന്ന ഫാഷിസ്റ്റ് ചിന്താഗതി നമ്മുടെ നാട്ടില്‍ നിര്‍ബാധം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇഡി, സിബിഐ എന്നീ തുറുപ്പുചീട്ടാണ് പ്രതിയോഗികളെ ഒതുക്കാന്‍ ഉപയോഗിക്കുന്ന പ്രധാന രാസായുധം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x