ജയില്‍ ജോലിയുടെ വേതനം ഫലസ്തീന് സംഭാവന നല്‍കി യു എസ് തടവുകാരന്‍
ജയിലില്‍ ജോലി ചെയ്ത് ലഭിച്ച വേതനം ഫലസ്തീനു സംഭാവന നല്‍കി യു എസിലെ ജയില്‍പ്പുള്ളി ഹംസ. ശമ്പളമായി ലഭിച്ച 17.74 ഡോളറാണ് സംഭാവന ചെയ്തത്. ലോസ് ആഞ്ചലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ ജസ്റ്റിന്‍ മഷ്‌റൂഫാണ് ഹംസ സഹായം നല്‍കിയതിനെ കുറിച്ച് എക്‌സിലൂടെ അറിയിച്ചത്. ജയിലില്‍ ചുമട്ടുതൊഴിലാളിയായും കാവല്‍ക്കാരനായും 136 മണിക്കൂര്‍ ജോലി ചെയ്തതിന്റെ വേതനമാണിത്. മഷ്‌റൂഫിന്റെ പോസ്റ്റ് പുറത്തുവന്നതിനു പിന്നാലെ ഹംസക്കായി ധനശേഖരണം തുടങ്ങി. ‘ഗോഫണ്ട്മീ’ കാമ്പയിനിലൂടെ ഒരു ലക്ഷം ഡോളറാണ് ഹംസക്കായി സ്വരൂപിച്ചത്. ഒരു ദിവസം 15,000 ഡോളര്‍ സ്വരൂപിക്കാനായിരുന്നു ലക്ഷ്യമിട്ടത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ തുക ലഭിച്ചതോടെ ധനശേഖരണം നിര്‍ത്തിവെച്ചു. തനിക്കായി സംഭാവന പിരിക്കുന്നത് നിര്‍ത്തണമെന്ന് ഹംസ അഭ്യര്‍ഥിച്ചിരുന്നു. തന്നേക്കാളും ദുരിതമനുഭവിക്കുന്നവരില്‍ നിന്നു ശ്രദ്ധ മാറ്റരുതെന്നും അദ്ദേഹം പറഞ്ഞതായി മഷ്‌റൂഫ് അറിയിച്ചു. 56കാരനായ ഹംസ 1989ലാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. 40 വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന ഹംസ ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.